ജീവിതത്തിലെ സ്നേഹബന്ധങ്ങളും വിശുദ്ധിയും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
അനുദിനജീവിതത്തിലേക്ക് ഉപകാരപ്രദമാകുന്ന വിവിധ ഉദ്ബോധനങ്ങൾ പങ്കുവയ്ക്കുന്ന സുഭാഷിതഗ്രന്ഥത്തിന്റെ അഞ്ചാം അദ്ധ്യായം, ജ്ഞാനിയും വിവേകിയുമായ ഒരു മനുഷ്യന്റെ സാമൂഹിക, കുടുംബബന്ധങ്ങൾ എപ്രകാരമായിരിക്കണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ചില ചിന്തകളും, അവിശ്വസ്തവും അധാർമ്മികവുമായ ഒരു ജീവിതം മുന്നോട്ട് വയ്ക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള സൂചനകളുമാണ് നൽകുന്നത്. ഈ അദ്ധ്യായത്തെ നമുക്ക് നാലായി തിരിക്കാം. സുഭാഷിതപുസ്തകത്തിൽ നാം പൊതുവായി കാണുന്നതുപോലെ, ഒരു പിതാവിന്റെയോ ഗുരുവിന്റെയോ സ്ഥാനത്തുനിന്നുകൊണ്ട് ജീവിതമൂല്യങ്ങളെക്കുറിച്ച് പഠിപ്പിക്കുന്ന സുഭാഷിതകർത്താവ് തന്റെ വാക്കുകൾ ശ്രദ്ധിക്കാനും, അവ സ്വീകരിച്ച് ജീവിക്കുന്നതുവഴി വിവേചനാശക്തി കാത്തുസൂക്ഷിക്കാനും, അറിവ് നേടാനും (സുഭാ. 5, 1-2) ഒരു വ്യക്തിക്ക് നൽകുന്ന ആഹ്വാനമാണ് ഈ അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത് നാം കാണുക (സുഭാ. 5, 1-2). "തെറ്റായതും പാപത്തിലേക്ക് നയിക്കുന്നതുമായ" സ്ത്രീപുരുഷബന്ധത്തെക്കുറിച്ച് സുഭാഷിതഗ്രന്ഥത്തിൽ നാം കാണുന്ന മൂന്ന് ഗീതകങ്ങളിലെ ആദ്യ ഉദ്‌ബോധനമാണ് തുടർന്നു വരുന്നത് (സുഭാ. 5, 3-14). ആറാം അദ്ധ്യായത്തിന്റെ രണ്ടാം പകുതിയിലും (സുഭാ. 6, 20-35) ഏഴാം (സുഭാ. 7) അദ്ധ്യായത്തിലുമാണ് ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റ് രണ്ട് ഗീതങ്ങൾ. സ്വന്തം ഭാര്യയുമായുള്ള ബന്ധത്തിൽ ആനന്ദത്തോടെയും വിശ്വസ്തതയോടെയും ജീവിക്കാനുമുള്ള ക്ഷണവും (സുഭാ. 5, 15-19), പാപകരമായ ജീവിതത്തിന്റെ പരിണിതഫലങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുമാണ് (സുഭാ. 5, 20-23) അഞ്ചാം അദ്ധ്യായത്തിൽ നാം കാണുന്ന മറ്റു ചിന്തകൾ.
തെറ്റായ സ്ത്രീപുരുഷബന്ധം
ആമുഖത്തിൽ നാം കണ്ടതുപോലെ, വീഴ്ചയിലേക്കും തകർച്ചയിലേക്കും ഒരുവനെ നയിക്കുന്ന തെറ്റായ സ്ത്രീപുരുഷബന്ധത്തെക്കുറിച്ചുള്ള ഗീതകമാണ് ഈ അദ്ധ്യായത്തിന്റെ മൂന്ന് മുതൽ പതിനാല് വരെയുള്ള വാക്യങ്ങളിൽ (സുഭാ. 5, 3-14) നാം കാണുന്നത്. ആദ്യം തേൻ പോലെ മധുരിക്കുന്നതും, തൈലം പോലെ സുഗമമായി ഒഴുകുന്നതുമായ ദുശ്ചരിതയുടെ മൊഴികൾ പിന്നീട് കാഞ്ഞിരം പോലെ കൈയ്ക്കുമെന്നും അത് ഇരുതലവാൾ പോലെ മൂർച്ചയുള്ളതാകുമെന്നും ആലങ്കാരികമായ വാക്കുകളുപയോഗിച്ച് ഓർമ്മിപ്പിക്കുന്ന സുഭാഷിതകർത്താവ് (സുഭാ. 5, 3-4), ജീവന്റെ വഴിയേ ശ്രദ്ധയോടെ നടക്കാതെ, എങ്ങോട്ടെന്നില്ലാതെ അലയുന്ന അവളുടെ മാർഗ്ഗം, ജീവൻ നൽകുന്ന ജ്ഞാനത്തിന്റെ മാർഗ്ഗത്തിൽനിന്ന് മനുഷ്യരെ അകറ്റി, അവരെ മരണത്തിലേക്കും പാതാളത്തിലേക്കും നയിക്കുന്നതാണെന്ന് എഴുതുന്നു (സുഭാ. 5, 5-6). വ്യക്തികളെ വഴിതെറ്റിക്കുകയും, അവരുടെ ജീവിതത്തിൽ സഹനത്തിനും വേദനകൾക്കും കാരണമാകുകയും ചെയ്യുന്ന വ്യഭിചാരം ഒഴിവാക്കാൻ വേണ്ട വിവേകവും വിവേചനശക്തിയും കാത്തുസൂക്ഷിക്കാനുള്ള ഒരു ക്ഷണമാണ് ഇവിടെ നാം കാണുന്നത്.
തന്റെ വാക്കുകൾ കേൾക്കാനും തന്റെ വചനങ്ങളിൽനിന്ന് വ്യതിചലിക്കാതെ ജീവിക്കാനും ക്ഷണിക്കുന്ന ഗുരു (സുഭാ. 5, 7), സമൂഹത്തിന് മുന്നിൽ ഒരുവന്റെ സത്‌കീർത്തി നശിപ്പിക്കുകയും, ആയുസ്സ് ഇല്ലാതാക്കുകയും (സുഭാ. 5, 8), സമ്പത്ത് അപഹരിക്കുകയും സ്വന്തമാക്കുകയും (സുഭാ. 5, 10) ചെയ്യുന്ന ദുശ്ചരിതയുമായുള്ള സമ്പർക്കത്തിൽനിന്ന് അകന്നുനിൽക്കാൻ (സുഭാ. 5, 8) ആവശ്യപ്പെടുന്നു. എല്ലും തോലുമായി മാറിയ ഒരുവന്റെ ജീവിതാന്ത്യത്തിൽ വൈകിവരുന്ന വിവേകത്തെയും, തനിക്ക് ലഭിച്ച ശിക്ഷണങ്ങളും ശാസനങ്ങളും അവഗണിച്ചും, ഗുരുക്കന്മാരുടെയും ഉപദേഷ്ടാക്കളുടെയും വാക്കുകൾക്ക് ചെവികൊടുക്കാതെയും, അവയെ വെറുത്തും, തന്നിഷ്ടപ്രകാരം തിന്മയിൽ ജീവിച്ച്, സമൂഹത്തിന് മുന്നിൽ നശിച്ചവനെപ്പോലെയായിത്തീർന്ന അവസരത്തിലുദിച്ച പശ്ചാത്താപചിന്തയെക്കുറിച്ചും (സുഭാ. 5, 11-14) സുഭാഷിതകർത്താവ് ഈ ഭാഗത്ത് ഓർമ്മിപ്പിക്കുന്നുണ്ട്.
ദാമ്പത്യവിശ്വസ്തതയും ആനന്ദവും
ഈ അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത് തെറ്റായ സ്ത്രീപുരുഷബന്ധത്തിന്റെ പരിണിതഫലങ്ങളെക്കുറിച്ച് ഉദ്ബോധിപ്പിക്കുന്ന സുഭാഷിതകർത്താവ്, പതിനഞ്ച് മുതൽ ഇരുപത് വരെയുള്ള വാക്യങ്ങളിൽ, ഒരുവൻ അവന്റെ ഭാര്യയുമായുള്ള ബന്ധത്തിൽ കാത്തുസൂക്ഷിക്കേണ്ട ദാമ്പത്യവിശ്വസ്തതയുടെ പ്രാധാന്യമാണ് എടുത്തുപറയുന്നത്. ഒരുവന്റെ ഭാര്യയെക്കുറിച്ച് ആലങ്കാരികമായി "നിന്റെ കിണർ, നിന്റെ ഉറവ, ചന്തമുള്ള മാൻപേട" (സുഭാ. 5, 15-19) തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് വിശേഷിപ്പിക്കുന്ന ഒരു ശൈലി ഇവിടെ നമുക്ക് കാണാം. നിന്റെ കിണറിൽനിന്ന് മാത്രം കുടിക്കണമെന്ന്, സ്വഭാര്യയോട് മാത്രം ബന്ധം പുലർത്തണമെന്നും, അന്യസ്ത്രീകളിലേക്ക് നിന്റെ സ്നേഹം ഒഴുക്കരുതെന്ന്, അവരുമായി ബന്ധമരുതെന്ന് (സുഭാ. 5, 16-17) ഈ വാക്യങ്ങൾ ഉദ്ബോധിപ്പിക്കുന്നു. ഉത്തമഗീതത്തിന്റെ നാലാം അദ്ധ്യായത്തിൽ, മണവാട്ടിയെ നീരുറവയായും ജീവജലത്തിന്റെ കിണറായും അരുവിയായും ഉപമിക്കുന്നത് നാം കാണുന്നുണ്ട് (ഉത്തമഗീതം 4, 12-15).സ്വന്തം ഭാര്യയിൽ ആനന്ദിക്കാൻ ഭർത്താവിനെ ക്ഷണിക്കുന്ന സുഭാഷിതവാക്യങ്ങൾ, ഇത്തരമൊരു ദാമ്പത്യവിശ്വസ്തത ജീവിക്കുമ്പോൾ, ഭാര്യയുടെ സ്നേഹം അവനിൽ സന്തോഷം നിറയ്ക്കുമെന്നും, അവളുടെ പ്രേമം അവനെ ലഹരി പിടിപ്പിക്കുമെന്നും (സുഭാ. 5, 19) പഠിപ്പിക്കുന്നു. ഭാര്യാഭർത്തൃബന്ധത്തിൽ ഉണ്ടായിരിക്കേണ്ട ആത്മാർത്ഥതയും വികാരവിചാരങ്ങളും സ്വന്തമെന്ന മനോഭാവവുമൊക്കെ ഈ വാക്യങ്ങളിൽ നാം കാണുന്നുണ്ട്. ഇങ്ങനെ, ദാമ്പത്യവിശ്വസ്തതയുടെ സദ്‌ഫലങ്ങൾ വിശദീകരിച്ച ശേഷം, ഇതേ അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത് ദുശ്ചരിതയുമൊത്തുള്ള ബന്ധത്തിലെ തിന്മകൾ കൂടി വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിൽ, "മകനേ, നീ ദുശ്ചരിതയായ സ്ത്രീക്ക് വഴിപ്പെടുകയും, സ്വൈരിണിയുടെ വക്ഷസ്സിനെ ആശ്ലേഷിക്കുകയും ചെയ്യുന്നതെന്തിന്? (സുഭാ. 5, 20) എന്ന ചോദ്യം സുഭാഷിതകർത്താവ് ഉയർത്തുന്നു.
പാപത്തിന്റെ ഫലങ്ങളും ശിക്ഷയും
തെറ്റുകളുടെ അനന്തരഫലമെന്തായിരിക്കുമെന്ന ഉദ്ബോധനമാണ് അഞ്ചാം അദ്ധ്യായത്തിന്റെ ഇരുപത്തിയൊന്ന് മുതലുള്ള അവസാന വാക്യങ്ങളിൽ നാം കാണുന്നത്. കർത്താവിന് മുന്നിൽ മനുഷ്യന്റെ പ്രവൃത്തികൾ, അവ എത്ര നിഗൂഢവും രഹസ്യവുമാകട്ടെ, മറഞ്ഞിരിക്കുന്നവയല്ലെന്നും, അവന്റെ പാതകളെ ദൈവം പരിശോധിക്കുന്നുണ്ടെന്നും (സുഭാ. 5, 21) ഓർമ്മിപ്പിക്കുന്ന സുഭാഷിതകർത്താവ്, ദുഷ്ടന്റെ ദുഷ്‌കൃത്യങ്ങളും പാപങ്ങളും അവനെ കെണിയിൽ, അവൻ തന്നെ ഒരുക്കുന്ന വലയിൽ കുരുക്കുമെന്ന് (സുഭാ. 5, 22) മുന്നറിയിപ്പ് നൽകുന്നു. ദുഷ്ടരും, ഗുരുവിന്റെയും പിതാവിന്റെയും സദുപദേശങ്ങളും ശിക്ഷണങ്ങളും ഉപേക്ഷിക്കുന്നവരുമായ മനുഷ്യരുടെ ഭോഷത്തവും അറിവില്ലായ്മയും നാശത്തിലേക്കും മരണത്തിലേക്കുമാണ് നയിക്കുകയെന്ന് (സുഭാ. 5, 23) ഉദ്ബോധിപ്പിച്ചുകൊണ്ടാണ് ഈ അദ്ധ്യായം അവസാനിക്കുന്നത്.
ഉപസംഹാരം
സ്ത്രീപുരുഷബന്ധത്തിൽ, പ്രത്യേകിച്ച് ഭാര്യാഭർത്തൃബന്ധത്തിൽ ഉണ്ടായിരിക്കേണ്ട വിശ്വസ്തതയെയും വിശുദ്ധിയേയും, ആ ബന്ധത്തിലെ വീഴ്ചകൾ, പ്രത്യേകിച്ച് തെറ്റായ കുടുംബ, സ്ത്രീപുരുഷബന്ധങ്ങൾ ഉണ്ടാക്കുന്ന ദുരിതങ്ങളെയും കുറിച്ച് സമൂഹത്തിന് മുന്നറിയിപ്പ് നൽകുന്ന സുഭാഷിതഗ്രന്ഥത്തിന്റെ ഈ അഞ്ചാം അദ്ധ്യായം, മറ്റേതൊരു അദ്ധ്യായവും പോലെ, മത, വർഗ്ഗ, ദേശ, വിശ്വാസഭേദമന്യേ ഏതൊരു വ്യക്തിയും സമൂഹവും സ്വീകരിക്കുകയും, കാത്തുസൂക്ഷിക്കുകയും പാലിക്കുകയും ചെയ്യേണ്ടതായ ധാർമ്മിക, സാമൂഹിക മൂല്യങ്ങളാണ് മുന്നോട്ട് വയ്ക്കുന്നതെന്ന് നമുക്ക് കാണാം. എത്ര ആകർഷണീയമാണെങ്കിലും വിലക്കപ്പെട്ട ബന്ധങ്ങളും വ്യക്തികളും വസ്തുക്കളും ആർക്കും ഉപകാരപ്രദമാകില്ലെന്ന് മാത്രമല്ല, കാലത്തിന്റെ മുന്നോട്ടുള്ള ഒഴുക്കിൽ അവ ദുഃഖത്തിനും നാശത്തിനും മരണത്തിനും കാരണമാകുമെന്ന ഒരു തിരിച്ചറിവിലേക്ക് ഈ വാക്യങ്ങൾ നമ്മെ ക്ഷണിക്കുന്നുണ്ട്. മാതാപിതാക്കളും, ഗുരുഭൂതരും സദ്‌ജനങ്ങളും, അതിലുപരി തിരുവചനങ്ങളിലൂടെ ദൈവവും നൽകുന്ന നന്മയിലേക്കും വിശുദ്ധിയിലേക്കുമുള്ള വിളിയും ഉദ്ബോധനങ്ങളും സ്വീകരിച്ച്, ആനന്ദപൂർണ്ണവും സുരക്ഷിതവുമായ രക്ഷയിലേക്കും നിത്യതയിലേക്കുമുള്ള മാർഗ്ഗത്തിൽ സഞ്ചരിക്കാൻ ഈ വിചിന്തനം നമ്മെ സഹായിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: