കുടുംബങ്ങളും സമൂഹവും ക്രൈസ്തവവിശ്വാസവും: ഒരു വിചിന്തനം
മത വിശ്വാസങ്ങൾക്കും, ജാതി, വർഗ്ഗ, വർണ്ണ, ദേശ ഭേദങ്ങൾക്കും അപ്പുറം നമ്മുടെയൊക്കെ സമൂഹങ്ങളിൽ നിലനിൽക്കുന്നതും, മനുഷ്യചരിത്രത്തോളം പഴക്കമുള്ളതുമായ ഒരു യാഥാർത്ഥ്യമാണ് കുടുംബം. മാതാപിതാക്കളും മക്കളും മാത്രമല്ല, സഹോദരങ്ങളും ബന്ധുക്കളും ഉൾപ്പെടുന്ന വിവിധ ചെറുകുടുംബങ്ങൾ ചേർന്ന് വസിക്കുന്ന കൂട്ടുകുടുംബങ്ങൾ തുടങ്ങി, ഭാര്യാഭർത്താക്കന്മാരും ഒന്നോ രണ്ടോ കുട്ടികളും മാത്രം അടങ്ങുന്ന അണുകുടുംബങ്ങൾ വരെയുമൊക്കെ കുടുംബമെന്ന പേരിന് കീഴിൽ വരുന്നവയാണ്. ഒരു സമൂഹം പുരുഷനും സ്ത്രീക്കും നൽകുന്ന പ്രാധാന്യത്തിലെ ഏറ്റക്കുറച്ചിലുകൾ, ബഹുഭാര്യത്വം, ബഹുഭർതൃത്വം, സാമ്പത്തികമോ സാമൂഹികമോ ആയി മെച്ചപ്പെട്ട ജീവിതത്തിന് വേണ്ടി മാത്രം വിവാഹം കഴിക്കുന്നവർ, മക്കൾ വേണ്ടെന്ന് തീരുമാനിക്കുന്ന ഭാര്യാഭർത്താക്കന്മാർ, സ്വവർഗ്ഗവിവാഹത്തിലേർപ്പെടുന്നവർ, വിവാഹം കഴിക്കാതെതന്നെ ഒരുമിച്ച് ജീവിക്കുന്നവർ, അങ്ങനെ സമൂഹത്തിൽ കുടുംബം എന്ന ഒരു യാഥാർത്ഥ്യത്തിന്റെ മൂല്യം വളർത്തുകയും കുറയ്ക്കുകയും ചെയ്യുന്ന വ്യത്യസ്ത ചിന്തകളും യാഥാർത്ഥ്യങ്ങളും തെറ്റിദ്ധാരണകളും പഴയകാലത്തെന്നതുപോലെയോ, അതിലും ശക്തമായോ ഇന്ന് നിലനിൽക്കുന്നു എന്ന സത്യത്തിന് നമ്മളൊക്കെ സാക്ഷികളാണ്.
സാധാരണയായി മതചിന്തയും വിശ്വാസവും ഒക്കെ ഗൗരവമായി കണക്കിലെടുക്കുകയും ജീവിക്കുകയും ചെയ്യുന്ന വ്യക്തികളെ സംബന്ധിച്ചിടത്തോളം, കുടുംബം എന്ന യാഥാർത്ഥ്യത്തിന് വെറും മാനുഷികമായ മാനങ്ങൾക്കുമപ്പുറം ദൈവികമായ മൂല്യവും പ്രാധാന്യവുമുണ്ട്. മനുഷ്യജീവിതത്തിൽ ദൈവഹിതത്തിനും, ദൈവകല്പനകൾക്കും ഒക്കെ പ്രാധാന്യമുണ്ടെന്ന് വിശ്വസിക്കുകയും അതനുസരിച്ച് ജീവിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന, ക്രൈസ്തവവിശ്വാസം പോലെയുള്ള മതവിശ്വാസങ്ങളിൽ കുടുംബത്തിന് ദൈവികമായ സ്വഭാവമുണ്ടെന്ന അടിസ്ഥാനപരമായ ഒരു ചിന്ത ഏറെ ശക്തമായി നിലനിൽക്കുന്നുണ്ടെന്ന് നമുക്കറിയാം. അവിടെ മാനുഷികമായ തീരുമാനങ്ങൾക്കപ്പുറവും, ആ തീരുമാനങ്ങൾക്കൊപ്പവും ദൈവികമായ കൽപ്പനകളിൽ ഉരുത്തിരിഞ്ഞ ഘടനാവിശേഷങ്ങളും ജീവിതശൈലിയുമൊക്കെ ഒരു വിശ്വാസി കാണുന്നുണ്ട്. മാനുഷികമായ പ്രതിസന്ധികളുടെയും വെല്ലുവിളികളുടെയും മുന്നിൽ, ദൈവികമായ പിന്തുണയോടെ കുടുംബങ്ങൾക്ക് മുന്നോട്ട് പോകാമെന്ന് വിശ്വാസപരമായ ജീവിതം നമ്മെയൊക്കെ പഠിപ്പിക്കുന്നുണ്ട്. മാതാപിതാക്കളെയും മക്കളെയും, മുത്തശ്ശീമുത്തച്ഛന്മാരെയും സഹോദരങ്ങളെയും ഒക്കെ ദൈവികമായ ഒരു ചട്ടക്കൂടിന്റെ ഭാഗമായി കാണാനും അവരെയൊക്കെ കരുതലോടെയും സ്നേഹത്തോടെയും ചേർത്തുപിടിക്കാനും യഥാർത്ഥ ദൈവവിശ്വാസം മനുഷ്യരെ സഹായിക്കുന്നുണ്ട്.
സിസ്റ്റർ ജാസ്മിൻ SIC, വത്തിക്കാൻ സിറ്റി
മനുഷ്യസമൂഹത്തിന്റെ ചരിത്രത്തോളം പഴക്കമുള്ളതും എന്നാൽ ഓരോ തലമുറയിലും പുതുമയോടെ നിലനിൽക്കുന്നതുമായ ഒരു യാഥാർത്ഥ്യമാണ് കുടുംബം. കുടുംബ ബന്ധങ്ങളുടെ ദൃഢതയാണ് ഒരു സമൂഹത്തിന്റെ ഭാവിയെ നിർണ്ണയിക്കുന്നത്. കേവലം വൈകാരികമായ ഒത്തുചേരൽ എന്നതിലുപരി, ശാരീരികവും, മാനസികവും, സാംസ്കാരികവും, സാമ്പത്തികവുമായ നിരവധി തലങ്ങളിൽ സമൂഹത്തിന്റെ അടിത്തറയായി കുടുംബം വർത്തിക്കുന്നു. ഓരോ വ്യക്തിയും തന്റെ ജീവിതത്തിലെ ആദ്യ പാഠങ്ങൾ പഠിക്കുന്നത് എവിടെ നിന്നാണ്? സ്നേഹം, അച്ചടക്കം, സഹകരണം, പരസ്പര ബഹുമാനം എന്നിവയുടെ ബാലപാഠങ്ങൾ നാം അഭ്യസിക്കുന്ന ആദ്യത്തെ കളരി ഏതാണ്? ഇതിനെല്ലാം ഒരൊറ്റ ഉത്തരമേയുള്ളൂ - കുടുംബം. ക്രിസ്തീയ വിശ്വാസത്തിന്റെ വെളിച്ചത്തിൽ, പ്രത്യേകിച്ച് ബൈബിളിന്റെയും ഫ്രാൻസിസ് മാർപാപ്പയുടെ "അമോറിസ് ലെത്തീസ്യ" (സ്നേഹത്തിന്റെ ആനന്ദം) എന്ന പ്രബോധനത്തിന്റെയും അടിസ്ഥാനത്തിൽ, കുടുംബബന്ധങ്ങൾ എങ്ങനെയാണ് സുസ്ഥിരമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതെന്ന് നമുക്ക് പരിശോധിക്കാം.
ദൈവശാസ്ത്രപരമായ അടിത്തറ: ബൈബിളും സഭാപഠനങ്ങളും
കത്തോലിക്കാസഭയുടെ പഠനങ്ങളിൽ കുടുംബത്തിന് അതിപ്രധാനമായ സ്ഥാനമാണുള്ളത്. "ഗാർഹിക സഭ" (Domestic Church) എന്നാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ കുടുംബത്തെ വിശേഷിപ്പിക്കുന്നത്. കുടുംബം എന്ന യാഥാർത്ഥ്യത്തിന് ദൈവികമായ ഒരു മാനമുണ്ടെന്ന് ബൈബിളും കത്തോലിക്കാസഭയും പഠിപ്പിക്കുന്നു. ഇത് മനുഷ്യൻ രൂപകൽപ്പനചെയ്ത ഒരു സാമൂഹിക ക്രമീകരണം മാത്രമല്ല, ദൈവത്തിന്റെ സൃഷ്ടിപരമായ പദ്ധതിയുടെ ഭാഗമാണ്. ഏതൊരു സമൂഹത്തിന്റെയും സംസ്കാരവും മൂല്യങ്ങളും പ്രതിഫലിക്കുന്ന കണ്ണാടിയാണ് അവിടുത്തെ കുടുംബങ്ങൾ. ഒരു നാടിന്റെ നന്മയും കെട്ടുറപ്പും അളക്കാനുള്ള ഏറ്റവും നല്ല ഉപാധി അവിടുത്തെ കുടുംബബന്ധങ്ങളുടെ ആഴം പരിശോധിക്കുക എന്നതാണ്. കാരണം, വ്യക്തികൾ ചേരുമ്പോൾ കുടുംബവും, കുടുംബങ്ങൾ ചേരുമ്പോൾ സമൂഹവും ഉണ്ടാകുന്നു.
ബൈബിളിലെ കാഴ്ചപ്പാട്
ബൈബിളിന്റെ ആദ്യതാളുകൾ മുതൽ അവസാനം വരെ കുടുംബത്തിന്റെ പ്രാധാന്യം വ്യക്തമാണ്. പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ച് അവരെ ഒരുമിപ്പിച്ച് ഒരു കുടുംബമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കുന്നതിലൂടെയാണ് (ഉല്പത്തി 2:24) മനുഷ്യസമൂഹത്തിന് ആരംഭം കുറിക്കുന്നത്. തലമുറകളിലേക്ക് വിശ്വാസം കൈമാറുന്നതിന്റെ പ്രാഥമിക കേന്ദ്രം കുടുംബമാണ്. ഒരു കുഞ്ഞ് ആദ്യമായി ലോകത്തെ അറിയുന്നത് തന്റെ അമ്മയുടെ കണ്ണുകളിലൂടെയും അച്ഛന്റെ കൈകളിലൂടെയുമാണ്. ഈ ചെറുലോകത്തുനിന്നാണ് സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ആദ്യാനുഭവങ്ങൾ അവൻ നേടുന്നത്. അതുകൊണ്ടുതന്നെ, ഒരു സമൂഹത്തിന്റെ ഹൃദയമിടിപ്പ് തുടങ്ങുന്നത് ഓരോ കുടുംബത്തിന്റെയും അകത്തളങ്ങളിൽ നിന്നാണ്. ആ ഹൃദയതാളമാണ് സമൂഹത്തിന്റെ ആരോഗ്യവും ഭാവിയും നിർണയിക്കുന്നത്. "ബാലൻ നടക്കേണ്ട വഴിയിൽ അവനെ അഭ്യസിപ്പിക്കുക; വാർധക്യത്തിലും അവൻ അതിൽ നിന്നു വ്യതിചലിക്കുകയില്ല" (സുഭാഷിതങ്ങൾ 22:6) എന്ന വചനം ഈ ഉത്തരവാദിത്തത്തെ ഓർമ്മിപ്പിക്കുന്നു. പുതിയനിയമത്തിൽ, ഓരോകുടുംബത്തെയും ഒരു "ഗാർഹികസഭ" (Domestic Church) അഥവാ ചെറിയ സഭയായിട്ടാണ് കാണുന്നത്.
കുടുംബങ്ങളുടെ ജൂബിലി ആഘോഷ വേളയിൽ, ലിയോ പതിനാലാമൻ മാർപാപ്പ, കുടുംബങ്ങളെ "മനുഷ്യരാശിയുടെ ഭാവി കളിത്തൊട്ടിൽ" എന്ന് വിശേഷിപ്പിച്ചു. ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ കുടുംബബന്ധങ്ങൾക്കുള്ള അടിസ്ഥാനപരമായ പങ്ക് അദ്ദേഹം എടുത്തു പറഞ്ഞു. പോൾ ആറാമൻ മാർപാപ്പയുടെ 'ഹ്യൂമാനേ വീത്തെ' ഉദ്ധരിച്ചുകൊണ്ട്, വിവാഹം "ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള യഥാർത്ഥ സ്നേഹത്തിന്റെ അളവുകോലാണ്, സമ്പൂർണ്ണവും വിശ്വസ്തവും ഫലദായകവുമായ സ്നേഹം", എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മാതാപിതാക്കൾ മക്കൾക്ക് സമഗ്രതയുടെ മാതൃകയാകണമെന്നും, മക്കൾ മാതാപിതാക്കളോട് നന്ദിപ്രകടിപ്പിക്കണമെന്നും, പ്രായമായവർ തങ്ങളുടെ പ്രിയപ്പെട്ടവരെ സ്നേഹത്തോടെയും വിവേകത്തോടെയും പരിപാലിക്കണമെന്നും അദ്ദേഹം പ്രായോഗിക ഉപദേശം നൽകി. "കുടുംബത്തിൽ, ജീവനൊപ്പം തലമുറകളായി വിശ്വാസവും കൈമാറ്റം ചെയ്യപ്പെടുന്നു," എന്ന് പ്രഖ്യാപിച്ചുകൊണ്ട് വിശ്വാസം പകരുന്നതിൽ കുടുംബത്തിന്റെ പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു.
അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കാസ്ട്രി (Dicastery for the Laity, Family and Life) കുടുംബങ്ങളുടെ അജപാലന ശുശ്രൂഷയെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്നു. 'നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക' എന്ന നാലാം കൽപ്പന, സഭയുടെ എല്ലാ സാമൂഹിക പ്രബോധനങ്ങളുടെയും അടിത്തറയായി വർത്തിക്കുന്നു. ഇതിലുപരി, ക്രിസ്തീയ കുടുംബത്തെ 'ഗാർഹികസഭ' (domestic church) എന്ന് വിളിക്കുന്നതിലൂടെ, അത് ത്രിത്വത്തിന്റെ പ്രതിരൂപമായും (image of the Trinity) ഒരു സുവിശേഷവത്കരണ ദൗത്യം (evangelizing mission) ഉള്ള ഒന്നായും അതിന്റെ ഉന്നതമായ ദൗത്യം വ്യക്തമാക്കുന്നു.
"അമോറിസ് ലെത്തീസ്യ" നൽകുന്ന വെളിച്ചം
ഫ്രാൻസിസ് മാർപാപ്പ കുടുംബത്തെക്കുറിച്ചുള്ള സഭയുടെ പഠനങ്ങളെ ആധുനിക ലോകത്തിന്റെ സാഹചര്യത്തിൽ പുനരവതരിപ്പിക്കുന്നു.
കുടുംബങ്ങൾ അനുഭവിക്കുന്ന സ്നേഹത്തിന്റെ ആനന്ദം സഭയുടെയും സന്തോഷമാണ്. വിവാഹം കഴിക്കാനും കുടുംബം രൂപീകരിക്കാനുമുള്ള ആഗ്രഹം യുവജനങ്ങൾക്കിടയിൽ ഇന്നും ശക്തമായി നിലനിൽക്കുന്നത് സഭയ്ക്ക് പ്രചോദനമാണ്. (ഖണ്ഡിക 1) സ്നേഹിക്കുകയും ജന്മം നൽകുകയും ചെയ്യുന്ന ദമ്പതികൾ, സ്രഷ്ടാവായ ദൈവത്തെ വെളിപ്പെടുത്തുന്ന ജീവനുള്ള അടയാളമാണ്. (ഖണ്ഡിക 10, 11) ദമ്പതികൾ പരസ്പരം തങ്ങളെത്തന്നെ നൽകുമ്പോൾ, അവർ തങ്ങളുടെ സ്നേഹത്തിന്റെ ജീവിക്കുന്ന പ്രതിഫലനമായ മക്കളെയും സാക്ഷ്യമായി നൽകുന്നു. ഒരു കുഞ്ഞിന്റെ വളർച്ചയ്ക്ക് അമ്മയും അച്ഛനും ഒരുപോലെ ആവശ്യമാണ്. (ഖണ്ഡിക 165, 172) കുടുംബങ്ങൾ തങ്ങളിൽ തന്നെ ഒതുങ്ങിക്കഴിയാതെ, മറ്റുള്ളവരുമായി ഐക്യദാർഢ്യം പുലർത്തണം. ദരിദ്രർക്കും, സഹായം ആവശ്യമുള്ളവർക്കും ഇടം നൽകുന്ന കുടുംബങ്ങൾ സമൂഹത്തെ ശക്തിപ്പെടുത്തുന്നു.
സ്ത്രീ-പുരുഷ പൂരകത്വം: കുടുംബത്തിന്റെ ജൈവശാസ്ത്ര പരമായ യാഥാർത്ഥ്യം
കുടുംബത്തിന്റെ അടിസ്ഥാനം സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധമാണ്. ഈ പൂരകത്വം കേവലം സാമൂഹികമായ ഒന്നല്ല, മറിച്ച് ആഴത്തിൽ ജൈവപരമായി വേരൂന്നിയതാണ്. സ്ത്രീയുടെ XX, പുരുഷന്റെ XY ക്രോമസോമുകൾ ജനിതകപരമായ വ്യത്യാസത്തിന് കാരണമാകുന്നു. ഈ വ്യത്യാസം ഹോർമോണുകളിലൂടെ തലച്ചോറിന്റെ വികാസത്തെ സ്വാധീനിക്കുകയും, തന്മൂലം ചിന്താരീതികളിലും ലോകത്തെ മനസ്സിലാക്കുന്ന രീതികളിലും സൂക്ഷ്മമായ വ്യത്യാസങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
പുരുഷ മസ്തിഷ്കം പൊതുവെ പ്രശ്നപരിഹാരത്തിനും നിയമങ്ങളെ അടിസ്ഥാനമാക്കി ചിന്തിക്കാനും പ്രവണത കാണിക്കുമ്പോൾ, സ്ത്രീകളുടെ മസ്തിഷ്കം ആശയ വിനിമയം, സഹാനുഭൂതി, സാമൂഹികബന്ധങ്ങൾ എന്നിവയിൽ മികവ് പുലർത്തുന്നു. ഒരു കുടുംബത്തിന് പ്രശ്നങ്ങളെ യുക്തിപരമായി വിശകലനം ചെയ്യാനും, വൈകാരികമായി പരസ്പരം താങ്ങാവാനും ഈ വ്യത്യസ്ത കഴിവുകൾ ഒരുപോലെ ആവശ്യമാണ്. പുരുഷന്റെ സംരക്ഷണ സ്വഭാവവും സ്ത്രീയുടെ പരിപാലന സ്വഭാവവും ഒത്തു ചേരുമ്പോഴാണ് കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ സാഹചര്യം ഒരുങ്ങുന്നത്.
സാമൂഹികവും സാമ്പത്തികവുമായ പ്രാധാന്യം
സമൂഹത്തിന്റെ സുസ്ഥിരതയ്ക്കും പുരോഗതിക്കും കുടുംബം അത്യന്താപേക്ഷിതമാണ്. ഒരു മഹാസമൂഹമാകുന്ന വൃക്ഷത്തെ മണ്ണിനു മുകളിൽ താങ്ങിനിർത്തുന്നത് അതിന്റെ അദൃശ്യമായ വേരുകളാണ്. ആ വേരുകളാണ് ഓരോ കുടുംബവും. ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയും സാമൂഹിക കെട്ടുറപ്പും എന്ന പടർന്നു പന്തലിച്ച വൃക്ഷത്തിന് ജീവനും കരുത്തും നൽകുന്നത് ഈ കുടുംബങ്ങളാകുന്ന വേരുകളാണ്. സ്നേഹവും മൂല്യങ്ങളും നൽകി വ്യക്തികളെ വാർത്തെടുക്കുന്ന സാമൂഹിക കളരി എന്നതിനൊപ്പം, സമൂഹത്തിന് ആവശ്യമായ മനുഷ്യ വിഭവശേഷി ഉത്പാദിപ്പിക്കുന്ന സുപ്രധാന ഘടകം കൂടിയാണെന്ന് അടിവരയിടുന്നു.
ആധുനികകാലത്തെ വെല്ലുവിളികൾ
കേവലം വ്യക്തികളുടെ ഒരു കൂട്ടം എന്നതിനപ്പുറം, ഒരു സമൂഹത്തിന്റെ 'സാമൂഹിക ഹൃദയവും' 'സാമ്പത്തിക നട്ടെല്ലുമായി' വർത്തിക്കുന്നത് കുടുംബമെന്ന അടിസ്ഥാന ഘടകമാണ്. അതിരുകടന്ന വ്യക്തിവാദം (individualism), സ്ഥിരമായ പ്രതിബദ്ധതയോടുള്ള ഭയം, തൊഴിലില്ലായ്മ, സാമ്പത്തിക അരക്ഷിതാവസ്ഥ എന്നിവയെല്ലാം ഇന്ന് കുടുംബങ്ങൾ നേരിടുന്ന വലിയ വെല്ലുവിളികളാണെന്ന് "അമോറിസ് ലെത്തീസ്യ " ചൂണ്ടിക്കാണിക്കുന്നു (ഖണ്ഡിക 33, 34, 44). ഇതിനു പുറമെ, സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം കുടുംബാംഗങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ആശയ വിനിമയം കുറയ്ക്കുകയും, നിർമ്മിത ബുദ്ധിപോലുള്ള പുതിയ സാങ്കേതിക വിദ്യകൾ മനുഷ്യ ബന്ധങ്ങളുടെ ഊഷ്മളതയെ ബാധിക്കുമോ എന്ന ആശങ്ക വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പരസ്പരം താങ്ങും തണലുമാകുന്ന കുടുംബങ്ങളിലാണ് ഒരു നാടിന്റെ ശോഭനമായ ഭാവി കുടികൊള്ളുന്നത്. ഓരോ വീടിന്റെയും അകത്തളങ്ങളിൽ നിന്ന് ഉയരുന്ന സ്നേഹത്തിന്റെ ചെറു സംഗീതമാണ് ഒരു വലിയ സമൂഹത്തിന്റെ ഐക്യഗാനമായി മാറുന്നത്. ആ ഈണം നിലയ്ക്കാതെ കാക്കുക എന്നതാണ് നമ്മളോരോരുത്തരുടെയും കർത്തവ്യം. കാരണം, ആരോഗ്യത്തോടെ മിടിക്കുന്ന കുടുംബഹൃദയങ്ങളിലാണ് ആരോഗ്യമുള്ള ഒരു സമൂഹം പിറവിയെടുക്കുന്നത്.
ഉപസംഹാരം
കുടുംബം എന്ന സ്ഥാപനം സമൂഹത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. വ്യക്തികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മുതൽ സമൂഹത്തിന്റെ സാംസ്കാരികവും സാമ്പത്തികവുമായ സുസ്ഥിരത വരെ കുടുംബ ബന്ധങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ബൈബിളും കത്തോലിക്കാ സഭയുടെ പഠനങ്ങളും കുടുംബത്തിന് ദൈവികമായ ഒരു തലം നൽകുന്നു. സ്ത്രീയുടെയും പുരുഷന്റെയും തനതായ കഴിവുകളുടെ പൂരകത്വമാണ് കുടുംബത്തിന്റെ അടിസ്ഥാനശില. ആധുനികലോകം ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിച്ച്, സ്നേഹത്തിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമായ കുടുംബബന്ധങ്ങൾ കെട്ടിപ്പടുക്കേണ്ടത് ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിർമിതിക്ക് അനിവാര്യമാണ്. അതുകൊണ്ട്, നല്ലൊരു സമൂഹം എന്നത് കേവലം ഒരു സ്വപ്നമല്ല, അത് നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ നിന്ന് ആരംഭിക്കുന്ന ഒരു യാഥാർത്ഥ്യമാണ്. നാം നമ്മുടെ കുടുംബങ്ങളിൽ പങ്കുവെക്കുന്ന സ്നേഹവും, ക്ഷമയും, പരസ്പര ബഹുമാനവുമാണ് നാളത്തെ സമൂഹത്തിന്റെ ഏറ്റവും വലിയ നിക്ഷേപം. ആ ബന്ധങ്ങളെ നമുക്ക് കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാം; അതുവഴി കരുത്തുറ്റ ഒരു നാടിനെ നമുക്ക് ഒരുമിച്ച് വാർത്തെടുക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: