തിരയുക

യേശുവും, കാനാൻകാരി സ്ത്രീയും യേശുവും, കാനാൻകാരി സ്ത്രീയും   (Copyright: www.bridgemanart.com)

യഥാർത്ഥ പ്രാർത്ഥനയുടെ മാതൃക വിശ്വാസത്തിലുള്ള ബോധ്യമാണ്

സീറോ മലബാർ സഭ ആരാധന ക്രമം, ഏലിയാ - സ്ലീവാ - മൂശക്കാലത്തിന്റെ നാലാമത്തെ ഞായറാഴ്ച്ചയിലെ വായനകളെ ആധാരമാക്കിയ വചന വിചിന്തനം. (മത്തായി 15:21-28 )
സുവിശേഷപരിചിന്തനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

യേശുവിൽ പ്രിയരേ,

നാം ഏലിയാ - സ്ലീവാ - മൂശക്കാലത്തിന്റെ നാലാമത്തെ ഞായറാഴ്ച്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കുരിശിന്റെ വിജയവും കര്‍ത്താവിന്റെ രണ്ടാമത്തെ ആഗമനവും പ്രത്യേകമായി വിശ്വാസജീവിതത്തിൽ ധ്യാനവിഷയമാക്കുന്ന കാലഘട്ടം കൂടിയാണിത്. മിശിഹായുടെ രണ്ടാമത്തെ വരവിനു മുമ്പായി ഏലിയാ വരുമെന്നും (മലാക്കി4:5) വിനാശത്തിന്റെ പുത്രനുമായി തര്‍ക്കിച്ച് അവന്റെ തെറ്റിനെ ലോകത്തിനു ബോദ്ധ്യപ്പെടുത്തുമെന്നും ആദിമസഭ വിശ്വസിച്ചുപോന്നു. കര്‍ത്താവിന്റെ രൂപാന്തരീകരണവേളയില്‍ അവിടുത്തോടൊപ്പം ഏലിയായും ഉണ്ടായിരുന്നുവെന്ന വസ്തുത ഈ വിശ്വാസത്തിന് ആക്കം വര്‍ദ്ധിപ്പിച്ചു. കര്‍ത്താവിന്റെ രൂപാന്തരീകരണം അവിടുത്തെ രണ്ടാമത്തെ വരവിന്റെ പ്രതീകവുമാണല്ലോ. രൂപാന്തരപ്പെട്ട സമയത്ത് മൂശയും അവിടുത്തോടൊപ്പം ഉണ്ടായിരുന്നതായിരിക്കാം സ്ളീവ നടുവില്‍ വരത്തക്കവിധം ഏലിയാ- സ്ളീവാ-മൂശക്കാലങ്ങള്‍ രൂപപ്പെട്ടതിനു കാരണം. ലോകാവസാനം, മരണം, അവസാനവിധി എന്നിവയാണ് ഈ കാലങ്ങളിലെ പ്രധാന വിഷയങ്ങള്‍. അതോടൊപ്പം, പിശാചിന്റെ പ്രലോഭനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തി, പാപത്തെ തുടച്ചുമാറ്റാനുള്ള ആഹ്വാനവും നമുക്കു നല്കുന്നു.

ഇപ്രകാരം, പാപത്തിനെതിരെ  പടപൊരുതുവാനും, നന്മയാൽ തിന്മയെ ജയിക്കുവാനും , കർത്താവിന്റെ കുരിശിന്റെ തണലിൽ അഭയം തേടുവാനും വിശ്വാസികളെ ക്ഷണിക്കുന്ന വചനഭാഗങ്ങളാണ്, സഭാമാതാവ് നമുക്ക് നൽകിയിരിക്കുന്നത്. പഴയ നിയമത്തിൽ നിന്നും, പുതിയ നിയമത്തിൽ നിന്നുമുള്ള വായനകൾ, ഈ കാലഘട്ടത്തിന്റെ വ്യതിരിക്തതയും എടുത്തു കാണിക്കുന്നു.

ഈജിപ്തിന്റെ  അടിമത്തത്തിൽ ആയിരുന്ന ഇസ്രായേൽ ജനം, തങ്ങളുടെ ദുരിതാവസ്ഥയിൽ കർത്താവിനെ വിളിച്ചു കരയുകയും, അടിമത്തത്തിൽ നിന്നും അവരെ രക്ഷിക്കുവാൻ, മോശയെ തിരഞ്ഞെടുത്തു അയക്കുകയും ചെയ്യുന്നു. ഫറവോന്റെ മുൻപിൽ ദൈവനാമത്തിൽ മോശ കൽപ്പിക്കുകയും, അവസാനം ഇസ്രായേൽ ജനതയെ സ്വതന്ത്രമാക്കുകയും ചെയ്യുന്നു. തുടർന്ന് , ദൈവം വാഗ്ദാനം ചെയ്ത കാനാൻ ദേശത്തേക്കുള്ള നീണ്ട തീർത്ഥാടനമാണ്. ഒരുപക്ഷെ വളരെയധികം ഉത്സാഹത്തോടെയാണ് യാത്ര ആരംഭിച്ചതെങ്കിലും, നൈമിഷികമായ ബുദ്ധിമുട്ടുകൾക്ക് മുൻപിൽ, ഇസ്രായേൽ ജനത്തിനു തങ്ങളുടെ ജീവിതത്തിന്റെ അർത്ഥവും, ആത്മീയതയും നഷ്ടപ്പെടുന്നു.

തങ്ങളെ മോചിപ്പിച്ച ദൈവത്തെയും അവന്റെ കരുണയും മറന്നു പോകുമ്പോൾ, മോശയ്‌ക്കെതിരെ ജനം തിരിയുന്നു. ഈ അവസരത്തിലാണ് ദൈവം തന്റെ കോപത്താൽ, ഇസ്രായേൽ ജനതയ്‌ക്കെതിരെ പറയുന്നത്. ഇവിടെ ഒരു അന്യനായ വ്യക്തിയുടെ ക്രോധം എന്നല്ല, മറിച്ച്  തന്റെ മക്കളെ തെറ്റ് ബോധ്യപ്പെടുത്തുന്ന ഒരു പിതാവിന്റെ മുഖമാണ് ദൈവത്തിൽ കാണേണ്ടത്. "ദുശ്ശാഠ്യക്കാരായ ഒരു ജനം, അവരെ ഞാൻ കാണുന്നുവെന്ന" നിയമാവർത്തന പുസ്തകത്തിൽ നിന്നുള്ള ആദ്യ വായന, മോശയുമായി ദൈവം നടത്തുന്ന ഒരു സംഭാഷണമാണ്.  "അവരെ നശിപ്പിച്ച് ആകാശത്തിന്‍ കീഴില്‍നിന്ന് അവരുടെ പേരുപോലും ഞാന്‍ നിര്‍മാര്‍ജനം ചെയ്യാന്‍ പോകുന്നു. എന്നെ തടയരുത്", എന്ന് ദൈവവും മോശയോട് പറയുമ്പോൾ, മക്കളുടെ നല്ല ഭാവിക്കുവേണ്ടി, മാതാപിതാക്കൾ പരസ്പരം നടത്തുന്ന സംഭാഷണം പോലെ, നമുക്ക് മനസിലാക്കാം.  മക്കൾക്കുവേണ്ടി നിയമങ്ങളുടെ രണ്ടു കൽപ്പലകകൾ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്ന ഒരു അപ്പന്റെ മനസാണ് ദൈവത്തിൽ നമുക്ക് കാണുവാൻ കഴിയുക. പക്ഷെ മലമുകളിൽ നിന്നും ഇറങ്ങി വരുമ്പോഴും, ഇസ്രായേൽ ജനതയുടെ അകൃത്യമാണ് മോശ കാണുന്നത്.

തുടർന്ന് മോശ ആ ജനതയ്ക്കു വേണ്ടി പ്രായശ്ചിത്തം ചെയ്യുന്നു, അവർക്കു വേണ്ടി കർത്താവിനോട് കാരുണ്യത്തിനായി കേണപേക്ഷിക്കുന്നു. മോശ പറയുന്നത് ഇപ്രകാരമാണ്: "നിങ്ങള്‍ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു പാപംചെയ്ത് അവിടുത്തെ കുപിതനാക്കിയതിനാല്‍, ഞാന്‍ തിന്നുകയോ കുടിക്കുകയോ ചെയ്തില്ല. കര്‍ത്താവ് എന്റെ പ്രാര്‍ഥന കേട്ടു."

ഒന്നാം വായന, ഈ കാലത്തിന്റെ ഒരു ചൈതന്യം നമ്മിൽ പകരുന്നത്, അപരനുവേണ്ടി മോശയായി മാറുന്നതിനു വേണ്ടിയാണ്. അപരന്റെ ദൈവനിന്ദയ്ക്കുവേണ്ടി പോലും, ത്യാഗമനുഭവിച്ചുകൊണ്ട്, നാം മാപ്പുചോദിക്കുമ്പോഴാണ്, യഥാർത്ഥത്തിൽ ക്രൈസ്തവ ജീവിതത്തിന്റെ അർത്ഥം  നമുക്ക് മനസിലാക്കുക. അതുപോലെ, നമ്മെ തിരുത്തുന്നവന്റെ വാക്കുകൾക്ക് ചെവി കൊടുക്കുവാനും ഈ ഒന്നാം വായന നമ്മെ ക്ഷണിക്കുന്നു.

ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്നുമുള്ള രണ്ടാമത്തെ വായന, ദൈവത്തോടുള്ള വിശ്വസ്തത ജീവിതത്തിൽ എന്നും നിലനിർത്തുന്നതിനും, അപ്രകാരം നമ്മുടെ ജീവിതങ്ങളെ സുരക്ഷിതമാക്കുന്നതിനും വേണ്ടിയുള്ള ഒരു ക്ഷണമാണ് നമുക്ക് നല്കുന്നത്. "അങ്ങയില്‍ ഹൃദയമുറപ്പിച്ചിരിക്കുന്നവനെ അങ്ങ് സമാധാനത്തിന്റെ തികവില്‍ സംരക്ഷിക്കുന്നു. എന്തെന്നാല്‍, അവന്‍ അങ്ങയില്‍ ആശ്രയിക്കുന്നു." എന്ന പ്രവാചക വചനങ്ങൾ, ഇന്നത്തെ സമൂഹത്തിൽ ഏറെ പ്രധാനപ്പെട്ടതാണ്.

സംഘർഷങ്ങളും, വേദനകളും ജീവിതത്തിൽ ദുരിതപ്പെയ്ത്തായി  മാറുമ്പോൾ, ആരിൽ ആശ്രയം വയ്ക്കണം എന്നുള്ള വലിയ  സംശയം മനുഷ്യ മനസുകളിൽ ഉടലെടുക്കുമ്പോൾ, ഈ വചനങ്ങൾ നമുക്ക് ആശ്വാസം പകരുന്നു. "രാത്രിയില്‍ എന്റെ ഹൃദയം അങ്ങേക്കുവേണ്ടി ദാഹിക്കുന്നു, എന്റെ ആത്മാവ് അങ്ങയെ തേടുന്നു", ജീവിതത്തിൽ ഇരുൾ മൂടുന്ന നിമിഷങ്ങളിൽ നമ്മുടെ ആത്മാവ് ദൈവത്തെ  തേടുകയാണെങ്കിൽ, നിശ്ചയമായും അവൻ തന്റെ മാറോട് നമ്മെ ചേർത്ത് വയ്ക്കുമെന്നും ഈ വായന നമ്മെ ഓർമ്മപ്പെടുത്തുന്നു.

അതിനാൽ കർത്താവിനോട് ചേർന്ന് നിൽക്കുവാനും, അയൽക്കാരനെ ചേർത്ത് നിർത്തുവാനുമുള്ള സന്ദേശമാണ് പഴയനിയമ വായനകൾ നമുക്ക് നൽകിയത്. മൂന്നാമത്തെ വായനയിൽ വിശുദ്ധ പൗലോസ് ശ്ളീഹാ ഫിലിപ്പിയയിലെ സഭയ്ക്ക് നൽകുന്ന ഉദ്ബോധനവും, കർത്താവിൽ അഭയം കണ്ടെത്തേണ്ടതിനെ കുറിച്ചാണ്. "നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍; ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍. " ഈ വാക്കുകൾ അപ്പസ്തോലൻ ഫിലിപ്പിയയിലെ സഭയ്ക്ക് എഴുതുന്നത്, കാരാഗൃഹത്തിൽ നിന്നുമാണ്. യേശുവിന്റെ സുവിശേഷം പ്രസംഗിച്ചതിനു, കാരാഗൃഹ വാസം അനുഭവിക്കുമ്പോൾ, അതും തനിക്ക് സന്തോഷത്തിന്റെ നിമിഷമാണെന്നു പറയുവാൻ പൗലോസിനെ പ്രേരിപ്പിച്ചത്, പ്രാര്‍ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്‌തോത്രങ്ങളോടെയും, ആകുലതയെ മറികടന്നത് മാത്രമാണ്.

ഈ വായനകളുടെയെല്ലാം അന്തരാർത്ഥമാണ്, സുവിശേഷത്തിൽ വിവരിക്കുന്ന സംഭവത്തിലൂടെ കർത്താവ് വെളിപ്പെടുത്തുന്നത്. കാനാൻകാരിയായ ഒരു സ്ത്രീ, തന്റെ മകൾക്കു വേണ്ടി , കർത്താവിന്റെ അടുക്കൽ യാചനയുമായി എത്തുന്നതാണ്, പ്രതിപാദ്യ വിഷയം. വിജാതീയരുടെ ദേശത്തു കൂടി നടന്നു പോകുമ്പോഴാണ് ഈ സ്ത്രീ അഭ്യർത്ഥനയുമായി കടന്നു വരുന്നത്. എന്നാൽ ആദ്യം യേശു അവളുടെ വാക്കുകൾക്ക് ചെവി കൊടുക്കുന്നില്ല. ഒരു അവഗണനയായി നമുക്ക് തോന്നാമെങ്കിലും, തുടർന്ന് യേശുവിന്റെ ദൗത്യത്തിന്റെ പ്രത്യേകത മനസിലാക്കുവാൻ ഈ സംഭവം നമ്മെ സഹായിക്കും. "ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്" ഇതായിരുന്നു യേശുവിന്റെ ദൗത്യത്തിലെ പ്രഥമ പരിഗണന. ദൗത്യത്തോടുള്ള തന്റെ വിശ്വസ്തതയും യേശു വെളിപ്പെടുത്തുന്നു.

എന്നാൽ പുറജാതീയർക്കും യേശുവിനെ തിരിച്ചറിയുവാനും അവനിൽ അഭയം കണ്ടെത്തുവാനും  സാധിക്കും എന്ന് ചൂണ്ടിക്കാണിക്കുന്നതാണ്, ആ സ്ത്രീയുടെ സംബോധന, "കര്‍ത്താവേ, ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ!". ഈ സ്ത്രീയുടെ ഈ തിരിച്ചറിവിന്റെ ആഴം മനസിലാക്കുവാനാണ് തുടർന്നും കർത്താവ് വിവിധ ചോദ്യങ്ങൾ ഉന്നയിക്കുന്നത്. എന്നാൽ അവൾ തന്റെ ബോധ്യത്തിൽ ഉറച്ചുനിൽക്കുന്നു. ക്രിസ്തുമതത്തിലേക്കുള്ള ഒരോ കടന്നുവരവും ഈ ബോധ്യത്തിൽ നിന്നും ആണെങ്കിൽ, യാതൊരു  ശക്തിക്കും അതിനെ തടയുവാനോ, തടസ്സപ്പെടുത്തുവാനോ കഴിയുകയില്ല. നമുക്ക് ദൈവത്തോട് സംസാരിക്കാനും നിലവിളിക്കാനും കഴിയും, പക്ഷേ നമ്മുടെ സമയങ്ങളും വ്യവസ്ഥകളും അവന്റെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ല. നമുക്ക് യഥാർത്ഥത്തിൽ എന്താണ് നല്ലതെന്ന് കർത്താവിന് മാത്രമേ അറിയൂ: നാം അവനിൽ വിശ്വസിക്കണമെന്ന് അവൻ ആവശ്യപ്പെടുന്നു!

ഒരു നിഷേധത്തിനും, ഒരു നിർബന്ധത്തിനും ഇടയിൽ, അവളുടെ വിശ്വാസം വളർന്നു, ശുദ്ധീകരിക്കപ്പെട്ടു. ഇതാണ് യഥാർത്ഥ പ്രാർത്ഥനയുടെ മാതൃക. നമ്മുടെ പ്രാർത്ഥനയുടെ ലക്ഷ്യം ഉയരാൻ; ഭൗതിക കാര്യങ്ങളിൽ നിന്ന് ആത്മീയതയിലേക്കും, താൽക്കാലിക കാര്യങ്ങളിൽ നിന്ന് ശാശ്വതത്തിലേക്കും, ചെറിയ കാര്യങ്ങളിൽ നിന്ന് വലിയതിലേക്കും മാറണം. ഈ രീതിയിൽ, നാം ആദ്യം ആവശ്യപ്പെട്ടതിനേക്കാൾ വളരെയധികം നൽകാൻ അവന് കഴിയും, അതാണ് അവൻ ആഗ്രഹിക്കുന്നതും.   

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 സെപ്റ്റംബർ 2025, 12:15