തിരയുക

കാർലോ അക്കൂത്തിസിന്റെ അമ്മ അന്റോണിയ സൽസാനോ കാർലോ അക്കൂത്തിസിന്റെ അമ്മ അന്റോണിയ സൽസാനോ  (ANSA)

"എന്റെ മകന്റെ വിശുദ്ധ പാത പിന്തുടരുവാൻ എനിക്ക് സാധിച്ചിരുന്നെങ്കിൽ", അനുഭവങ്ങൾ പങ്കുവച്ച് വിശുദ്ധ കാർലോ അക്കൂത്തിസിന്റെ അമ്മ

"കാർലോ നിരവധി ഹൃദയങ്ങളെ സ്പർശിക്കുന്നു; അവൻ യേശുവിലേക്കുള്ള ഒരു പാലമാണ്", തന്റെ മകനെ വിശുദ്ധനായി പ്രഖ്യാപിച്ച ദിവസം, കാർലോ അക്കൂത്തിസിന്റെ അമ്മ അന്റോണിയ സൽസാനോ തന്റെ അനുഭവങ്ങൾ പങ്കുവച്ചു.

ദനിയേലെ പിച്ചിനി, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സെപ്റ്റംബർ മാസം ഏഴാം തീയതി ലിയോ പതിനാലാമൻ പാപ്പാ, കത്തോലിക്കാ സഭയിൽ പുതിയതായി വിശുദ്ധനായി പ്രഖ്യാപിച്ച, കാർലോ അക്കൂത്തിസിന്റെ അമ്മ, അന്തോണിയ സൽസാനോ, തന്റെ മകന്റെ എളിമയാർന്ന ജീവിതത്തെ എടുത്തു പറഞ്ഞുകൊണ്ട്, ചെറുപ്പം മുതൽ അവൻ കാത്തുസൂക്ഷിച്ച ദിവ്യകാരുണ്യ ഭക്തിയും, പ്രാർത്ഥനാജീവിതവും ഇന്ന് അനേകർക്ക് മാനസാന്തരത്തിന്റെ പാത തുറന്നുകൊടുക്കുന്നതിലുള്ള സന്തോഷം പങ്കുവച്ചു. നാമകരണ ചടങ്ങിൽ, കാർലോയുടെ മാതാപിതാക്കളും, സഹോദരങ്ങളും സന്നിഹിതരായിരുന്നു.

കാർലോയിൽ നിന്ന്  ഏവർക്കും ലഭിക്കുന്ന നിരവധിയായ അത്ഭുതങ്ങളിലും, അനുഗ്രഹങ്ങളിലും വിശ്വാസികൾ ഏറെ സന്തോഷിക്കുന്നുവെന്നു അമ്മ പറഞ്ഞു. ഈ വിശുദ്ധ പദവി എല്ലാ വിശ്വാസികൾക്കും, പ്രത്യേകമായി, ചൈന, ജപ്പാൻ, വടക്കേ അമേരിക്ക  ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലുള്ളവർക്ക് ഏറെ ഫലങ്ങൾ നൽകുമെന്നും അമ്മ കൂട്ടിച്ചേർത്തു.

തന്റെ മാതൃകയിലൂടെയും, പങ്കുവയ്ക്കുന്ന വിശ്വാസത്തിലൂടെയും, കാർലോ നിരവധി ഹൃദയങ്ങളെയും ജീവിതങ്ങളെയും സ്പർശിക്കുന്നുണ്ടെന്നും , അത് തങ്ങൾക്ക് ഏറെ സന്തോഷം പ്രദാനം ചെയ്യുന്നുവെന്നും അന്തോണിയ പറഞ്ഞു. ഒരു കച്ചേരിയിലും, ഒരു ഫുട്ബോൾ മത്സരത്തിലും മൈലുകൾ നീളമുള്ള വരികളുണ്ടെങ്കിലും, കർത്താവിങ്കലേക്കുള്ള വരികളിൽ ആളുകൾ ഇല്ലാത്തത് കാർലോയുടെ വലിയ വിഷമങ്ങളിൽ ഒന്നായിരുന്നുവെന്നും, അതിനാൽ ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യം ആളുകൾ മനസ്സിലാക്കുന്നതിന് ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ചുള്ള പ്രദർശനത്തിനായി കാർലോ, രാപകൽ, അധ്വാനിക്കുമായിരുന്നെന്നു 'അമ്മ പങ്കുവച്ചു.

എന്റെ മകന്റെ വിശുദ്ധീകരണത്തിന്റെ ഈ പാത പിന്തുടരാൻ എനിക്കും കഴിഞ്ഞിരുന്നെങ്കിൽ എന്ന് താൻ  ആഗ്രഹിക്കുന്നുവെന്നു അന്തോണിയ പറഞ്ഞു. യേശുവിലേക്ക് എത്തിച്ചേരാനുള്ള ഒരു പാലമായി കാർലോ ഇപ്പോഴും ഉണ്ടാകുമെന്നും അമ്മ അന്തോണിയ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 സെപ്റ്റംബർ 2025, 13:52