തിരയുക

പരിശുദ്ധ പിതാവ്, ലിയോ പതിനാലാമൻ പാപ്പാ, വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുന്നു പരിശുദ്ധ പിതാവ്, ലിയോ പതിനാലാമൻ പാപ്പാ, വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുന്നു   (ANSA)

നിരാശയുടെ നിഴൽ വീഴുന്ന ലോകത്ത് ക്രൈസ്തവ പ്രത്യാശയുടെ പ്രാധാന്യം

പ്രത്യാശ മനുഷ്യന്റെ സ്വന്തം ശക്തിയാൽ ആർജ്ജിക്കുന്ന ഒന്നല്ല, അത് ദൈവത്തിന്റെ ഒരു ദാനമാണ്. വിശ്വാസം, പ്രത്യാശ, സ്നേഹം എന്നീ ദൈവിക പുണ്യങ്ങളുടെയെല്ലാം അടിസ്ഥാനം ദൈവം തന്നെയാണ്. നിരാശ നിറയുന്ന ഒരു ലോകത്തിൽ പ്രത്യാശയുടെ പ്രാധാന്യം എടുത്തു പറയുന്ന ചിന്താമലരുകൾ
നിരാശയുടെ നിഴൽ വീഴുന്ന ലോകത്ത് ക്രൈസ്തവ പ്രത്യാശയുടെ പ്രാധാന്യം: ശബ്ദരേഖ

പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ ഏവരെയും ക്ഷണിക്കുന്ന ഈ മഹാജൂബിലി, പ്രത്യാശ എന്ന വാക്കിന്റെ ഉപരിപ്ലവമായ ഭംഗിയല്ല മുൻപോട്ടുവയ്ക്കുന്നത്, മറിച്ച്, യഥാർത്ഥ പ്രത്യാശയായ ക്രിസ്തുവിലുള്ള ഒരു ജീവിതമാണ്. പ്രത്യാശ, ക്രിസ്തുവിന്റെ കുരിശിലെ സ്‌നേഹത്തിൽ നിന്നും ജനിക്കുന്നതും അതിന്റെ മൂല്യം, ദൈവിക സ്‌നേഹത്തിൽ അടിയുറച്ചതുമാണ് എന്ന ഉന്നതമായ ചിന്തയാണ്, ഈ ജൂബിലി വർഷം നമുക്ക് നൽകുന്നത്. മരണത്തിൽ എല്ലാം അവസാനിക്കുന്നു എന്ന് പറയുന്ന മരണസംസ്കാരത്തിൽ, മരണത്തിനുമപ്പുറം നിത്യതയുടെ തീരത്തേക്ക് നമ്മെ കൈപിടിച്ചുനടത്തുന്നതാണ് ഈ ജൂബിലി ആഹ്വാനം.

ഉത്ഥിതനായ കർത്താവിന്റെ ശക്തിയിൽ, ജീവന്റെ സ്ഥിരതയും ദൈവകൃപയുടെ വാഗ്ദാനവും വിശ്വാസികൾ അനുഭവിക്കുന്നതിനും ജൂബിലി വർഷം ആഹ്വാനം ചെയ്യുന്നു. ഒരു പക്ഷെ ഇന്ന് ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുവാൻ സാധിക്കാതെ നിരാശയിലേക്ക് വീണുപോകുന്ന ഒരു തലമുറയിലാണ് നാം ജീവിക്കുന്നത്..ഈ അവസരത്തിലാണ് ജൂബിലി വർഷം  ഈ വാക്കുകളോടെ നമ്മെ ക്ഷണിക്കുന്നത്, " പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല". കാരണവും ക്രിസ്തുവിൽ ശരണം വയ്ക്കുന്ന ആർക്കും ജീവിതത്തിൽ നിരാശപ്പെടേണ്ടതായി വരികയില്ല എന്ന വലിയ മാതൃകയാണ് ഈ ജൂബിലി വർഷം നമുക്ക് നൽകുന്നത്.

സിസ്റ്റർ ജാസ്മിൻ SIC, വത്തിക്കാൻ സിറ്റി

ആധുനിക ലോകം യുദ്ധങ്ങൾ, പ്രകൃതിദുരന്തങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, സാമൂഹിക അസമത്വങ്ങൾ തുടങ്ങിയ നിരവധി വെല്ലുവിളികളിലൂടെയും സംഘർഷങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. ഈ പ്രതിസന്ധികൾ മനുഷ്യന്റെ മനസ്സിൽ നിരാശയുടെ കരിനിഴൽ വീഴ്ത്തുമ്പോൾ, ക്രൈസ്തവ പ്രത്യാശയ്ക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. ഇത് കേവലം ഒരു ശുഭാപ്തിവിശ്വാസമല്ല, മറിച്ച് ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിലും അവന്റെ വാഗ്ദാനങ്ങളിലുമുള്ള ആശ്രയത്വത്തിൽ നിന്നും ഉത്ഭവിക്കുന്ന അഗാധമായ ബോധ്യമാണ്. 2025-ലെ ജൂബിലി വർഷം "പ്രത്യാശയുടെ തീർത്ഥാടനം" എന്ന് നാം ആചരിക്കുമ്പോൾ, പ്രത്യാശ എന്നത് ദൈവത്തിലുള്ള ഉറച്ച വിശ്വാസത്തിൽ അധിഷ്ഠിതമായ ഒന്നാണെന്ന് നാം ഓർക്കണം. കത്തോലിക്കാ വിശ്വാസത്തിൽ, പ്രത്യാശ എന്നത് ദൈവത്തിലുള്ള ആശ്രയവും അവിടുത്തെ വാഗ്ദാനങ്ങളിലുള്ള ഉറച്ച വിശ്വാസവുമാണ് (ഹെബ്രാ: 11/ 1). സ്വർഗ്ഗീയ സന്തോഷത്തിലേക്കും നിത്യജീവനിലേക്കും നയിക്കുമെന്നുള്ള ഉറപ്പാണ് ഈ പ്രത്യാശ നൽകുന്നത്. നിരാശയെ അകറ്റിനിർത്തി, ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിലൂടെയും അവന്റെ വാഗ്ദാനങ്ങളിലുള്ള ഉറപ്പിലൂടെയും പ്രത്യാശയെ ആശ്ലേഷിക്കുക. ഈ പ്രത്യാശ നിങ്ങൾക്ക് സമാധാനവും, പ്രതിസന്ധികളിൽ ശക്തിയും, നിത്യജീവന്റെ വാഗ്ദാനത്തിൽ ആനന്ദവും നൽകും.

 പ്രത്യാശ: ഒരു ദൈവിക ദാനം

പ്രത്യാശ മനുഷ്യന്റെ സ്വന്തം ശക്തിയാൽ ആർജ്ജിക്കുന്ന ഒന്നല്ല, അത് ദൈവത്തിന്റെ ഒരു ദാനമാണ്. വിശ്വാസം, പ്രത്യാശ, സ്നേഹം എന്നീ ദൈവിക പുണ്യങ്ങളുടെയെല്ലാം അടിസ്ഥാനം ദൈവം തന്നെയാണ്.

ബൈബിളിൽ, അബ്രാഹാം പ്രത്യാശയുടെ ഒരു ഉത്തമ മാതൃകയാണ്. വാർദ്ധക്യത്തിലും തനിക്ക് ഒരു മകനുണ്ടാകുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തിൽ അബ്രാഹാം പൂർണ്ണമായി വിശ്വസിച്ചു. അസാധ്യമായ സാഹചര്യങ്ങളിലും ദൈവത്തിലുള്ള അവന്റെ ദൃഢമായ വിശ്വാസം, അവനെ ജനതകളുടെ പിതാവാക്കി മാറ്റി. ബൈബിളിലെ നീതിമാനായ ജോബിന്റെ കഥ സങ്കൽപ്പിക്കാനാവാത്ത നഷ്ടങ്ങളുടേതാണ്. തന്റെ സമ്പത്തും മക്കളും ആരോഗ്യവും നഷ്ടപ്പെട്ട്, സഹിക്കാനാവാത്ത ശാരീരികവും മാനസികവുമായ വേദനകളിലൂടെ ജോബ് കടന്നുപോകുന്നു. അവന്റെ പ്രത്യാശ കാര്യങ്ങൾ മെച്ചപ്പെടുമെന്ന നിഷ്കളങ്കമായ ശുഭാപ്തിവിശ്വാസമല്ല, മറിച്ച് കുറ്റപ്പെടുത്തലിൽ പോലും ദൈവവുമായി ഒരു ഏറ്റുമുട്ടലിനുള്ള ആഴമേറിയ ആഗ്രഹമാണ്. ദൈവം തന്റെ മഹത്വമുള്ള ശക്തിയും ഗ്രഹിക്കാനാവാത്ത ജ്ഞാനവും അവന് വെളിപ്പെടുത്തുന്നു. ജോബിന്റെ പുനഃസ്ഥാപനത്തോടെ പുസ്തകം അവസാനിക്കുമ്പോൾ, ദൈവത്തിന്റെ നീതി ആത്യന്തികമായി പുനഃസ്ഥാപിക്കുന്നതാണെന്നും അവന്റെ വിശ്വസ്തത മനുഷ്യന്റെ ധാരണയ്ക്കപ്പുറം നിലനിൽക്കുന്നുവെന്നും ഇത് സ്ഥിരീകരിക്കുന്നു.

യേശുക്രിസ്തു: നമ്മുടെ പ്രത്യാശയുടെ കേന്ദ്രം

ഫ്രാൻസിസ് പാപ്പാ ഊന്നിപ്പറയുന്നതുപോലെ, "നമ്മുടെ പ്രത്യാശയായ യേശുക്രിസ്തുവിന്റെ" (1 തിമോത്തി 1:1) മനോഹാരിതയിലാണ് നമ്മുടെ പ്രത്യാശ കുടികൊള്ളുന്നത്. യേശുവിന്റെ ജീവിതവും, സഹനവും, മരണവും, ഉത്ഥാനവും പ്രത്യാശയുടെ മഹത്തായ പ്രഖ്യാപനങ്ങളാണ്. ലിയോ പതിനാലാമൻ പാപ്പാ തന്റെ പ്രബോധനങ്ങളിൽ യേശുവിന്റെ കുരിശുമരണത്തിലെ എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു? എന്ന നിലവിളിയെക്കുറിച്ച് ചിന്തിക്കുന്നു. ഈ നിലവിളി നിരാശയല്ല, മറിച്ച് വേദനയുടെയും പരിത്യക്തതയുടെയും നടുവിലും തോറ്റുകൊടുക്കാത്ത പ്രത്യാശയുടെ ആവിഷ്കാരമാണ്. ഇത് മാനുഷിക വേദനയുടെ ആഴങ്ങളിൽ പ്രവേശിക്കുന്ന ദൈവത്തെയാണ് വെളിപ്പെടുത്തുന്നത്. യേശുക്രിസ്തു നമ്മുടെ പ്രത്യാശയുടെ കേന്ദ്രമാണ്, കാരണം അവന്റെ ജനനത്തിലൂടെയും ജീവിതത്തിലൂടെയും മരണത്തിലൂടെയും ഉയിർത്തെഴുന്നേൽപ്പിലൂടെയും നമുക്ക് നിത്യജീവനും പാപമോചനവും ലഭിച്ചു. അവന്റെ കുരിശിലെ യാഗം വഴി നമ്മൾ ദൈവവുമായി നിരപ്പിലാകുകയും സ്വർഗ്ഗീയ ഭവനത്തെ പ്രത്യാശിക്കുവാനും നമുക്കിടയാക്കി. അതുകൊണ്ട്, യേശുക്രിസ്തുവിൽ വിശ്വസിക്കുന്നതിലൂടെ നമുക്ക് ഭാവിയെക്കുറിച്ച് ഉറപ്പും സന്തോഷവും സമാധാനവും കണ്ടെത്താൻ കഴിയും.

ഉത്ഥാനത്തിന്റെ ആനന്ദം പ്രത്യാശയുടെ പാതയൊരുക്കുന്നു

പുനരുത്ഥാനത്തിലേക്ക് നമ്മുടെ ദൃഷ്ടികൾ ഉറപ്പിക്കുക എന്നതിനർത്ഥം കഷ്ടപ്പാടിന്റെയും മരണത്തിന്റെയും ഭയത്താൽ നമ്മെ കീഴടക്കാൻ അനുവദിക്കാതെ, ജീവിതത്തിന്റെ പൂർണ്ണതയിലേക്ക് നയിക്കുന്ന വാതിലായ ക്രിസ്തുവിനെ ജീവിതത്തിൽ സ്വീകരിക്കുക എന്നാണ്. ഉയിർത്തെഴുന്നേറ്റ യേശു തന്നെ പീഡിപ്പിച്ചവരോട് പകയോടെ പെരുമാറാതെ, സമാധാനം ആഗ്രഹിച്ചു കാത്തിരുന്ന തന്റെ ശിഷ്യന്മാർക്ക് തന്നെത്തന്നെ വെളിപ്പെടുത്തുന്നു. ഇത് ഇന്നത്തെ ലോകത്തിൽ നാം തുടരേണ്ട ക്രിസ്തുമാതൃകയാണ്.

ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ "സ്പെ സാൽവി" എന്ന ചാക്രിക ലേഖനത്തിന്റെ വെളിച്ചത്തിൽ ക്രൈസ്തവ പ്രത്യാശ

ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ "സ്പെ സാൽവി" എന്ന ചാക്രിക ലേഖനം ക്രൈസ്തവ പ്രത്യാശയുടെ വിവിധ വശങ്ങൾ പര്യവേക്ഷണം ചെയ്യുന്നു. "പ്രത്യാശയിൽ നാം രക്ഷിക്കപ്പെട്ടു" എന്ന വി. പൗലോസിന്റെ വാക്കുകളിൽ നിന്നാണ് ഈ ചാക്രികലേഖനം ആരംഭിക്കുന്നത്. രക്ഷ എന്നത് ഒരു വെറും വസ്തുതയല്ല, മറിച്ച് നമുക്ക് ലഭിച്ച പ്രത്യാശയാണ്. ഈ പ്രത്യാശ വിശ്വാസത്തിൽ അധിഷ്ഠിതമാണ്. മനുഷ്യർക്ക് ഒരു നിത്യജീവനുണ്ട്, അത് ശൂന്യതയിൽ അവസാനിക്കില്ലെന്ന ഈ പ്രത്യാശ ജീവിതത്തെ മാറ്റിമറിക്കുന്ന ഒന്നാണ്. ഈ "നിത്യജീവൻ" എന്നത് അനന്തമായ സമയത്തെക്കാൾ ഉപരിയായി, സന്തോഷത്തിലും സ്നേഹത്തിൻ്റെ അനന്തമായ സാഗരത്തിലും മുഴുകുന്ന പരമോന്നത സംതൃപ്തിയുടെ പൂർണ്ണമായ അവസ്ഥയാണ്

സാമൂഹിക പ്രത്യാശ: പ്രത്യാശ വ്യക്തിപരമല്ല, സാമൂഹികമാണ്. നമ്മുടെ രക്ഷ ഒരു സമൂഹത്തിലെ അംഗമെന്ന നിലയിൽ, "നമ്മൾ" എന്നതിൽ മാത്രം സാധ്യമാകുന്ന ഒന്നാണ്. ക്രിസ്തു നമ്മളെ സ്നേഹിക്കുകയും നമുക്കുവേണ്ടി കഷ്ടപ്പെടുകയും ചെയ്തതിനാൽ, മറ്റുള്ളവർക്ക് വേണ്ടിയും ജീവിക്കാൻ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു. വിശ്വാസവും പ്രത്യാശയും വ്യക്തിപരമായ അനുഭവങ്ങൾ മാത്രമല്ല, അവ സാമൂഹികവും കൂട്ടായ്മയിൽ വളരുന്നതുമാണ്. സഭയെന്ന നിലയിൽ, ക്രിസ്ത്യാനികൾ ഒരുമിച്ച് ദൈവത്തിൽ വിശ്വസിക്കുകയും പരസ്പരം പ്രത്യാശ നൽകുകയും ചെയ്യുന്നു. ഈ കൂട്ടായ്മയിൽ, ഓരോ അംഗവും മറ്റുള്ളവരെ ശക്തിപ്പെടുത്തുകയും, ക്ലേശങ്ങളിൽ താങ്ങും തണലുമാകുകയും, ഒരുമിച്ച് നിത്യജീവന്റെ ലക്ഷ്യത്തിലേക്ക് മുന്നേറുകയും ചെയ്യുന്നു.

പ്രാർത്ഥന പ്രത്യാശ പഠിക്കുന്നതിനുള്ള ഒരു പ്രധാന മാർഗ്ഗമാണ്: വി.അഗസ്റ്റിൻ പ്രാർത്ഥനയെ ആഗ്രഹത്തിന്റെ വ്യായാമമായി വിശേഷിപ്പിച്ചു. നമ്മുടെ ഹൃദയം ദൈവത്തിനായി വികസിപ്പിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുമ്പോൾ, അത് മറ്റുള്ളവർക്കായി തുറക്കപ്പെടും.

പ്രവൃത്തിയും സഹനവും: നമ്മുടെ ചെറിയ ശ്രമങ്ങൾ പോലും വലിയ പ്രത്യാശയുടെ പ്രകാശത്താൽ പ്രകാശിക്കപ്പെടുന്നു. സഹനത്തെ ഒഴിവാക്കുന്നതിനു പകരം, ക്രിസ്തുവിനോടുള്ള ഐക്യത്തിലൂടെ അതിന് അർത്ഥം കണ്ടെത്താൻ നമ്മൾക്ക് കഴിയും. വിയറ്റ്നാമിലെ രക്തസാക്ഷിയായ വിശുദ്ധ പൗലോസ് ലെ-ബാവോ-തിങ്ങിന്റെ കത്ത് ഇതിന് ഉദാഹരണമാണ്. നരകത്തിലെന്നപോലെ തോന്നിക്കുന്ന സാഹചര്യത്തിലും, ക്രിസ്തു അവനോടൊപ്പം ഉണ്ടായിരുന്നതിനാൽ അവന് സന്തോഷിക്കാൻ കഴിഞ്ഞു.

അവസാന വിധി: ദൈവം നീതിമാനാണ്, അവൻ നീതി സ്ഥാപിക്കും. കരുണയോടൊപ്പം നീതിയും ഉണ്ടാകും. നമ്മൾ ഓരോരുത്തരും ക്രിസ്തുവിന്റെ സ്നേഹത്താൽ ശുദ്ധീകരിക്കപ്പെടും. മരണാനന്തരവും നമ്മുടെ പ്രാർത്ഥനകൾക്ക് മറ്റുള്ളവരെ സഹായിക്കാൻ കഴിയും.

മറിയം പ്രത്യാശയുടെ നക്ഷത്രമാണ്: നമ്മുടെ ജീവിതയാത്രയിലെ വഴികാട്ടുന്ന വെളിച്ചം. അവളുടെ "അതെ" എന്ന വാക്കിലൂടെ ദൈവം മനുഷ്യനായിത്തീരുകയും, പ്രത്യാശയുടെ സന്ദേശം ലോകത്തിന് നൽകുകയും ചെയ്തു. ക്രിസ്തുവിന്റെ മരണത്തിൽ ശിഷ്യന്മാർ നിരാശരായിരുന്നപ്പോൾ, മറിയം പ്രത്യാശയുടെ മാതൃകയായി സെഹിയോൻ മാളികയിൽ പ്രാർത്ഥിച്ചു. അവൾക്ക് ഉയിർത്തെഴുന്നേൽപ്പിന്റെ വാഗ്ദാനത്തിൽ ആഴമായ വിശ്വാസമുണ്ടായിരുന്നു, അത് മറ്റുള്ളവർക്ക് ശക്തി പകർന്നു. അങ്ങനെ, ദുഃഖത്തിലും അനിശ്ചിതത്വത്തിലും മറിയം വിശ്വാസത്തിന്റെ ദീപമായി നിലകൊണ്ടു, പരിശുദ്ധാത്മാവിനായുള്ള കാത്തിരിപ്പിൽ കൂട്ടായ്മയെ നയിച്ചു.

ചുരുക്കത്തിൽ, പ്രത്യാശ ദൈവത്തിലുള്ള വിശ്വാസമാണ്, അത് നമ്മളെ സ്നേഹിക്കാനും മറ്റുള്ളവർക്കായി ജീവിക്കാനും പ്രേരിപ്പിക്കുന്നു. ഇത് നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുകയും എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ ശക്തി നൽകുകയും ചെയ്യുന്ന ഒരു വലിയ, യഥാർത്ഥ പ്രത്യാശയാണ്.

ഫ്രാൻസിസ് പാപ്പായുടെ വാക്കുകളിൽ പ്രത്യാശ

ഫ്രാൻസിസ് പാപ്പായുടെ പ്രബോധനങ്ങളിൽ "പ്രത്യാശ" എന്ന വാക്കിന് എന്നും വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. 2013 ഓശാന ഞായറാഴ്ചയിലെ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞത് "നിങ്ങളുടെ പ്രത്യാശ കവർന്നെടുക്കാൻ ആരെയും അനുവദിക്കരുത്" എന്നാണ്.  ഈ ആഹ്വാനം പാപ്പായുടെ പ്രധാന സന്ദേശങ്ങളിലൊന്നായി മാറി. വെല്ലുവിളികളും, സങ്കീർണ്ണതകളും നിറഞ്ഞ സമൂഹത്തിൽ പ്രത്യാശ കൈവെടിയരുത് എന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ആദ്യ അപ്പസ്തോലിക പ്രബോധനമായ "ഇവാഞ്ചലി ഗൗദിയും" പ്രത്യാശയെയും ആനന്ദത്തെയും കുറിച്ച് ധാരാളം പരാമർശിക്കുന്നു. 2025-ലെ ജൂബിലി വർഷത്തിന്റെ വിഷയം “പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” എന്ന് പാപ്പാ തിരഞ്ഞെടുത്തത് അതുകൊണ്ടാണ്.

പ്രത്യാശയുടെ ഉറവിടം: ദൈവത്തിന്റെ സ്നേഹം

വിശുദ്ധ പൗലോസ് ശ്ലീഹാ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ,  പ്രത്യാശയെ രക്ഷയുമായി ബന്ധിപ്പിക്കുന്നു. ഈ രക്ഷ യേശുക്രിസ്തുവിലൂടെയുള്ള ദൈവത്തിന്റെ നിരുപാധികമായ സ്നേഹത്താൽ (കൃപയാൽ) ഉറപ്പുനൽകപ്പെടുന്നു, അത് മനുഷ്യന് പ്രത്യാശ നൽകുകയും എല്ലാ പ്രതികൂല സാഹചര്യങ്ങളിലും അവനെ കാത്തിരിക്കുന്ന ദൈവസ്നേഹത്തിൽ ഉറപ്പുനൽകുകയും ചെയ്യുന്നു. പ്രത്യാശ ദൈവത്തിന്റെ കൃപയിലും സ്നേഹത്തിലും കരുണയിലും അധിഷ്ഠിതമാണെന്ന് ലിയൊ പതിനാലമൻ പാപ്പാ ഓർമ്മിപ്പിക്കുന്നു. ക്രൂശിൽ തറയ്ക്കപ്പെട്ട യേശുവിന്റെ ഹൃദയത്തിൽ നിന്ന് ഉത്ഭവിക്കുന്ന സ്നേഹത്തിൽ നിന്നാണ് പ്രത്യാശ ജനിക്കുന്നത്. "ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് ആരാണ്  നമ്മെ വേർപെടുത്തുക?" (റോമ 8:35) എന്ന വചനം ഓർമ്മിപ്പിച്ച്, ദൈവസ്നേഹം എന്നെന്നും നിലനിൽക്കുന്നതിനാൽ പ്രത്യാശ ദൈവസ്നേഹത്തിൽ അടിയുറച്ചതാണെന്ന് പാപ്പാ പറയുന്നു.

പ്രത്യാശ: സാഹചര്യങ്ങൾക്കപ്പുറം ദൈവത്തിലുള്ള ആശ്രയം

പ്രത്യാശ എന്നത് കേവലം മനുഷ്യന്റെ ശുഭാപ്തിവിശ്വാസമല്ലെന്ന് ഫ്രാൻസിസ് പാപ്പാ വിശദീകരിക്കുന്നു. സാഹചര്യങ്ങൾ അനുകൂലമായി മാറും എന്നുള്ള സാധ്യതയിൽ അധിഷ്ഠിതമായ ഒന്നല്ല പ്രത്യാശ. ബൈബിളിലെ പ്രത്യാശ സാഹചര്യങ്ങളെ ആശ്രയിക്കുന്നില്ല. അബ്രാഹം, ജോസഫ്, മോശ, റൂത്ത് തുടങ്ങിയ പ്രത്യാശയുടെ വ്യക്തികൾക്ക് സാഹചര്യങ്ങൾ മെച്ചപ്പെടുമെന്ന് ഉറപ്പു നൽകുന്ന ഒരു തെളിവുകളും ഉണ്ടായിരുന്നില്ല. ബൈബിളിലെ പ്രത്യാശ, നമ്മെ സ്നേഹിക്കുന്ന, നമ്മോടൊപ്പം ആയിരിക്കുന്ന നമ്മുടെ ദൈവത്തിലുള്ള ഉറപ്പിലാണ് അധിഷ്ഠിതമായിരിക്കുന്നത്.

പ്രത്യാശയും ക്ഷമയും

പ്രത്യാശ ക്ഷമയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. "എല്ലാം ഇപ്പോൾത്തന്നെ വേണം" എന്ന് ചിന്തിക്കുന്ന ഈ ആധുനിക ലോകത്ത്, ക്ഷമ എന്ന പുണ്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. ഇന്റർനെറ്റിന്റെ ഈ കാലഘട്ടത്തിൽ, സമയവും സ്ഥലവും 'ഇവിടെയും ഇപ്പോളും' എന്നതിലേക്ക് ചുരുങ്ങുമ്പോൾ, കാത്തിരിപ്പിനും ക്ഷമയ്ക്കും സ്ഥാനമില്ലാതാകുന്നു. എങ്കിലും, യഥാർത്ഥ പ്രത്യാശക്ക് ക്ഷമ ആവശ്യമാണ്; ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കാനുള്ള കഴിവ് അത് നൽകുന്നു.

പ്രത്യാശയുടെ അടയാളങ്ങളാകാൻ

ക്ഷമയും പ്രത്യാശയും തിരികെ കൊണ്ടുവരാൻ ഒരു ചികിത്സയുണ്ട്: സൃഷ്ടിയെ വിസ്മയത്തോടെ നോക്കാനുള്ള കഴിവ് വളർത്തുക. വിശുദ്ധ ഫ്രാൻസിസിന്റെ കണ്ണുകളോടെ എല്ലാ സൃഷ്ടികളെയും ഒരു വലിയ കുടുംബമായി കാണുക. ലോകത്ത് നിലനിൽക്കുന്ന നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, തിന്മയാൽ കീഴടപ്പെടാൻ അനുവദിക്കാതിരിക്കുക. പ്രകാശത്തെ കാണാൻ ശ്രമിക്കുക. പ്രത്യാശയോടെ ഭാവിയെ നോക്കുക, ആവേശം നിറഞ്ഞ ജീവിതവീക്ഷണം മറ്റുള്ളവർക്ക് പകരുക. ഫ്രാൻസിസ് പാപ്പാ പറഞ്ഞതുപോലെ: "പ്രത്യാശിക്കുക എന്നാൽ ദൈവത്തിന്റെ കണ്ണുകളിലൂടെയും ഹൃദയത്തിലൂടെയും ലോകത്തെ കാണുക എന്നതാണ്."

 പ്രത്യാശ: ഒരു ഉത്തരവാദിത്തം

ലിയൊ പതിനാലമൻ പാപ്പാ ക്രിസ്ത്യൻ സമൂഹങ്ങളോട് സമാധാനത്തിന്റെ ഇടങ്ങളാകാനും, ബലഹീനതകളെ വിധി കൂടാതെ സ്വീകരിക്കാനും, വാതിലുകൾ അടയുമ്പോഴും പാലങ്ങൾ തുറന്നിടാനും ആഹ്വാനം ചെയ്യുന്നു. ഈ പ്രത്യാശ കേവലം ഒരു വികാരമല്ല, മറിച്ച് ഒരു ഉത്തരവാദിത്തമാണ്. പ്രത്യാശയുടെ മിഷനറിമാരാകാൻ നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു.

നിരാശയുടെ നിഴൽ വീഴുന്ന ലോകത്ത്, ക്രൈസ്തവ പ്രത്യാശ ഒരു ദീപസ്തംഭം പോലെ പ്രകാശിക്കുന്നു. അത് ദൈവത്തിൽ വേരൂന്നിയതും യേശുക്രിസ്തുവിന്റെ ഉത്ഥാനത്തിൽ അധിഷ്ഠിതവുമാണ്. ഈ പ്രത്യാശ സ്വന്തം ജീവിതത്തിൽ ഉൾക്കൊള്ളുകയും മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യേണ്ടത് ഓരോ ക്രൈസ്തവന്റെയും ദൗത്യമാണ്. കുടുംബങ്ങളിലും സമൂഹത്തിലും മാധ്യമങ്ങളിലുമെല്ലാം പ്രത്യാശയുടെ ഈ സന്ദേശം പ്രതിധ്വനിക്കുമ്പോൾ, ഒരു പുതിയ ലോകം സാധ്യമാണെന്ന വിശ്വാസത്തിൽ നമുക്ക് മുന്നേറാൻ കഴിയും.ഈ ജൂബിലി വർഷം, പ്രത്യാശ കണ്ടെത്താനും, പ്രത്യാശയുടെ മിഷനറിമാരാകാനും നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നു. യേശുവിന്റെ കണ്ണുകളിലൂടെയും ഹൃദയത്തിലൂടെയും ലോകത്തെ നോക്കി, നമ്മുടെ ജീവിതം മുഴുവൻ പ്രത്യാശയോടെ ജീവിക്കാൻ നമുക്ക് സാധിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 സെപ്റ്റംബർ 2025, 11:39