തൃശ്ശൂർ അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത മാർ ജേക്കബ് തൂങ്കുഴി നിര്യാതനായി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
തൃശ്ശൂർ അതിരൂപതയുടെ മുൻ അദ്ധ്യക്ഷനായിരുന്ന ആർച്ച്ബിഷപ് മാർ ജേക്കബ് തൂങ്കുഴി നിര്യാതനായി. 1997 മുതൽ 2007 വരെ തൃശ്ശൂർ അതിരൂപതാദ്ധ്യക്ഷനായിരുന്ന മാർ തൂങ്കുഴി മാനന്തവാടി, താമരശ്ശേരി രൂപതകളുടെ മെത്രാനായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ മെത്രാൻസമിതിയുടെ ഉപാധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലെ പാലാ വിളക്കുമാടത്ത് 1930 ഡിസംബർ 13-ന് ജനിച്ച അഭി. തൂങ്കുഴി തന്റെ തൊണ്ണൂറാം വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെത്തുടർന്ന് ചികിത്സയിലായിരിക്കെ നടത്തറ മൈനർ സെമിനാരിയിൽ വച്ച് തന്റെ തൊണ്ണൂറ്റിനാലാം വയസ്സിൽ സെപ്റ്റംബർ 17 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.50-നാണ് കാലം ചെയ്തത്.
1947-ൽ വൈദികപരിശീലനം ആരംഭിച്ച ഇദ്ദേഹം, ആലുവ സെമിനാരിയിലെ തത്വശാസ്ത്രപഠനത്തിന് ശേഷം റോമിലെ പ്രൊപ്പഗാന്താ ഫീദെയുടെ കീഴിലുള്ള ഉർബാനിയൻ യൂണിവേഴ്സിറ്റിയിലാണ് ദൈവശാസ്ത്രപഠനം നടത്തിയത്. 1956 ഡിസംബർ 22-ന് റോമിൽ വച്ചാണ് പൗരോഹിത്യം സ്വീകരിച്ചത്.
റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽനിന്ന് കാനോനിക, സിവിൽ നിയമങ്ങളിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ന്യൂയോര്‍ക്ക് ഫോര്‍ഡാം യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദവും നേടിയിരുന്നു.
1973-ൽ മാനന്തവാടി രൂപത രൂപീകൃതമായതിനോടനുബന്ധിച്ച് അതിന്റെ പ്രഥമമെത്രനായി 1973 മാർച്ച് ഒന്നാം തീയതി നിയമിതനായ അദ്ദേഹം, അതെ വർഷം മെയ് ഒന്നിന് മെത്രാനായി അഭിഷിക്തനായി. 1995 വരെ മാനന്തവാടിയിൽ മെത്രാനായി ശുശ്രൂഷ ചെയ്ത അദ്ദേഹം, 1995 മെയ് 18-ന് താമരശ്ശേരി രൂപതാദ്ധ്യക്ഷനായി നിയമിതനായി. 1997 വരെ ഇവിടെ ശുശ്രൂഷ ചെയ്ത അദ്ദേഹം 1996 നവംബർ 11-നാണ് തൃശ്ശൂർ അതിരൂപതാദ്ധ്യക്ഷനായി നിയമിക്കപ്പെട്ടത്. 2007 ജനുവരി 22 വരെ ഈ ശുശ്രൂഷ അദ്ദേഹം തുടർന്നിരുന്നു.
1977-ൽ സ്ഥാപിക്കപ്പെട്ട ക്രിസ്തുദാസി സന്ന്യാസസഭ, തൃശ്ശൂർ ജില്ലയിലെ മുളയത്ത് സ്ഥാപിക്കപ്പെട്ട മേരി മാതാ മേജർ സെമിനാരി തുടങ്ങിയവ ലളിതജീവിതത്തിലൂടെയും പ്രവർത്തനമികവിലൂടെയും ശ്രദ്ധേയനായ അഭിവന്ദ്യ തൂങ്കുഴിപ്പിതാവിന്റെ നേതൃപാടവത്തിന്റെയും ശുശ്രൂഷാമനോഭാവത്തിന്റെയും അദ്ധ്യാത്മികജീവിതത്തിന്റെയും സാക്ഷ്യങ്ങളാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: