തിരയുക

ആയിരക്കണക്കിന് ദളിത് ക്രൈസ്തവർ പോണ്ടിച്ചേരിയിൽ 2021 ജനുവരിയിൽ നടത്തിയ ഒരു റാലി - ഫയൽ ചിത്രം ആയിരക്കണക്കിന് ദളിത് ക്രൈസ്തവർ പോണ്ടിച്ചേരിയിൽ 2021 ജനുവരിയിൽ നടത്തിയ ഒരു റാലി - ഫയൽ ചിത്രം 

ദളിതരുടെ വിമോചനത്തിനുവേണ്ടിയുള്ള ഞായറാഴ്ച ആചരിക്കാനൊരുങ്ങി ഭാരതകത്തോലിക്കാ സഭ

നവംബർ 9 ഞായറാഴ്ച ദളിതരുടെ വിമോചനത്തിനുവേണ്ടിയുള്ള ഞായറായി ഭാരതകത്തോലിക്കാ സഭ ആചരിക്കുമെന്ന് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ജാതി, വർണ്ണ ഭേദമന്യേ ഏവരെയും സ്നേഹിക്കുന്ന പിതാവാണ് ദൈവം എന്ന് ഓർമ്മിപ്പിക്കാനുള്ള ഒരു ദിനമായിരിക്കും, ഭാരതത്തിലെ ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര എന്നീ മൂന്ന് സഭകളും ഒരുമിച്ച് ചേരുന്ന മെത്രാൻസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ ആചരണം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

"വർണ്ണവ്യവസ്ഥയിൽനിന്നും പുറത്താക്കപ്പെട്ട" ദളിതസമൂഹത്തിന്റെ വിമോചനത്തിനുവേണ്ടിയുള്ള ഞായർ ആചരിക്കാനൊരുങ്ങി ഭാരത കത്തോലിക്കാസഭ. നവംബർ 9 ഞായറാഴ്ചയാണ്, ഇന്ത്യയിലെ ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര സഭകൾ ഉൾപ്പെടുന്ന മെത്രാൻ സമിതിയുടെ മേൽനോട്ടത്തിൽ, "അരികുകളിൽനിന്നാണ് പ്രത്യാശയുടെ ജൂബിലി ആരംഭിക്കുക" എന്ന പ്രമേയത്തെ ആധാരമാക്കി ഇത്തരമൊരു ദിനം ആചരിക്കപ്പെടുന്നതെന്ന് തമിഴ്‌നാട്ടിലെ മെത്രാൻസമിതിയുടെ "വർഗ്ഗ, ഗോത്രങ്ങൾക്കുവേണ്ടിയുള്ള" കൗൺസിൽ സെക്രെട്ടറിയും, “ദളിതർക്കായുള്ള ഞായർ” സംഘാടകനും കൂടിയായ ഫാ. നിത്യ സഗായാം, OFM Cap, അറിയിച്ചതായി ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ദൈവം സമൂഹത്തിന്റെ പാർശ്വവത്കരിക്കപ്പെട്ടവർക്കിടയിലും അടിച്ചമർത്തപ്പെട്ടവർക്കിടയിലുമാണ് തന്റെ രക്ഷാകരപ്രവർത്തനം ആരംഭിക്കുകയെന്ന് ഓർമ്മിപ്പിക്കാൻ വേണ്ടിക്കൂടിയാണ്, ദളിതരുടെ വിമോചനത്തിന്റെ ഞായറിന്, "അരികുകളിൽനിന്നാണ് പ്രത്യാശയുടെ ജൂബിലി ആരംഭിക്കുക" എന്ന പ്രമേയം സ്വീകരിക്കപ്പെട്ടതെന്ന് ഫാ. നിത്യ സഗായാം പറഞ്ഞു.

ഭാരതത്തിലെ സാമൂഹികഘടനയിൽ ഏറെ ആഴത്തിൽ വേരൂന്നിയ ജാതിവ്യവസ്ഥിതി, ക്രൈസ്തവ ബന്ധങ്ങളെയും, ആരാധനയെയും, സാക്ഷ്യത്തെയും പോലും വികലമായ രീതിയിൽ ബാധിക്കുന്ന സാഹചര്യമാണ് ഇന്നും നിലനിൽക്കുന്നതെന്ന് ഫാ. നിത്യ സഗായാം പറഞ്ഞതായി ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ക്രിസ്തുവിന്റെ ശരീരത്തെ കീറിമുറിക്കുകയും, പാവപ്പെട്ടവരുടെ നിലവിളിയെ നിശബ്ദമാക്കുകയും ചെയ്യുന്ന ഒന്നാണിത്. സുവിശേഷത്തിനും, ജ്ഞാനസ്നാനം സ്വീകരിച്ചവരും ദൈവമക്കളായവരുമായ വ്യക്തികൾക്കിടയിലുണ്ടാകേണ്ട സമത്വത്തിനും എതിരായ ഒനാണിതെന്ന് ഫാ. നിത്യ സഗായാം ഓർമ്മിപ്പിച്ചു.

നിരവധി തലമുറകളായി വിശ്വാസത്തിന്റെയും, പോരാട്ടത്തിന്റെയും വേദനയുടെയും മാർഗ്ഗത്തിലൂടെ സഞ്ചരിച്ച ദളിത് സഹോദരീസഹോദരങ്ങളോട് കൈകോർക്കാനുള്ള ഒരു അവസരമാണ്, "ദളിതരുടെ സ്വാതന്ത്ര്യത്തിനായുള്ള ഞായർ" ആചരിക്കുന്നതിലൂടെ നടക്കുക. തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലുൾപ്പെടെ, വിവിധയിടങ്ങളിൽ, സഭയ്ക്കുള്ളിൽ ദളിതർ വിവേചനം അനുഭവിക്കുന്നുണ്ടെന്ന കാര്യം ഫാ. നിത്യ സഗായാം എടുത്തുപറഞ്ഞു.

തന്റെ അപ്പസ്തോലിക പ്രബോധനമായ “ദിലേക്സി തേ”-യിൽ (Dilexi te), പാവപ്പെട്ടവരോടുള്ള സ്നേഹത്തിൽനിന്നകന്ന വിശ്വാസത്തിന്റെ വൈരുദ്ധ്യത്തെക്കുറിച്ച് ലിയോ പതിനാലാമൻ പാപ്പാ ഉദ്ബോധിപ്പിച്ചതും ഫാ. നിത്യ സഗായാം അനുസ്മരിച്ചു.

വിവിധ പ്രവർത്തനമേഖലകളുമായി ബന്ധപ്പെട്ടാണ് ഭാരതത്തിലെ പഴയ ഹൈന്ദവ സമൂഹങ്ങളിൽ ജാതിവ്യവസ്ഥ നിലവിൽ വന്നത്. എന്നാൽ, ബ്രാഹ്മണര്, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നീ നാല് വിഭാഗങ്ങളിലും പെടാതെ, "വർണ്ണ വ്യവസ്ഥയിൽനിന്നും പുറത്താക്കപ്പെട്ടവർ" എന്ന നിലയിലാണ് ദളിതർ കണക്കാക്കപ്പെട്ടിരുന്നത്.

നിലവിൽ ഇന്ത്യയിലെ ക്രൈസ്തവരിൽ അൻപത് ശതമാനത്തിന് മുകളിൽ ദളിതരാണെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ കണക്ക് സർക്കാർ ഔദ്യോഗികമായി അംഗീകരിക്കുന്നില്ല.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 നവംബർ 2025, 14:42