തിരയുക

തെർനോപിൽ നഗരത്തിൽനിന്നുള്ള ഒരു ദൃശ്യം - ആർച്ച്ബിഷപ് തെയൊദോർ മർത്തീന്യൂക്ക് കൊല്ലപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു തെർനോപിൽ നഗരത്തിൽനിന്നുള്ള ഒരു ദൃശ്യം - ആർച്ച്ബിഷപ് തെയൊദോർ മർത്തീന്യൂക്ക് കൊല്ലപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു 

ഉക്രൈനിൽ കടുത്ത റഷ്യൻ ആക്രമണം: പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് മെത്രാപ്പോലീത്ത മർത്തീന്യൂക്ക്

ചൊവ്വാഴ്ച വൈകിട്ട് പടിഞ്ഞാറൻ ഉക്രൈൻ നഗരമായ തെർനോപിലിലും മറ്റിടങ്ങളിലും റഷ്യ നടത്തിയ കടുത്ത ആക്രമണത്തെത്തുടർന്ന് മൂന്ന് കുട്ടികളടക്കം ഇരുപത്തിയഞ്ചോളം ആളുകൾ മരണമടഞ്ഞു. എഴുപത്തിമൂന്ന് പേർക്ക് പരിക്കേറ്റു. പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് തെർനോപിൽ-സ്‌ബോറീവ് മെത്രാപ്പോലീത്ത ആർച്ച്ബിഷപ് തെയൊദോർ മർത്തീന്യൂക്ക്.

സ്വിത്‌ലാന ദൂഹോവിച്, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ ദിവസങ്ങളിൽ റഷ്യ പടിഞ്ഞാറൻ ഉക്രൈനിലുൾപ്പെടെ നടത്തിയ കടുത്ത ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ നിരവധിയാളുകൾ കൊല്ലപ്പെട്ടു. നവംബർ 18 ചൊവ്വാഴ്ചയ്ക്കും 19 ബുധനാഴ്ചയ്ക്കും ഇടയിലുള്ള രാത്രിയിൽ ഖാർകിവ്, തെർനോപിൽ, ലിവിവ്, ഇവാനോ ഫ്രാങ്കിവ്സക് എന്നീ ഇടങ്ങളിലാണ് റഷ്യ പ്രധാനമായും ആക്രമണം അഴിച്ചുവിട്ടത്. ഏതാണ്ട് 470 ഡ്രോണുകളും 48 മിസൈലുകളുമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഉക്രൈൻ അറിയിച്ചു.

ബുധനാഴ്ച രാവിലെ ആറരയ്ക്ക് തെർനോപിൽ നഗരത്തിൽ വലിയൊരു അക്രമണമുണ്ടായതായി വത്തിക്കാൻ ന്യൂസിനെ അറിയിച്ച ഗ്രീക്ക് കത്തോലിക്കാസഭയുടെ തെർനോപിൽ-സ്‌ബോറീവ് അതിരൂപതാ മെത്രാപ്പോലീത്ത ആർച്ച്ബിഷപ് തെയൊദോർ മർത്തീന്യൂക്ക്, ഉക്രൈനിൽ കടുത്ത സഹനങ്ങളിലൂടെ കടന്നുപോകുന്ന ജനത്തിനുവേണ്ടി പ്രാർത്ഥനകൾ അഭ്യർത്ഥിച്ചു.

തെർനോപിലിൽ രണ്ട് ഒൻപത് നിലക്കെട്ടിടങ്ങളാണ് ആക്രമിക്കപ്പെട്ടത്. ഈ ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം ഇരുപത്തിയഞ്ചോളം ആളുകൾ മരണമടഞ്ഞതായും അഭിവന്ദ്യ മർത്തീന്യൂക്ക് വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത പതിനഞ്ച് പേരുൾപ്പെടെ എഴുപത്തിമൂന്ന് പേർക്ക് പരിക്കേറ്റു. ഇരുനൂറ് വീടുകൾ പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും, ഏതാണ്ട് അഞ്ചുലക്ഷത്തോളം പേർ വീടുകളിൽനിന്ന് ഇറങ്ങാൻ നിർബന്ധിതരായെന്നും അതിരൂപതാദ്ധ്യക്ഷൻ അറിയിച്ചു.

അപകടസ്ഥലത്തെത്തിയ ആർച്ബിഷപ്പും മറ്റു വൈദികരും മരണമടഞ്ഞവർക്കായി പ്രാർത്ഥിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ആക്രമണം നടന്നതിന്റെ പിറ്റേന്ന് നവംബർ 20 വ്യാഴാഴ്ച വത്തിക്കാൻ ന്യൂസിനോട് സംസാരിച്ച തെർനോപിൽ-സ്‌ബോറീവ് മെത്രാപ്പോലീത്ത, പ്രദേശത്ത് ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി സഭ ചെയ്യുന്ന സേവനങ്ങൾ വിവരിക്കുകയും ഏവർക്കും വേണ്ടി പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയും ചെയ്തു.

പ്രദേശത്തെ ഇടവകദേവാലയങ്ങളോടനുബന്ധിച്ച നിരവധി കെട്ടിടങ്ങളിൽ ആളുകൾക്ക് അഭയം നൽകിയിട്ടുണ്ടെന്നും, യുദ്ധം ആരംഭിച്ചതുമുതൽ ആളുകൾക്ക് ഇടം നൽകിയിരുന്ന സർവാനിത്സിയയിലുള്ള മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ, കൂടുതൽ ആളുകൾക്ക് പ്രവേശനം നൽകിയതായും അഭിവന്ദ്യ മർത്തീന്യൂക്ക് അറിയിച്ചു.

തെർനോപിലിലുള്ള ചില വ്യവസായസമുച്ചയങ്ങളും ഗോഡൗണുകളും നശിപ്പിക്കപ്പെട്ടതായും, അന്തരീക്ഷത്തിലെ ക്ളോറിന്റെ അളവ് ആറിരട്ടിയായി വർദ്ധിച്ചതായും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 നവംബർ 2025, 14:02