സമർപ്പിതജീവിതം, മരിയൻ ആദ്ധ്യാത്മികത എന്നിവയുമായി ബന്ധപ്പെട്ട ജൂബിലിയാഘോഷങ്ങൾക്കൊരുങ്ങി കത്തോലിക്കാസഭ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സമർപ്പിതജീവിതക്കാർക്കുവേണ്ടിയുള്ള ഇൻസ്റിറ്റ്യൂട്ടുകൾക്കും അപ്പസ്തോലികജീവിതസമൂഹങ്ങൾക്കും വേണ്ടിയുള്ള ജൂബിലി ആഘോഷങ്ങൾക്കൊരുങ്ങി കത്തോലിക്കാസഭ. ഒക്ടോബർ 8, 9 തീയതികളിൽ വത്തിക്കാനിലും റോമിലുമായി നടക്കുന്ന വിവിധ പരിപാടികളിൽ പതിനാറായിരത്തിൽപ്പരം ആളുകൾ പങ്കെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നതെന്ന് സുവിശേഷവത്കരണത്തിനും സമർപ്പിതജീവിതക്കാർക്കുമായുള്ള ഡികാസ്റ്ററികൾ ഒക്ടോബർ 7-ന് പുറത്തുവിട്ട ഒരു സംയുക്തപത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഇറ്റലി, പോളണ്ട്, സ്പെയിൻ, ഇന്ത്യ തുടങ്ങി നൂറോളം രാജ്യങ്ങളിൽനിന്നുള്ള വിവിധ സമർപ്പിതരും, സന്ന്യസ്തരും, സെക്കുലർ ഇൻസ്റ്റിട്യൂട്ടിലെ അംഗങ്ങൾ, പുതിയ സന്ന്യസ്തജീവിതസമൂഹങ്ങൾ, അല്മായരായ തീർത്ഥാടകർ എന്നിവരെയാണ് ചടങ്ങുകളിൽ പ്രതീക്ഷിക്കുന്നത്.
ഒക്ടോബർ 8-ആം തീയതി ഉച്ചകഴിഞ്ഞ് ഒന്ന് മുതൽ അഞ്ചുവരെയുള്ള സമയത്ത് വിശുദ്ധവാതിലുകൾ കടക്കുന്നതോടെയാണ് ജൂബിലി ആഘോഷങ്ങൾ ആരംഭിക്കുക. തുടർന്ന് വൈകിട്ട് ഏഴുമണിക്ക് വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ, സമർപ്പിതജീവിതക്കാർക്കുവേണ്ടിയുള്ള ഇൻസ്റിറ്റ്യൂട്ടുകൾക്കും അപ്പസ്തോലികജീവിതസമൂഹങ്ങൾക്കും വേണ്ടിയുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് കർദ്ദിനാൾ ആംഹെൽ ഫെർനാണ്ടെസ് അർതീമെ (Card. Ángel Fernández Artime, SDB) പ്രാർത്ഥനാസയാഹ്‌നം നയിക്കും.
ഒക്ടോബർ 9 വ്യാഴാഴ്ച രാവിലെ 10.30-ന് വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ ഈ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്കായി ലിയോ പതിനാലാമൻ പാപ്പായുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ ബലിയർപ്പണം നടക്കും.
ഒക്ടോബർ ഒൻപതിന് റോമിലെ വിവിധ ചത്വരങ്ങളിൽ ചർച്ചാസമ്മേളനങ്ങളും ഒരുക്കിയിട്ടുണ്ട്. മിർത്തി ചത്വരത്തിൽ, "സമൂഹത്തിന്റെ താഴേക്കിടയിലുള്ളവർക്കുവേണ്ടിയുള്ള സേവനം - പാവപ്പെട്ടവരുടെ നിലവിളി കേൾക്കുക" എന്ന വിഷയത്തിലും, ഡോൺ ബോസ്‌കോ ചത്വരത്തിൽ, സൃഷ്ടിയുടെ പരിപാലനവും സംരക്ഷണവും - പരിസ്ഥിതിസംരക്ഷണം" എന്ന വിഷയത്തിലും, വിത്തോറിയോ എമ്മാനുവേലെ ചത്വരത്തിൽ "ആഗോളസഹോദര്യം - ഐക്യം" എന്ന വിഷയത്തിലുമായിരിക്കും സമ്മേളനങ്ങൾ നടക്കുക.
ഒക്ടോബർ 9 ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ചരവരെ വത്തിക്കാനിലെ പോൾ ആറാമൻ ശാല, ഉർബാനിയൻ യൂണിവേഴ്സിറ്റി തുടങ്ങി വിവിധയിടങ്ങളിൽ നാലായിരത്തോളം തീർത്ഥാടകർക്കായി പ്രത്യേകം സമ്മേളനങ്ങളും നടക്കും.
ഒക്ടോബർ 10 വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ പന്ത്രണ്ട് വരെ പോൾ ആറാമൻ ശാലയിൽ വച്ച്, പരിശുദ്ധ പിതാവ് അനുവദിക്കുന്ന കൂടിക്കാഴ്ചയും, "പ്രത്യാശ" എന്ന വിഷയത്തെക്കുറിച്ച്, ഈശോസഭാവൈദികനായ ഫാ. ജ്യാക്കൊമോ കോസ്ത, SJ -യുടെ പ്രഭാഷണവും ഉൾപ്പെടുത്തിക്കൊണ്ടുള്ള സമ്മേളനം നടക്കും. ഉച്ചകഴിഞ്ഞ് മൂന്നരമുതൽ ആറര വരെയുള്ള സമയത്ത് തീർത്ഥാടകരുടെ സമർപ്പിതജീവിതപ്രത്യേകതകൾ പരിഗണിച്ചുകൊണ്ട്, വിവിധയിടങ്ങളിലായി "ആദ്ധ്യാത്മികസംവാദങ്ങളും" ഒരുക്കിയിട്ടുണ്ട്. വൈകിട്ട് എട്ടുമുതൽ ഒൻപത് വരെ സമയത്ത് നഗരത്തിന്റെ വിവിധയിടങ്ങളിലായി പ്രാർത്ഥനാസമ്മേളനങ്ങൾ നടക്കും.
ഒക്ടോബർ 11 ശനിയാഴ്ച രാവിലെ എട്ട് മുതൽ പോൾ ആറാമൻ ശാലയിൽ വച്ച് "സമാധാനം" എന്ന വിഷയത്തെകുറിച്ചുള്ള സമ്മേളനം നടക്കും. തുടർന്ന് വിശുദ്ധ ബലിയർപ്പണവുമുണ്ടാകും. ഉച്ചഭക്ഷണത്തിന് ശേഷം രണ്ടര മുതൽ അഞ്ചുവരെ ഇതേ ശാലയിൽവച്ച് സംഘർഷങ്ങളിൽ മാധ്യസ്ഥ്യം വഹിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക പാഠശാലയൊരുക്കിയിട്ടുണ്ട്. വൈകിട്ട് ഏഴ് മുതൽ ഒൻപത് വരെ വിശുദ്ധ പൗലോസിന്റെ ബസലിക്കയിൽ വച്ച് നടക്കുന്ന പ്രാർത്ഥനയോടെ ജൂബിലി ചടങ്ങുകൾ അവസാനിക്കും.
മരിയൻ ജൂബിലി
ഒക്ടോബർ 12 ഞായറാഴ്ച, മരിയൻ അദ്ധ്യാത്മികയുമായി ബന്ധപ്പെട്ട ജൂബിലിയുടെ ഭാഗമായി എത്തുന്ന തീർത്ഥാടകർക്കായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ രാവിലെ വിശുദ്ധ ബലിയുണ്ടാകും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: