നൈജീരിയയിലെ ക്വാര സംസ്ഥാനത്ത് കൂട്ട തട്ടിക്കൊണ്ടുപോകൽ: ഫീദെസ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
നൈജീരിയയിൽ സാധാരണക്കാരായ മനുഷ്യരെ, സാമ്പത്തികനേട്ടവും, സാമൂഹിക കാരണങ്ങളുമുൾപ്പെടെയുള്ള ഉദ്ദേശങ്ങളും മുന്നിൽ വച്ച് തട്ടിക്കൊണ്ട് പോകുന്ന സംഭവങ്ങൾ ഏറിവരുന്നു. കഴിഞ്ഞ ദിവസം രാജ്യത്തെ ക്വാര (Kwara) സംസ്ഥാനത്തുണ്ടായ ഒരു അക്രമസംഭവത്തിൽ ഗർഭിണിയായ ഒരു സ്ത്രീയെയും പത്ത് കുട്ടികളെയും, മുലയൂട്ടുന്ന രണ്ട് അമ്മമാരെയുമാണ് ഇരുപതോളം വരുന്ന ഒരു സായുധ സംഘം തട്ടിക്കൊണ്ടുപോയത്. ഫീദെസ് ഏജൻസിയാണ് കഴിഞ്ഞ ദിവസം ഈ സംഭവം റിപ്പോർട്ട് ചെയ്തത്.
ക്വാര സംസ്ഥാനത്ത്, പ്രാദേശിക സർക്കാരിന് കീഴിലുള്ള എകിത്തിയിലെ (Ekiti) ഇസാപ്പ (Isapa) ഗ്രാമത്തിലാണ് നവംബർ 24 തിങ്കളാഴ്ച രാവിലെ ഇരുപതോളം വരുന്ന ഒരു സായുധസംഘം എത്തി ആളുകൾക്ക് നേരെ വെടിയുതിർത്ത ശേഷം പതിമൂന്ന് പേരെ തട്ടിക്കൊണ്ടുപോയത്. വെടിവയ്പ്പിൽ വയോധികയായ ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റതായി ഫീദെസ് അറിയിച്ചു.
നൈജീരിയയുടെ പടിഞ്ഞാറൻ പ്രദേശത്തുള്ള ക്വാര സംസ്ഥാനത്ത് എരുകൂവിൽ (Eruku) നവംബർ 18 ചൊവ്വാഴ്ച, "ക്രിസ്തുവിന്റെ അപ്പസ്തോലിക സഭ" (Christ Apostolic Church) എന്ന പന്തക്കുസ്താ സമൂഹത്തിന്റെ ഒരു ദേവാലയത്തിൽ പ്രാർത്ഥനയിൽ സംബന്ധിച്ചു കൊണ്ടരിക്കുകയായിരുന്ന 38 ക്രൈസ്തവരെ അക്രമിസംഘം തട്ടികൊണ്ട് പോയിരുന്നു. എന്നാൽ സുരക്ഷാസേനയുടെ ഇടപെടലിൽ ഇവർ പിന്നീട് സ്വാതന്ത്രരാക്കപ്പെട്ടുവെന്ന് നൈജീരിയയുടെ പ്രസിഡന്റ് ബോല തിൻമ്പു (Bola Tinubu) നവംബർ 23-ന് എക്‌സിലൂടെ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ആളുകൾ തട്ടിക്കൊണ്ടുപോകപ്പെട്ട ഇസാപ്പ ഗ്രാമം എരുകൂവിൽ നിന്ന് ഏറെ അകലെയല്ലെന്നും എരുകൂവിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നുവെന്നും ഫീദെസ് റിപ്പോർട്ട് ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: