മലങ്കര കത്തോലിക്കാ സഭയ്ക്ക് യൂറോപ്പിൽ പുതിയ അപ്പസ്തോലിക വിസിറ്റേറ്റർ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സീറോ മലങ്കര കത്തോലിക്കാ സഭയുടെ യൂറോപ്പിലുള്ള വിശ്വാസികളുടെ അജപാലന കാര്യങ്ങൾക്കായി, അപ്പസ്തോലിക വിസിറ്റേറ്ററായി, മോൺസിഞ്ഞോർ കുര്യാക്കോസ് തോമസ് തടത്തിലിനെ, ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. സെപ്റ്റംബർ മാസം പത്തൊൻപതാം തീയതിയാണ് നിയമനം അറിയിച്ചു കൊണ്ടുള്ള അറിയിപ്പ് പ്രസിദ്ധീകരിച്ചത്. കേരളത്തിലെ തിരുവല്ല മലങ്കര രൂപതയിലെ വൈദികനാണ്, ഫാ. കുര്യാക്കോസ് തോമസ് തടത്തിൽ. മരിയാം രൂപതയുടെ സ്ഥാനിക മെത്രാനായിട്ടാണ് പരിശുദ്ധ പിതാവ്, മോൺസിഞ്ഞോർ കുര്യാക്കോസ് തോമസ് തടത്തിലിനെ ഉയർത്തിയത്.
1962 മാർച്ചുമാസം ഇരുപത്തിയേഴാം തീയതി കോട്ടയത്ത് ജനിച്ച ഫാ. കുര്യാക്കോസ്, ആലുവയിലെ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് തത്വശാസ്ത്രപഠനവും, ദൈവശാസ്ത്രപഠനവും പൂർത്തിയാക്കിയ ശേഷം, കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പൗരസ്ത്യ സഭാശാസ്ത്ര ശാഖയിൽ നിന്നും ആരാധനക്രമത്തിൽ ഡോക്ടറേറ്റും നേടി.
1987 ഡിസംബർ 30 ന് പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹം, തിരുവല്ല അതിരൂപതയിലെ വിവിധ ഇടവകകളിൽ വികാരി, സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയിൽ അധ്യാപകൻ, ചാൻസലർ, സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയുടെ റെക്ടർ, സെമിനാരി രൂപീകരണത്തിനായുള്ള സിനഡൽ കമ്മീഷന്റെ സെക്രട്ടറി, യു കെ യിലെ അജപാലന ഏകോപകൻ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: