തിരയുക

'ദിലെക്സി തെ' അപ്പസ്തോലിക പ്രബോധനം 'ദിലെക്സി തെ' അപ്പസ്തോലിക പ്രബോധനം  

'ദിലെക്സി തെ', അനുകമ്പാർദ്രമായ ജീവിതത്തിനുള്ള മാർഗ്ഗരേഖ

ലിയോ പതിനാലാമൻപാപ്പായുടെ "ദിലെക്സി തെ" (Dilexi te)എന്ന ആദ്യത്തെ അപ്പസ്തോലിക പ്രബോധനത്തിന്റെ നാലു മുതൽ ഏഴു വരെയുള്ള ഖണ്ഡികകളെ കുറിച്ചുള്ള ചിന്തകൾ. വിശുദ്ധ ഫ്രാൻസിസ് അസീസി നൽകിയ ജീവിതമാതൃകയിലേക്ക് പാപ്പാ നമ്മെ ക്ഷണിക്കുന്നു.
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

അപ്പസ്തോലിക പ്രബോധനം (Apostolic Exhortation) എന്നത് ഒരു പ്രത്യേക വിഷയത്തിൽ, വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നതിനും, വിശ്വാസജീവിതത്തിൽ മാർഗ്ഗനിർദ്ദേശം നൽകുന്നതിനും വേണ്ടി പാപ്പാമാർ  പുറപ്പെടുവിക്കുന്ന ഒരു രേഖയാണ്. ഇത് ഒരു ചാക്രികലേഖനം (Encyclical) പോലെ പഠിപ്പിക്കലുകൾക്ക് ഊന്നൽ നൽകുന്നില്ല, മറിച്ച് ഒരു പ്രായോഗികമായ സമീപനം നൽകുകയും വിശ്വാസികളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി ഒരു സിനഡിന്റെ (Synod of Bishops) ചർച്ചകളുടെ സമാപനത്തിലോ, അല്ലെങ്കിൽ ഒരു പ്രത്യേക വിഷയത്തിൽ സഭയുടെ നിലപാട് വ്യക്തമാക്കുന്നതിനോ ആണ് ഇത്തരം പ്രബോധനങ്ങൾ പുറത്തിറക്കാറുള്ളത്. വിശ്വാസികളുടെ ജീവിതത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഇത് ലക്ഷ്യമിടുന്നു. എന്നാൽ ചില അവസരങ്ങളിൽ കാലികപ്രസക്തമായി വിശ്വാസികളെ ഉദ്ബോധിപ്പിക്കുവാനും ഇത്തരം രേഖകൾ പാപ്പാമാർ രചിക്കാറുണ്ട്, ഇവ  ആഗോള കത്തോലിക്കാ സഭയുടെ ശ്രദ്ധ ഒരു പ്രത്യേക വിഷയത്തിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്നു.

"Dilexi te" എന്നത് അടുത്തിടെ പുറത്തിറങ്ങിയ ഒരു അപ്പസ്തോലിക പ്രബോധനമാണ്. "ഞാൻ നിന്നെ സ്നേഹിച്ചു" എന്നർത്ഥം വരുന്ന "ദിലേക്സി തേ", ഫ്രാൻസിസ് പാപ്പാ തുടങ്ങിവച്ച്, ലിയോ പതിനാലാമൻ പാപ്പാ പൂർത്തിയാക്കിയ രേഖയെന്ന നിലയിൽ, ഇതിനു വളരെയധികം ചരിത്രപരമായ പ്രാധാന്യമുണ്ട്. ക്രിസ്തുവിന്റെ സ്നേഹം അനുദിനം ജീവിക്കുന്നതിൽ പാവപ്പെട്ടവരോടുള്ള സ്നേഹത്തിന് മുഖ്യമായ പങ്കുണ്ട് എന്നുള്ളത് ഈ രേഖ അടിവരയിട്ടു പറയുന്നു. എല്ലാവരും അവരുടേതായ സ്വകാര്യതകളിലേക്ക് ഒതുങ്ങികൂടുവാൻ  പ്രലോഭിപ്പിക്കപ്പെടുകയും, തത്ഫലമായി, ദാരിദ്ര്യത്തിന്റെ അളവ് കൂടുകയും, സാധാരണക്കാർ നിശ്ശബ്ദരാക്കപ്പെടുകയും ചെയ്യുന്ന ഒരു സാഹചര്യത്തിൽ, ഇരു പാപ്പാമാരും തങ്ങളുടെ മക്കളെ ആഹ്വാനം ചെയ്യുന്നത്, നിശ്ശബ്ദരാക്കപ്പെടുന്നവരുടെ ശബ്ദമാകുവാനാണ്.

ദരിദ്രരെ സഹായിക്കുന്നതിൽ കത്തോലിക്കാ സഭ എന്തിന് ഇത്രയധികം ഊന്നൽ നൽകുന്നു എന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. ക്രിസ്തുവിന്റെ പഠിപ്പിക്കലുകളുടെ കാതലായ ഭാഗമാണിത്. യേശുക്രിസ്തു തന്റെ ജീവിതത്തിലുടനീളം ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ചേർത്തുപിടിക്കുകയും അവരോട് അനുകമ്പ കാണിക്കുകയും ചെയ്തു. "നിങ്ങൾക്ക് ഇവരിൽ ഏറ്റവും ചെറിയവരിൽ ഒരുവന് ചെയ്തപ്പോഴെല്ലാം അത് എനിക്കാണ് ചെയ്തത്" (മത്തായി 25:40) എന്ന് ക്രിസ്തു പഠിപ്പിച്ചു. ദരിദ്രരെ സേവിക്കുന്നത് ക്രിസ്തുവിനെത്തന്നെ സേവിക്കുന്നതിന് തുല്യമാണെന്ന് സഭ വിശ്വസിക്കുന്നു. സാമൂഹിക നീതി, പങ്കുവെക്കൽ, സ്നേഹം എന്നിവയുടെ ക്രിസ്തീയ മൂല്യങ്ങൾ ദാരിദ്ര്യനിർമ്മാർജ്ജനത്തിൽ കേന്ദ്രീകരിക്കണം എന്ന് സഭ പഠിപ്പിക്കുന്നു. മനുഷ്യന്റെ അന്തസ്സിനെ ഉയർത്തിപ്പിടിക്കുക എന്നത് സഭയുടെ സാമൂഹിക പഠിപ്പിക്കലിന്റെ പ്രധാന ഭാഗമാണ്.

ദരിദ്രരിൽ നാം കാണുന്ന ക്രിസ്തുവിന്റെ പ്രതിച്ഛായ വളരെ പ്രധാനമാണ്. ദരിദ്രർ, രോഗികൾ, ദുരിതമനുഭവിക്കുന്നവർ എന്നിവരിൽ ക്രിസ്തുവിനെ കാണാൻ സഭ നമ്മെ പഠിപ്പിക്കുന്നു. അവരുടെ വേദനയും കഷ്ടപ്പാടുകളും യേശുവിന്റെ കുരിശിലെ സഹനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ദാരിദ്ര്യം അനുഭവിക്കുന്ന ഓരോ വ്യക്തിയിലും ക്രിസ്തുവിന്റെ ദുരിതവും അതേസമയം  പ്രതീക്ഷയും നാം കണ്ടെത്തുന്നു. അവരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുമ്പോൾ, നാം യേശുവിനെത്തന്നെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നു. ഇത് വിശ്വാസികളെ കൂടുതൽ ആത്മീയമായി വളരാൻ സഹായിക്കുന്നു.

ഇന്നത്തെ ലോകത്തിലെ സാഹചര്യങ്ങൾ ദാരിദ്ര്യത്തെയും അസമത്വത്തെയും കൂടുതൽ രൂക്ഷമാക്കുന്നു. യുദ്ധങ്ങൾ, സംഘർഷങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ എന്നിവ ദാരിദ്ര്യത്തിന് പുതിയ മാനങ്ങൾ നൽകുന്നു. ലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണം, ശുദ്ധജലം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിവ ലഭ്യമല്ല. വർദ്ധിച്ചുവരുന്ന അഭയാർത്ഥി പ്രവാഹങ്ങൾ, കുടിയേറ്റ പ്രശ്നങ്ങൾ, ചൂഷണം എന്നിവയെല്ലാം ദാരിദ്ര്യത്തിന്റെ ഭീകരമായ മുഖങ്ങളാണ്. ഈ സാഹചര്യങ്ങളിൽ, സഭയുടെ ദരിദ്രരോടുള്ള പ്രതിബദ്ധത കൂടുതൽ പ്രസക്തമാകുന്നു. ഈ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും നീതിയും സമാധാനവും സ്ഥാപിക്കാനും സഭ ആഹ്വാനം ചെയ്യുന്നു.

 "ദിലേക്സി തേ" എന്ന അപ്പസ്തോലിക പ്രബോധനം കേവലം വാക്കുകളുടെ സമാഹരണമല്ല, മറിച്ച് അത് ജീവിതത്തിനുള്ള ഒരു മാർഗ്ഗരേഖയാണ്. ഒരു അപ്പനടുത്ത വാത്സല്യത്തോടെ പാപ്പാ നൽകുന്ന സ്നേഹമസൃണമായ ഉപദേശമാണ്.

പ്രബോധനത്തിന്റെ നാലുമുതലുള്ള ഖണ്ഡികകളെ കുറിച്ചാണ് ഇനി നാം ചിന്തിക്കുന്നത്. ശിമെയോന്റെ ഭവനത്തിൽ ആയിരിക്കുന്ന യേശുവിന്റെ അടുത്തേക്ക് സുഗന്ധതൈലവുമായി കടന്നുവരുന്ന സ്ത്രീയെയും, തുടർന്ന് അവളുടെ പ്രവൃത്തിയേയുമാണ്, പ്രബോധനത്തിൽ പാപ്പാ വിവരിക്കുന്നത്. യേശുവിനെ സുഗന്ധതൈലത്താൽ അഭിഷേകം ചെയ്യുന്ന സ്ത്രീയെ കുറ്റപ്പെടുത്തിക്കൊണ്ട്  ആളുകൾ ചോദിക്കുന്ന ചോദ്യവും പാപ്പാ അടിവരയിടുന്നു: "എന്തിനാണ് ഈ പാഴാക്കൽ? ഇത് ധാരാളം പണത്തിന് വിറ്റ് ദരിദ്രർക്ക് കൊടുക്കാമായിരുന്നു!". ഈ ചോദ്യം ഇന്നും ആവർത്തിക്കപ്പെടുന്നില്ലേ? പക്ഷെ മനുഷ്യന്റെ ദയനീയാവസ്ഥയെ കാണാതെ, ദരിദ്രന് ലഭിക്കുന്നതിൽ നിന്നും, ഉദരസംഭരണത്തിനു ശ്രമിക്കുന്നവരുടെ ചോദ്യമായിട്ടാണ് സുവിശേഷകർ ഇതിനെ വിശേഷിപ്പിക്കുന്നത്.

ആയതിനാൽ ആദ്യത്തെ പടി, ദരിദ്രനെ കണ്ടെത്തുക എന്നതാണ്. ഈ സ്ത്രീ ഇവിടെ യേശുവിൽ, മനുഷ്യകുലത്തിന്റെ ദയനീയതയുടെ പ്രതീകം കണ്ടെത്തുന്നു. അപരന്റെ പാപങ്ങളാൽ, ദാരിദ്യ്രത്തിന്റെ പടുകുഴിയിലേക്ക് താണുപോയവൻ, ഏതാനും ദിവസങ്ങൾക്കുള്ളിൽ, അപമാനത്തിന്റെ കുരിശും, മുൾക്കിരീടവും ചൂടുവാൻ  ഉള്ളവനാണ് എന്നത് ആ സ്ത്രീ തിരിച്ചറിയുന്നു, അതുകൊണ്ടാണ് യേശു മറുപടി പറയുന്നത്:  "ദരിദ്രർ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്, പക്ഷേ ഞാൻ എപ്പോഴും നിങ്ങളോടൊപ്പമില്ല" (മത്തായി 26:8-9, 11). കഷ്ടപ്പെടുന്നവർക്ക് ഒരു ചെറിയ വാത്സല്യ പ്രകടനം പോലും എത്ര വലുതാണെന്നും അത് എത്രമാത്രം ആശ്വാസം നൽകുമെന്നും യേശുവിന്റെ ഈ വചനങ്ങൾ വ്യക്തമാക്കുന്നു. സുഗന്ധതൈലം, ആ സ്ത്രീയെ സംബന്ധിച്ചിടത്തോളം ലഭിക്കാവുന്നതിൽ ഏറ്റവും വിലപിടിപ്പുള്ള ഒരു വസ്തുവാണ്, ഇത് അവളുടെ ജീവിതത്തിന്റെ നന്മ തന്നെയാണ്.

ദരിദ്രന് നൽകേണ്ടത്, നമ്മുടെ ജീവിതത്തിൽ ബാക്കിവരുന്നവയല്ല, മറിച്ച് നമ്മുടെ ജീവിതത്തിന്റെ അമൂല്യമായത് ആയിരിക്കണമെന്ന് പാപ്പാ ഈ വചനത്തിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നു, ഈ സുഗന്ധ തൈലം സ്നേഹത്തിന്റെ പ്രതീകം എന്ന നിലയിൽ, ദരിദ്രരായ നമ്മുടെ സഹോദരങ്ങൾക്ക് ഭൗതീകമായ വസ്തുക്കൾ നൽകുന്നതോടൊപ്പം, അനശ്വരമായ സ്നേഹവും ആർദ്രതയും നൽകുമ്പോഴാണ് അവിടെ, ‘ഞാനും നീയും’ എന്നുള്ള ബന്ധം ‘നമ്മൾ’ എന്നതിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നത്. 

ഏറ്റവും ചെറിയവനെ കാണണമെങ്കിൽ, അവൻ എന്റെയടുത്തേക്ക് വരും എന്ന് കരുതി കാത്തിരിക്കരുത്. മറിച്ച് ദരിദ്രരായ സഹോദരങ്ങളെ കണ്ടെത്തണമെങ്കിൽ, ഞാൻ എന്റെ അഹത്തിൽ നിന്നും പുറത്തുകടന്നുകൊണ്ട്, അപരനിലേക്ക് കടന്നു ചെല്ലണം. ഇതുതന്നെയാണ് ദൈവസ്നേഹത്തിന്റെ പ്രത്യേകതയും, പരനും അപരനും വേണ്ടി നരനായി, പ്രജാപതിയാഗത്തിലൂടെ മനുഷ്യകുലത്തെ വീണ്ടെടുത്ത ക്രിസ്തു നൽകുന്ന പാഠം ആരോഹണത്തിന്റേതല്ല, മറിച്ച് അവരോഹണത്തിന്റേതാണ്.

കയറിചെല്ലുന്ന  മനുഷ്യനെ കാണുവാൻ ഇറങ്ങിവന്ന ദൈവം, ഇതാണ് സാഹോദര്യത്തിന്റെ അടിസ്ഥാനവും. "എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ചെയ്തപ്പോഴെല്ലാം, നിങ്ങൾ എനിക്ക് തന്നെയാണ് ചെയ്തത്" എന്ന കർത്താവിന്റെ വചനം, ശക്തിയും മഹത്വവും ഇല്ലാത്തവരുമായുള്ള സമ്പർക്കം ചരിത്രത്തിൽ  കർത്താവിനെ കണ്ടുമുട്ടുന്നതിനുള്ള ഒരു അടിസ്ഥാന മാർഗമാണെന്നും നമ്മെ പഠിപ്പിക്കുന്നു.

ഈ സുവിശേഷവചനത്തിനു, ജീവിതം കൊണ്ട് സാക്ഷ്യം നൽകിയ ജീവിച്ചിരിക്കുന്നവരും, മരിച്ചുപോയവരുമായ നിരവധി പുണ്യാത്മാക്കളെ നമ്മുടെ ചുറ്റുപാടുകളിൽ നമുക്ക് കാണിച്ചുകൊടുക്കാൻ സാധിക്കും. പാപ്പാ ഇവിടെ നമുക്ക് മുൻപിൽ വയ്ക്കുന്ന മാതൃക വിശുദ്ധ ഫ്രാൻസിസ് അസീസിയുടേതാണ്.

രണ്ടാം ക്രിസ്തു എന്ന് അറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ പേര് സ്വീകരിക്കുവാൻ പത്രോസിന്റെ പിൻഗാമിയായി കർദിനാൾ ബെർഗോഗ്ലിയോയെ പ്രേരിപ്പിച്ച ഒരു ഘടകം പ്രബോധനത്തിൽ എടുത്തു പറയുന്നുണ്ട്. അത് ഫ്രാൻസിസ് പാപ്പാ തന്നെ വിവരിക്കുന്നുണ്ട്. തന്റെ തിരഞ്ഞെടുപ്പിനുശേഷം ഒരു കർദ്ദിനാൾ സുഹൃത്ത് തന്നെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും "ദരിദ്രരെ മറക്കരുത്" എന്ന് പറയുകയും ചെയ്തുവെന്നാണ് പാപ്പാ പറഞ്ഞിട്ടുളളത്. എല്ലാറ്റിലും ക്രിസ്തുവിനെ കാണുവാനും, ക്രിസ്തുവിനെ ശുശ്രൂഷിക്കുവാനും, ദരിദ്രരോടുള്ള ആർദ്രതയിൽ ക്രിസ്‌തുസേവനം ജീവിതത്തിൽ പിന്തുടർന്ന വലിയ ഉദാഹരണമാണ് വിശുദ്ധൻ നമുക്ക് നൽകിയിരിക്കുന്നത്. എട്ട് നൂറ്റാണ്ടുകൾക്ക് മുമ്പ്, തന്റെ കാലത്തെ ക്രിസ്ത്യാനികളിലും സമൂഹത്തിലും ഒരു സുവിശേഷ പുനർജന്മം കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. സഭയിലും സമൂഹത്തിലും അസാധാരണമായ നവോത്ഥാനം സൃഷ്ടിച്ചുകൊണ്ട് , പാവപ്പെട്ടവന്റെ കൈപിടിച്ച് ഫ്രാൻസിസ് മുൻപോട്ടു വരുമ്പോൾ, ആരറിഞ്ഞു അത് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അനേകം ഹൃദയങ്ങളെ സ്വാധീനിക്കുന്ന ഒരു ശക്തിയായി മാറുമെന്നു?!. അദ്ദേഹം നൽകിയ പ്രചോദനം വിശ്വാസികളുടെയും നിരവധി അവിശ്വാസികളുടെയും ഹൃദയങ്ങളെ ചലിപ്പിക്കുകയും, ചരിത്രത്തെ പുനർലേഖനം നടത്തുകയും ചെയ്തുവെന്നാണ് പ്രബോധനത്തിൽ പാപ്പാ അടിവരയിട്ടു പറയുന്നത്.

സ്നേഹമുള്ളവരെ, ദിലെക്സി തെ എന്ന ഈ അപ്പസ്തോലിക പ്രബോധനം, ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. മരണത്തിന്റെ സംസ്കാരത്തിൽ, ജീവന്റെ മൂല്യം തിരിച്ചറിയുന്നതിനും, മനുഷ്യന്റെ അന്തസ്സിനെ ബഹുമാനിക്കുന്നതിനും ഈ രേഖ  ഒരു വഴികാട്ടിയായി മാറട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ഒക്‌ടോബർ 2025, 12:53