തിരയുക

സുഭാഷിതങ്ങൾ 8 സുഭാഷിതങ്ങൾ 8 

ദൈവദാനമായ ജ്ഞാനം സ്വന്തമാക്കി വിവേകത്തോടെ ജീവിക്കുക

വചനവീഥി: സുഭാഷിതങ്ങൾ എട്ടാം അദ്ധ്യായത്തെക്കുറിച്ചുള്ള ധ്യാനാത്മകമായ പഠനം.
ശബ്ദരേഖ - ദൈവദാനമായ ജ്ഞാനം സ്വന്തമാക്കി വിവേകത്തോടെ ജീവിക്കുക

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

അദ്ധ്യാത്മികജീവിതത്തിലും, പ്രായോഗിക-അനുദിന ജീവിതത്തിലും ഉപകാരപ്രദമാകുന്നതും, ഏതൊരു മനുഷ്യർക്കും, മത, വർഗ്ഗ ഭേദമന്യേ സ്വീകരിക്കാവുന്നതുമായ ഉപദേശങ്ങളും ജ്ഞാനവചസ്സുകളുമാണ് സുഭാഷിതങ്ങളുടെ പുസ്തകം, അതിന്റെ മുപ്പത്തിയൊന്ന് അദ്ധ്യായങ്ങളിലും മുന്നോട്ട് വയ്ക്കുന്നതെന്ന് നമുക്കറിയാം. തിന്മയിൽനിന്നും തെറ്റുകളിൽനിന്നും പ്രലോഭനങ്ങളിൽനിന്നും അകന്ന് നന്മയുടെയും ജ്ഞാനത്തിന്റെയും മാർഗ്ഗത്തിൽ വിവേകപൂർവ്വം നടക്കാനും ജീവൻ നേടാനും ഒരു പിതാവ് പുത്രനോ, ഗുരു ശിഷ്യർക്കോ നൽകുന്ന ഉപദേശങ്ങളുടെ മാതൃകയിലാണ് ഇവ എഴുതപ്പെട്ടിരിക്കുന്നതെന്നും നാം കണ്ടുകഴിഞ്ഞു. സുഭാഷിതങ്ങളുടെ പുസ്തകത്തിൽത്തന്നെ ഏറ്റവും വലുതായ എട്ടാം അദ്ധ്യായത്തിലാണ് ജ്ഞാനം നടത്തുന്ന ഏറ്റവും വലിയ പ്രഭാഷണം (സുഭാ. 8, 4-36). നാം കാണുന്നത്. സുഭാഷിതഗ്രന്ഥത്തിന്റെ ആദ്യ ഒൻപത് അദ്ധ്യായങ്ങളിൽ രണ്ടിടത്താണ് ജ്ഞാനം പ്രഭാഷണം നടത്തുന്നതായി നാം കാണുന്നത്. ഇതിൽ, ഒന്നാം അദ്ധ്യായത്തിന്റെ ഇരുപത് മുതൽ മുപ്പത്തിമൂന്ന് വരെയുള്ള വാക്യങ്ങളിൽ ജ്ഞാനം നടത്തുന്ന പ്രഭാഷണത്തിന്റെ അവസാനഭാഗത്തുള്ള വാഗ്ദാനമൊഴിച്ചാൽ പരുഷമായ ഒരു ഭാഷയാണ് നാം കാണുക (സുഭാ. 7, 20-33). എന്നാൽ എട്ടാം അദ്ധ്യായത്തിലാകട്ടെ, ആദ്യത്തേതിൽനിന്ന് വ്യത്യസ്തമായി, അവസാനവാക്യത്തിലെ ഭീഷണിയൊഴികെ മറ്റു മുഴുവൻ വാക്യങ്ങളിലും, പ്രത്യാശ പകരുകയും തന്നോട് ചേർന്ന് നിൽക്കാൻ ഏവരെയും ക്ഷണിക്കുകയും ചെയ്യുന്ന ജ്ഞാനത്തെയാണ് നാം കണ്ടെത്തുക. തിന്മയുടെയും പാപത്തിന്റെയും ജീവിതമെന്ന മരണത്തിന്റെ മാർഗ്ഗത്തിലേക്കുള്ള പ്രലോഭനം മുന്നോട്ടുവയ്ക്കുന്ന ദുശ്ചരിതയായ സ്ത്രീയിൽനിന്ന് നേർ വിപരീതമായി, ജീവൻ കണ്ടെത്താനുള്ള മാർഗ്ഗം മുന്നോട്ടവയ്ക്കുന്ന ജ്ഞാനത്തിന്റെ ഉദ്ബോധനങ്ങളുടെ അമൂല്യതയും ഈ അദ്ധ്യായത്തിൽ നമുക്ക് കാണാം.

ജ്ഞാനമെന്ന സ്ത്രീയുടെ ക്ഷണം ശ്രവിക്കുക

എട്ടാം അദ്ധ്യായത്തിന്റെ ആദ്യ മൂന്ന് വാക്യങ്ങൾ, ജ്ഞാനത്തിന്റെ സ്വഭാവം വെളിവാക്കുന്നവയാണ്. ഏഴാം അദ്ധ്യായത്തിൽ, വഴിക്കോണിലും, അന്തിമിനുക്കത്തിലും, രാത്രിയുടെയും ഇരുളിന്റെയും മറവിലും നാം കണ്ടുമുട്ടുന്ന ദുശ്ചരിതയായ സ്ത്രീയിൽനിന്ന് അവളുടെ സ്വഭാവം എത്രമാത്രം വ്യത്യസ്തമാണെന്ന്, ജ്ഞാനത്തിന്റെ പ്രഭാഷണത്തിന് കാതോർക്കാനുള്ള ക്ഷണമായി ഗ്രന്ഥകർത്താവ് പറയുന്ന വാക്കുകൾ വ്യക്തമാക്കുന്നു.  ഒരു പകലിന്റെ, പ്രകാശത്തിന്റെ പ്രതീതിയുണർത്തുന്ന സാഹചര്യത്തിൽ, വീഥികളിലും വഴിയരികിലുള്ള കുന്നുകളിലും നിലയുറപ്പിച്ചും, നഗരകവാടത്തിൽ വാതിലിന് അരികെ നിന്നുകൊണ്ടുമാണ് ജ്ഞാനം വിളിച്ചുപറയുന്നതും, അറിവ് ഉച്ചത്തിൽ ഘോഷിക്കുന്നതും (സുഭാ. 8, 1-3). പാപത്തിന്റെ രഹസ്യാത്മകസ്വഭാവത്തിൽനിന്ന് വ്യത്യസ്തമായ, നന്മയുടെ തുറന്ന മനോഭാവം ഇവിടെ വ്യക്തമാകുന്നുണ്ട്.

ജ്ഞാനത്തിന്റെ സ്വഭാവവും വാഗ്ദാനങ്ങളും

ആമുഖമായി നാം കണ്ടതുപോലെ ജ്ഞാനം തന്നെക്കുറിച്ച് തന്നെ നടത്തുന്ന ഏറ്റവും വലിയ പ്രഭാഷണമാണ് ഈ അദ്ധ്യായത്തിലുള്ളത്. നാല് മുതൽ ഇരുപത്തിയൊന്ന് വരെയുള്ള വാക്യങ്ങളിൽ ജ്ഞാനം തന്റെ മൂല്യവും സവിശേഷതകളും പ്രവൃത്തികളും വെളിവാക്കുകയും, തന്നോടൊപ്പമുള്ള വിവേകപൂർണ്ണമായ ജീവിതത്തിലേക്ക്, ഏവരെയും ക്ഷണിക്കുകയും ചെയ്യുന്നു. സത്യവും നന്‍മയും നിറഞ്ഞതും ഉത്തമവും ഉചിതവും നീതിയുക്തമായ വാക്കുകളാണ് തന്നിൽനിന്ന് വരുന്നതെന്ന് ജ്ഞാനം ഓർമ്മിപ്പിക്കുന്നു (സുഭാ. 8, 6-8). തിന്മയോ, വളച്ചൊടിച്ചതോ വക്രമോ ആയവയൊന്നും ജ്ഞാനത്തോട് ചേർന്ന് പോകില്ല. ജ്ഞാനപ്രബോധനം പ്രബോധനം വെള്ളിക്ക് പകരവും, ജ്ഞാനം സ്വർണ്ണത്തിന് പകരവും, രത്നങ്ങളെക്കാൾ ശ്രേഷ്ഠവുമാണ് (സുഭാ. 8, 10-11). അഹംഭാവം, ഗർവ്, ദുർമാർഗം, ദുർവചനം എന്നിവ താൻ വെറുക്കുന്നുവെന്നും, അറിവും ശക്തിയും തനിക്കുണ്ടെന്നും, രാജാക്കന്മാർ ഭരിക്കുന്നതും, അധികാരികൾ നീതി നടത്തുന്നതും, നാടുവാഴികൾ അധികാരം നടത്തുന്നതും പ്രഭുക്കന്മാർ ഭൂമി ഭരിക്കുന്നതും താൻ മുഖേനയാണെന്നും ജ്ഞാനം ഓർമ്മിപ്പിക്കുന്നു (സുഭാ. 8, 13-16). തന്നെ സ്നേഹിക്കുന്നവർക്കും അന്വേഷിക്കുന്നവർക്കും താൻ സംലഭ്യയാണെന്നും, തന്റെ ഫലം സ്വർണ്ണത്തെയും തങ്കത്തെയും കാൾ ശ്രേഷ്ഠമാണെന്നും, സമ്പത്തും ബഹുമാനവും നിലനിൽക്കുന്ന ധനവും ഐശ്യര്യവും തന്റെ പക്കലുണ്ടെന്നും അവകാശപ്പെടുന്ന ജ്ഞാനം, തന്നെ സ്നേഹിക്കുന്നവരെ താൻ സമ്പന്നരാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതും നമുക്ക് കാണാം (സുഭാ. 8, 17-21).

ആദ്യസൃഷ്ടിയായ ജ്ഞാനം

ജ്ഞാനം ദൈവത്തിന്റെ ആദ്യ സൃഷ്ടിയാണെന്നും, പ്രകൃതിയുടെയും അതിലെ സകലത്തിന്റെയും സൃഷ്ടിയുടെ സമയത്ത് താൻ ദൈവത്തോടുപ്പമുണ്ടായിരുന്നുവെന്നും ഇരുപത്തിരണ്ട് മുതൽ മുപ്പത്തിയൊന്ന് വരെയുള്ള വാക്യങ്ങളിൽ ജ്ഞാനം അവകാശപ്പെടുന്നു (സുഭാ. 8, 22-31). തന്റെ അവകാശവാദം ഉറപ്പിക്കാനായി രണ്ടുവട്ടമാണ് പ്രപഞ്ചോത്പത്തിയെക്കുറിച്ച് ജ്ഞാനം ഇവിടെ സംസാരിക്കുന്നത്. ഒന്നാമതായി ജ്ഞാനം താൻ മറ്റെല്ലാത്തിനും മുൻപായി, യുഗങ്ങൾക്ക് മുൻപ്, ഭൂമിയുടെ അവർഭാവത്തിന് മുൻപായി, സമുദ്രങ്ങൾക്കും അരുവികൾക്കും പർവ്വതങ്ങൾക്കും കുന്നുകൾക്കും മുൻപായി ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവളാണെന്ന്, അതുവഴി ഏവരുടെയും ബഹുമതിക്ക് അർഹയാണെന്ന് ഓർമ്മിപ്പിക്കുന്നു (സുഭാ. 8, 22-26). രണ്ടാമതാകട്ടെ, സൃഷ്ടികർമ്മത്തിന്റെ സമയത്ത്, ദൈവം ആകാശങ്ങൾ സ്ഥാപിച്ചപ്പോഴും സമുദ്രത്തിന് അതിരിട്ടപ്പോഴും ഭൂമിയെ ഉറപ്പിച്ചപ്പോഴും, വിദഗ്ദനായ ഒരു പണിക്കാരനെപ്പോലെ താൻ അവനരികിലുണ്ടായിരുന്നുവെന്നും, അവനുമുന്നിൽ ആഹ്ളാദിച്ചും സദാ സന്തോഷിച്ചും, ഭൂമിയിൽ മനുഷ്യപുത്രരിൽ ആനന്ദം കണ്ടെത്തിയും താൻ വസിച്ചുവെന്നും അവൾ വെളിവാക്കുന്നു (സുഭാ. 8, 27-30). ദൈവത്തോടൊപ്പമുള്ള ജ്ഞാനത്തിന്റെ അസ്‌തിത്വത്തെക്കുറിച്ച് പ്രഭാഷകന്റെ പുസ്തകം ഇരുപത്തിനാലാം അദ്ധ്യായത്തിലും, ആദിമുതലേ ദൈവത്തോടൊപ്പമുള്ള വചനത്തെക്കുറിച്ച് യോഹന്നാന്റെ പുസ്തകം ഒന്നാം അദ്ധ്യായത്തിലും, കൊളോസിയർക്കുള്ള ലേഖനം ഒന്നാം അദ്ധ്യായത്തിലും (കൊളോ. Col 1,15–20) നാം വായിക്കുന്നുണ്ട്.

ജ്ഞാനത്തിന്റെ ആഹ്വാനം

എട്ടാം അദ്ധ്യായത്തിന്റെ മുപ്പത്തിരണ്ട് മുതലുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്ന അവസാനഭാഗത്ത് (സുഭാ. 8, 32-36), ഏഴാം അദ്ധ്യായം ഇരുപത്തിനാല് മുതലുള്ള അവസാനവാക്യങ്ങളിലേത് പോലെ (സുഭാ. 7, 24–27), തന്റെ വാക്കുകൾക്ക് കാതോർക്കാനുള്ള പിതൃസമാനമായ ഒരു വിളിയാണ് ജ്ഞാനം മുന്നോട്ടുവയ്ക്കുന്നത്. തന്റെ മാർഗ്ഗങ്ങൾ പിന്തുടരുന്നവർ ഭാഗ്യവാന്മാരെണെന്ന് ഓർമ്മിപ്പിക്കുന്ന ജ്ഞാനം, തന്റെ പ്രബോധനം അവഗണിക്കാതെ, അവ കേട്ട് വിവേകികളായിത്തീരാൻ, തന്റെ പടിവാതിൽക്കൽ, ശ്രദ്ധാപൂർവ്വം ദൃഷ്ടിയുറപ്പിച്ച്, തന്റെ വാക്കുകൾ കേൾക്കാൻ ഏവരെയും ക്ഷണിക്കുന്നു (സുഭാ. 8, 32-34). തന്നെ കണ്ടെത്തുന്നവൻ ജീവൻ കണ്ടെത്തുകയും കർത്താവിന്റെ പ്രീതി നേടുകയും ചെയ്യുന്നുവെന്ന് വാഗ്ദാനം ചെയ്യുന്ന ജ്ഞാനം എന്നാൽ, തന്നെ കൈവിടുന്നവൻ തന്നെത്തന്നെ ദ്രോഹിക്കുകയും, തന്നെ വെറുക്കുന്നവൻ മരണത്തെ സ്നേഹിക്കുകയുമാണ് ചെയ്യുന്നതെന്ന മുന്നറിയിപ്പും നൽകിക്കൊണ്ടാണ് തന്റെ പ്രഭാഷണം അവസാനിപ്പിക്കുന്നത് (സുഭാ. 8, 35-36). ആമുഖത്തിൽ പറഞ്ഞതുപോലെ, ഒന്നാം അദ്ധ്യായത്തിലെ ജ്ഞാനത്തിന്റെ പരുഷമായ പ്രഭാഷണശൈലി നാം ഇവിടെ വീണ്ടും കണ്ടുമുട്ടുന്നുവെന്ന ഒരു പ്രത്യേകത കൂടി ഈ വാക്യത്തിനുണ്ട്.

ഉപസംഹാരം

വ്യഭിചാരമുൾപ്പെടെയുള്ള തിന്മയുടെയും പാപത്തിന്റെയും ജീവിതത്തിലേക്ക് നയിക്കുന്ന പ്രലോഭകരിലും പ്രലോഭനങ്ങളിലും നിന്ന് അകന്നുനിൽക്കാനുള്ള ആഹ്വാനം മുന്നോട്ടുവച്ച ഏഴാം അദ്ധ്യായത്തിൽനിന്ന് വ്യത്യസ്തമായി, ദൈവദാനവും, നന്മയിലേക്കും ആനന്ദത്തിലേക്കും, അതിലുപരി ജീവനിലേക്കും നയിക്കുന്നവളും, പ്രപഞ്ചസൃഷ്ടിക്ക് മുൻപ് തന്നെ ദൈവത്തോടൊത്തുണ്ടായിരുന്നവളുമായ ജ്ഞാനത്തിന്റെ ഉദ്‌ബോധനം ശ്രവിക്കാനും, ദൈവദാനമായ അവളെ സ്വന്തമാക്കി, അവളുടെ വാക്കുകൾക്ക് കാതോർത്ത്, വിവേകത്തോടെ ജീവിക്കാനും നമ്മെ ആഹ്വാനം ചെയ്യുന്ന ഈ അദ്ധ്യായത്തെക്കുറിച്ചുള്ള വിചിന്തനം ചുരുക്കുമ്പോൾ, ജ്ഞാനം മുന്നോട്ടുവയ്ക്കുന്ന ഈ ആഹ്വാനം നമുക്കും പൂർണ്ണമനസ്സോടും തുറന്ന ഹൃദയത്തോടും കൂടി സ്വീകരിക്കുകയും, അമൂല്യമായ ജ്ഞാനം സ്വന്തമാക്കി, നന്മയിലും നീതിയിലും ദൈവഭക്തിയിലും വിശ്വാസത്തിലും ചരിച്ച്, കർത്താവിന്റെ പ്രീതി നേടുകയും, ജീവൻ കണ്ടെത്തുകയും ചെയ്യാം. പിതൃ-ഗുരു സ്വരങ്ങളിലുള്ള ഈ ഉദ്ബോധനങ്ങൾ സ്വീകരിക്കുന്ന നമുക്കും, നമ്മുടെ ഉത്തമവും വിവേകപൂർണ്ണവുമായ ജീവിതം വഴി, ജ്ഞാനത്തിന്റെ അമൂല്യതയും, ജ്ഞാനമാർഗ്ഗത്തിൽ ഒരുവൻ എപ്രകാരമാണ് ജീവിക്കേണ്ടതെന്നും നമുക്ക് ചുറ്റുമുള്ളവർക്ക് കാണിച്ചുകൊടുക്കാൻ സാധിക്കട്ടെ. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 നവംബർ 2025, 16:08