തിരയുക

സുഭാഷിതങ്ങൾ 6 സുഭാഷിതങ്ങൾ 6 

ജീവിതത്തിലേക്കുള്ള സദുപദേശങ്ങളും ദാമ്പത്യവിശ്വസ്തതയും

വചനവീഥി: സുഭാഷിതങ്ങൾ ആറാം അദ്ധ്യായത്തെക്കുറിച്ചുള്ള ധ്യാനാത്മകമായ പഠനം.
ശബ്ദരേഖ - ജീവിതത്തിലേക്കുള്ള സദുപദേശങ്ങളും ദാമ്പത്യവിശ്വസ്തതയും

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഒരു പിതാവ് പുത്രനോടെന്നപോലെയും ഗുരു ശിഷ്യനോടെന്നപോലെയും, അനുദിന പ്രയോഗികജീവിതത്തിലേക്ക് ഉപകാരപ്പെടുന്ന ജ്ഞാനസൂക്തങ്ങൾ ഉപദേശിക്കുന്ന ഒരു ഗ്രന്ഥമാണ് സുഭാഷിതങ്ങളുടെ പുസ്തകമെന്നും അവ, മത, വർഗ്ഗ, ദേശഭേദമന്യേ ഏവർക്കും സ്വീകരിക്കാനാകുന്നതായ ഉദ്ബോധനങ്ങളാണെന്നും നമുക്കറിയാം. ഈയൊരു ശൈലിയോട് കൂറുപുലർത്തുന്ന ചിന്തകളാണ് സുഭാഷിതഗ്രന്ഥം ആറാം അദ്ധ്യായത്തിലും നാം കണ്ടുമുട്ടുന്നത്. മുപ്പത്തിയഞ്ച് വാക്യങ്ങളുള്ള ഈ അദ്ധ്യായത്തെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് രണ്ടായി തിരിക്കാം. ഒന്ന് മുതൽ പത്തൊൻപത് വരെയുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാം ഭാഗത്ത് ഉപദേശമാതൃകയിലുള്ള നാല് സ്വതന്ത്രചിന്തകളാണ് (സുഭാ. 6, 1–5; 6–11; 12–15; 16–19) നാം കാണുക. ഇരുപത് മുതൽ മുപ്പത്തിയഞ്ച് വരെയുള്ള വാക്യങ്ങൾ (സുഭാ. 6, 20-35) ഉൾക്കൊള്ളുന്ന രണ്ടാം ഭാഗമാകട്ടെ, തെറ്റായ സ്ത്രീപുരുഷബന്ധത്തെക്കുറിച്ചുള്ള സുഭാഷിതഗ്രന്ഥത്തിലെ മൂന്ന് ഉദ്ബോധനഗീതകങ്ങളിൽ രണ്ടാമത്തേതാണ്. ഈ വിഷയത്തെക്കുറിച്ചുള്ള മറ്റ് രണ്ട് ഗീതകങ്ങൾ, ഒന്നാമത്തേത് അഞ്ചാം അദ്ധ്യായത്തിലും (സുഭാ. 5, 3-14) മൂന്നാമത്തേത് ഏഴാം അദ്ധ്യായത്തിലുമാണ് (സുഭാ. 7) നാം കാണുന്നത്. സുഭാഷിതങ്ങളുടെ പുസ്തകം ക്രോഡീകരിക്കപ്പെട്ട സമയത്ത്, വിലക്കപ്പെട്ടതും തെറ്റായതുമായ സ്ത്രീപുരുഷബന്ധത്തെക്കുറിച്ചുള്ള ഈ മൂന്ന് ഉദ്ബോധനഗീതകങ്ങൾക്കിടയിൽ ചേർക്കപെട്ടതാകാം ഈ അദ്ധ്യായത്തിന്റെ ആദ്യ ഭാഗമെന്ന ഒരു വ്യാഖ്യാനവും നിലനിൽക്കുന്നുണ്ട്.

നാല് വ്യത്യസ്ത ഉപദേശങ്ങൾ

ഇതുവരെ നാം കണ്ട അദ്ധ്യായങ്ങളിലെ, ജ്ഞാനം സ്വന്തമാക്കാനുള്ള ആഹ്വാനങ്ങളിൽനിന്ന് വ്യത്യസ്തമായി, ആറാം അദ്ധ്യായത്തിന്റെ ഒന്നാം ഭാഗത്ത് നാല് വ്യത്യസ്ത ഉപദേശങ്ങളാണെന്ന് നാം ആമുഖമായി കണ്ടുകഴിഞ്ഞു.

ഇതിൽ ഒന്നാമത്തേത് (സുഭാ. 6, 1–5) മറ്റൊരാൾക്കുവേണ്ടി ജാമ്യം നിൽക്കുന്നതിനെതിലെ അപകടത്തെക്കുറിച്ചുള്ള ഉദ്ബോധനമാണ്. ഇതിന് സമാനമായ വാക്യങ്ങൾ സുഭാഷിതങ്ങളുടെ പുസ്തകത്തിന്റെ മറ്റ് പല അദ്ധ്യായങ്ങളിലും ആവർത്തിക്കപ്പെടുന്നുമുണ്ട് (സുഭാ. 11, 15; 17, 18; 20, 16; 22, 26–27; 27, 13). ജാമ്യം നിൽക്കുന്നതിനെ വേട്ടക്കാരന്റെ കെണിയിൽപ്പെടുന്ന മാനിന്റെയും പക്ഷിയുടെയും അവസ്ഥയുമായി താരതമ്യപ്പെടുത്തിക്കൊണ്ട്, അയൽക്കാരന്റെ കുരുക്കിലും, പിടിയിലും നിന്ന് രക്ഷപെട്ടുകൊള്ളാൻ ഗ്രന്ഥകർത്താവ് ഉപദേശിക്കുന്നു. മറ്റൊരാൾക്കുവേണ്ടി ജാമ്യം നിൽക്കുന്നതിലൂടെ, അവന്റെ കടം  വീട്ടാൻ നിർബന്ധിതനായേക്കാനും, സ്വന്തം സ്വാതന്ത്ര്യം ഇല്ലാതാകാനുമുള്ള അപകടസാധ്യതതകളാണ് ഒരുവൻ ഏറ്റെടുക്കുന്നത്.

മടിയും അലസതയും ഉപേക്ഷിച്ച് അദ്ധ്വാനിക്കാനുള്ള ക്ഷണമാണ് രണ്ടാമത്തെ ഉപദേശം (സുഭാ. 6, 6–11). ഇതിനായി, വേനൽക്കാലത്ത് കലവറയൊരുക്കി കൊയ്ത്തുകാലത്ത് ഭക്ഷണം ശേഖരിച്ചുവയ്ക്കുന്ന ഉറുമ്പിന്റെ ഉദാഹരണമാണ് സുഭാഷിതകർത്താവ് മുന്നോട്ടുവയ്ക്കുന്നത്. ഒന്നും ചെയ്യാതെ, ഉറങ്ങിയും കൈകെട്ടിയിരുന്ന് വിശ്രമിച്ച് മുന്നോട്ടുപോകുന്നെങ്കിൽ, ദാരിദ്ര്യം വഴിപോക്കനെപ്പോലെയും ദുർഭിക്ഷം കൊള്ളക്കാരനെപ്പോലെയും നിന്റെ മുന്നിൽ എത്തുമെന്ന് ഈ ഭാഗം മുന്നറിയിപ്പ് നൽകുന്നു. ശാരീരികമായ ക്ഷീണം എന്നതിനേക്കാൾ പ്രവൃത്തിക്കാനുള്ള മടിയ്ക്കെതിരെയാണ് ഇവിടെയുള്ള ഉപദേശം. അലസതയ്ക്കെതിരെ ഇരുപത്തിനാലും ഇരുപത്തിയാറും അദ്ധ്യായങ്ങളിലും സുഭാഷിതം പഠിപ്പിക്കുന്നുണ്ട് (സുഭാ. 24, 30–34; 26,13–16).

ശരീരത്തെയും മനസ്സിനെയും പാപത്തിന്റെയും തിന്മയുടെയും അടിമയാക്കരുതെന്ന ഉദ്ബോധനമാണ് പന്ത്രണ്ട് മുതൽ പതിനഞ്ച് വരെയുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്ന മൂന്നാമത്തെ ഉപദേശത്തിൽ (സുഭാ. 6, 12–15) നാം കാണുന്നത്. നമ്മുടെ പ്രവൃത്തികൾക്കനുസരിച്ച പ്രത്യാഘാതങ്ങൾ നേരിടാൻ നാം തയ്യാറായിരിക്കണമെന്ന് സുഭാഷിതം ഉപദേശിക്കുന്നു. കുടിലസംസാരവുമായി നടക്കുന്ന പാദങ്ങൾ, തിന്മയ്ക്ക് ഉപയോഗിയ്ക്കുന്ന കണ്ണുകളും കാലുകളും വിരലുകളും, അനൈക്യം വിതയ്ക്കുകയും തിന്മയ്ക്ക് കളമൊരുക്കുകയും ചെയ്യുന്ന ഹൃദയം എന്നിങ്ങനെയുള്ള ചിന്തകൾ, സ്വന്തം ശരീരത്തെ ദുഷ്ടതയുടെ ആയുധങ്ങളായി പാപത്തിന് സമർപ്പിക്കുന്നതിനെയാണ് ഓർമ്മിപ്പിക്കുന്നത്. അങ്ങനെ ജീവിക്കുന്നവരുടെമേൽ അത്യാഹിതമുണ്ടാകുമെന്നും, പ്രതിവിധിയില്ലാത്തവിധം അവർ തകർന്നുപോകുമെന്നും വചനം ഓർമ്മിപ്പിക്കുന്നു. ജീവനിലേക്കു വിളിക്കപ്പെട്ട മനുഷ്യർ തങ്ങളെയും തങ്ങളുടെ ശരീരത്തെയും നന്മയുടെയും നീതിയുടെയും ഉപകരണങ്ങളാക്കി ദൈവത്തിന് സമർപ്പിക്കാൻ വിളിക്കപ്പെട്ടവരാണല്ലോ.

കർത്താവ് വെറുക്കുന്നതും മ്ലേച്ചമായി കരുതുന്നവയുമായ തിന്മകളെക്കുറിച്ചാണ് പതിനാറ് മുതൽ പത്തൊൻപത് വരെയുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്ന (സുഭാ. 6, 16–19) നാലാമത്തെ ഉപദേശത്തിൽ നാം വായിക്കുന്നത്. ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ പ്രവർത്തനങ്ങൾ നമ്മെ തിന്മയിലേക്ക് നയിക്കുന്നവയാകരുതെന്ന് ഇവയിലൂടെ ഒരിക്കൽക്കൂടി സുഭാഷിതകർത്താവ് ഓർമ്മിപ്പിക്കുന്നു. അഹങ്കാരം, നുണ, കൊലപാതകം, ഗൂഢാലോചന, തെറ്റ് ചെയ്യാനുള്ള സന്നദ്ധത, കള്ളസാക്ഷ്യം, സഹോദരങ്ങൾക്കിടയിൽ ഭിന്നതയുളവാക്കൽ എന്നീ ദുർഗുണങ്ങളിൽനിന്ന് അകന്നുനിൽക്കാനുള്ള ഒരു വിളിയാണ് ഇവിടെ നമുക്ക് ലഭിക്കുന്നത്.

ദാമ്പത്യവിശ്വസ്തതയും വിശുദ്ധിയും ജീവിതവും

ദാമ്പത്യവവിശ്വസ്തതയോടെയുള്ള ജീവിതം, വേശ്യാവൃത്തിയും വ്യഭിചാരവും തമ്മിലുള്ള അന്തരം, പരസ്ത്രീബന്ധം കൊണ്ടുവരുന്ന ശിക്ഷകൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ നൽകുന്ന ഉപദേശത്തിന്റെ മാതൃകയിലുള്ള ഉദ്ബോധനങ്ങളാണ് ഇരുപതാം വാക്യം മുതലുള്ള രണ്ടാം ഭാഗത്ത് നാം കാണുന്നത്. ഈ ഭാഗത്തെ നമുക്ക് മൂന്നായി തിരിക്കാം.

സുഭാഷിതഗ്രന്ഥത്തിലെ വിവിധ അദ്ധ്യായങ്ങളിൽ നാം കാണുന്ന ഉദ്ബോധനത്തിന്റെ ശൈലിയിലുള്ളതാണ് ഇരുപത് മുതൽ ഇരുപത്തിനാല് വരെയുള്ള വാക്യങ്ങൾ (സുഭാ. 6, 20-24). ഒരു വ്യക്തിയെ ശരിയായ മാർഗ്ഗത്തിൽ നയിക്കാനും, ഉറക്കത്തിൽപ്പോലും സംരക്ഷിക്കാനും, പുലരിയിൽ ഉപദേശിക്കാനും, വഴികളിൽ പ്രകാശമേകാനും, ശാസനമേകാനും ജീവന്റെ മാർഗ്ഗമായിരിക്കാനും ഉതകുന്നതാണ് മാതാപിതാക്കളുടെ കൽപനകളും ഉപദേശങ്ങളുമെന്നോർമ്മിപ്പിക്കുന്ന സുഭാഷിതവാക്യങ്ങൾ, ദുഷിച്ച സ്ത്രീയിലും സ്വൈരിണിയുടെ മൃദുലഭാഷണത്തിലും നിന്ന് അവ അവനെ കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പുനൽകിക്കൊണ്ട്, അവ എപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കാനും, ആലങ്കാരികമായ ഭാഷയിൽ, അവയെ കഴുത്തിൽ ധരിക്കാനും ആഹ്വാനം ചെയ്യുന്നു.

പരസ്ത്രീബന്ധത്തിനെതിരായ ചില ഉദ്ബോധനങ്ങളാണ് രണ്ടാമത് നാം കാണുന്നത്. വേശ്യാവൃത്തിയിലേർപ്പെടുന്ന ഒരു സ്ത്രീയുമായും, വിവാഹിതയായ ഒരു സ്ത്രീയുമായുമുള്ള ബന്ധങ്ങളെ താരതമ്യം ചെയ്യുകയും, ഇരുപ്രവൃത്തികളും തിന്മയാണെന്നും, ഇത്തരം പ്രവൃത്തികളിലേർപ്പെടുന്നവർ അതിന്റെ വിലകൊടുക്കേണ്ടിവരുമെന്നും ഓർമ്മിപ്പിക്കുന്ന സുഭാഷിതവാക്യങ്ങൾ, ഭർതൃമതിയായ ഒരു സ്ത്രീയുമായുള്ള തെറ്റായ ബന്ധത്തെ കൂടുതൽ ഗൗരവതരമായി കാണുന്നു. വേശ്യാവൃത്തിയിലേർപ്പെടുന്ന സ്ത്രീയുമായുള്ള ബന്ധം പണനഷ്ടമാണുണ്ടാക്കുന്നതെങ്കിൽ, വ്യഭിചാരിണിയുമായുള്ള ബന്ധം ഒരുവന്റെ ജീവനെത്തന്നെ വേട്ടയാടുന്നതാണെന്നും, ഉടുപ്പ് കത്താതെ മാറിടത്തിൽ തീ കൊണ്ടുനടക്കാനോ, കാല് പൊള്ളാതെ കനലിന് മീതെ നടക്കാനോ സാധിക്കാത്തതുപോലെ, അയൽക്കാരന്റെ ഭാര്യയെ പ്രാപിക്കുന്നവന് ശിക്ഷയേൽക്കാതിരിക്കില്ലെന്നും ഈ വാക്യങ്ങൾ ഓർമ്മിപ്പിക്കുന്നു.

മോഷണവും വ്യഭിചാരവും തമ്മിലുള്ള ഒരു താരതമ്യവിചിന്തനമാണ് മുപ്പതാം വാക്യം മുതലുള്ള അവസാനഭാഗത്ത് നാം കാണുന്നത്. മോഷണത്തിൽ പിടിക്കപ്പെട്ടാൽ, ഏഴ് മടങ്ങ് തിരികെ നൽകേണ്ടിവരുമെന്നും, സ്വത്തെല്ലാം വിട്ടുകൊടുക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകുന്ന സുഭാഷിതം, എന്നാൽ വിശപ്പടക്കാൻ വേണ്ടി ഒരുവൻ മോഷ്ടിച്ചാൽ, ആളുകൾ അവനെ വെറുത്തേക്കില്ലെന്ന് ഓർമ്മിപ്പിക്കുന്നു. അതേസമയം വ്യഭിചാരം ചെയ്യുന്നവൻ തന്നെത്തന്നെ നശിപ്പിക്കുകയും, തന്റെ മാനം ഇല്ലാതാക്കുകയും ഒരിക്കലും മാറാത്ത അപമാനത്തിന് ഇരയാകുകയുമാണ് ചെയ്യുന്നത്. ഇത്തരം പ്രവൃത്തികൾ അവനെ അവളുടെ ഭർത്താവിന്റെ കോപത്തിനും പ്രതികാരത്തിനും ഇരയാക്കുമെന്നും സുഭാഷിതം മുന്നറിയിപ്പ് നൽകുന്നു.

ഉപസംഹാരം

ജാമ്യം നിൽക്കുന്നതിലെ അപകടങ്ങൾ, അലസസ്വഭാവം അവസാനിപ്പിച്ച് ഉത്തരവാദിത്വപൂർണ്ണമായി ജീവിക്കേണ്ടതിന്റെ ആവശ്യകത, ശരീരത്തിലും മനസ്സിലും പാപക്കറയേശാതെ ജീവിക്കുന്നതിന്റെ പ്രാധാന്യം, കർത്താവിന് പ്രീതികരമല്ലാത്ത തിന്മകൾ ജീവിതത്തിൽനിന്ന് അകറ്റിനിറുത്തേണ്ടതിന്റെ ആവശ്യം, സ്ത്രീപുരുഷബന്ധത്തിലുണ്ടാകേണ്ട വിശുദ്ധി, ദാമ്പത്യവിശ്വസ്തത, തുടങ്ങി എല്ലാ മനുഷ്യരും ഹൃദയഫലകങ്ങളിൽ എഴുതി സൂക്ഷിക്കേണ്ട വ്യക്തമായ ഉദ്ബോധനങ്ങൾ നൽകുന്ന സുഭാഷിതഗ്രന്ഥത്തിലെ ആറാം അദ്ധ്യായത്തെക്കുറിച്ചുള്ള വിചിന്തനം ചുരുക്കുമ്പോൾ, നമുക്കും ഈ ഉദ്ബോധനങ്ങളുടെ അടിസ്ഥാനത്തിൽ സ്വജീവിതത്തെക്കുറിച്ച് ധ്യാനാത്മകമായി വിചിന്തനം ചെയ്യുകയും, കൂടുതൽ ഉത്തരവാദിത്വത്തോടും വിശുദ്ധിയോടും കൂടി ജീവിക്കുകയും ചെയ്യാം. പ്രലോഭനത്തിന്റെ മൃദുലഭാഷണങ്ങൾക്കും തെറ്റിന്റെ ആകർഷണത്തിനും വഴിപ്പെട്ട് സ്വയം നശിപ്പിക്കാതെ, വിശുദ്ധഗ്രന്ഥത്തിലൂടെ ലഭിക്കുന്ന ദൈവകല്പനകളുടെ വെളിച്ചത്തിൽ ശരീരത്തിന്റെയും മനസ്സിന്റെയും വിശുദ്ധിയോടെ, നന്മയിലേക്കും നിത്യതയിലേക്കും ജീവനിലേക്കും ചുവടുകൾ വയ്ക്കാം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ഒക്‌ടോബർ 2025, 17:07