അഗസ്റ്റീനിയൻ സഭയ്ക്ക് പുതിയ നേതൃത്വം: ഫാ. ജോസഫ് ഫാറൽ പുതിയ പ്രിയോർ ജനറൽ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
750 വർഷങ്ങൾക്കപ്പുറം സ്ഥാപിക്കപ്പെട്ട അഗസ്റ്റീനിയൻ സഭയുടെ പുതിയ പ്രിയോർ ജനറലായി ഫാ. ജോസഫ് ഫാറൽ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന നൂറ്റിയെൺപത്തിയെട്ടാമത് ജനറൽ ചാപ്റ്ററിലാണ് വടക്കേ അമേരിക്കയിലെ പെൻസിൽവാനിയയിൽ ജനിച്ച അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ലിയോ പതിനാലാമൻ പാപ്പാ കൂടി അംഗമായ ഈ സന്ന്യസ്തസഭയെ അടുത്ത ആറ് വർഷങ്ങളിലേക്ക് നയിക്കാനുള്ള ചുമതലയാണ് ഫാ. ഫാറലിന് നല്കപ്പെട്ടിരിക്കുന്നത്.
അഗസ്റ്റീനിയൻ സഭയുടെ വികാർ ജനറാളായും, സഭയുടെ വടക്കേ അമേരിക്കയിലെ അസിസ്റ്റന്റ് ജനറലായും സേവനമനുഷ്ഠിച്ചുവരവെയാണ്, കഴിഞ്ഞ രണ്ടു കാലയളവുകളിൽ ഈ സമൂഹത്തെ ആഗോളതലത്തിൽ നയിച്ച ഫാ. അലെഹാന്ദ്രോ മോറൽ ആന്റന് പകരമായി ഫാ. ഫാറൽ തിരഞ്ഞെടുക്കപ്പെട്ടത്.
1963 ജൂലൈ 11-ന് പെൻസിൽവാനിയയിലെ ഡ്രെക്സിൽ ഹിൽ എന്നയിടത്ത് ജനിച്ച ഫാ. ഫാറൽ, വില്ലനോവ യൂണിവേഴ്സിറ്റിയിലെ സാമ്പത്തികവിഭാഗത്തിന് കീഴിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും, വാഷിംഗ്‌ടൺ തെയോളോജിക്കൽ യൂണിയനിൽനിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. 1987-ൽ സഭയിൽ പ്രഥമവ്രതവാഗ്ദാനവും 1990-ൽ നിത്യവ്രതവാഗ്ദാനവും നടത്തിയ ഇദ്ദേഹം 1991 ജൂൺ 29-നാണ് പുരോഹിതനായി അഭിഷിക്തനായത്.
2013-ൽ അഗസ്റ്റീനിയൻ സഭയുടെ വികാർ ജനറാളായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2019-ൽ രണ്ടാം വട്ടവും ഇതേ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വത്തിക്കാനടുത്തുള്ള അഗസ്റ്റീനിയാനം പൊന്തിഫിക്കൽ ഇൻസ്റ്റിട്യൂട്ടിൽ വച്ച് നടന്ന ജനറൽ ചാപ്റ്ററിൽ 73 സമർപ്പിതരാണ് വോട്ട് രേഖപ്പെടുത്തിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: