മരണകരമായ പാപമാർഗ്ഗങ്ങളിൽനിന്നകന്ന് വിവേകത്തോടെ ജീവിക്കുക
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
സാമൂഹികവും വ്യക്തിപരവുമായ ജീവിതങ്ങളിലേക്ക് സ്വീകരിക്കാവുന്ന മൂല്യങ്ങൾ പകർന്നുനൽകുന്നതും മത, വർഗ്ഗ, ദേശവ്യത്യാസങ്ങളില്ലാതെ ഏതൊരാൾക്കും സ്വീകരിക്കാനാകുന്നതുമായ ഉദ്ബോധനങ്ങളാണ് സുഭാഷിതങ്ങൾ മുന്നോട്ടുവയ്ക്കുന്നതെന്ന് ഇതിനോടകം നാം കണ്ടുകഴിഞ്ഞു. നന്മയും മൂല്യങ്ങളുമുള്ള വ്യക്തികളാകാൻ മാതാപിതാക്കൾ മക്കൾക്ക് നൽകുന്ന ഉപദേശങ്ങൾ പോലെയും, മാതൃകാപരമായ ഒരു സമൂഹത്തെ വളർത്തിയെടുക്കാൻ ഗുരുവും സദ്‌ജനങ്ങളും നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പോലെയുമുള്ള ഉദ്ബോധനങ്ങളുടെ ശൈലിയാണ് ഈ അദ്ധ്യായങ്ങളിൽ നാം കണ്ടുമുട്ടുക. തെറ്റായ സ്ത്രീപുരുഷബന്ധത്തെക്കുറിച്ചുള്ള മൂന്ന് ഉദ്ബോധനഭാഗങ്ങളിൽ മൂന്നാമത്തേതാണ് ഏഴാം അദ്ധ്യായം. ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റ് രണ്ട് ഗീതകങ്ങൾ, ഒന്നാമത്തേത് അഞ്ചാം അദ്ധ്യായത്തിന്റെ ആദ്യഭാഗത്തും (സുഭാ. 5, 3-14) രണ്ടാമത്തേത്, ആറാം അദ്ധ്യായത്തിന്റെ രണ്ടാം ഭാഗത്തുമാണുള്ളത് (സുഭാ. 6, 20-35). വ്യഭിചാരവും വശീകരണവും ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാക്കുന്ന പരിണിതഫലങ്ങളെക്കുറിച്ചുള്ള സുഭാഷിതങ്ങളിലെ മൂന്ന് ഉദ്ബോധനങ്ങളിൽ കൂടുതൽ തീവ്രവും നാടകീയവുമായ ഭാഗം ഏഴാം അദ്ധ്യായത്തിലുള്ളതാണ്. എട്ടാം അദ്ധ്യായത്തിൽ അവതരിപ്പിക്കപ്പെടുന്ന ജ്ഞാനമാർഗ്ഗത്തിലൂടെയുള്ള ജീവിതത്തെക്കുറിച്ചുള്ള ഉദ്ബോധനത്തിന് കൂടുതൽ മൂല്യം പകരുന്നതാണ്, വ്യഭിചാരത്തിന്റെയും പാപത്തിന്റെയും മാർഗ്ഗത്തിലൂടെയുള്ള ജീവിതത്തിന്റെ അപകടത്തെക്കുറിച്ചുള്ള ഈ അദ്ധ്യായം.
പിതാവിന്റെ ഉദ്‌ബോധനം
ഒരു മകന് പിതാവ് നൽകുന്ന ഉപദേശത്തിന്റെ മാതൃകയിലാണ് ഏഴാം അദ്ധ്യായത്തിന്റെ ഒന്ന് മുതൽ അഞ്ചുവരെയുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്ന ആദ്യഭാഗം (സുഭാ. 7, 1-5) രചിക്കപ്പെട്ടിരിക്കുന്നത്. ശിഷ്യന്മാരാകട്ടെ, മക്കളാകട്ടെ, സന്മാർഗ്ഗത്തിന്റെ പാതയിൽ സഞ്ചരിക്കാൻ അവർക്ക് എല്ലാക്കാര്യങ്ങളെക്കുറിച്ചും അറിവുണ്ടായിരിക്കണമെന്ന ബോധ്യത്തിലാണ് സുഭാഷിതകർത്താവ് ഇവിടെ വ്യഭിചാരത്തിൽനിന്നും വ്യഭിചാരിണിയിൽനിന്നും അകന്നുനിൽക്കാൻ തന്റെ മുന്നിലുള്ള യുവാവിന് ഉദ്‌ബോധനം നൽകുന്നത്. ദുശ്ചരിതയും സ്വൈരിണിയുമായ സ്ത്രീയുമായുള്ള ബന്ധത്തെ അപകടകരവും വിലക്കപ്പെട്ടതുമായാണ് സുഭാഷിതമുൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ വിശേഷിപ്പിക്കുക. അവളുമൊത്തുള്ള ബന്ധവും ജീവിതവും മരണകരമായിരിക്കുമെന്ന ബോധ്യത്തിലാണ് തന്റെ വാക്കുകൾ അനുസരിക്കാനും, കൽപ്പനകൾ നിധിപോലെ കാത്തുസൂക്ഷിക്കാനും, ഉപദേശങ്ങൾ കണ്മണി പോലെ കാക്കാനും സുഭാഷിതം ആവശ്യപ്പെടുക (സുഭാ. 7, 1-2). തെറ്റായ ബന്ധങ്ങളിൽനിന്നും അകന്നുനിൽക്കാനുള്ള ഈ ആഹ്വാനത്തെ കൂടുതൽ ശക്തമാക്കുന്നതിനുവേണ്ടിയാണ് "അവ നിന്റെ വിരലുകളിൽ അണിയുക; ഹൃദയഫലകത്തിൽ കൊത്തിവയ്ക്കുക" (സുഭാ. 7, 3) എന്ന്, അതായത്, തന്റെ ഉദ്ബോധനങ്ങൾ ഉള്ളിൽ സ്വീകരിക്കാനും അവ ഹൃദിസ്ഥമാക്കാനും പിതാവ് ഉപദേശിക്കുന്നത്. നാലും അഞ്ചും വാക്യങ്ങളിലാകട്ടെ, പാപമാർഗ്ഗത്തിലേക്ക് നയിക്കുന്ന സ്ത്രീയിൽനിന്നും അകന്നുനിൽക്കാനും, സ്വയം സംരക്ഷിക്കാനും വേണ്ടി, "ജ്ഞാനത്തോട് നീ എന്റെ സഹോദരിയാണെന്നും, ഉൾക്കാഴ്ച്ചയോട് നീ എന്റെ ഉറ്റസുഹൃത്താണെന്നും പറയുക" (സുഭാ. 7, 4-5) എന്ന ഉപദേശവും സുഭാഷിതം നൽകുന്നുണ്ട്. ഈജിപ്തിലെ സ്നേഹവുമായി ബന്ധപ്പെട്ട കവിതകളും മെസപ്പൊട്ടോമിയയിലെ വിവാഹഗീതങ്ങളും, ഉത്തമഗീതത്തിത്തിലെ ചില പ്രയോഗങ്ങളും (ഉത്തമഗീതം 4, 9-12; 5, 1) കണക്കിലെടുത്ത്, ഇത് വിവാഹബന്ധത്തെക്കുറിച്ചാണ് സൂചിപ്പിക്കുകയെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. ജ്ഞാനമെന്ന സ്ത്രീയുമായുള്ള ബന്ധവും സൗഹൃദവും, തെറ്റിലും മരണകരമായ ബന്ധത്തിലും നിന്ന് ഒരുവനെ കാത്തുസൂക്ഷിക്കുമെന്ന ഉദ്ബോധനമാണ് ഇവിടെയുള്ളത്.
വ്യഭിചാരവും ബുദ്ധിശൂന്യതയും മരണവും
ഏഴാം അദ്ധ്യായത്തിന്റെ ആറുമുതൽ ഇരുപത്തിമൂന്ന് വരെയുള്ള വാക്യങ്ങളിൽ നാടകീയമായ ഒരു ഭാഷയിൽ, വ്യഭിചാരത്തിലേക്ക് ബുദ്ധിശൂന്യനായ ഒരുവൻ നയിക്കപ്പെടുന്നതിനെക്കുറിച്ചും, ഒരു സ്വൈരിണിയുടെ വാക്കുകൾക്ക് പിന്നാലെ പോകുന്നതിലെ അപകടം എപ്രകാരമുള്ളതാണെന്നതിനെക്കുറിച്ചുമുള്ള ഉദ്ബോധനമാണ് നാം കാണുന്നത് (സുഭാ. 7, 6-23). ഈയൊരു ചിന്തയെ കൂടുതൽ ശക്തമാക്കാൻവേണ്ടി, താൻ ജനാലയ്ക്കലൂടെ കണ്ട ഒരു സംഭവമെന്ന നിലയിൽ, ഒരു യുവാവ് എപ്രകാരം ഒരു വ്യഭിചാരിണിയുടെ അരികിലേക്ക് പോയി അവളുടെ കിടക്കയിൽ സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നുവെന്നതിനെക്കുറിച്ച് പിതാവ് പുത്രനോട് ആലങ്കാരികമായി വിവരിക്കുന്നത് നമുക്ക് കാണാം. ശുദ്ധഗതിക്കാരായ യുവാക്കളുടെ കൂട്ടത്തിലെ ബുദ്ധിശൂന്യനായ ഒരുവനാണ് ഈ യുവാവ് (സുഭാ. 7, 7). അന്തിമിനുക്കം, രാത്രിയുടെയും ഇരുളിന്റെയും മറവ് തുടങ്ങിയ പ്രയോഗങ്ങൾ പാപത്തെയും അജ്ഞതയെയുമാണ് സൂചിപ്പിക്കുക (സുഭാ. 7, 8-9). കുടിലഹൃദയ, വേശ്യയെപ്പൊലെ ഉടുത്തൊരുങ്ങിയവൾ, ഉച്ചത്തിൽ സംസാരിക്കുന്നവൾ, തന്നിഷ്ടക്കാരി, വീട്ടിൽ ഉറച്ചിരിക്കാത്തവൾ, തെരുവിലും ചന്തയിലും കാത്തിരിക്കുന്നവൾ എന്നിങ്ങനെയാണ് പാപിനിയായ സ്ത്രീ ഇവിടെ വിശേഷിപ്പിക്കപ്പെടുക (സുഭാ. 7, 10-12). പാപത്തിന്റെ ആകർഷണം എത്ര ശക്തമാണെന്ന് വ്യക്തമാക്കുന്നതാണ് പതിമൂന്ന് മുതലുള്ള വാക്യങ്ങൾ. അവൾ അവനെ പിടികൂടി ചുംബിക്കുകന്നു. അവനെ കണ്ടെത്താനായി ബലികൾ സമർപ്പിച്ചതിനെക്കുറിച്ചും, വ്രതങ്ങൾ പൂർത്തിയാക്കിയതിനെക്കുറിച്ചും, തന്റെ കിടക്ക ഈജിപ്തിലെ വർണ്ണപ്പകിട്ടാർന്ന പട്ടുകൊണ്ടലങ്കരിച്ച്, മീറ, അകിൽ, കറുവപ്പട്ട തുടങ്ങിയവയാൽ സുഗന്ധമുള്ളതാക്കിയതിനെക്കുറിച്ചും അവൾ നിർലജ്ജമായ മുഖഭാവത്തോടെ സംസാരിക്കുന്നു (സുഭാ. 7, 13-17). ജീവനിലേക്കു നയിക്കുന്ന ജ്ഞാനത്തോട് ചേർന്നുള്ള ജീവിതത്തിന് വിപരീതമായി മരണത്തിലേക്ക് നയിക്കുന്നതാണ് വ്യഭിചാരിണിയോട് ചേർന്നുള്ള ജീവിതമെന്ന ഉദ്ബോധനത്തിന്റെ പശ്ചാത്തലത്തിൽ വേണം ഈ വാക്കുകളെ നാം മനസ്സിലാക്കേണ്ടത്. മരണവുമായി ബന്ധപ്പെടുത്തി കിടക്കയെക്കുറിച്ചും സുഗന്ധദ്രവ്യങ്ങളെക്കുറിച്ചും വിശുദ്ധ ഗ്രന്ഥത്തിന്റെ പലയിടങ്ങളിലും പറയുന്നുണ്ട് എന്നതും നാം അനുസ്മരിക്കേണ്ടതുണ്ട് (ഏശയ്യാ 57, 2; എസക്കിയേൽ 32, 25; 2; ദിനവൃത്താന്തം 16, 15; യോഹ. 19, 39-40). ഭർത്താവ് ദീർഘയാത്ര പോയിരിക്കുന്നുവെന്നും വെളുത്തവാവിനേ തിരിച്ചെത്തൂ എന്നും കണക്കുകൂട്ടിയിരിക്കുന്ന സ്ത്രീ, പ്രഭാതമാകുന്നതുവരെ കൊതിതീരെ സ്നേഹം നുകരാൻ യുവാവിനെ ക്ഷണിക്കുന്നു. എന്നാൽ അവളുടെ പ്രേരണയും മധുരമൊഴിയും മരണത്തിലേക്കുള്ള ക്ഷണമാണെന്ന്, കശാപ്പുശാലയിലേക്ക് പോകുന്ന കാളയും, അമ്പു തുളഞ്ഞു കയറിയതും കുരുക്കിൽപ്പെട്ടതുമായ കാലമാനും, കെണിയിലേക്ക് പറക്കുന്ന പക്ഷിയും പോലെയാണ് അവൻ അവളെ അനുഗമിക്കുന്നതെന്ന്, ജീവനാണ് അവന് നഷ്ടപ്പെടാൻ പോകുന്നതെന്ന് അവൻ അറിയുന്നില്ലെന്ന് പിതാവ് ഓർമ്മിപ്പിക്കുന്നു (സുഭാ. 7, 18-23).
പാപമാർഗ്ഗത്തിൽനിന്ന് അകന്നുനിൽക്കുക
തന്റെ മകനോട് സന്മാർഗ്ഗം ഉപദേശിക്കുകയും, പാപത്തിന്റെ മാർഗ്ഗത്തിലേക്കുള്ള പ്രലോഭനങ്ങളുടെ ശക്തിയും അകർഷണീയതയും വ്യക്തമാക്കുകയും, സുരക്ഷയും ജീവനും ഉറപ്പുനൽകുന്ന ജ്ഞാനത്തെ സ്വന്തമാക്കാനുള്ള ആഹ്വാനം നൽകുകയും ചെയ്ത പിതാവ്, ഈ അദ്ധ്യായത്തിന്റെ ഇരുപത്തിനാലാം വാക്യം മുതലുള്ള അവസാനഭാഗത്ത്, കൂടുതൽ കേൾവിക്കാരോട്, എല്ലാ മനുഷ്യരോടുമാണ് സംസാരിക്കുന്നത്. "ആകയാൽ, മക്കളെ, ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കുവിൻ" (സുഭാ. 7, 24) എന്ന വാക്കുകൾ ഇതാണ് വ്യക്തമാക്കുന്നത്. വ്യഭിചാരിണിയുടെ മാർഗ്ഗത്തിലേക്ക് ഹൃദയം തിരിയരുതെന്നും, അലഞ്ഞുതിരിഞ്ഞ് അവളുടെ വഴികളിൽ ചെന്നുപെടരുതെന്നും ഉദ്ബോധിപ്പിക്കുന്ന ഗുരുസ്ഥാനീയനായ പിതാവ്, അനേകർ അവളുടെ ഇരകളായി നിലം പതിച്ചിട്ടുണ്ടെന്നും, അവൾ മൂലം അസംഖ്യം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നും, അവളുടെ ഭവനം പാതാളത്തിലേക്കുള്ള വഴിയാണെന്നും, മരണത്തിന്റെ അറകളിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണെന്നും ശിഷ്യരെ ഓർമ്മിപ്പിക്കുന്നു (സുഭാ. 7, 25-27). മുൻപ് നാം കണ്ടതുപോലെ, ജീവനിലേക്കു നയിക്കുന്ന ജ്ഞാനത്തിന്റെ പ്രകാശിതമായ മാർഗ്ഗത്തിൽനിന്ന് വ്യത്യസ്തമായി, എത്ര അപകടകരവും മരണകരവുമാണ് പാപത്തിന്റെ അന്ധകാരമാർഗ്ഗം എന്ന ഉദ്ബോധനമാണ് ഈ അദ്ധ്യായം നമുക്ക് നൽകുന്നത്.
ഉപസംഹാരം
മരണത്തിലേക്ക് നയിക്കുന്ന പാപവഴികളിലും പ്രലോഭനങ്ങളിലും പ്രലോഭകരിലും നിന്ന് അകന്നുനിൽക്കാനും, ജീവനിലേക്കു നയിക്കുന്ന ജ്ഞാനത്തെ സ്വന്തമാക്കി, അവളെ സ്നേഹിച്ച് ജീവിതം പ്രകാശമയമായ പാതയിൽ സുരക്ഷിതമാക്കാനും ആഹ്വാനം ചെയ്യുന്ന സുഭാഷിതങ്ങളുടെ പുസ്തകം ഏഴാം അദ്ധ്യായത്തെക്കുറിച്ചുള്ള ഈ വിചിന്തനം ചുരുക്കുമ്പോൾ, നമുക്കും മക്കൾക്കൊത്ത വിധേയത്വത്തോടെയും, വിവേകത്തോടെയും, പിതൃ, ഗുരു സ്വരങ്ങളിലുള്ള ഈ ഉപദേശങ്ങൾ ജീവിതത്തിലേക്ക് സ്വീകരിക്കാം. മനസ്സിനെ അസ്വസ്ഥതകളിലേക്ക് നയിക്കുന്ന ശബ്ദ, ആഘോഷ, കോലാഹലങ്ങളെക്കാൾ, ദൈവത്തിന്റെ ഉദ്ബോധനങ്ങൾ ഹൃദയത്തിൽ ധ്യാനിക്കാനുള്ള ഏകാഗ്രതയിലേക്ക് നയിക്കുന്ന ശാന്തതയ്ക്കും നിശബ്ദതയ്ക്കും കൂടുതൽ സമയം കണ്ടെത്താം. മരണത്തിലേക്ക് നയിക്കുന്ന മനോഹരവും സുഗന്ധപൂരിതവും ആനന്ദദായകവുമായ ഇടങ്ങളെയും ക്ഷണങ്ങളെയും കാൾ, ഹൃദയഫലകങ്ങളിൽ ദൈവം എഴുതിയ കൽപ്പനകൾ അനുസരിച്ചും, നന്മയുടെയും ജീവന്റെയും മാർഗ്ഗത്തിലേക്ക് നയിക്കുന്ന സന്മാർഗ്ഗത്തെ കൂടുതലായി സ്നേഹിച്ചും നിത്യജീവൻ അവകാശപ്പെടുത്താം. ഹൃദയങ്ങളെ നന്മയിലും വിശുദ്ധിയിലും സൂക്ഷിക്കാം, സ്വർഗ്ഗത്തിലേക്കുള്ള പാതയിൽ സഞ്ചരിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: