നന്മതിന്മകളുടെ മാർഗ്ഗങ്ങളെക്കുറിച്ചുള്ള ആധികാരികമായ ജീവിതോപദശങ്ങൾ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
പിതൃ-പുത്ര, ഗുരു-ശിഷ്യ പ്രബോധനമാതൃകയിൽ ജീവിതത്തിലേക്കുള്ള പ്രായോഗിക, ആദ്ധ്യാത്മിക, സാമൂഹിക ഉദ്ബോധനങ്ങൾ പകരുന്ന ഒന്നാണ് സുഭാഷിതങ്ങളുടെ പുസ്തകം നാലാം അദ്ധ്യായം. ഇരുപത്തിയേഴ് വാക്യങ്ങളുള്ള ഈ അദ്ധ്യായം, സുഭാഷിതങ്ങളുടെ പുസ്തകത്തിൽ നാം കാണുന്ന പത്ത് പ്രബോധകപ്രഭാഷണങ്ങളിലെ (1, 8-19; 2; 3,1-12; 3, 21-35; 4, 1-9; 4, 10-19; 4, 20-27; 5; 6, 20-35; 7) അഞ്ചാമത്തെ പ്രഭാഷണം കൂടിയാണ്. ജ്ഞാനസമ്പാദനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്ന സുഭാഷിതകർത്താവ്, അവളെ സ്വന്തമാക്കിയും, അവളോട് ചേർന്നും വിവേകപൂർവ്വം ജീവിച്ച് നന്മയുടെ പാതയിൽ മുന്നോട്ട് പോകാനും, ദുർജ്ജനങ്ങൾ മുന്നോട്ടുവയ്ക്കുന്ന നാശത്തിന്റെയും വീഴ്ചയുടെയും അന്ധകാരപാതയിൽനിന്ന് അകന്നുനിൽക്കാനും ഈ പ്രബോധനത്തിലൂടെ ആഹ്വാനം ചെയ്യുന്നു. സമാന്തരങ്ങളായ രണ്ട് ഉദ്ബോധനങ്ങളെക്കുറിച്ചാണ് ഈ അദ്ധ്യായത്തിൽ നാം കാണുന്നത്. ജ്ഞാനത്തെ സ്വന്തമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്ന ഗ്രന്ഥകർത്താവ്, ഒന്നാമതായി താൻ എപ്രകാരമാണ് തന്റെ പിതാവിൽനിന്ന് ഇതേ പ്രബോധനം സ്വീകരിച്ചതെന്ന് ഓർമ്മിപ്പിക്കുകയും, രണ്ടാമത് തന്റെ വ്യക്തിപരമായ അനുഭവജ്ഞാനത്തിൽനിന്നുകൊണ്ട് കൂടുതൽ ആധികാരികമായും, ഏവർക്കും സ്വീകാര്യമാകുന്ന രീതിയിലും ജീവിതത്തിലേക്കുള്ള ഈ ഉദ്‌ബോധനം പകരുന്നു.
ആധികാരികമായ ജ്ഞാനപ്രബോധനം
നാലാം അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത്, തന്റെ പിതാവിൽനിന്ന് ലഭിച്ച വ്യക്തിപരവും പ്രായോഗികവുമായ പ്രബോധനത്തിന്റെ പിൻബലത്തിൽ, ജ്ഞാനത്തിന്റെ സദ്‌ഫലങ്ങളെക്കുറിച്ച് ആധികാരികമായി ഉദ്ബോധിപ്പിക്കുന്ന സുഭാഷിതകൃത്തിനെയാണ് നാം കാണുക (സുഭാ. 4, 1-9). ഒന്ന് മുതൽ നാല് വരെയുള്ള വാക്യങ്ങളിലൂടെയാണ് തനിക്ക് ലഭിച്ച ഉദ്ബോധനപശ്ചാത്തലം അവൻ വ്യക്തമാക്കുന്നത്. തന്റെ മാതാപിതാക്കൾക്കൊപ്പം കഴിയവേ, താൻ എപ്രകാരം ജീവിക്കണമെന്നതിനെക്കുറിച്ച് തന്റെ പിതാവ് പഠിപ്പിച്ചുതന്ന അറിവ് പങ്കുവയ്ക്കുന്ന സുഭാഷിതകർത്താവ് (സുഭാ. 4, 3-4), താൻ തന്റെ പിതാവിന്റെ ഉപദേശം സ്വീകരിച്ച് സുരക്ഷിതത്വവും ദീർഘായുസ്സും നേടിയതുപോലെ, തന്റെ വായനക്കാരോടും അറിവും ഉപദേശവും നേടാൻ ആഹ്വാനം ചെയ്യുകയും, അവ തള്ളിക്കളയരുതെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു (സുഭാ. 4, 1-2).
അഞ്ചുമുതൽ ഒൻപത് വരെയുള്ള വാക്യങ്ങളിൽ, ആദ്യ വാക്യങ്ങളുടെ ശൈലിയിൽനിന്ന് വ്യത്യസ്തമായി, ഒരു സ്ത്രീയെന്നപോലെ ജ്ഞാനത്തെ അവതരിപ്പിച്ച്, അവളെ സ്വീകരിക്കാനുള്ള ആഹ്വാനവും, അവൾ നൽകുന്ന നന്മകളെക്കുറിച്ച് തന്റെ അനുഭവത്തിന്റെ കൂടി പിൻബലത്തിൽ ഗ്രന്ഥകർത്താവ് നൽകുന്ന ഉദ്ബോധനങ്ങളുമാണ് നാം കാണുന്നത് (സുഭാ. 4, 5-9). തന്റെ പിതാവുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുന്ന ചില വാക്കുകൾ, ഒരു അദ്ധ്യാപകനും പിതാവുമെന്ന നിലയിൽ ഇവിടെ ഗ്രന്ഥകർത്താവും ആവർത്തിക്കുന്നു. "എന്റെ വാക്കുകൾ തള്ളിക്കളയരുത്" എന്ന ഉദ്‌ബോധനം പിതാവുമായി ബന്ധപ്പെട്ട് രണ്ടാം വാക്യത്തിലും, ഗ്രന്ഥകർത്താവുമായി ബന്ധപ്പെട്ട് ആറാം വാക്യത്തിലും നമുക്ക് കാണാം. "തന്റെ വാക്കുകൾ മുറുകെപ്പിടിക്കാനുള്ള" നാലാം വാക്യത്തിലെ പിതാവിന്റെ ആഹ്വാനത്തോട് ചേർന്നുപോകുന്ന വിധത്തിൽ, "ജ്ഞാനത്തെ ഉപേക്ഷിക്കരുതെന്ന" ഗ്രന്ഥകർത്താവിന്റെ ആഹ്വാനം ആറാം വാക്യത്തിൽ നാം കണ്ടുമുട്ടുന്നുണ്ട്. "നൽകുക" എന്നർത്ഥം വരുന്ന പ്രയോഗം രണ്ടും ഒൻപതും വാക്യങ്ങളിൽ, പിതാവേകുന്ന സദുപദേശങ്ങളുമായും (സുഭാ. 4, 2) ജ്ഞാനം നൽകുന്ന പൂമാലയും കിരീടവുമായും (സുഭാ. 4, 9) ബന്ധപ്പെടുത്തിയും അവർത്തിക്കപ്പെടുന്നു. രണ്ടാം അദ്ധ്യായത്തിലെയും മൂന്നാം അദ്ധ്യായം ഒന്ന് മുതൽ പന്ത്രണ്ട് വരെയുമുള്ള വാക്യങ്ങളുടെ ശൈലിയിൽ, ഒരു പിതാവ് പുത്രന് നൽകുന്ന രീതിയിലാണ്. ജ്ഞാനം, തന്നെ മുറുകെപ്പിടിക്കുകയും തന്റെ വാക്കുകളനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവരെ സംരക്ഷിക്കുകയും, അവർക്ക് ഉയർച്ച നൽകുകയും, ആദരിക്കുകയും, പൂമാലയും, മഹത്വത്തിന്റെ കിരീടവും അണിയിക്കുകയും ചെയ്യുമെന്ന ബോധ്യത്തിന്റെ പിൻബലത്തിലാണ്, അമൂല്യമായ ഒരു വസ്തുവെന്നതുപോലെയും, സ്ത്രൈണഭാവം കല്പിക്കപ്പെട്ട ഒരു വ്യക്തിയെന്ന നിലയിലും അവളെ സ്വന്തമാക്കാൻ തന്റെ വായനക്കാർക്ക് ഗ്രന്ഥകർത്താവ് ഉപദേശം നൽകുന്നത് (സുഭാ. 4, 6-9).
ജീവിതത്തിന് മുന്നിലുള്ള രണ്ടു വഴികൾ
പത്ത് മുതൽ പത്തൊൻപത് വരെയുള്ള വാക്യങ്ങളിൽ ജ്ഞാനം മുന്നോട്ടുവയ്ക്കുന്ന നന്മയുടെ വഴിയെയും ദുഷ്ടർ മുന്നോട്ടുവയ്ക്കുന്ന തകർച്ചയുടെ പാതയെയും കുറിച്ചുള്ള ഉദ്ബോധനങ്ങളാണ് നാം കാണുക. ജ്ഞാനപ്രബോധനത്തിന്റെ പ്രധാന്യം കൂടി മനസ്സിലാക്കാൻ സഹായിക്കുന്നതാണ് "മാർഗ്ഗം, വഴി" തുടങ്ങിയ വാക്കുകളുടെ ഉപയോഗം. തങ്ങളുടെ ജീവിതലക്ഷ്യം പ്രാപിക്കേണ്ടവർ അതിനായുള്ള മാർഗ്ഗങ്ങളാണ് തിരഞ്ഞെടുക്കേണ്ടതെന്ന് അറിയുന്ന ഗ്രന്ഥകർത്താവ് തെറ്റായ മാർഗ്ഗത്തിൽ ചരിക്കുന്നവർക്ക് കൂടി ഉപകാരപ്രദമാകുന്ന രീതിയിൽ ജീവനിലേക്കു നയിക്കുന്ന ജ്ഞാനത്തിന്റെ, ശരിയുടെയും നന്മയുടെയും മാർഗ്ഗത്തിലൂടെ നടക്കാൻ ഏവരെയും ആഹ്വാനം ചെയ്യുന്നു. ജ്ഞാനത്തെ സ്വന്തമാക്കിയുള്ള ജീവിതമെന്ന, താൻ ഉദ്ബോധിപ്പിക്കുന്ന മാർഗ്ഗം, ദീർഘായുസ്സ് നൽകുന്നതും, കാലിടറാനോ വീഴാനോ വിടാത്ത സത്യസന്ധതയുടേതുമാണെന്നും (സുഭാ. 4, 10-12) നീതിമാന്മാരുടെ പാത പൂർവ്വാഹ്നത്തിലെ വെയിൽ നിറഞ്ഞതുപോലെ പ്രകാശമയമാണെന്നും (സുഭാ. 4, 18) ഓർമ്മിപ്പിക്കുന്ന ഗുരു, ജീവന്റെ മാർഗ്ഗമായ അത് കാത്തുസൂക്ഷിക്കാൻ ആഹ്വാനമേകുന്നു (സുഭാ. 4, 13). മറുഭാഗത്ത്, ദുഷ്ടതയുടെ അപ്പം ഭക്ഷിക്കുകയും അക്രമത്തിന്റെ വീഞ്ഞ് കുടിക്കുകയും, തെറ്റുചെയ്യുകയും മറ്റുള്ളവരെ തട്ടിവീഴ്ത്തുകയും ചെയ്യുന്ന (സുഭാ. 4, 16-17) ദുഷ്ടരുടെ കനത്ത അന്ധകാരത്തിന്റെ മാർഗ്ഗത്തിൽനിന്ന് (സുഭാ. 4, 19) അകന്നുമാറിപ്പോകാൻ ഗ്രന്ഥകർത്താവ് ആഹ്വാനം ചെയ്യുന്നു. ആ പാതയിൽ, എപ്പോൾ, എവിടെവച്ചാണ് വീഴുകയെന്ന് പോലും അവർക്കറിവില്ലെന്നും ഗ്രന്ഥകാരൻ ഓർമ്മിപ്പിക്കുന്നു.
ജീവന്റെ വഴിയേ പൂർണ്ണഹൃദയത്തോടെ സഞ്ചരിക്കുക
തന്റെ പിതാവിൽനിന്ന് ലഭിച്ച്, താൻ പകർന്ന ഉദ്ബോധനങ്ങൾ സ്വീകരിച്ച്, പൂർണ്ണഹൃദയത്തോടെ, ജ്ഞാനത്തിന്റെയും നന്മയുടെയും ജീവന്റെയും പാതയിൽ മുന്നോട്ടുപോകാനുള്ള ഒരു ക്ഷണമാണ് ഇരുപത് മുതലുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്ന അവസാനഭാഗത്ത് നാം കാണുന്നത്. കാതുകൾ, കണ്ണുകൾ, ഹൃദയം, വായ, പാദം തുടങ്ങിയ ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി, ജ്ഞാനമാർഗ്ഗം സ്വീകരിച്ചുകൊണ്ടുള്ള ജീവിതത്തിനായി രണ്ടു കാര്യങ്ങളാണ് ഗ്രന്ഥം മുന്നോട്ടുവയ്ക്കുന്നത്: ഒന്നാമതായി തന്റെ പിതാവിന്റെ വാക്കുകൾക്ക് ചെവികൊടുക്കുകയും, അവ ശ്രദ്ധയോടെ കേൾക്കുകയും ചെയ്യുക (സുഭാ. 4, 20). ജ്ഞാനോപദേശം സ്വീകരിക്കുന്നവർക്ക് ജീവനും, ശരീരത്തിന് ഔഷധവുമായ അവ (സുഭാ. 4, 22) ദൃഷ്ടിപഥത്തിൽനിന്ന് മാഞ്ഞുപോകാതെ, ഹൃദയത്തിൽ സൂക്ഷിക്കുക (സുഭാ. 4, 21); രണ്ടാമതായി, ഹൃദയത്തെ ജാഗരൂകതയോടെ കാത്തുസൂക്ഷിക്കുക (സുഭാ. 4, 23), വക്രമായ സംസാരവും കുടിലമായ ഭാഷണവും ജീവിതത്തിൽനിന്ന് അകറ്റിക്കളയുക (സുഭാ. 4, 24), അവക്രവും നേരായതുമായ നോട്ടം സ്വീകരിക്കുക (സുഭാ. 4, 24-25), ഉത്തമമായ വഴിയേ സുരക്ഷിതമായി സഞ്ചരിക്കുക, തിന്മയിൽ കാലൂന്നാതിരിക്കുക (സുഭാ. 4, 26-27). അങ്ങനെ ആശയപരമായി ജ്ഞാനോപദേശങ്ങൾ സ്വീകരിച്ച് അവ ഹൃദയത്തിൽ കാത്തുസൂക്ഷിച്ച്, പ്രയോഗികജീവിതത്തിൽ, സംസാരത്തിലും പ്രവൃത്തിയിലും അവയനുസരിച്ച് ജീവിക്കാനുമുള്ള ഉദ്ബോധനങ്ങളാണ് ഈ ഭാഗം മുന്നോട്ടുവയ്ക്കുന്നത്.
ഉപസംഹാരം
സുഭാഷിതങ്ങളുടെ പുസ്തകത്തിലെ അഞ്ചാം പ്രബോധനപ്രഭാഷണം ഉൾക്കൊള്ളുന്ന നാലാം അദ്ധ്യായത്തെക്കുറിച്ചുള്ള വിചിന്തനം ചുരുക്കുമ്പോൾ, തന്റെ ഗുരുവിലും പിതാവിലും നിന്ന് ലഭിച്ച ജ്ഞാനോപദേശങ്ങളുടെ മാർഗ്ഗത്തിൽ ജീവിച്ച്, അതിന്റെ സദ്‌ഫലങ്ങൾ സ്വീകരിച്ച ഒരു വ്യക്തി തന്റെ മക്കൾക്കും ശിഷ്യഗണത്തിനും, ഇന്ന് ലോകം മുഴുവനുമുള്ള മനുഷ്യർക്കും നൽകുന്ന ഉദ്ബോധനങ്ങളുടെ ശൈലിയിൽ, സുഭാഷിതഗ്രന്ഥത്തിലെ പ്രബോധനങ്ങൾ നൽകുന്ന, ദൈവികമായ അറിവിന്റെയും ജീവന്റെയും മാർഗ്ഗത്തിലൂടെ നടക്കാനുള്ള ഈ ക്ഷണം നമുക്കും സ്വന്തമാക്കാം. ജ്ഞാനത്തിന്റെ, നന്മയുടെയും ജീവന്റെയും നേർവഴിയിൽ, അവളുടെ സ്നേഹവും സംരക്ഷണവും അനുഭവിച്ച് മുന്നോട്ടുപോകാം. തിന്മയുടെയും കുടിലതയുടെയും അക്രമത്തിന്റെയും ചതിയുടെയും മാർഗ്ഗമുപദേശിക്കുന്ന ദുർജ്ജനങ്ങളുടെ ദുഷ്ടതയുടെ മാർഗ്ഗത്തിൽനിന്ന് അകന്നുനടക്കാം. വിശുദ്ധഗ്രന്ഥോപദേശങ്ങൾക്ക് ശ്രദ്ധാപൂർവ്വം കാതോർത്ത്, അമൂല്യനിധിയെന്നപോലെ അവ ഹൃദയത്തിൽ സൂക്ഷിച്ച്, വാക്കുകളിലും പ്രവൃത്തികളിലും നന്മയും സത്യസന്ധതയും കാത്തുസൂക്ഷിച്ചും ദൈവവിശ്വാസം പ്രഘോഷിച്ചും അങ്ങനെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് സാക്ഷ്യമേകിയും ജീവിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: