പ്രത്യാശയുടെ തീർത്ഥാടകർ: ഏഷ്യൻ ഭൂഖണ്ഡത്തിലെ സഭകളുടെ മിഷനറി കോൺഗ്രസ്
വത്തിക്കാൻ ന്യൂസ്
ഏഷ്യയിലെ മെത്രാൻ സമിതിയും, സുവിശേഷവൽക്കരണ കാര്യാലയവും, പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളും ഒരുമിച്ചു സംഘടിപ്പിക്കുന്ന ഏഷ്യൻ ഭൂഖണ്ഡത്തിലെ സഭകളുടെ മിഷനറി കോൺഗ്രസ് നവംബർ മാസം 27 മുതൽ 30 വരെ നടക്കും. മലേഷ്യയിലെ പെനാങിൽ വച്ചാണ് കോൺഗ്രസ് നടക്കുന്നത്. 'പ്രത്യാശയുടെ മഹത്തായ തീർത്ഥാടനം' എന്ന പ്രമേയത്തിൽ നടക്കുന്ന മിഷനറി കോൺഗ്രസിൽ 10 കർദ്ദിനാൾമാർ, 100-ലധികം ബിഷപ്പുമാർ, 150-ലധികം വൈദികർ, 75 സന്യാസിനികൾ , 500-ലധികം അത്മായർ എന്നിവരുൾപ്പെടെ ഭൂഖണ്ഡത്തിലെ എല്ലാ കത്തോലിക്കാ സമൂഹങ്ങളിൽ നിന്നുമുള്ള 900-ലധികം പ്രതിനിധികൾ പങ്കെടുക്കും.
ഏഷ്യയിലെ സഭയുടെ ഭാവിക്കായി പിന്തുടരേണ്ട പാത എന്താണെന്ന് കോൺഗ്രസിൽ പ്രത്യേകം ചർച്ച ചെയ്യും. നവംബർ 27 ന് ഉദ്ഘാടന പ്രസംഗം സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് കർദ്ദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെ നടത്തും. "പ്രത്യാശയുടെ നവീകരിക്കപ്പെട്ട തീർത്ഥാടകരായി മറ്റൊരു പാത സ്വീകരിക്കുക" എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കും. നവംബർ 28 ന് നടക്കുന്ന സമ്മേളനത്തിൽ, "ഏഷ്യയിലെ ജനങ്ങളായി ഒരുമിച്ച് നടക്കുക" എന്ന വിഷയത്തിൽ, മലേഷ്യയിലെ മെത്രാൻ സമിതിയുടെ പ്രസിഡന്റ് ആർച്ചുബിഷപ്പ് സൈമൺ പൊഹ് സംസാരിക്കും.
മിഷനുവേണ്ടി യുവാക്കളെ പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കോൺഗ്രസിൽ ചർച്ച ചെയ്യും. ഏഷ്യയിലെ സഭയുടെ മിഷനറി ദൗത്യത്തിന്റെ ഭാവിക്കായി സ്വീകരിക്കേണ്ട പാതയെക്കുറിച്ചുള്ള നിഗമനങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പങ്കുവച്ചുകൊണ്ട്, വട്ടമേശസമ്മേളനങ്ങളും, കോൺഗ്രസിന്റെ അവസരത്തിൽ സംഘടിപ്പിക്കും. ഫീദെസ് വാർത്താ ഏജൻസിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: