തിരയുക

സുഭാഷിതങ്ങൾ 10 സുഭാഷിതങ്ങൾ 10 

ജീവിതലക്ഷ്യത്തെ നിയന്ത്രിക്കുന്ന തീരുമാനങ്ങളും പ്രവൃത്തികളും

വചനവീഥി: സുഭാഷിതങ്ങൾ പത്താം അദ്ധ്യായത്തെക്കുറിച്ചുള്ള ധ്യാനാത്മകമായ പഠനം.
ശബ്ദരേഖ - ജീവിതലക്ഷ്യത്തെ നിയന്ത്രിക്കുന്ന തീരുമാനങ്ങളും പ്രവൃത്തികളും

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഒരു വ്യക്തി തൻറെ ജീവിതത്തിലേക്ക് എടുക്കുന്ന തീരുമാനങ്ങളും അവൻറെ മനോഭാവവും പ്രവൃത്തിയും അവനെയും അവനോട് ചേർന്ന് നിൽക്കുന്നവരെയും പൊതുസമൂഹത്തെയും എന്തുമാത്രം ബാധിക്കും എന്ന ആശയവുമായി ബന്ധപ്പെട്ട വിവിധ ചിന്തകളാണ് സോളമന്റെ സുഭാഷിതങ്ങൾ എന്ന തലക്കെട്ടോടെയുള്ള സുഭാഷിതങ്ങളുടെ പത്താം അദ്ധ്യായം പകരുന്നത്. സുഭാഷിതങ്ങളുടെ പുസ്തകത്തിന് ആമുഖമായി നാം കണ്ടതുപോലെ, ജ്ഞാനസൂക്തങ്ങളുടെ ഒരു ശേഖരമായ ഈ ഗ്രന്ഥത്തെ അഞ്ചായി വിഭജിക്കുന്നതിൽ ഒന്നു മുതൽ ഒൻപതു വരെയുള്ള ആമുഖ ഭാഗത്തിനു ശേഷം വരുന്നതും പത്ത് മുതൽ ഇരുപത്തിയാറാം അദ്ധ്യായം പതിനാറാം വാക്യം വരെ ഉള്ളതുമായ രണ്ടാമത്തെ ശേഖരത്തിന്റെ ആരംഭമാണ് പത്താം അദ്ധ്യായം. മുന്നൂറ്റിയെഴുപത്തിയഞ്ച് പഴമൊഴികൾ ഉള്ള ഈ ഭാഗത്ത് വിവിധ വിഷയങ്ങളാണ് ഗ്രന്ഥം കൈകാര്യം ചെയ്യുന്നത്. മകനും, ശിഷ്യനും മാതാപിതാക്കളും ഗുരുവും നൽകുന്ന ഉദ്ബോധനങ്ങളുടെ മാതൃകയാണ് ഈ അദ്ധ്യായങ്ങളിലും നമുക്ക് പുതുതായി കാണാൻ ആകുന്ന ഒരു ശൈലി. പത്ത് മുതൽ പതിനാല് വരെയുള്ള അദ്ധ്യായങ്ങളുടെ മറ്റൊരു പ്രത്യേകത അവയിലുള്ള വൈരുദ്ധ്യാത്മക ചിന്തകളാണ്. ധാർമ്മികതയുമായി ബന്ധപ്പെട്ട് നീതിമാനും ദുഷ്ടനും, ജ്ഞാനവുമായി ബന്ധപ്പെട്ട് ജ്ഞാനിയും വിഡ്ഢിയും, മതത്മകതയുമായി ബന്ധപ്പെട്ട് ഭക്തനും ഭക്തി ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസങ്ങളും അവരുടെ പ്രവർത്തികളുടെ ഫലങ്ങളും ആണ് ഈ അദ്ധ്യായങ്ങളിൽ പ്രധാനമായി നാം കാണുന്നത്.

ധാർമ്മികതയും ജീവിതവും

ആമുഖമായി നാം കണ്ടതുപോലെ മനുഷ്യ ജീവിതത്തിൽ ധാർമ്മികതയുടെ പ്രാധാന്യവും, നീതിമാന്മാരുടെയും ദുഷ്ടരുടെയും പ്രവൃത്തികളും അവയുടെ അനന്തരഫലങ്ങളും പത്താം അദ്ധ്യായത്തിൽ കൈകാര്യം ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. അന്യായമായി നേടിയ ധനം ഉപകരിക്കില്ലെന്നും (2), ദുഷ്ടരുടെ അതിമോഹത്തെ കർത്താവ് നിഷ്ഫലമാക്കുമെന്നും (3), ദുഷ്ടരുടെ വായ് അക്രമം മറച്ചുവയ്ക്കുന്നവെന്നും (6, 11), ദുഷ്ടരുടെ നാമം ക്ഷയിച്ചു പോകുമെന്നും (7), വഴിപിഴക്കുന്നവൻ പിടിക്കപ്പെടുമെന്നും (9), വിദ്വേഷം കലഹം ഇളക്കി വിടുന്നുവെന്നും (12), ദുഷ്ടരുടെ നേട്ടം പാപത്തിലേക്ക് നയിക്കുന്നുവെന്നും (16), അവൻറെ മനസ്സ് വിലകെട്ടതാണെന്നും (20), ദുഷ്ടൻ ഭയപ്പെടുന്ന തിന്മകൾ അവന് വന്നുചേരുമെന്നും (24), അവൻ കൊടുങ്കാറ്റിൽ നിലം പതിക്കുമെന്നും (25), അവന്റെ ജീവിതകാലം പരിമിതമായിരിക്കുമെന്നും (27), അവൻറെ പ്രതീക്ഷകൾ നിഷ്ഫലമാകുമെന്നും (28), തിന്മ ചെയ്യുന്നവനെ കർത്താവ് നശിപ്പിക്കുമെന്നും (29), ദുഷ്ടർക്ക് ഭൂമിയിൽ ഇടം കിട്ടുകയില്ലെന്നും (30), വഴിപിഴച്ച അധരങ്ങളുള്ള ദുഷ്ടരുടെ വഴിപിഴച്ച നാവ് വിച്ഛേദിക്കപ്പെടുമെന്നും (31-32) സുഭാഷിതം ഉദ്ബോധിപ്പിക്കുന്നു.

അതേസമയം, നീതി മരണത്തിൽ നിന്ന് മോചിപ്പിക്കുമെന്നും (2), നീതിമാന്മാർ വിശപ്പനുഭവിക്കാൻ കർത്താവ് അനുവദിക്കില്ലെന്നും (3), അവരുടെ ശിരസ്സിൽ അനുഗ്രഹങ്ങൾ കുടികൊള്ളുന്നുവെന്നും (6), അവരെ അനുസ്മരിക്കുന്നത് അനുഗ്രഹമാണെന്നും (7), സത്യസന്ധന്റെ മാർഗ്ഗം സുരക്ഷിതമാണെന്നും (9), നീതിമാന്മാരുടെ അധരം ജീവൻറെ ഉറവയാണെന്നും (11), സ്നേഹം എല്ലാ അപരാധങ്ങളും പൊറുക്കുന്നുവെന്നും (12), നീതിമാന്മാരുടെ പ്രതിഫലം ജീവനിലേക്ക് നയിക്കുന്നവെന്നും (16), നീതിമാന്മാരുടെ നാവ് വിശിഷ്ടമായ വെള്ളിയാണെന്നും (20), അത് അനേകരെ പോഷിപ്പിക്കുന്നുവെന്നും (21), നീതിമാന്റെ ആഗ്രഹം സഫലമാകുമെന്നും (24), അവൻ എന്നേക്കും നിലനിൽക്കുമെന്നും (25), നീതിമാന്മാരുടെ പ്രത്യാശ സന്തോഷപരിയവസായിയാണെന്നും (28), അവർക്ക് ഒരിക്കലും സ്ഥാനഭ്രംശം സംഭവിക്കുകയില്ലെന്നും (30), അവരുടെ അധരങ്ങൾ പഥ്യമായത് പറയുന്നുവെന്നും (32) സുഭാഷിതം ഓർമ്മിപ്പിക്കുന്നു.

ജീവിതത്തിൽ ജ്ഞാനത്തിന്റെ പ്രാധാന്യം

"മകനെ നിൻറെ പിതാവിൻറെ പ്രബോധനം ചെവിക്കൊള്ളുക; മാതാവിൻറെ ഉപദേശം നിരസിക്കരുത്" (സുഭാ. 1, 7) എന്ന ഒന്നാം അദ്ധ്യായത്തിലെ, മാതാപിതാക്കൾ മക്കൾക്കും, ഗുരു ശിഷ്യനും നൽകുന്ന പ്രബോധനത്തോടുള്ള ഒരു വ്യക്തിയുടെ പ്രതികരണമെന്നതുപോലെ, ജ്ഞാനിയുടെയും വിഡ്ഢിയുടെയും ചിന്തകളും പ്രവൃത്തികളുമാണ് പത്താം അദ്ധ്യായം കൈകാര്യം ചെയ്യുന്ന മറ്റൊരു വിഷയം. ജ്ഞാനിയായ മകൻ പിതാവിനെ ആനന്ദമണയിക്കുന്നുവെന്നും (1), സ്ഥിരോത്സഹി കൈസമ്പത്ത് നേടുന്നുവെന്നും (4), വേനൽക്കാലത്ത് കൊയ്തെടുക്കുന്ന മകൻ മുൻകരുതൽലുള്ളവനാണെന്നും (5), ഹൃദയത്തിൽ വിവേകം ഉള്ളവൻ കൽപ്പനകൾ ആദരിക്കുമെന്നും (8), ധൈര്യപൂർവ്വം ശാസിക്കുന്നവൻ സമാധാനം സൃഷ്ടിക്കുന്നുവെന്നും (10), അറിവുള്ളവന്റെ അധരങ്ങളിൽ ജ്ഞാനം കുടികൊള്ളുന്നുവെന്നും (13), അവർ അറിവ് സംഭരിച്ചു വയ്ക്കുന്നുവെന്നും (14), പ്രബോധനത്തെ ആദരിക്കുന്നവൻ ജീവനിലേക്കുള്ള പാതയിലാണെന്നും (17), വാക്കുകളെ നിയന്ത്രിക്കുന്നവന് വീണ്ടുവിചാരം ഉണ്ടെന്നും (19), വിവേകപൂർവ്വമായ പെരുമാറ്റത്തിലാണ് അറിവുള്ളവർ ആഹ്ലാദം കണ്ടെത്തുന്നതെന്നും (23), നീതിമാന്റെ അധരങ്ങളിൽനിന്ന് ജ്ഞാനം പുറപ്പെടുന്നുവെന്നും (31) സുഭാഷിതം ഓർമ്മിപ്പിക്കുന്നു.

അതേസമയം, ഇതിൽനിന്ന് വിഭിന്നമായി, ഭോഷനായ മകൻ അമ്മയ്ക്ക് ദുഃഖം കൊണ്ടു വരുമെന്നും (1), അലസമായ കരം ദാരിദ്ര്യം വരുത്തി വയ്ക്കുമെന്നും (4), കൊയ്ത്തുകാലത്ത് ഉറങ്ങുന്ന മകൻ അപമാനം വരുത്തി വയ്ക്കുന്നുവന്നും (5), തെറ്റിന് നേരെ കണ്ണടയ്ക്കുന്നവൻ ഉപദ്രവം വരുത്തിവയ്ക്കുന്നുവെന്നും (10), ബുദ്ധിശൂന്യന്റെ മുതുകിൽ വടി വീഴുമെന്നും (13), ഭോഷന്റെ ജല്പനം നാശം വരുത്തിവയ്ക്കുമെന്നും (14), ശാസന നിരസിക്കുന്നവന് വഴിപിഴയ്ക്കുന്നുവെന്നും (17), വിദ്വേഷം മറച്ചുവയ്ക്കുന്നവൻ കള്ളം പറയുന്നുവെന്നും, അപവാദം പറയുന്നവൻ മൂഢനാണെന്നും (18), വാക്കുകൾ ഏറുമ്പോൾ തെറ്റ് വർദ്ധിക്കുന്നുവെന്നും (19), മൂഢൻ ബുദ്ധിശൂന്യത മൂലം മൃതിയടയുന്നുവെന്നും (21), തെറ്റ് ചെയ്യുക മൂഢന് വെറുമൊരു വിനോദമാണെന്നും (23), വിനാഗിരി പല്ലിനും പുക കണ്ണിനും പുളിപ്പ് തോന്നിപ്പിക്കുന്നതുപോലെയാണ് തന്നെ നിയോഗിക്കുന്നവർക്ക് അലസനെന്നും (26) സുഭാഷിതം ഓർമ്മിപ്പിക്കുന്നു

മതാത്മക ജീവിതത്തിൻറെ ആവശ്യം

ദൈവഭക്തിയുമായി ബന്ധപ്പെട്ട ചില ചിന്തകളും സുഭാഷിതങ്ങളുടെ പുസ്തകം പത്താം അദ്ധ്യായം മുന്നോട്ടുവയ്ക്കുന്നുണ്ട്. നീതിമാന്മാരെയും സത്യസന്ധരയും, അതായത്, ദൈവത്തിന് പ്രീതികരമായ ജീവിതം നയിക്കുന്നവരെ കർത്താവ് അനുഗ്രഹിക്കുമെന്ന ഉദ്ബോധനം പകരുന്ന സോളമൻ, എന്നാൽ അതിനെതിരായ ജീവിതമാർഗ്ഗത്തിൽ സഞ്ചരിക്കുന്നവർ ദൈവത്തിൻറെ കോപത്തിന് പാത്രങ്ങളാകുമെന്ന് ഓർമ്മിപ്പിക്കുന്നുണ്ട്. സുഭാഷിതങ്ങളിൽ മാതാപിതാക്കളും ഗുരുസ്ഥാനീയരും നൽകുന്ന ഉപദേശങ്ങൾക്ക് ദൈവികമായ ഉദ്ബോധനങ്ങളുടെ സ്ഥാനമാണുള്ളത് എന്നതും നമുക്ക് മനസ്സിൽ സൂക്ഷിക്കാം. ജ്ഞാനിയും നീതിമാനും സത്യസന്ധനും സ്ഥിരോത്സഹിയും വിവേകിയും തെറ്റ് ചെയ്യാത്തവരുമൊക്കെ ദൈവഭക്തരായി കണക്കാക്കപ്പെടുമ്പോൾ, ഭോഷനും അന്യായം പ്രവർത്തിക്കുന്നവരും ദുഷ്ടനും അലസനും ഉറങ്ങി വിശ്രമിക്കുന്നവനും അവിവേകിയും നുണയനും വഴിപിഴച്ചവനും തെറ്റ് കണ്ടില്ലെന്ന് നടിക്കുന്നവനും വിദ്വേഷം ഇളക്കി വിടുന്നവനും അപരാധിയും അനീതി പ്രവർത്തിക്കുന്നവനും ഭക്തി ഇല്ലാത്തവനും ദൈവഹിതം പ്രവർത്തിക്കാത്തവരായാണ് കണക്കാക്കപ്പെടുന്നത്. ദൈവഭക്തി ദീർഘായുസ്സിന് കാരണമാകുമെന്നും (27) സുഭാഷിതം ഓർമ്മിപ്പിക്കുന്നുണ്ട്.

ഉപസംഹാരം

പഴമൊഴികളും ജ്ഞാനസൂക്തങ്ങളും നിരത്തി, അനുദിന ജീവിതത്തെ വിവേകപൂർവ്വം കൈകാര്യം ചെയ്യുന്നതിനും, ജീവിതത്തിൽ ജ്ഞാനത്താലും ധാർമ്മികതയാലും സത്യസന്ധതയാലും, ഒപ്പം ദൈവവിശ്വാസത്താലും നയിക്കപ്പെടുന്നതിന്, പ്രായപൂർത്തിയെത്താത്ത ഒരു മകനോ ശിഷ്യനോ നൽകപ്പെടുന്ന ഉപദേശങ്ങളുടെയും നിർദ്ദേശങ്ങളുടെയും മാതൃകയിൽ എഴുതപ്പെട്ട സുഭാഷിതഗ്രന്ഥത്തിലെ പത്താം അദ്ധ്യായത്തെക്കുറിച്ചുള്ള ഈ വിചിന്തനം ചുരുക്കുമ്പോൾ, നമുക്കും, സോളമൻ തൻറെ വാക്കുകളിലൂടെ മുന്നോട്ടുവയ്ക്കുന്ന ജീവിതോപദേശങ്ങൾ സ്വീകരിക്കുകയും, പാപവും ദുഷ്ടതയും ഭോഷവും അലസതയും വെടിഞ്ഞ്, ദൈവഹിതമനുസരിച്ച് നന്മയിലും വിശ്വസ്തതയിലും നീതിയിലും ജ്ഞാനത്തിലും ഉത്സാഹപൂർവ്വം ജീവിക്കുകയും ചെയ്യാം. മാതാപിതാക്കൾക്ക് ആനന്ദവും അഭിമാനവും പകരുന്നതും, പിതൃ, ഗുരു തുല്യം, മറ്റുള്ളവർക്ക് മാതൃക നൽകുന്നതും, ദൈവത്തിന് പ്രീതികരവും ആയ ജീവിതം നയിക്കുന്നതിലൂടെ നിത്യമായ നാശത്തിലും നിത്യ മരണത്തിലും നിന്ന് മോചനം നേടി, ദീർഘായുസ്സോടെ ജീവിക്കുകയും, കർത്താവിൻറെ അനുഗ്രഹങ്ങൾക്ക് പാത്രമാവുകയും നീതിമാന്മാർക്കൊപ്പം അനുസ്മരിക്കപ്പെടുകയും ചെയ്യാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 നവംബർ 2025, 14:04