ദുരിതപൂർണ്ണമായ അവസ്ഥയിൽ ഗാസാ നിവാസികൾക്ക് അനുഗ്രഹമായി ലിയോ പാപ്പായുടെ സ്വരം
സാൽവത്തോറെ ചെർനൂസ്സി, ഫ്രഞ്ചേസ്‌ക സബത്തിനെല്ലി, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സെപ്റ്റംബർ 9 ചൊവ്വാഴ്ച ലിയോ പാപ്പാ തങ്ങളെ ഫോണിൽ വിളിച്ചുവെന്നും, കടുത്ത ആക്രമണങ്ങൾ മൂലം ദുരിതകരമായ അവസ്ഥയിൽ തുടരുന്ന തങ്ങൾക്കത് അനുഗ്രഹമായി അനുഭവപ്പെട്ടെന്നും ഗാസാ സിറ്റിയിലുള്ള തിരുഹൃദയദേവാലയത്തിന്റെ വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി. ഗാസാ സിറ്റിയിൽനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സർക്കാരിന്റെ ഉത്തരവ് ലഭിച്ചെങ്കിലും, പ്രദേശത്തുള്ള ഭൂരിഭാഗം പേർക്കും അവിടം വിട്ടുപോകാനുള്ള താത്പര്യമില്ലെന്ന് വത്തിക്കാൻ മീഡിയയോട് അർജന്റീനക്കാരൻ കൂടിയായ ഫാ. റൊമനെല്ലി പറഞ്ഞു.
വയോധികരും രോഗികളും കുട്ടികളുമുൾപ്പെടെ നാനൂറ്റൻപതോളം അഭയാർത്ഥികളാണ് തങ്ങൾക്കൊപ്പം ഇടവകയിലുള്ളതെന്ന് ഫാ. റൊമനെല്ലി അറിയിച്ചു. ഗാസാ മുനമ്പിലെ ദുരിതാവസ്ഥയിലും തങ്ങൾ സുഖമായിരിക്കുന്നുവെന്ന് വത്തിക്കാൻ മീഡിയയ്ക്ക് അയച്ച വീഡിയോ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച കസ്തേൽ ഗാന്തോൾഫോയിൽനിന്ന് വത്തിക്കാനിലേക്ക് തിരികെ പോരുന്നതിന് മുൻപായി പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെ, ഫാ. റൊമനെല്ലിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും, അവർ സുഖമായിരിക്കുന്നുവെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും, എന്നാൽ പട്ടാളനടപടികൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഗാസാ സിറ്റിയിൽനിന്നും എല്ലാവരോടും ഒഴിഞ്ഞുമാറാനുള്ള ഇസ്രായേൽ സർക്കാരിന്റെ ഉത്തരവിന് ശേഷം, കാര്യങ്ങൾ എപ്രകാരമാണെന്നതിനെപ്പറ്റി തനിക്ക് ഉറപ്പില്ലെന്നും ലിയോ പാപ്പാ പറഞ്ഞിരുന്നു.
പാപ്പാ തങ്ങളെ വിളിച്ചപ്പോൾ തങ്ങൾ ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പണത്തിലായിരുന്നതുകൊണ്ടാണ് ഫോൺ എടുക്കാൻ സാധിക്കാതിരുന്നതെന്നും, എന്നാൽ പിന്നീട് പാപ്പായുമായി തങ്ങൾക്ക് സംസാരിക്കാൻ സാധിച്ചുവെന്നും, പാപ്പാ തങ്ങൾക്കുവേണ്ടിയും സമാധാനത്തിനുവേണ്ടിയും പ്രാർത്ഥിച്ചുവെന്നും ആശീർവാദം നൽകിയെന്നും ഫാ. റൊമനെല്ലി വ്യക്തമാക്കി.
മദ്ധ്യപൂർവ്വദേശങ്ങളിലെ സ്ഥിതിഗതികൾ കീഴ്മേൽ മറഞ്ഞ അവസ്ഥയിലാണെന്ന് അഭിപ്രായപ്പെട്ട ഫാ. റൊമനെല്ലി, സമാധാനത്തിനായി തുടർന്നും പ്രാർത്ഥിക്കാൻ ഏവരോടും അഭ്യർത്ഥിച്ചു. ഗാസായിൽ സംഘർഷങ്ങളും ആക്രമണങ്ങളും തുടരുന്നതിനിടെയും തങ്ങളുടെ ഇടവകയിൽ അടുത്തിടെ ഒരു വിവാഹം നടന്നുവെന്നും, പ്രദേശത്ത് താമസിക്കുന്ന ഒരു അഭയാർത്ഥികുടുംബത്തിൽ ഒരു കുട്ടി ജനിച്ചുവെന്നുമുള്ള സന്തോഷവാർത്തകളും അദ്ദേഹം പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: