ജ്ഞാനവും ഭോഷത്വവുമൊരുക്കുന്ന വിരുന്നുകളും വ്യക്തിജീവിതവും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
സുഭാഷിതഗ്രന്ഥത്തിന്റെ ആമുഖമായി നാം കണ്ടതുപോലെ, മതചിന്തകൾക്കും ഉപരിയായി ഉപദേശരൂപത്തിലുള്ളതും, ഏതൊരു വ്യക്തിക്കും അനുദിനജീവിതത്തിലേക്ക് ഉപകരിക്കപ്പെടുന്നതുമായ ജ്ഞാനസൂക്തങ്ങളുടെ ശേഖരമാണ് സുഭാഷിതങ്ങളുടെ പുസ്തകമെന്ന് നമുക്കറിയാം. ഇത് ക്രോഡീകരിക്കപ്പെട്ട സമയത്ത് ചേർക്കപ്പെട്ടതെന്ന് വ്യാഖ്യാനിക്കപ്പെടുന്ന ഒന്ന് മുതൽ ഒൻപതുവരെയുള്ള അധ്യായങ്ങളിൽ അവസാനത്തെ അദ്ധ്യായമാണ് ഇന്ന് നമുക്ക് മുൻപിലുള്ളത്. ഒന്നാം അദ്ധ്യായം മുതൽ നാം കണ്ടതുപോലെ, തന്നോട് ചേരാൻ യുവജീവിതങ്ങളെ ക്ഷണിക്കുന്ന നന്മയുടെയും തിന്മയുടെയും പ്രതിരൂപങ്ങളായ രണ്ട് സ്ത്രീകഥാപാത്രങ്ങളായി ജ്ഞാനത്തെയും മൗഢ്യത്തെയും അവതരിപ്പിച്ച്, ജീവൻ സ്വന്തമാക്കാൻ വേണ്ടി ഒരുവൻ ഏതു മാർഗ്ഗമാണ് തിരഞ്ഞെടുക്കേണ്ടതെന്ന ഉദ്ബോധനമാണ് ഒൻപതാം അദ്ധ്യായത്തിലും സുഭാഷിതഗ്രന്ഥം മുന്നോട്ടുവയ്ക്കുന്നത്. രണ്ട് ഭാഗങ്ങളായി നമുക്ക് ഈ അദ്ധ്യായത്തെ തിരിക്കാനാകും. ഇതിൽ ഒന്നാമത്തേതിൽ, ജ്ഞാനത്തെക്കുറിച്ചുള്ള അവതരണം (സുഭാ. 9, 1-3), ജ്ഞാനത്തിന്റെ ക്ഷണം (സുഭാ. 9, 4-6), സുഭാഷിതം മുന്നോട്ടുവയ്ക്കുന്ന പൊതുവായ ഉപദേശങ്ങൾ (സുഭാ. 9, 7-12) എന്നിവയാണുള്ളത്. ഒന്നാമത്തെ ഭാഗത്തിന് സമാന്തരമായി രണ്ടാമത്തെ ഭാഗത്ത്, ആദ്യം ഭോഷത്വത്തെക്കുറിച്ചുള്ള അവതരണം (സുഭാ. 9, 13-15), ഭോഷത്വത്തിന്റെ ക്ഷണം (സുഭാ. 9, 16-17) മൗഢ്യത എങ്ങോട്ടാണ് ഒരുവനെ കൊണ്ടുപോവുകയെന്ന ഉദ്ബോധനം (സുഭാ. 9, 18) എന്നിവയും നമുക്ക് കാണാം.
ജ്ഞാനവും ജീവനിലേക്കുള്ള ഉപദേശങ്ങളും
ഒൻപതാം അദ്ധ്യായത്തിന്റെ ആദ്യ മൂന്ന് വാക്യങ്ങൾ ജ്ഞാനത്തെക്കുറിച്ചും അവളുടെ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള അവതരണമാണ്. ഇതുവരെയുള്ള അദ്ധ്യായങ്ങളിൽ നാം കണ്ടതുപോലെ, ജ്ഞാനം നന്മയിലേക്കും ജീവനിലേക്കുമാണ് ക്ഷണിക്കുന്നത്. അതുകൊണ്ടുതന്നെ അവൾ തന്റെ ഭവനം പണിയുകയും, പൂർണ്ണതയെ സൂചിപ്പിക്കുന്ന വിധത്തിൽ ഏഴ് തൂണുകൾ നാട്ടുകയും ചെയ്‌ത്, മൃഗങ്ങളെ കൊന്ന്, വീഞ്ഞ് കലർത്തി, വിരുന്നൊരുക്കിയശേഷം, ഉയർന്ന ഇടങ്ങളിൽനിന്ന് മറ്റുള്ളവരെ വിളിച്ചറിയിക്കാൻ പരിചാരികമാരെ അയച്ചിരിക്കുന്നു (സുഭാ. 9, 1-3). നാലാം അദ്ധ്യായത്തിൽ നാം കാണുന്ന, ദുഷ്ടതയുടെ അപ്പത്തിലും അക്രമത്തിന്റെ വീഞ്ഞിലും (സുഭാ. 4, 17) നിന്ന് വ്യത്യസ്തമായ ഒരു വിരുന്നാണ് ജ്ഞാനം ഒരുക്കുന്നത്.
മുൻ അദ്ധ്യായങ്ങളിൽ നാം മനസ്സിലാക്കിയതുപോലെ, സ്വഭവനത്തിലേക്കുള്ള ജ്ഞാനത്തിന്റെ ക്ഷണം, വിശ്വസ്തതയാർന്നതും ജീവനിലേക്കു നയിക്കുന്നതുമായ ഒരു ദാമ്പത്യബന്ധത്തിലേക്കുള്ള പ്രതീകാത്മകമായ ക്ഷണമാണെന്നാണ് വ്യഖ്യാനിക്കപ്പെടുന്നത് (സുഭാ. 2, 16–19; 5; 6, 20–35; 7). സുഭാഷിതങ്ങളുടെ പുസ്തകത്തിലെ അവസാന അദ്ധ്യായത്തിൽ നാം കാണുന്ന ഉത്തമയായ ഭാര്യയുടെ ഭവനവുമായി ബന്ധപ്പെടുത്തിയും (സുഭാ. 31, 10-31) ഈ ഭാഗം വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. എട്ടാം അദ്ധ്യായത്തിൽ നാം കണ്ടതുപോലെ, ദൈവത്തിന്റെ ആദ്യസൃഷ്ടിയായ ജ്ഞാനത്തിന്റെ മഹത്വം കൂടിയാണ് അവളുടെ ഭവനവും അവളൊരുക്കുന്ന മനോഹരമായ വിരുന്നും വെളിവാക്കുന്നത്.
അൽപബുദ്ധികളോടും ബുദ്ധിശൂന്യനോടും, വന്ന് തന്റെ അപ്പം ഭക്ഷിക്കാനും താൻ കലർത്തിയ വീഞ്ഞ് കുടിക്കാനും, ഭോഷത്വം വെടിഞ്ഞ് ജീവിക്കാനും, അറിവിന്റെ പാതയിൽ സഞ്ചരിക്കാനുമാണ് തന്റെ പരിചാരികമാരിലൂടെ അവൾ ക്ഷണിക്കുന്നത് (സുഭാ. 9, 4-6). ഇത് വിവാഹത്തിലേക്കുള്ള ഒരു ക്ഷണമാണ്. തന്റെ ഭവനത്തിലെത്തി, തന്നെ സ്വന്തമാക്കുന്നവന്, "ജീവിക്കാൻ സാധിക്കുമെന്ന്", അതായത്, ഈ ഭൂമിയിൽ ഉത്തമയായ ഭാര്യയും ശ്രേഷ്ഠമായ ഒരു ഭവനവും മക്കളും ധനവും ബഹുമതിയുമാണ് ലഭിക്കുകയെന്ന് ജ്ഞാനം ഉദ്ബോധിപ്പിക്കുന്നതായി, മുപ്പത്തിയൊന്നാം അദ്ധ്യായത്തിന്റെ കൂടി അടിസ്ഥാനത്തിൽ നമുക്ക് മനസ്സിലാക്കാനാകും.
തന്നോട് ചേരാനും, തന്റെ ഭവനത്തിൽ വിരുന്നുണ്ണാനുമുള്ള ജ്ഞാനത്തിന്റെ ക്ഷണത്തോട് നേരിട്ട് ബന്ധമില്ലാത്ത, എന്നാൽ സുഭാഷിതഗ്രന്ഥത്തിലെ ജ്ഞാനോപദേശങ്ങളുടെ, പ്രത്യേകിച്ച് ഒന്നാം അദ്ധ്യായത്തിലെ ആദ്യ വാക്യങ്ങളുടെ (സുഭാ. 1, 1-6) ശൈലി പിന്തുടരുന്ന പൊതുവായ ഉപദേശങ്ങളാണ് ഏഴ് മുതൽ പന്ത്രണ്ട് വരെയുള്ള വാക്യങ്ങളിൽ നാം കാണുന്നത്. പരിഹാസകനെയും ദുഷ്ടനെയും ഒരു ഭാഗത്തും, വിവേകിയെയും നീതിമാനേയും മറുഭാഗത്തും നിറുത്തുന്ന സുഭാഷിതം, അവരോടുള്ള പെരുമാറ്റം എപ്രകാരമായിരിക്കണമെന്നുകൂടിയാണ് ഇവിടെ ഉദ്ബോധിപ്പിക്കുക. തന്നെ തിരുത്തുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നവരെ ദുഷ്ടനായ പരിഹാസകൻ ശകാരിക്കുകയും വെറുക്കുകയും ചെയ്യുമെന്നും, ദുഷ്ടനെ കുറ്റപ്പെടുത്തിയാൽ അവൻ ആക്രമിച്ചേക്കുമെന്നും (സുഭാ. 1, 7-8a) മുന്നറിയിപ്പ് നൽകുന്ന ഗുരുതുല്യമായ ജ്ഞാനം, മറിച്ച്, തന്നെ കുറ്റപ്പെടുത്തുന്നവരെ, അതിലെ നന്മ തിരിച്ചറിഞ്ഞ് വിവേകി സ്നേഹിക്കുമെന്നും, പ്രബോധനം അവനെ കൂടുതൽ വിവേകിയാക്കുമെന്നും, നീതിമാൻ തനിക്ക് ലഭിക്കുന്ന ഉദ്ബോധനങ്ങൾ സ്വീകരിച്ച് കൂടുതൽ ജ്ഞാനിയാകുമെന്നും ഓർമ്മിപ്പിക്കുന്നു (സുഭാ. 9, 8b-9). ദൈവസൃഷ്ടിയായ ജ്ഞാനം, ദൈവത്തോടുള്ള ഭക്തിയാണ് തന്നെ ലഭിക്കാനുള്ള മാർഗ്ഗമെന്നും, ദൈവത്തെ അറിയാൻ ശ്രമിക്കുകയെന്നതാണ് യഥാർത്ഥ അറിവെന്നും ഓർമ്മിപ്പിക്കുകയും, തന്നോട് ചേർന്ന് നിൽക്കുന്നവർക്ക് ആയുസ്സേറുമെന്നും ഉദ്ബോധിപ്പിക്കുന്നതും നമുക്ക് കാണാം (സുഭാ. 1, 10-11). നന്മതിന്മകൾ ഉത്തരവാദിത്വത്തോടെ തിരഞ്ഞെടുക്കാൻ, ദൈവം മനുഷ്യന് നൽകുന്ന സ്വാതന്ത്ര്യത്തെ ഓർമ്മിപ്പിക്കുന്നതാണ് പന്ത്രണ്ടാം വാക്യം: "നീ വിവേകിയെങ്കിൽ പ്രയോജനം നിനക്കുതന്നെ; നീ പരിഹസിച്ചാൽ അത് നീ തന്നെ ഏൽക്കേണ്ടിവരും" (സുഭാ. 1, 12).
ഭോഷത്വത്തിന്റെ മാർഗ്ഗവും മരണവും
ആമുഖമായി നാം കണ്ടതുപോലെ, ഒന്നാം ഭാഗത്തിന് സമാന്തരമായി, എന്നാൽ ജീവനിലേക്ക് നയിക്കുന്ന ജ്ഞാനമാർഗ്ഗത്തിന് എതിരായി, മൗഢ്യത്തിന്റെ മാർഗ്ഗത്തെയും അതിലേക്കുള്ള ക്ഷണത്തിൽ പതിയിരിക്കുന്ന മരണത്തെയും കുറിച്ചാണ് പതിമൂന്നാം വാക്യത്തിൽ ആരംഭിക്കുന്ന രണ്ടാം ഭാഗം ഉദ്ബോധിപ്പിക്കുന്നത്. ഇരുവരുടെയും ക്ഷണങ്ങൾ ഏതാണ്ട് സമാനമാണെങ്കിലും ഒന്നേ വിശ്വസനീയമായതുള്ളൂ എന്നാണ് സുഭാഷിതം ഓർമ്മിപ്പിക്കുന്നത്. ജ്ഞാനത്തെപ്പോലെ ഭോഷത്വത്തിനും സ്ത്രീരൂപം കൽപ്പിക്കുന്ന ഗ്രന്ഥകർത്താവ്, ദുശ്ചരിതയായ അവളുടെ സ്വഭാവവും പ്രവൃത്തികളുമാണ് ആദ്യമേതന്നെ വിവരിക്കുക. വായാടിയും, ദുർവൃത്തയും നിർലജ്ജയുമായ അവൾ വാതിൽക്കൽ ഇരിപ്പുറപ്പിക്കുകയും, നഗരത്തിലെ ഉയർന്ന സ്ഥലങ്ങൾ തന്റെ ഇരിപ്പിടമാക്കുകയും, നേർവഴിയെ പോകുന്നവരെ തന്റെ ഭവനത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു (സുഭാ. 9, 13-15). മുൻ അദ്ധ്യായങ്ങളിൽ കണ്ട സ്വൈരിണിയായ സ്ത്രീയെക്കുമുറിച്ചുള്ള വിവരണങ്ങൾക്ക് സമാനമായ വാക്കുകളാണ് ഇവിടെയും നാം കാണുക (സുഭാ. 2,16–19; 5; 6,20–35; 7). ജ്ഞാനത്തിന്റേതിന് സമാനമായി, അൽപബുദ്ധികളോടും ബുദ്ധിശൂന്യനോടും തന്നെയാണ് മൗഢ്യത്തിന്റെ ക്ഷണവും (സുഭാ. 9, 4; 17). എന്നാൽ, ഭോഷത്വം വെടിഞ്ഞ് ജീവിക്കാൻ ജ്ഞാനം ക്ഷണിക്കുമ്പോൾ, അതിന് വിപരീതമായി, മനുഷ്യരുടെ ഭോഷത്വവും അറിവില്ലായ്മയും മുതലാക്കുകയാണ്, തിന്മയിലേക്ക് ക്ഷണിക്കുന്ന മൗഢ്യം. മോഷ്ടിച്ച ജലത്തിന്റെ മാധുര്യവും, രഹസ്യത്തിൽ തിന്നുന്ന അപ്പത്തിന്റെ രുചിയുമാണ് തിന്മ പ്രലോഭനവസ്തുക്കളായി മുന്നോട്ട് വയ്ക്കുക (സുഭാ. 9, 17). മോഷ്ടിച്ച വെള്ളവും രഹസ്യത്തിൽ തിന്നുന്ന അപ്പവും വ്യഭിചാരത്തെയാണ്, മറ്റൊരാളുടെ ഭാര്യയുമായുള്ള ലൈംഗികബന്ധത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് വ്യാഖ്യാനിക്കപ്പെടുക. ഏഴാം അദ്ധ്യായത്തിലെ ബുദ്ധിശൂന്യനായ യുവാവും മറ്റൊരുവന്റെ ഭാര്യയും തമ്മിലുള്ള രഹസ്യ കൂടിക്കാഴ്ചയുടെ ചിന്തകളാണ് ഇവിടെയും നമുക്ക് കാണാനാകുക (സുഭാ. 7). ഏഴാം അദ്ധ്യായത്തിലെ അവസാനവാക്യത്തിന് സമാനമായ (സുഭാ. 7, 27), ഭോഷത്വത്തിന്റെ ഭവനം എന്ന രീതിയിൽ, പാപം മരണം പതിയിരിക്കുന്ന ഇടമാണെന്നും, അവളുടെ അതിഥികൾ പാതാളഗർത്തങ്ങളിലാണെന്നും ബുദ്ധിശൂന്യൻ അതറിയുന്നില്ല (സുഭാ. 9, 18), എന്നുമുള്ള ഉദ്‌ബോധനം നൽകിക്കൊണ്ടാണ് ഒൻപതാം അദ്ധ്യായം അവസാനിക്കുന്നത്
ഉപസംഹാരം
ഒരു പിതാവിന്റെ സ്നേഹത്തോടെയും, ഗുരുവിന്റെ ജ്ഞാനബോധത്തോടെയും, അജ്ഞരായ മനുഷ്യർക്ക്, പ്രായോഗിക ജീവിതത്തിലേക്കും, ആരോഗ്യകരമായ സാമൂഹികജീവിതത്തിലേക്കുമുള്ള ബോധ്യങ്ങളും അറിവും പകരുന്ന സുഭാഷിതഗ്രന്ഥത്തിലെ ജ്ഞാനസൂക്തങ്ങൾ നമുക്ക് മുന്നിലും വയ്ക്കപ്പെടുമ്പോൾ, അജ്ഞതയുടെയും തിന്മയുടെയും മാർഗ്ഗത്തിൽനിന്നകന്ന് വിവേകത്തോടെ ജീവിക്കുകയും ജ്ഞാനത്തിന്റെ മാർഗ്ഗം സ്വീകരിക്കുകയും ചെയ്യാം. പരിശുദ്ധനായ ദൈവത്തെ അറിഞ്ഞ്, അവനോടുള്ള ഭക്തിയിൽ വളരാം. നന്മയുടേത് ജീവനിലേക്കും, ദീർഘായുസ്സിലേക്കും, നിലനിൽക്കുന്ന ആനന്ദത്തിലേക്കുമുള്ള ക്ഷണമാണെന്നും, ക്ഷണികസുഖങ്ങളിലൂടെയുള്ള പാപതിന്മകളുടെ മാർഗ്ഗം മരണത്തിലേക്കും ഇരുളിന്റെ ഇടമായ പാതാളത്തിലേക്കുമുള്ള പ്രലോഭനമാണെന്നും തിരിച്ചറിഞ്ഞ്, ശരിയായ തിരഞ്ഞെടുപ്പുകൾ നടത്താം. ജ്ഞാനത്തിലും വിവേകത്തിലും നീതിയിലും നന്മയിലും ജീവിച്ച്, ദൈവപ്രീതി നേടുകയും, ആനന്ദമനുഭവിക്കുകയും ചെയ്യാം, ജീവിതം സുഭാഷിതമാക്കി മാറ്റാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: