മതബോധനശുശ്രൂഷയിൽ ഏർപ്പെട്ടിരികുന്നവരുടെ ജൂബിലിക്കൊരുങ്ങി കത്തോലിക്കാസഭ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മതബോധനശുശ്രൂഷയിൽ ഏർപ്പെട്ടിരികുന്നവരുടെ (catechists) ജൂബിലിക്കൊരുങ്ങി കത്തോലിക്കാസഭ. ഈ ജൂബിലി ആഘോഷിക്കപ്പെടുന്ന സെപ്റ്റംബർ 26 മുതൽ 28 വരെ തീയതികളിൽ വത്തിക്കാനിലും റോമിന്റെ വിവിധ ഭാഗങ്ങളിലുമായി നടക്കുന്ന പരിപാടികളിൽ ഇന്ത്യയിൽനിന്നുൾപ്പെടെ 115 രാജ്യങ്ങളിൽനിന്നുള്ള ഇരുപതിനായിരത്തിലധികം തീർത്ഥാടകർ സംബന്ധിക്കുമെന്നാണ് കാണാക്കപ്പെടുന്നതെന്ന്, ജൂബിലിച്ചടങ്ങുകൾ ഒരുക്കുന്ന സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററിയിലെ, ലോകത്തിലെ സുവിശേഷവത്കരണത്തെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങൾക്കായുള്ള വിഭാഗം സെപ്റ്റംബർ 24 ബുധനാഴ്ച്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.
മതബോധനവുമായി കാര്യങ്ങളിൽ വിവിധ രാജ്യങ്ങളിലെ മെത്രാൻസമിതികളുമായും, ദേശീയ, രൂപതാതല ഓഫീസുകളുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്ന വ്യക്തികൾക്കായുള്ള ഈ ജൂബിലി, വെള്ളിയാഴ്ച രാവിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ "വിശുദ്ധവാതിൽ" കടന്നുകൊണ്ടാകും ആരംഭിക്കുക. രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ചുമണി വരെ ഇതിനായി പ്രത്യേക സൗകര്യങ്ങൽ ഒരുക്കിയിട്ടുണ്ട്. തുടർന്ന് വൈകുന്നേരം ആറരയ്ക്ക് ബസലിക്കയിൽ നടക്കുന്ന സായാഹ്നപ്രാര്ഥനയ്ക്ക് ഡികാസ്റ്ററി പ്രൊ-പ്രീഫെക്ട് ആർച്ച്ബിഷപ് റീനോ ഫിസിക്കെല്ല (Rino Fisichella) നേതൃത്വം നൽകും.
സെപ്റ്റംബർ 27 ശനിയാഴ്ച രാവിലെ പത്ത് മണിക്ക് നടക്കുന്ന പ്രത്യേക ജൂബിലി പൊതുകൂടിക്കാഴ്‌ചയിൽ ലിയോ പതിനാലാമൻ പാപ്പാ മതബോധനശുശ്രൂഷയിൽ ഏർപ്പെട്ടിരികുന്നവരുടെ ജൂബിലിയിൽ സംബന്ധിക്കുന്നവരെ അഭിസംബോധന ചെയ്യും. ഇതേ ദിവസം വൈകുന്നേരം നാലുമണിക്ക് റോമിലെ വിവിധ ദേവാലയങ്ങളിൽ മെത്രാന്മാരുടെ സാന്നിധ്യത്തിൽ ഇറ്റാലിയൻ, ഇംഗ്ലീഷ്, പോർച്ചുഗീസ്, സ്പാനിഷ്, ഫ്രഞ്ച്, പോളിഷ് ഭാഷകളിൽ മതാദ്ധ്യാപകർക്കായി പ്രത്യേക സമ്മേളനങ്ങൾ നടക്കും.
സെപ്റ്റംബർ 28 ഞായറാഴ്ച്ച രാവിലെ പത്ത് മണിക്ക് ലിയോ പതിനാലാമൻ പാപ്പായുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ മുന്നിലെ ചത്വരത്തിൽ നടക്കുന്ന വിശുദ്ധ ബലിയോടെയാകും ജൂബിലിച്ചടങ്ങുകൾ അവസാനിക്കുക. ചടങ്ങുകൾക്കിടയിൽ ഇന്ത്യയിൽനിന്നുൾപ്പെടെയുള്ള 39 പേരെ മതാധ്യാപകരായി പാപ്പാ നിയമിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: