അളവുകളില്ലാതെ ക്ഷമിക്കാനും സ്നേഹിക്കാനും പഠിപ്പിക്കുന്ന യേശു
സി. ജസ്റ്റീന SIC, ജർമനി, മോൺ. ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഇന്നത്തെ വിചിന്തനത്തിനായി വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനെട്ടാം അദ്ധ്യായം പതിനഞ്ച് മുതൽ മുപ്പത്തിയഞ്ച് വരെയുള്ള സുവിശേഷഭാഗമാണ് സഭ നമുക്ക് നൽകുന്നത്. നമ്മുടെ സഹോദരങ്ങളോട് നമുക്ക് ക്ഷമയോടും സ്നേഹത്തോടും കൂടി ഉണ്ടായിരിക്കേണ്ട സമീപനങ്ങളെ ഉപദേശങ്ങളായും ഉപമയിലൂടെയും യേശു ഇവിടെ വിശദീകരിക്കുന്നു. ഈ വചനങ്ങളിലൂടെ നമ്മെയും നമ്മുടെ സഹോദരസ്നേഹത്തെയും കുറിച്ച് പരിചിന്തനം ചെയ്യാൻ ഇന്ന് സഭ നമ്മെ ക്ഷണിക്കുന്നു.
ഇന്നത്തെ സുവിശേഷത്തിന്റെ ആദ്യഭാഗത്ത് (മത്തായി 18: 15- 17) സമൂഹത്തിലെ തർക്കങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് യേശു പഠിപ്പിക്കുന്നത്. യേശു പറയുന്നു: "നിന്റെ സഹോദരൻ തെറ്റ് ചെയ്താൽ നീയും അവനും മാത്രമായിരിക്കുമ്പോൾ ചെന്ന് ആ തെറ്റ് അവന് ബോധ്യപ്പെടുത്തി കൊടുക്കുക". സഹോദരനോട് നാം പുലർത്തേണ്ട സൗമ്യത യേശു ഈ വാക്യത്തിൽ സൂചിപ്പിക്കുന്നു. കോപം വെച്ചുപുലർത്താനോ, ആരോപണങ്ങൾ ഉന്നയിക്കാനോ, പ്രതികാരം തേടാനോ അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നില്ല. പകരം വിനയത്തോടും സ്നേഹത്തോടും കൂടി ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിക്കാൻ അവൻ നമ്മെ ഉപദേശിക്കുന്നു. സ്വന്തം വാദം ജയിക്കുകയോ സഹോദരനെ തെറ്റുകാരനായി മുദ്രകുത്തുകയോ ആയിരിക്കരുത് നമ്മുടെ ലക്ഷ്യം, പകരം സഹോദരനുമായുള്ള തകർന്ന ബന്ധത്തെ സുഖപ്പെടുത്തുക എന്നതാവണം.
പ്രായോഗികമായി എങ്ങനെ ഒരു പ്രശ്നത്തെ ഘട്ടം ഘട്ടമായി പരിഹരിക്കാൻ സാധിക്കുമെന്ന് യേശു പഠിപ്പിക്കുന്നു. ആദ്യം ഒറ്റയ്ക്ക് സംസാരിക്കുക, അത് ഫലം കാണുന്നില്ലെങ്കിൽ ഒന്നോ രണ്ടോ പേരെ കൂട്ടുക. ആവശ്യമെങ്കിൽ വിഷയം സഭയുടെ മുന്നിൽ കൊണ്ടുവരിക. എപ്പോഴും ലക്ഷ്യം അനുരഞ്ജനം ആണ്, ഒഴിവാക്കൽ അല്ല. ആരെങ്കിലും കേൾക്കാൻ വിസമ്മതിച്ചാൽ അവരെ വിജാതീയനെ പോലെയും ചുങ്കക്കാരനെ പോലെയും പരിഗണിക്കാൻ യേശു പറയുന്നു. എന്നാൽ യേശു തന്നെ വിജാതീയരോടും ചുങ്കക്കാരോടും എത്രമാത്രം സ്നേഹത്തോടും കരുണയോടും കൂടെയാണ് ഇടപെടുന്നതെന്നും അവരെ മാനസാന്തരത്തിലേക്ക് വിളിക്കുന്നതെന്നും ഓർക്കുക.
നമ്മുടെ കുടുംബങ്ങളിലും ഇടവകകളിലും ജോലി സ്ഥലങ്ങളിലും തർക്കങ്ങളും അഭിപ്രായഭിന്നതകളും സർവ്വസാധാരണമാണല്ലോ എന്നാൽ എങ്ങനെ സൗമ്യതയോടെ അവ പരിഹരിക്കണമെന്ന് കൂടിയാണ് ഈ വചനഭാഗത്തിലൂടെ യേശു നമുക്ക് പറഞ്ഞുതരുന്നത്.
"കർത്താവേ എന്നോട് തെറ്റ് ചെയ്യുന്ന എന്റെ സഹോദരനോട് ഞാൻ എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴ് പ്രാവശ്യമോ?" എന്ന് പത്രോസ് ചോദിക്കുമ്പോൾ യേശു ഉത്തരം നൽകുന്നത് ഇങ്ങനെയാണ്, "ഏഴെന്നല്ല ഏഴ് എഴുപതു പ്രാവശ്യം എന്ന് ഞാൻ നിന്നോട് പറയുന്നു." കണക്കു വയ്ക്കലിനെക്കുറിച്ച് അല്ല അതിരില്ലാത്ത ക്ഷമയെക്കുറിച്ചാണ് യേശു പഠിപ്പിക്കുന്നത്. ഈ സന്ദേശം വ്യക്തമാക്കാൻ യേശു പറയുന്ന ഉപമയാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ ഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന 'നിർദ്ദയനായ സേവകന്റെ ഉപമ'.
തിരിച്ചടയ്ക്കാൻ കഴിയാത്തത്ര വലിയ തുക തന്നോട് കടപ്പെട്ടിരുന്ന ഒരു സേവകന് യജമാനൻ മനസ്സലിഞ്ഞ് കടം ഇളച്ചു കൊടുക്കുകയും അവനെ വിട്ടയക്കുകയും ചെയ്തു. എന്നാൽ ഈ സേവകനാകട്ടെ, തനിക്ക് വളരെ ചെറിയൊരു തുക നൽകാൻ ഉണ്ടായിരുന്ന തന്റെ സഹസേവകനോട് കരുണ കാണിക്കാൻ വിസമ്മതിക്കുകയും അവൻ കടം വീട്ടുന്നത് വരെ അവനെ കാരാഗ്രഹത്തിൽ അടയ്ക്കുകയും ചെയ്യുന്നു. ഇതറിഞ്ഞ് യജമാനൻ കോപിച്ച് "ഞാൻ നിന്നോട് കരുണ കാണിച്ചത് പോലെ നീയും നിന്റെ സഹസേവകനോട് കരുണ കാണിക്കേണ്ടതായിരുന്നില്ലേ" എന്ന് ചോദിക്കുന്നു.
ഈ ഉപമയിലെ യജമാനൻ ദൈവത്തെ പ്രതിനിധാനം ചെയ്യുന്നു. കടക്കാരായായ സേവകർ നമ്മൾ ഓരോരുത്തരും ആണ്. ഈ ഉപമ നമ്മുടെ ആത്മാവിന്റെ ഒരു കണ്ണാടിയാണ്. ദൈവം, നമ്മുടെ കരുണാമയനായ യജമാനൻ, നമ്മുടെ നിരവധിയായ പാപങ്ങളും തെറ്റുകുറ്റങ്ങളും ക്ഷമിക്കുന്നു. യേശുവിന്റെ കുരിശിലെ ബലിയിലൂടെ നമുക്ക് അളവറ്റ ക്ഷമ നൽകുന്നു. എന്നിട്ടും നമ്മുടെ സഹോദരങ്ങളോട് ക്ഷമിക്കാൻ, കരുണ കാണിക്കാൻ നാം വിസമ്മതിക്കുന്നു. വിദ്വേഷം വച്ചുപുലർത്തുന്നു. അല്ലെങ്കിൽ നമുക്ക് കരുണ ലഭിച്ചിട്ടും നാം മറ്റുള്ളവരിൽനിന്ന് നീതി ആവശ്യപ്പെടുന്നു. ദൈവം കരുണമയൻ ആണെങ്കിലും നമ്മുടെ തെറ്റുകളുടെ അടിസ്ഥാനത്തിൽ, സഹോദരനെ എപ്രകാരം വിധിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാകും നമ്മെത്തേടിയെത്തുന്ന വിധിയും. മറ്റുള്ളവരോട് ക്ഷമിക്കുന്നതിലൂടെ ദൈവത്തിനു എന്നോട് ക്ഷമിക്കാൻ ഉള്ള വാതിൽ ഞാൻ തുറന്നിടുന്നു. "ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ." (മത്തായി 6: 12) എന്ന് പ്രാർത്ഥിക്കാൻ ആണ് കർത്തൃപ്രാർത്ഥനയിൽ ഈശോ പഠിപ്പിച്ചത്. ദൈവം നമ്മുടെ വലിയ പാപങ്ങൾ ക്ഷമിച്ചതിനാൽ നമ്മുടെ സഹോദരരോട് ദയയോടും കരുണയോടും പെരുമാറാൻ നാം കടപ്പെട്ടവരാണ്.
വിശുദ്ധ മത്തായിയുടെ സുവിശേഷം 18-ആം അധ്യായം 15 മുതൽ 35 വരെയുള്ള വാക്യങ്ങളുടെ വെളിച്ചത്തിൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ ക്ഷമയെ എങ്ങനെ പ്രവർത്തികമാക്കാം എന്ന് നമുക്ക് നോക്കാം.
1. പ്രാർത്ഥനയിൽ ദൈവത്തോട് അടുക്കുക:
ക്ഷമിക്കാൻ ബുദ്ധിമുട്ടുള്ളപ്പോൾ ദൈവത്തിനു മുൻപിൽ നമ്മുടെ ക്ഷമിക്കാനുള്ള ശക്തി ഇല്ലായ്മയെ കൊണ്ടുവരിക. "പിതാവേ ഈ വ്യക്തിയോട് ക്ഷമിക്കാൻ എന്റെ ഹൃദയത്തെ മൃദുലമാക്കണമേ" എന്ന് പ്രാർത്ഥിക്കുക. അവിടുത്തെ കൃപ നമ്മുടെ ഹൃദയത്തെ പരിവർത്തനം ചെയ്യും.
2. തെറ്റിന്റെ വലുപ്പം ചെറുതാക്കി കാണുക:
യേശു പറയുന്ന ഉപമയിൽ യജമാനനോടുള്ള ആദ്യസേവകന്റെ കടവുമായി താരതമ്യം ചെയ്യുമ്പോൾ സഹസേവകന്റെ കടം ചെറുതായിരുന്നു. അതുപോലെ ദൈവം എന്നോട് ക്ഷമിച്ച എന്റെ പാപങ്ങളോട് താരതമ്യം ചെയ്യുമ്പോൾ എന്റെ സഹോദരൻ എന്നോട് ചെയ്ത തെറ്റ് എത്ര ചെറുതാണെന്ന് ചിന്തിക്കുക. ഇത് ക്ഷമിക്കാൻ നമ്മുടെ ഹൃദയത്തെ തുറക്കും.
3. ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുക:
കുരിശിൽ കിടന്നു യേശു പ്രാർത്ഥിക്കുന്നു: "പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല".
ലൂക്കാ 23: 34. യേശുവിനെ ജീവിതമാതൃക ആക്കിയ നമ്മൾ യേശു പഠിപ്പിച്ചത് പോലെ നമ്മെ വേദനിപ്പിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കണം. ഇത് നമ്മുടെ ഹൃദയത്തെ മാറ്റുകയും മറ്റുള്ളവരെ ദൈവത്തിന്റെ വെളിച്ചത്തിൽ കാണാൻ സഹായിക്കുകയും ചെയ്യും.
4. അനുരഞ്ജനത്തിന്റെ ആദ്യപടി എടുക്കുക:
മത്തായി 18:15-ൽ യേശു പറയുന്നു, " നിന്റെ സഹോദരൻ തെറ്റ് ചെയ്താൽ നീയും അവനും മാത്രമായിരിക്കുമ്പോൾ ചെന്ന് ആ തെറ്റ് അവന് ബോധ്യപ്പെടുത്തി കൊടുക്കുക". എന്റെ സഹോദരന് ഒരു തെറ്റ് സംഭവിച്ചാൽ സ്നേഹത്തോടെ സംസാരിക്കാൻ ആദ്യപടിയെടുക്കുക. ഇത് മുറിവേറ്റ ബന്ധങ്ങളെ സുഖപ്പെടുത്തും.
5. ദൈവത്തിന്റെ ക്ഷമയെ ഓർക്കുക:
നിന്റെ നിരവധിയായ പാപങ്ങൾ ദൈവം ക്ഷമിച്ചത് പോലെ മറ്റുള്ളവരോടും ക്ഷമിക്കുക. കുരിശിലെ യേശുവിന്റെ സ്നേഹം ആണ് ഇതിന് നമുക്ക് പ്രചോദനം ആവേണ്ടത്.
പരിശുദ്ധത്മാവിന്റെ ഫലങ്ങളിൽ ഒന്നായ ക്ഷമ ദൈവത്തോട് നമ്മെ ഏറ്റവും അധികം അനുരൂപപ്പെടുത്തുന്ന പുണ്യമാണ്. എന്നാൽ ദൈനംദിനജീവിതത്തിൽ പ്രാവർത്തികമാക്കാൻ വളരെ പ്രയാസം ഉള്ള പുണ്യവുo. "മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും.” മത്തായി 6: 14. “ക്ഷമിക്കുവിൻ നിങ്ങളോടും ക്ഷമിക്കപ്പെടും" ലൂക്കാ 6:37 എന്നീ തിരുവചനങ്ങൾ ക്ഷമിക്കാൻ ഉള്ള പ്രചോദനമായി നമ്മുടെ മുന്നിലുണ്ട്.
ക്ഷമ എന്നത് ഒരു തെറ്റ് മറക്കുകയോ, നീതി അവഗണിക്കുകയോ അല്ല. മറിച്ച്, അത് ഹൃദയത്തിന്റെ ഒരു തിരഞ്ഞെടുപ്പാണ്: നമ്മെ വേദനിപ്പിച്ചവനോടുള്ള ദേഷ്യവും വിദ്വേഷവും ഉപേക്ഷിക്കാനും ക്ഷമിക്കാനുമുള്ള തിരഞ്ഞെടുപ്പ്. ക്ഷമിക്കാതിരിക്കുമ്പോൾ നമ്മുടെ ഹൃദയം വിദ്വേഷത്തിന്റെയും കയ്പ്പിന്റെയും ഭാരത്താൽ ഘനമുള്ളതാകുന്നു. എന്നാൽ ക്ഷമിക്കുമ്പോൾ നാം നമ്മുടെ ഹൃദയത്തെ ലഘുവാക്കുകയും, ദൈവത്തിന്റെ സമാധാനത്തിൽ വിശ്രമിക്കുകയും ചെയ്യുന്നു. ദൈവം നമ്മോടു കാണിക്കുന്ന ക്ഷമ നാം നമ്മുടെ സഹോദരങ്ങളോടു കാണിക്കുമ്പോൾ നാം ദൈവത്തിന്റെ സ്നേഹത്തിന്റെ ദൃഷ്ടാന്തങ്ങൾ ആകുന്നു.
പ്രിയ സഹോദരരേ, ക്ഷമ എന്നത് ഒരിക്കൽ മാത്രം ചെയ്യേണ്ട ഒരു പ്രവൃത്തി അല്ല, മറിച്ച് ഒരു ജീവിതരീതിയാണ്. ഈശോ പത്രോസിനോട് ആഹ്വാനം ചെയ്തതുപോലെ പരിധിയില്ലാതെ ക്ഷമിക്കാനും സ്നേഹിക്കാനും ദൈവത്തിന്റെ കൃപ നമുക്ക് ഏറെ ആവശ്യമുണ്ട്. നമ്മുടെ ജീവിതത്തിൽ ക്ഷമിക്കാൻ ഉള്ളവരെ ദൈവത്തിന്റെ മുൻപിൽ കൊണ്ടുവന്ന് അവിടുത്തെ കൃപയ്ക്കുവേണ്ടി നാം യാചിക്കണം. ദൈവത്തിന്റെ സ്നേഹം ജീവിക്കുവാനും, ക്ഷമയുടെ പാതയിൽ നടക്കുവാനും അവിടുന്ന് നമ്മെ അനുഗ്രഹിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: