തിരയുക

യേശുവിന്റെ തിരുഹൃദയം യേശുവിന്റെ തിരുഹൃദയം 

യേശുവിന്റെ തിരുഹൃദയം: ലോകത്തിന് സ്നേഹത്തിന്റെ സന്ദേശം

ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനമായ ദിലെക്സിത്ത് നോസിന്റെ 148 മുതൽ 153വരെയുള്ള ഖണ്ഡികകളെ കുറിച്ചുള്ള ചിന്തകൾ
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

യേശുവിന്റെ തിരുഹൃദയം, ക്രൈസ്തവ വിശ്വാസത്തിൽ സ്നേഹത്തിന്റെയും അനുകമ്പയുടെയും ത്യാഗത്തിന്റെയും ആഴമേറിയ പ്രതീകമാണ്. ഈ തിരുഹൃദയം ലോകത്തിന് നൽകുന്ന സന്ദേശം കേവലം ഒരു ചരിത്രപരമായ ഓർമ്മപ്പെടുത്തൽ മാത്രമല്ല, മറിച്ച് ഇന്നും പ്രസക്തമായ ഒരു ജീവസ്സുറ്റ സത്യമാണ്. മനുഷ്യരാശിയോടുള്ള ദൈവത്തിന്റെ അതിരുകളില്ലാത്ത സ്നേഹത്തെയാണ് ഇത് പ്രധാനമായും അടയാളപ്പെടുത്തുന്നത്. സഹനങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയും വെളിവായ ഈ സ്നേഹം, ഓരോ വ്യക്തിക്കും ആശ്വാസവും പ്രത്യാശയും നൽകുന്നു. തിരുഹൃദയ ഭക്തി, യേശുവിന്റെ ദിവ്യമായ സ്നേഹത്തിൽ പങ്കുചേരാനും ആ സ്നേഹം മറ്റുള്ളവരിലേക്ക് പകരാനും നമ്മെ പ്രചോദിപ്പിക്കുന്നു. ഈ ഭക്തി വ്യക്തിഗതമായ വിശുദ്ധീകരണത്തിനും സാമൂഹിക ഐക്യത്തിനും വഴിതുറക്കുന്നു.

തിരുഹൃദയത്തിന്റെ സന്ദേശം കരുണയുടെയും ക്ഷമയുടെയും ആഴമായ പ്രാധാന്യം വിളിച്ചോതുന്നു. ലോകം വെറുപ്പിലും വിദ്വേഷത്തിലും അക്രമത്തിലും മുഴുകിയിരിക്കുന്ന ഈ കാലഘട്ടത്തിൽ, യേശുവിന്റെ തിരുഹൃദയം നമ്മെ ഓർമ്മിപ്പിക്കുന്നത് സ്നേഹത്തിലൂടെ മാത്രമേ യഥാർത്ഥ സമാധാനം കണ്ടെത്താൻ കഴിയൂ എന്നാണ്. നമ്മുടെ തെറ്റുകൾ ക്ഷമിച്ച്, പാപങ്ങളെ മറന്ന്, നമ്മെ ചേർത്തുപിടിക്കാൻ ഈ ഹൃദയം എപ്പോഴും തുറന്നിരിക്കുന്നു. അപരനോടുള്ള സ്നേഹവും സഹാനുഭൂതിയും തിരുഹൃദയ ഭക്തിയുടെ കാതലാണ്. സഹിക്കുന്നവരെ ആശ്വസിപ്പിക്കാനും, ഒറ്റപ്പെട്ടവരെ ചേർത്തുപിടിക്കാനും, നിരാശരായവർക്ക് പ്രത്യാശ നൽകാനും ഈ ഹൃദയം നമ്മെ പ്രേരിപ്പിക്കുന്നു. യേശുവിന്റെ തിരുഹൃദയം നമ്മോട് ആവശ്യപ്പെടുന്നത്, നാം അവന്റെ സ്നേഹത്തിന്റെ ഉപകരണങ്ങളായി മാറിക്കൊണ്ട് ലോകത്തിൽ സമാധാനം വിതയ്ക്കാനാണ്.

ഇന്നത്തെ ലോകത്ത്, ഭൗതിക നേട്ടങ്ങൾക്കും വ്യക്തിപരമായ സന്തോഷങ്ങൾക്കും അമിത പ്രാധാന്യം നൽകപ്പെടുമ്പോൾ, തിരുഹൃദയം നമ്മെ ആത്മീയമായ മൂല്യങ്ങളിലേക്ക് തിരിയാൻ ക്ഷണിക്കുന്നു. മറ്റുള്ളവരെ സേവിക്കുന്നതിലും, നീതിക്കുവേണ്ടി നിലകൊള്ളുന്നതിലും, സ്നേഹം പങ്കിടുന്നതിലുമാണ് യഥാർത്ഥ സന്തോഷം എന്ന് തിരുഹൃദയം പഠിപ്പിക്കുന്നു. സ്വാർത്ഥത വെടിഞ്ഞ്, ദൈവത്തിനും സഹജീവികൾക്കും വേണ്ടി ജീവിക്കുമ്പോഴാണ് നമ്മുടെ ജീവിതം അർത്ഥപൂർണ്ണമാകുന്നത്. യേശുവിന്റെ തിരുഹൃദയം നമ്മെ പഠിപ്പിക്കുന്നത്, നാം ഓരോരുത്തരും ദൈവത്തിന്റെ സ്നേഹത്താൽ രൂപീകൃതരായവരാണെന്നും, ആ സ്നേഹം ലോകത്തിൽ പ്രകാശിപ്പിക്കേണ്ടത് നമ്മുടെ കടമയാണെന്നുമാണ്. ഈ സന്ദേശം ഓരോ ക്രൈസ്തവന്റെയും ജീവിതത്തിൽ പ്രായോഗികമാകണം.

അവസാനമായി, യേശുവിന്റെ തിരുഹൃദയം നൽകുന്ന സ്നേഹത്തിന്റെ സന്ദേശം ലോകത്തിന് ഒരു വെല്ലുവിളിയാണ്. വിഭജിതമായ ലോകത്ത് ഐക്യം സ്ഥാപിക്കാനും, നീതിയില്ലാത്ത സമൂഹങ്ങളിൽ നീതി ഉറപ്പാക്കാനും, പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് പ്രത്യാശ നൽകാനും ഈ സ്നേഹം നമ്മെ പ്രചോദിപ്പിക്കുന്നു. തിരുഹൃദയത്തിന്റെ അനന്തമായ സ്നേഹം, എല്ലാ മനുഷ്യരെയും ദൈവത്തിന്റെ മക്കളായി കാണാനും, ജാതിമതഭേദമെന്യേ പരസ്പരം സ്നേഹിക്കാനും നമ്മെ പഠിപ്പിക്കുന്നു. ഈ ദിവ്യസ്നേഹം നമ്മുടെ ഹൃദയങ്ങളിൽ നിറയുകയും, അത് നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും പ്രതിഫലിക്കുകയും ചെയ്യുമ്പോൾ, ലോകം കൂടുതൽ സ്നേഹവും സമാധാനവും നിറഞ്ഞ ഒരിടമായി മാറും. യേശുവിന്റെ തിരുഹൃദയം ഇന്നും ലോകത്തിന് വഴികാട്ടിയും ആശ്വാസവുമാണ്, അതിന്റെ സ്നേഹ സന്ദേശം കാലാതീതമായി നിലനിൽക്കുന്നു.

ഈ ഹൃദയാത്മകമായ സ്നേഹത്തിനു ജീവിതത്തിൽ സാക്ഷ്യം വഹിച്ച നിരവധി പുണ്യാത്മാക്കൾ നമ്മുടെ കാലഘട്ടത്തിലും  ഉണ്ട്. അതിൽ ചില വിശുദ്ധരെ കുറിച്ചാണ് ഇത്തവണത്തെ സഭാദർശനത്തിൽ നാം ശ്രവിക്കുന്നത്. ഫ്രാൻസിസ് പാപ്പാ, തന്റെ ചാക്രികലേഖനത്തിൽ ഇത്തരത്തിൽ ആധുനിക ജീവിത സാക്ഷ്യങ്ങൾ ഉൾപ്പെടുത്തിയതുകൊണ്ടാണ്, ഈ ലേഖനം നമുക്ക്, തിരുഹൃദയഭക്തിയിൽ വലിയ ഒരു  വഴികാട്ടിയായിരിക്കുന്നത്.

വ്യത്യസ്തരായ വിശുദ്ധരുടെ ആത്മീയജീവിതത്തെ ആഴത്തിൽ മനസ്സിലാക്കുമ്പോൾ, യേശുവിന്റെ തിരുഹൃദയത്തെ അവർ എത്രമാത്രം തങ്ങളുടെ ജീവിതത്തിൽ ചേർത്തുവച്ചുവെന്നും, ആ ഭക്തി അവരിൽ ചെലുത്തിയ സ്വാധീനം എത്രമാത്രമാണെന്നും മനസിലാക്കുവാൻ സാധിക്കും.

അതിൽ ആദ്യം പാപ്പാ എടുത്തു പറയുന്നത്, വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ആധ്യാത്മികതയാണ്. ദൈവം പ്രഥമമായി ആവശ്യപ്പെടുന്നത്, നമ്മൾ എന്ത് നേടിയെന്നോ, നമ്മുടെ ഭൗതീകതയെക്കുറിച്ചോ അല്ല ,  മറിച്ച്,  ആദ്യം ചോദിക്കുക നമ്മുടെ ഹൃദയങ്ങളെ ആണെന്നു, വിശുദ്ധൻ പറയുമ്പോൾ, ഇത് തന്റെ ജീവിതത്തിൽ അഭംഗുരം കാത്തുസൂഷിച്ചുകൊണ്ട്, അതിനു സാക്ഷ്യവും നൽകുന്നു. മനുഷ്യന്റെ ഹൃദയമാണ് സവിശേഷമായ രീതിയിൽ ദൈവം ആഗ്രഹിക്കുന്നതെന്നും പാപ്പാ പ്രത്യേകം പറഞ്ഞുവയ്ക്കുന്നു. എന്നാൽ ഹൃദയം സമർപ്പിക്കുക എന്നത് മാത്രല്ല, മറിച്ച് നമ്മുടെ ഹൃദയത്തെ കർത്താവിന്റെ ഹൃദയത്തോട് അനുരൂപമാക്കുവാനും വിശുദ്ധൻ നമ്മെ ക്ഷണിക്കുന്നു. യേശുക്രിസ്തുവിന്റെ  ആർദ്രതയും, കരുണയും , സ്നേഹവുമെല്ലാം നമ്മുടേതാക്കി മാറ്റുമ്പോഴാണ് യഥാർത്ഥത്തിൽ ദൈവത്തിന്റെ  അനുഗ്രഹങ്ങളെ നമ്മുടെ ജീവിതത്തിൽ തിരിച്ചറിയുവാൻ സാധിക്കുക.

യേശുവിന്റെ സ്നേഹം, നമ്മുടെ ജീവിതങ്ങളിൽ നിറയ്ക്കുന്നതിനുവേണ്ടിയാണ്, തന്റെ ഹൃദയം മുറിയപെടുവാൻ അവിടുന്ന് അനുവദിച്ചത്. ഇതാണ് യേശുവിന്റെ സ്നേഹത്തിന്റെ പൂർത്തീകരണം. തുടർന്ന് പാപ്പാ, നമുക്ക് ഏറെ പരിചിതരായ വിശുദ്ധ പാദ്രെ പിയോയുടെയും, കൽക്കട്ടയിലെ മദർ തെരേസയുടേയുമൊക്കെ ജീവിതാനുഭവങ്ങളും പറയുന്നുണ്ട്. ക്രിസ്തുവിന്റെ ഹൃദയത്തോട് ഭക്തിയോടെ സംസാരിച്ചുകൊണ്ടായിരുന്നു, ഈ വിശുദ്ധർ തങ്ങളുടെ ദൗത്യങ്ങൾ ഓരോ ദിവസവും നിറവേറ്റിയിരുന്നത്.

ക്രിസ്തുവിന്റെ ഹൃദയത്തോടുള്ള ഭക്തി നിർദേശിച്ച വിശുദ്ധ ഫൗസ്റ്റീനയുടെ പ്രചോദനം വിശുദ്ധ ജോൺ പോൾ രണ്ടാമൻ  പാപ്പായുടെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ക്രിസ്തുവിന്റെ ഹൃദയത്തിന്റെ രഹസ്യത്തിൽ ഭാഗഭാക്കാകുമ്പോൾ മാത്രമാണ്, യേശുവിന്റെ കരുണയെ കൂടുതൽ അനുഭവിക്കുവാൻ സാധിക്കുകയുള്ളൂ. യേശുവിന്റെ ഹൃദയം തന്നോട് സംവദിച്ചിരുന്ന ഓർമ്മകളും ജോൺ പോൾ പാപ്പാ കുറിക്കുന്നുണ്ട്.

ഇറ്റാലിയൻ വംശജനായിരുന്ന വിശുദ്ധ ദാനിയൽ കോംബോണി, യേശുവിന്റെ ഹൃദയത്തിന്റെ രഹസ്യത്തിൽ തന്റെ മിഷനറി പ്രതിബദ്ധതയുടെ ശക്തി കണ്ടെത്തിയെന്നു പാപ്പാ കുറിക്കുമ്പോൾ, അദ്ദേഹം സ്ഥാപിച്ച സഭയ്ക്ക് നൽകിയ പേരും എടുത്തുപറയേണ്ടതാണ്, "കോംബോണി മിഷനറീസ് ഓഫ് ദി ഹാർട്ട് ഓഫ് ജീസസ്"- യേശുവിന്റെ തിരുഹൃദയത്തിലെ കോംബോണിയൻ  പ്രേഷിതർ. യേശുവിന്റെ തിരുഹൃദയത്തിൽ  ജീവിതത്തിന്റെ എല്ലാ സമസ്യകൾക്കും ഉത്തരം കണ്ടെത്തുവാൻ സാധിക്കുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ നമ്മെ ഏറെ പ്രചോദിപ്പിക്കുന്നതാണ്:

യേശുവിന്റെ ഹൃദയത്തോടുള്ള സ്നേഹത്താൽ നയിക്കപ്പെടുന്ന ഞങ്ങൾ,  ദരിദ്രരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും സുവിശേഷ മൂല്യങ്ങളായ  സ്നേഹം, ക്ഷമ, നീതി, ഐക്യദാർഢ്യം  എന്നിവ ഉദ്ബോധിപ്പിച്ചുകൊണ്ട്, ആളുകളെ അവരുടെ മാനുഷിക അന്തസ്സിലും ദൈവത്തിന്റെ പുത്രന്മാരായും പുത്രിമാരായും വളർത്തുവാൻ ശ്രമിക്കുന്നു. ക്രിസ്തുവിന്റെ ഹൃദയത്തിനായി പ്രതിഷ്ഠിക്കപ്പെട്ട ആരാധനാലയങ്ങൾ ആത്മീയതയുടെയും തീക്ഷ്ണതയുടെയും ആകർഷകമായ ഉറവിടമാണ്. അതിനാൽ നമ്മുടെ ജീവിതത്തിന്റെവേദനകളിലും, സന്തോഷങ്ങളിലും നമുക്ക് ഒപ്പം ചേരുന്നതാണ് യേശുവിന്റെ തിരുഹൃദയം.

എന്നാൽ ഈ വിശുദ്ധരുടെയെല്ലാം ജീവിതം എപ്പോഴും വേദനാരഹിതമായിരുന്നോ എന്ന് ചോദിച്ചാൽ, അല്ല എന്നതാണ് മറുപടി. പക്ഷെ വേദനയ്ക്കുമപ്പുറം ക്രിസ്തു പകരുന്ന സന്തോഷത്തിൽ ഇവർ അടിയുറച്ചു വിശ്വസിക്കുകയും, പ്രത്യാശിക്കുകയും ചെയ്തു  എന്നതാണ് വാസ്തവം. കുന്തവും, മുള്ളുകളുടെ കിരീടത്തിന്റെ മുറിവുകളും തിരുഹൃദയത്തിന്റെ ചിത്രത്തിൽ കാണുന്നത്, ഈ വേദനകളെ സൂചിപ്പിക്കുന്നു എങ്കിലും, ഇതിനും അപ്പുറമാണ്, തുറക്കപ്പെട്ട വിലാവിൽ നിന്നും ഒഴുകുന്ന ജീവജലം പ്രതിനിധീകരിക്കുന്ന, ഉത്ഥാനത്തിന്റെ മഹനീയ സന്തോഷം. അന്ത്യത്തോളം തന്നെത്തന്നെ സമർപ്പിക്കാൻ പ്രാപ് തനായ യേശുവിന്റെ സ് നേഹത്തെക്കുറിച്ച് നാം മനസിലാക്കുമെങ്കിൽ, ആ സ്നേഹത്തിനു ഒരിക്കലൂം, എന്നന്നേക്കുമായി മരിക്കുവാൻ സാധിക്കുകയില്ല എന്നും, മറിച്ച് അവനോടൊപ്പം നമ്മെയും ഉയിർത്തെഴുന്നേൽപ്പിക്കുവാൻ തക്കവണ്ണം, അവന്റെ സ്നേഹം ജീവിക്കുന്നു എന്നും മനസ്സിലാക്കുവാനുള്ള അടയാളം കൂടിയാണ് യേശുവിന്റെ തിരുഹൃദയം.

ഇതാണ് മനുഷ്യകുലത്തിനു ആശ്വാസം നൽകുവാനുള്ള യേശുവിന്റെ ആഗ്രഹം പൂർത്തീകരിക്കപ്പെടുന്നത്, അവന്റെ ഹൃദയത്തിലൂടെയാണെന്നു പറയുന്നത്. സ്നേഹത്തിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ എപ്പോഴും ഉയരുന്നത്, അപരന്റെ കണ്ണീരൊപ്പുവാനും, അപരനെ ആശ്വസിപ്പിക്കുവാനുമുള്ള ആഗ്രഹം മാത്രമാണ്. ഇതാണ് യേശു മാതൃകയായി നമുക്ക് ചൂണ്ടിക്കാണിക്കുന്നത്. പതിനൊന്നാം പീയൂസ് പാപ്പാ, യേശുവിന്റെ സഹനത്തിലൂടെ നേടിയെടുത്ത വീണ്ടെടുപ്പിന്റെ അനുഭവത്തെ ചൂണ്ടിക്കാണിക്കുന്നതും ഫ്രാൻസിസ് പാപ്പാ എടുത്തുപറയുന്നുണ്ട്. മനുഷ്യരുടെ പാപങ്ങളാൽ നിരന്തരം മുറിവേൽപ്പിക്കുന്ന യേശുവിന്റെ തിരുഹൃദയത്തിനു, നമ്മുടെ പ്രായശ്ചിത്തങ്ങളാൽ ആശ്വാസം നൽകുവാനുള്ള കടമയെയും പാപ്പാ അടിവരയിട്ടു പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ഒക്‌ടോബർ 2025, 12:10