ധാർമ്മികതയും വിവേകവും സമ്പത്തിന്റെ വിനിയോഗവും സുഭാഷിതത്തിൽ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഏതൊരു വ്യക്തിക്കും സ്വീകരിക്കാവുന്ന ജീവിതതത്വങ്ങളും ഉദ്ബോധനങ്ങളൂം പകരുന്ന സൂക്തങ്ങളും ഉപദേശങ്ങളുമാണ് സുഭാഷിതങ്ങളുടെ പുസ്തകത്തിലെന്ന് നാം ആമുഖമായി കണ്ടുകഴിഞ്ഞു. സുഭാഷിതങ്ങളുടെ ഗ്രന്ഥത്തിലെ അഞ്ച് ഭാഗങ്ങളിൽ, പത്ത് മുതൽ ഇരുപത്തിയാറാം അദ്ധ്യായം പതിനാറാം വാക്യം വരെ ഉള്ള രണ്ടാം ഭാഗത്തിലെ രണ്ടാം അദ്ധ്യായമാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. ഒന്നാം അദ്ധ്യായം എട്ടാം വാക്യം മുതൽ ഒൻപതാം അദ്ധ്യായം പതിനെട്ടാം വാക്യം വരെയുള്ളതും പിന്നീട് ചേർക്കപ്പെട്ടതെന്ന് അനുമാനിക്കപ്പെടുന്നതും ആമുഖസ്വഭാവമുള്ളതുമായ ആദ്യഭാഗത്തിന് ശേഷം വരുന്ന ഈ ഭാഗത്ത്, സോളമന്റെ സൂക്തങ്ങളാണ് സുഭാഷിതഗ്രന്ഥം അവതരിപ്പിക്കുന്നതെന്നും നമുക്കറിയാം. ഒരു വ്യക്തിയുടെ വാക്കുകളിലെയും പ്രവൃത്തികളിലെയും നന്മതിന്മകൾ അയാളുടെയും മറ്റുള്ളവരുടെയും ജീവിതത്തെയും ഭാവിയെയും എപ്രകാരമാണ് ബാധിക്കുക, ദൈവം അത്തരം പ്രവൃത്തികളെ എപ്രകാരമാണ് വിധിക്കുക തുടങ്ങിയ ചിന്തകളാണ് സോളമന്റെ സൂക്തങ്ങളിൽ നമുക്ക് പൊതുവെ കാണാനാകുക. പത്താം അദ്ധ്യായത്തിലേതുപോലെ, വ്യത്യസ്തങ്ങളും പരസ്പരവിരുദ്ധങ്ങളുമായ പ്രവൃത്തികളെക്കുറിച്ചും അവയുടെ ഫലങ്ങളെക്കുറിച്ചുമാണ് പതിനൊന്നാം അദ്ധ്യായത്തിലും നാം വായിക്കുക.
ധാർമ്മികത
പിതൃ, ഗുരു തുല്യമായ സോളമന്റെ സൂക്തങ്ങളെ വസ്തുനിഷ്ടമായും കൃത്യതയോടെയും ഗണം തിരിച്ചെടുക്കുക എന്നത് എളുപ്പമല്ലെന്ന് നമുക്കറിയാം. എങ്കിലും, ജീവിതത്തിൽ ധാർമ്മികതയ്ക്കുണ്ടാകേണ്ട പ്രാധാന്യവും സമ്പത്തിന്റെയും വ്യവസായത്തിന്റെയുമൊക്കെ പോലെയുള്ള മേഖലകളിൽ ധാർമ്മികതയുടെ പാലനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ജീവിതാവസ്ഥകളുമാണ് പതിനൊന്നാം അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത് സോളമൻ വിചിന്തനം ചെയ്യുന്നത് (സുഭാ. 11, 1-7). കച്ചവടത്തിലുണ്ടാകേണ്ട സത്യസന്ധതയാണ് ഒന്നാം വാക്യത്തിൽ പരാമർശിക്കപ്പെടുക. കള്ളത്തൂക്കം കർത്താവ് വെറുക്കുന്നു, ന്യായമായ തൂക്കം അവന് പ്രീതികരമാണ് (സുഭാ. 11, 1). നീതിയോടെയും ധാർമ്മികതയോടെയും വിശ്വസ്തതയോടെയുമുള്ള പ്രവർത്തനങ്ങൾ നന്മയും ജീവനും കൊണ്ടുവരുമ്പോൾ അഹങ്കാരവും അനീതിയും ദുഷ്ടതയും അധർമ്മവും നാശത്തിലേക്കും മരണത്തിലേക്കുമാണ് കൊണ്ടുപോവുകയെന്ന് ഈ ആദ്യഭാഗം വ്യക്തമാക്കിത്തരുന്നു (സുഭാ. 11, 3-7). സമ്പത്തുകൊണ്ട് മാത്രം ജീവിതത്തിന്റെ മർത്യതയെ വിജയിക്കാനാകില്ലെന്ന ബോധ്യവും ഈ ഭാഗം നൽകുന്നുണ്ട്. അപമാനം കൊണ്ടുവരുന്ന അഹങ്കാരം വെടിഞ്ഞ്, വിനയത്തോടെ ജ്ഞാനം സ്വന്തമാക്കി ജീവിക്കാനുള്ള ക്ഷണവും സോളമൻ മുന്നോട്ടുവയ്ക്കുന്നുണ്ട് (സുഭാ. 11, 2).
വ്യക്തിപരമായ പ്രവൃത്തികളും അവയുടെ ഫലങ്ങളും
ഒരു വ്യക്തിയുടെ ജീവിതവും പ്രവൃത്തികളും അവന്റെ തന്നെ ജീവിതത്തെയും അവനു ചുറ്റുമുള്ളവരുടെ ജീവിതത്തെയും എത്രമാത്രം ബാധിക്കുമെന്നതിനെക്കുറിച്ചുള്ള ചില ചിന്തകളാണ് ഈ അദ്ധ്യായത്തിൽ തുടർന്ന് നാം കാണുന്നത് (സുഭാ. 11, 8–14). നീതിമാനെ, വിജ്ഞാനം ദുരിതത്തിൽനിന്ന് മോചിപ്പിക്കുമ്പോൾ ദുഷ്ടത ദുരിതത്തിലേക്ക് നയിക്കുന്നു (സുഭാ. 11, 8–9b). വ്യക്തിപരമായ പ്രവൃത്തികളുടെ നന്മയും തിന്മയും സമൂഹത്തെകൂടി ബാധിക്കുന്നതാണെന്ന ചിന്തയും സുഭാഷിതം മുന്നോട്ടുവയ്ക്കുന്നുണ്ട്. അധർമ്മിയുടെ വാക്കുകൾ അയൽക്കാരനെ നശിപ്പിക്കുമെന്നും (സുഭാ. 11, 9), നീതിമാന്റെ ക്ഷേമവും ദുഷ്ടന്റെ നാശവും സമൂഹത്തിന് ആനന്ദം പകരുമെന്നും (സുഭാ. 11, 10), അതേസമയം സത്യസന്ധരുടെ അനുഗ്രഹം നഗരത്തിന് പുരോഗതിയും, ദുഷ്ടരുടെ വാക്കുകൾ അതിന് അധഃപതനവും കൊണ്ടുവരുന്നുവെന്നും (സുഭാ. 11, 11), അനാവശ്യമായി അയൽക്കാരനെ പുകഴ്ത്തിപ്പറയുന്നവൻ ബുദ്ധിശൂന്യനാണെന്നും ആലോചനാശീലമുള്ളവർ നിശബ്ദത പാലിക്കുമെന്നും (സുഭാ. 11, 12) സോളമൻ ഓർമ്മിപ്പിക്കുന്നു. ഏഷണി പറയുന്നവൻ രഹസ്യങ്ങൾ പരസ്യമാക്കുമെന്നും, വിശ്വസ്തൻ രഹസ്യം പാലിക്കുമെന്നും ഓർമ്മിപ്പിക്കുന്ന സുഭാഷിതം (സുഭാ. 11, 13), ജനങ്ങൾക്ക് ലഭിക്കേണ്ട ശരിയായ മാർഗ്ഗനിർദ്ദേശത്തിന്റെയും ഉപദേശത്തിന്റെയും ആവശ്യവും ഓർമ്മിപ്പിക്കുന്നുണ്ട് (സുഭാ. 11, 14).
വിവേകവും ജ്ഞാനവും ജീവിതത്തിൽ
വിവേകപൂർവ്വം നീതിബോധത്തോടെയും നിഷ്കളങ്കതയുടെയും ജീവിക്കേണ്ടതിന്റെ പ്രാധാന്യമാണ് സുഭാഷിതങ്ങളുടെ പുസ്തകം പതിനൊന്നാം അദ്ധ്യായം മുന്നോട്ടുവയ്ക്കുന്ന മറ്റൊരു ചിന്ത. ഇതിൽ ഒന്ന് ജാമ്യം നിൽക്കുന്നതിലെ അപകടം സംബന്ധിച്ചുള്ള ഉദ്ബോധനമാണ് (സുഭാ. 11, 15). ഇതേക്കുറിച്ചും അവിവേകപൂർവ്വമുള്ള സമാനപ്രവൃത്തികളെക്കുറിച്ചും ആറാം അദ്ധ്യായത്തിന്റെ ആരംഭത്തിലും നാം വായിക്കുന്നുണ്ട് (സുഭാ. 6, 1-5). അതേസമയം, ദയാശീലൻ തനിക്ക് തന്നെ ഗുണം ചെയ്യുന്നുവെന്നും (സുഭാ. 11, 17), നീതി വിതയ്ക്കുന്നവന് സുനിശ്ചിതമായി പ്രതിഫലം ലഭിക്കുമെന്നും (സുഭാ. 11, 18), നീതിമാൻ ജീവിക്കുമെന്നും (സുഭാ. 11, 19), നിഷ്കളങ്കത ദൈവത്തിന് പ്രീതികരമാണെന്നും (സുഭാ. 11, 20), അവന് മോചനം ലഭിക്കുമെന്നും (സുഭാ. 11, 21), അവരുടെ ആഗ്രഹം നന്മയിലേക്ക് നയിക്കുമെന്നും (സുഭാ. 11, 23) സോളമൻ ഓർമ്മിപ്പിക്കുന്നുണ്ട്. ഇതിന് വിപരീതമായി, ക്രൂരൻ തനിക്കുതന്നെ ഉപദ്രവം വരുത്തിവയ്ക്കുന്നുവെന്നും (സുഭാ. 11, 17), ദുഷ്ടന്റെ പ്രതിഫലം അവനെ വഞ്ചിക്കുന്നുവെന്നും (സുഭാ. 11, 18), തിന്മയെ പിന്തുടരുന്നവൻ മരിക്കുമെന്നും (സുഭാ. 11, 19), അവന് തീർച്ചയായും ശിക്ഷ ലഭിക്കുമെന്നും (സുഭാ. 11, 21), വികടബുദ്ധികൾ കർത്താവിന് വെറുപ്പുളവാക്കുന്നുവെന്നും (സുഭാ. 11, 20), ദുഷ്ടരുടെ പ്രതീക്ഷ ക്രോധത്തിൽ അവസാനിക്കുമെന്നും (സുഭാ. 11, 23) സുഭാഷിതം മുന്നറിയിപ്പ് നൽകുന്നു. ശാലീനയായ സ്ത്രീ ആദരം നേടുന്നുവെന്ന് (സുഭാ. 11, 16) എഴുതുന്ന സോളമൻ, വകതിരിവില്ലാത്ത സുന്ദരി, പന്നിയുടെ സ്വർണ്ണ മുക്കുത്തിക്ക് തുല്യയാണെന്ന് (സുഭാ. 11, 22) ഓർമ്മിപ്പിക്കുന്നുണ്ട്.
സമ്പത്തിന്റെ ശരിയായ വിനിയോഗം
സമ്പത്തിന്റെ ഉപയോഗത്തിലുണ്ടാകേണ്ട ധാർമ്മികതയെക്കുറിച്ച് ഈ അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത് ഉപദേശിക്കുന്ന സോളമൻ, ഈ അദ്ധ്യായത്തിന്റെ അവസാനഭാഗത്ത്, എപ്രകാരമാണ് സമ്പത്തിന്റെ വ്യയമുൾപ്പെടെയുള്ള മേഖലകളിൽ ശരിയായി പ്രവർത്തിക്കേണ്ടതെന്നതിനെക്കുറിച്ചാണ് ഉദ്ബോധിപ്പിക്കുന്നത്. ഉദാരമായി നൽകുന്നതും ദാനം ചെയ്യുന്നതും (സുഭാ. 11, 24-25) ഒരുവനെ ധനികനാക്കുന്നുവെന്ന് പഠിപ്പിക്കുന്ന സോളമൻ, എന്നാൽ നൽകേണ്ടവ നൽകാതിരുന്നാൽ ദാരിദ്ര്യം വർദ്ധിക്കുമെന്ന് (സുഭാ. 11, 24) ഓർമ്മിപ്പിക്കുന്നു. ഒരുവന്റെ പ്രവൃത്തിക്കും ആഗ്രഹങ്ങൾക്കും തക്ക പ്രതിഫലമാണ് ലഭിക്കുകയെന്നും, നന്മയന്വേഷിച്ചാൽ അനുഗ്രഹം ലഭിക്കുമെന്നും (സുഭാ. 11, 27) ഉദ്ബോധിപ്പിക്കുന്ന സുഭാഷിതം, ദാഹജലം നൽകുന്നവന് അത് തിരികെ ലഭിക്കുമെന്നും (സുഭാ. 11, 25), ധാന്യം പൂഴ്ത്തിവയ്ക്കുന്നവനെ ജനങ്ങൾ ശപിക്കുമെന്നും, അത് വിൽക്കുന്നവനെ അവർ അനുഗ്രഹിക്കുമെന്നും എഴുതുന്നുണ്ട് (സുഭാ. 11, 26). ധനത്തെ ആശ്രയിക്കരുതെന്നും (സുഭാ. 11, 28), കുടുംബത്തിന് ദ്രോഹം ചെയ്യരുതെന്നും, ഭോഷൻ വിവേകിക്ക് ദാസ്യം ചെയ്യേണ്ടിവരുമെന്നും (സുഭാ. 11, 29), ജീവനൊടുക്കുന്ന അക്രമമാർഗ്ഗം സ്വീകരിക്കരുതെന്നും (സുഭാ. 11, 30) ഓർമ്മിപ്പിക്കുന്ന സോളമൻ, നീതിമാൻ തഴച്ചുവളരുമെന്നും (സുഭാ. 11, 28), നീതി ജീവനേകുമെന്നും (സുഭാ. 11, 30) ഉദ്ബോധിപ്പിക്കുന്നുണ്ട്. നീതിമാൻ പോലും കഷ്ടിച്ചാണ് രക്ഷപെടുന്നതെങ്കിൽ ദുഷ്ടരുടെയും പാപികളുടെയും സ്ഥിതി എന്തായിരിക്കുമെന്ന ചോദ്യത്തോടെയാണ് ഈ അദ്ധ്യായം അവസാനിക്കുന്നത് (സുഭാ. 11, 31).
ഉപസംഹാരം
ഏതൊരു വ്യക്തിയുടെയും അനുദിനജീവിതത്തിലേക്കുപകരിക്കുന്നതും, സാമൂഹികജീവിതത്തിലേക്ക് ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതുമായ സുഭാഷിതഗ്രന്ഥത്തിന്റെ പതിനൊന്നാം അദ്ധ്യായത്തിലൂടെ സോളമൻ മുന്നോട്ടുവയ്ക്കുന്ന ഉദ്ബോധനങ്ങളെക്കുറിച്ചുള്ള ഈ വിചിന്തനം ചുരുക്കുമ്പോൾ, സമ്പത്തുൾപ്പെടെ, ദൈവം നൽകിയ അനുഗ്രഹങ്ങളുടെ വിനിയോഗത്തിൽ ധാർമ്മികതയും നീതിബോധവും കാത്തുസൂക്ഷിക്കാനും, നമ്മുടെ വ്യക്തിപരമായ പ്രവൃത്തികൾക്കും മനോഭാവങ്ങൾക്കും ചിന്തകൾക്കും വാക്കുകൾക്കും നമ്മുടെ മാത്രമല്ല, പൊതുസമൂഹത്തിന്റെ വർത്തമാന, ഭാവി കാലങ്ങളിൽ ഉണ്ടാക്കാൻ സാധിക്കുന്ന സ്വാധീനം തിരിച്ചറിഞ്ഞ്, സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ജീവിക്കാനും പരിശ്രമിക്കാം. മറ്റുള്ളവരെക്കുറിച്ച് നന്മ പറയാനും, ആലോചനാപൂർവ്വം സംസാരിക്കാനും നമ്മുടെ വ്യക്തിജീവിതങ്ങളെയും സമൂഹബന്ധങ്ങളെയും നല്ല രീതിയിൽ വളർത്താനും ഉതകുന്ന ജീവിതശൈലി സ്വീകരിക്കാം. വിവേകപൂർവ്വം ജീവിക്കുകയും, ജ്ഞാനത്തിനായി ദാഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്‌ത് ദൈവത്തിന് പ്രീതികരമായ ജീവിതം നയിക്കുകയും, അവനേകുന്ന അനുഗ്രഹങ്ങളും നന്മകളും സ്വന്തമാക്കുകയും ചെയ്യാം. നന്മ ചെയ്യാനുള്ള അവസരങ്ങൾ ശരിയായും ഔദാര്യമനഃസ്ഥിതിയോടെയും ഉപയോഗിച്ച് ജീവനും രക്ഷയും സ്വന്തമാക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: