തിരുഹൃദയ ഭക്തി മനുഷ്യജീവിതത്തെ രൂപാന്തരപ്പെടുത്തുന്നു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
യേശുവിന്റെ തിരുഹൃദയം, ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുക്കളിൽ ഒന്നാണ്. അത് ദൈവത്തിന്റെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആഴത്തെ സൂചിപ്പിക്കുന്നു. ഈ തിരുഹൃദയത്തിൽ നിന്നാണ് മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായുള്ള സ്നേഹം ഒഴുകിയെത്തുന്നത്. നമ്മുടെ പാപങ്ങൾക്കുവേണ്ടി കുരിശിൽ തറയ്ക്കപ്പെട്ട ക്രിസ്തുവിന്റെ ഹൃദയം, നമ്മോടുള്ള അവിടുത്തെ അതിരുകളില്ലാത്ത സ്നേഹത്തിന്റെ തെളിവാണ്. ഈ തിരുഹൃദയഭക്തിയിലൂടെ, നാം യഥാർത്ഥ സ്നേഹവും, ക്ഷമയും കണ്ടെത്തുന്നു.
യേശുവിന്റെ തിരുഹൃദയഭക്തിക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്. 17-ാം നൂറ്റാണ്ടിൽ, ഫ്രഞ്ച് സന്യാസിനിയായ വിശുദ്ധ മാർഗരറ്റ് മേരി അലകോക്ക് ഈ ഭക്തി പ്രചരിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചു. യേശു അവിടുത്തെ ഹൃദയത്തിന്‍റെ ആഴമായ സ്നേഹം അവൾക്ക് വെളിപ്പെടുത്തിക്കൊടുത്തു. തുടർന്ന്, ഈ വെളിപാടുകൾ തിരുസഭയിൽ വ്യാപകമായി പ്രചരിക്കുകയും, തിരുഹൃദയഭക്തിക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കുകയും ചെയ്തു. യേശുവിന്റെ തിരുഹൃദയം മനുഷ്യരോടുള്ള അവിടുത്തെ സ്നേഹത്തിന്‍റെ പ്രതീകമായി മാറി.
യേശുവിൻ്റെ തിരുഹൃദയം കാരുണ്യത്തിൻ്റെയും അനുകമ്പയുടെയും ഉറവിടമാണ്. ലോകത്തിലെ എല്ലാ ദുരിതങ്ങൾക്കും പാപങ്ങൾക്കും പരിഹാരമായി ഈ തിരുഹൃദയം സ്നേഹത്തിൻ്റെയും ക്ഷമയുടെയും സന്ദേശം നൽകുന്നു. നാം ഈ തിരുഹൃദയത്തെ ആരാധിക്കുമ്പോൾ, നമ്മുടെ ജീവിതത്തിൽ സ്നേഹവും സമാധാനവും നിറയും. അവിടുത്തെ ഹൃദയത്തിൽ, എല്ലാ മനുഷ്യർക്കും അഭയം കണ്ടെത്താൻ കഴിയും. രോഗങ്ങൾക്കും, ദുഃഖങ്ങൾക്കും, കഷ്ടപ്പാടുകൾക്കും ആശ്വാസം നൽകുന്ന ഒന്നാണ് ഈ തിരുഹൃദയം.
അവസാനമായി, യേശുവിൻ്റെ തിരുഹൃദയം ജീവിതത്തിൻ്റെ അടിസ്ഥാനം കൂടിയാണ്. അത് സ്നേഹിക്കാനും ക്ഷമിക്കാനും നമ്മെ പഠിപ്പിക്കുന്നു. മറ്റുള്ളവരോട് കരുണ കാണിക്കാനും, സ്നേഹത്തോടെ പെരുമാറാനും ഈ ഭക്തി നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ഈ തിരുഹൃദയത്തെ നമ്മുടെ ജീവിതത്തിൻ്റെ കേന്ദ്രമാക്കി മാറ്റുമ്പോൾ, നാം ദൈവഹിതത്തിനനുസരിച്ച് ജീവിക്കാൻ തുടങ്ങുന്നു. നമ്മുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും ഈ തിരുഹൃദയം നമുക്ക് ശക്തിയും, പ്രത്യാശയും, വഴികാട്ടിയും നൽകുന്നു.
യേശുവിന്റെ തിരുഹൃദയ ഭക്തിയെ ഈ ആധുനിക യുഗത്തിൽ എടുത്തു കാണിക്കുന്നതിനും, മാനവകുലത്തിന് ഈ ഭക്തി മാർഗം എത്രയധികം പ്രധാനപ്പെട്ടതാണെന്നും ബോധ്യപ്പെടുത്തുന്നതിനും, ഫ്രാൻസിസ് പാപ്പാ രചിച്ച ദിലെക്സിത്ത് നോസ് എന്ന ഈ ചാക്രികലേഖനത്തിൽ, വിവിധ വിശുദ്ധർ തങ്ങളുടെ ജീവിതത്തിൽ ഉൾക്കൊണ്ട, തിരുഹൃദയ സ്നേഹത്തെ വിവരിക്കുന്നു. യേശു തന്റെ തിരുഹൃദയ ദർശനം നൽകിയ വിശുദ്ധ മാർഗരറ്റ് മരിയ അലക്കോക്കും, വിശുദ്ധ ക്ളോഡ് ദേ ല കൊളംബിയറും, തങ്ങളുടെ ജീവിതത്തിൽ അനുഭവിച്ച തിരുഹൃദയ സ്നേഹത്തെയാണ് കഴിഞ്ഞ ഖണ്ഡികകളിൽ നാം വായിച്ചത്. എന്നാൽ ഈ ലക്കത്തിൽ മറ്റു രണ്ടു വിശുദ്ധരെ കൂടി നമുക്ക് പരിചയപ്പെടാം. വിശുദ്ധ ചാൾസ് ദേ ഫുക്കോൾദും, വിശുദ്ധ കൊച്ചുത്രേസ്യയും.
തങ്ങളുടെ ജീവിതത്തിന്റെ പ്രേഷിതതീക്ഷ്ണത വർധിപ്പിക്കുവാൻ, ഈ രണ്ടു വിശുദ്ധരും തങ്ങളുടെ ജീവിതത്തിൽ തിരുഹൃദയത്തോട് പ്രത്യേകമായ ഒരു ഭക്തി വച്ചു പുലർത്തിയിരുന്നു. വിശുദ്ധ കുർബാന, ജീവിതത്തിന്റെ കേന്ദ്രമായി സ്വീകരിച്ചിരുന്ന ചാൾസ് ഫുക്കോൾഡിനു തന്റെ ബന്ധത്തിലുള്ള ഒരു സഹോദരിയാണ് ആദ്യമായി യേശുവിന്റെ തിരുഹൃദയം ചൂണ്ടിക്കാണിച്ചുകൊണ്ട്, യേശുവിന്റെ കരുണയെ എടുത്തു പറയുന്നത്. ഇത് വിശുദ്ധന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു പരിവർത്തനത്തിനു കാരണമായി. യേശുവിന്റെ സ്നേഹത്തെക്കുറിച്ചുള്ള തീവ്രമായ അവബോധമായിരുന്നു ഇതിൽ ഏറ്റവും മുഖ്യം എന്നാണ് പാപ്പാ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ചാൾസിന്റെ ജീവിതത്തിൽ ഈ തിരുഹൃദയ അനുഭവം പൊടുന്നനവെ ഉണ്ടായ ഒന്നല്ല മറിച്ച്, കർത്താവ് കൊടുത്ത വെളിപ്പെടുത്തലിൽ, അവൻ കണ്ടെത്തിയ സ്നേഹത്തിന്റെ തിരിച്ചറിവായിരുന്നു.
അളവുകളില്ലാത്ത ദൈവകാരുണ്യമാണ് തിരുഹൃദയത്തിൽ അവൻ ദർശിച്ചതെന്നാണ്, പാപ്പാ അടിവരയിടുന്നത്. ഈ തിരുഹൃദയ അനുഭവം എന്നാൽ അതിന്റെ ഉപരിതലത്തിൽ മാത്രം ഒതുക്കിനിർത്തുവാൻ അവൻ ആഗ്രഹിച്ചില്ല, മറിച്ച് അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുവാൻ തന്റെ ആത്മീയ പിതാവിന്റെ അടുക്കലേക്ക് ചാൾസ് യാത്രയാകുന്നു, തുടർന്ന് 1889 ൽ തന്നെത്തന്നെ തിരുഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. തിരുഹൃദയത്തിലേക്കുള്ള വിശുദ്ധന്റെ തീർത്ഥാടനത്തിന്റെ വിവിധ ഘട്ടങ്ങളെയാണ് പാപ്പാ വിവരിക്കുന്നത്. കാഴ്ചയിൽ നിന്നും, അനുഭവത്തിലേക്കും, അനുഭവത്തിൽ നിന്നും അറിവിലേക്കും, അറിവിൽ നിന്ന് സമർപ്പണത്തിലേക്കുമുള്ള തീർത്ഥാടനം. "യേശുവിന്റെ ഹൃദയം എന്നിൽ വസിക്കട്ടെ, ഇനി എന്നിൽ ജീവിക്കുന്നത് ഞാനല്ല, മറിച്ച് നസ്രത്തിൽ ജീവിച്ചതുപോലെ എന്നിൽ വസിക്കുന്ന യേശുവിന്റെ ഹൃദയമായിരിക്കും." ഇതായിരുന്നു യേശുവിന്റെ തിരുഹൃദയ സ്നേഹത്താൽ നിറഞ്ഞ വിശുദ്ധ ചാൾസിന്റെ വാക്കുകൾ. ക്രിസ്തുവിന്റെ ഹൃദയത്തോടുള്ള ഈ ആർദ്രമായ ഭക്തി അദ്ദേഹത്തിന്റെ ജീവിതശൈലിയിലും നിരവധി പരിവർത്തങ്ങൾ വരുത്തുവാൻ ഇടയായി, യേശുവുമായുള്ള വ്യക്തിബന്ധം കൂടുതൽ തീക്ഷ്ണതയിൽ ഊട്ടിയുറപ്പിക്കപ്പെട്ടു.
വിശുദ്ധ ചാൾസ് ഫുക്കോൾഡിനെ പോലെ യേശുവിന്റെ തിരുഹൃദയത്തോട് തന്റെ ജീവിതത്തെ ചേർത്തുവച്ച, മറ്റൊരു വിശുദ്ധയാണ് വിശുദ്ധ കൊച്ചുത്രേസ്യ. തന്റെ സഹോദരിമാരിൽ ഒരാൾ സന്യാസിനിയായപ്പോൾ സ്വീകരിച്ച നാമം ' തിരുഹൃദയത്തിന്റെ മറിയം' എന്നതായിരുന്നു. പതിനഞ്ചു വയസ്സുള്ളപ്പോൾ, യേശുവുമായുള്ള തന്റെ ബന്ധം അവൾ ഊട്ടിയുറപ്പിച്ചത്, ഹൃദയം എന്ന സ്‌നേഹത്തിന്റെ ഇരിപ്പിടം വഴിയായിട്ടായിരുന്നു. ‘തന്റെ ഹൃദയവുമായി ചേർന്ന് സ്പന്ദിക്കുന്ന ഹൃദയം’ എന്നാണ് തിരുഹൃദയത്തെ അവൾ വിശേഷിപ്പിച്ചത്. "എന്റേത് അവന് മാത്രമുള്ളതുപോലെ, എന്റെ ഇണയുടെ ഹൃദയം എന്റേതാണെന്ന് ഞാൻ കരുതുന്നു" ഈ വാക്കുകൾ ചെറുപുഷ്പത്തിന്റെ യേശുവിനോടുള്ള അഗാധമായ ബന്ധത്തെ എടുത്തു കാണിക്കുന്നു.
"ആർദ്രതയാൽ ഊഷ്മളമായ ഒരു ഹൃദയത്തെയാണ് ഞാൻ അന്വേഷിക്കുന്നത്,അത് എനിക്ക് അചഞ്ചലമായ പിന്തുണയായിരിക്കും,
എന്റെ ബലഹീനത ഉൾപ്പെടെ എന്നെക്കുറിച്ചുള്ള എല്ലാറ്റിനെയും സ്നേഹിക്കും, രാവും പകലും എന്നെ ഉപേക്ഷിക്കില്ല [...].
എനിക്ക് വേണ്ടത് സ്വതവേ എന്റെ സഹോദരനായ, എനിക്കായി കരുതുന്ന ഒരു ദൈവമാണ്...
എന്റെ ശുദ്ധീകരണസ്ഥലത്തിനായി ഞാൻ സന്തോഷത്തോടെ നിന്റെ തീക്ഷ്ണമായ സ്നേഹത്തെ തിരഞ്ഞെടുക്കുന്നു, എന്റെ ദൈവത്തിന്റെ ഹൃദയം!"...
വിശുദ്ധ കൊച്ചുത്രേസ്യ രചിച്ച കാവ്യത്തിന്റെ വരികളാണിവ.
തന്റെ മരണ വേളയിൽ പോലും തന്നെ ശക്തിപ്പെടുത്തിയിരുന്നത്, ഈ തിരുഹൃദയത്തിന്റെ ആർദ്രതയായിരുന്നുവെന്നു ചെറുപുഷ്പം പറയുന്നുണ്ട്. സ്നേഹത്തിന്റെ ഈ ഹൃദയം ഒരിക്കലും ക്ഷമിക്കുവാൻ അമാന്തിക്കുകയില്ലെന്നും, തിരുഹൃദയത്തിന്റെ ശക്തി നമ്മുടെ ഹൃദയത്തിൽ നിന്നും സകല ഭയങ്ങളെയും ഒഴിവാക്കുന്നുവെന്നും വിശുദ്ധ കൊച്ചുത്രേസ്യ സംശയമെന്യേ പറഞ്ഞുവയ്ക്കുന്നു. സ്വന്തം ശക്തിയിൽ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്ന ബലഹീനതയുടെ പ്രലോഭനങ്ങളെ അതിജീവിക്കുവാൻ, ഈ തിരുഹൃദയ ഭക്തി ക്രൈസ്തവജീവിതത്തിനു വലിയ ബലം നൽകുന്നുവെന്നും വിശുദ്ധ കൊച്ചുത്രേസ്യ നമ്മെ പഠിപ്പിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: