ക്രിസ്തുവിന്റെ രാജത്വത്തിരുനാൾ: വിശുദ്ധഗ്രന്ഥവും ചരിത്രവും ക്രൈസ്തവവിശ്വാസവും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ലോകമെങ്ങും പൊതുവെ ക്രൈസ്തവവിശ്വാസമനുസരിച്ച് ആഘോഷിക്കപ്പെടുന്ന ഒരു തിരുനാളാണ് ക്രിസ്തുവിന്റെ രാജത്വത്തിരുനാൾ. ലത്തീൻ റീത്തിൽ ആരാധനാക്രമവർഷത്തിന്റെ അവസാന ഞായറാഴ്ചയാണ് ഈ തിരുനാൾ കൊണ്ടാടപ്പെടുന്നത്. നിത്യജീവിതത്തെക്കുറിച്ചുള്ള ക്രൈസ്തവവീക്ഷണവുമായി ബന്ധപ്പെടുത്തി ഏറെ പ്രധാനപ്പെട്ട ഒരു തിരുനാളാണിത് എന്ന് നമുക്കറിയാം.
പതിനൊന്നാം പിയൂസ് പാപ്പാ 1925 ഡിസംബർ 11-ന് ക്വാസ് പ്രിമാസ് (Quas primas) എന്ന ചാക്രികലേഖനം വഴി സ്ഥാപിച്ച് ഒക്ടോബർ മാസത്തിലെ അവസാന ഞായറാഴ്ച, അതായത്, സകല വിശുദ്ധരുടെയും തിരുനാളിന് മുൻപുള്ള ഞായറാഴ്ച ആചരിച്ചുപോന്നിരുന്ന ഈ തിരുനാൾ പിന്നീട് പോൾ ആറാമൻ പാപ്പാ 1969-ൽ ആരാധനക്രമ കലണ്ടർ പരിഷ്കരിച്ചപ്പോൾ ആരാധനാക്രമവർഷത്തിന്റെ അവസാനം അതായത്, ആഗമനകാലത്തിന് തൊട്ടു മുൻപുള്ള ഞായറാഴ്ചയിലേക്ക് മാറ്റുകയാണുണ്ടായത്. സീറോമലബാർ സഭയിൽ ഇത് മംഗളവർത്തക്കാലം ആരംഭിക്കുന്നതിന് മുൻപുള്ള ഞായറാഴ്ചയാണ്. ക്രിസ്തുവിന്റെ മനുഷ്യാവതാരവും, അവന്റെ സ്വർഗ്ഗാരോഹണവുമൊക്കെയുമായി പ്രത്യേകമായ രീതിയിൽ ബന്ധപ്പെട്ടിരിക്കുന്ന ഈ തിരുനാളിലൂടെ, ലോകം മുഴുവന്റെയും രാജാവാണ് യേശുക്രിസ്തുവെന്ന പ്രധാനപ്പെട്ട ഒരു സന്ദേശം കൂടിയാണ് സഭ വിശ്വാസികൾക്ക് മുന്നിൽ സമർപ്പിക്കുന്നത്:.
ചരിത്രം
ക്രിസ്തുവിന്റെ രാജത്വത്തിരുനാളിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഈ തിരുനാൾ സ്ഥാപിക്കപ്പെടാനും, വിശ്വാസികളായ നാമെല്ലാവരും ഇത് ആഘോഷിക്കാനുമുള്ള പശ്ചാത്തലം മനസ്സിലാക്കുന്നത് പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ, ക്രൈസ്തവവിശ്വാസത്തിന് പ്രധാനപ്പെട്ട പഴയ, പുതിയ നിയമങ്ങൾ ഉൾക്കൊള്ളുന്ന തിരുവചനം രാജത്വവുമായി ബന്ധപ്പെട്ട് പറയുന്ന ചില കാര്യങ്ങൾ, 1925-ൽ കത്തോലിക്കാസഭ ഇത്തരമൊരു തിരുനാൾ സ്ഥാപിക്കാനുള്ള പ്രത്യേക കാരണങ്ങൾ തുടങ്ങിയവയെക്കുറിച്ച് നമുക്ക് ചിന്തിക്കാം..
ദൈവത്തിന്റെ രാജത്വവും പഴയനിയമജനതയും
വിശുദ്ധ ഗ്രന്ഥത്തിൽ നമ്മൾ വായിക്കുന്നതുപോലെ, രാജാക്കന്മാരും രാജ്യങ്ങളും അധികാരങ്ങളും നിലനിന്നിരുന്ന ഒരു കാലത്ത്, പഴയനിയമജനതയെ സംബന്ധിച്ചിടത്തോളം ഇതിന് സമാനമായ വ്യവസ്ഥിതികൾ അവരുടെയും ഒരു ആവശ്യമായിരുന്നു.
ഉത്പത്തിപുസ്തകം മുതൽ ക്രിസ്തുവിന്റെ ജനനം വരെയുള്ള ഇസ്രായേൽ ജനതയുടെ വിശ്വാസപരമായ ഒരു ചരിത്രം പഴയനിയമപുസ്തകങ്ങളിൽ നാം കാണുന്നുണ്ട്. ഈ ചരിത്രത്തിന്റെ ഒരു പ്രത്യേകത, സൃഷ്ടാവായ, തങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുകയും, അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ദൈവത്തെയും, തങ്ങൾക്കൊപ്പം പോരാടുകയും, തങ്ങൾക്ക് മോചനവും വിജയവും നൽകുകയും ചെയ്യുന്ന ഒരു രാജാവിനെയുമാണ് യഹൂദജനം ആഗ്രഹിച്ചത് എന്നതാണ്. എന്നാൽ, തങ്ങളുടെ തെറ്റായ ചിന്താഗതികളുടെയും പാപജീവിതത്തിന്റെയും ദൈവത്തോടുള്ള അകൽച്ചയുടെയും ഒക്കെ ഫലമായി, പലപ്പോഴും ദൈവത്തിന്റെ അനിഷ്ടത്തിന് അവർ പാത്രമാകുന്നതും, ശിക്ഷിക്കപ്പെടുന്നതും നമ്മൾ കാണുന്നുണ്ട്. അതേസമയം, സ്നേഹത്തോടെയും കരുണയോടെയും അധികാരത്തോടെയും ഈജിപ്തിലെ അടിമത്തത്തിൽനിന്ന് തന്റെ ജനത്തെ മോചിപ്പിച്ചുകൊണ്ടുപോകുന്ന യാഹ്‌വെയെയും പഴയനിയമം കാണിച്ചുതരുന്നുണ്ട്. സോളമനും ദാവീദുമൊക്കെ പോലെ, ഇസ്രയേലിനെ ദൈവഹിതത്തോട് ചേർന്ന് നയിച്ച അനേകം രാജാക്കന്മാരുടെ ചരിത്രത്തിനും പഴയനിയമം സാക്ഷ്യമേകുന്നുണ്ട്. എന്നാൽ ഇതിനൊക്കെ ഉപരിയായി വരാനിരിക്കുന്ന രക്ഷകനും മിശിഹായ്ക്കുമായി ദൈവജനം കാത്തിരിക്കുന്നതിനെക്കുറിച്ചും, പ്രവാചകന്മാർ അവന്റെ വരവിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതും നമ്മൾ പഴയനിയമത്തിൽ കാണുന്നുണ്ട്.
കാലവും പ്രകൃതിയും മാനവികതയും പ്രതീക്ഷയോടെ കാത്തിരുന്ന, ദൈവത്താൽ അയക്കപ്പെട്ട, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രയേലിന്റെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ രക്ഷകനും നാഥനുമായി കടന്നുവന്ന ക്രിസ്‌തുവിനെ, യഥാർത്ഥ രാജാവിനെ, യേശുവിൽ അവർ തിരിച്ചറിയുന്നില്ല എന്ന ദുഃഖസത്യവും പഴയ-പുതിയ നിയമങ്ങൾക്കിടയിൽ നാം കാണുന്നുണ്ട്.
രാജത്വചിന്തയും ക്രിസ്തുവും - പുതിയ നിയമത്തിൽ
യേശു, തന്നെക്കുറിച്ചും തന്റെ നിയോഗത്തെക്കുറിച്ചും രാജത്വത്തെക്കുറിച്ചും പലവുരു പഠിപ്പിച്ചിട്ടുപോലും, അവനൊപ്പം സഞ്ചരിച്ച, പഴയനിയമജനതയുടെ തുടർച്ചയായ ജനം മാത്രമല്ല, അവന്റെ ശിഷ്യന്മാർ പോലും, അവനിലെ ദൈവപുത്രനെ, രക്ഷകനെ, കൃത്യമായി തിരിച്ചറിയുന്നില്ല എന്നും, അവനിൽ ദാവീദിന്റെ വംശത്തിൽ പിറന്ന ഒരു വിപ്ലവകാരിയെയും, ഒരു പ്രവാചകനെയും, ഒരു അത്ഭുതപ്രവർത്തകനെയുമൊക്കെയാണ് പലപ്പോഴും അവർ കണ്ടതെന്നും പുതിയ നിയമം സാക്ഷ്യപ്പെടുത്തുന്നു. കാലിത്തൊഴുത്തിന്റെ ദാരിദ്ര്യത്തിൽ മനുഷ്യനായി പിറക്കുന്ന, ശക്തിയേക്കാൾ ക്ഷമയും, അധികാരത്തെക്കാൾ സേവനവും ശുശ്രൂഷയും, അതിക്രമങ്ങൾക്ക് മുന്നിൽ സ്നേഹവും മുന്നോട്ട് വയ്ക്കുന്ന, മണ്ണിനേക്കാൾ വിണ്ണിന്റെ മൂല്യമുയർത്തിപ്പിടിക്കുന്ന, അധികാരക്കസേരകൾക്കും കൊട്ടാരങ്ങൾക്കും തേരോട്ടങ്ങൾക്കും പകരം കുരിശിലൂടെ കൊണ്ടുവരുന്ന വിജയവും രക്ഷയും മുന്നോട്ട് വയ്ക്കുന്ന ഒരു രാജാവിനെ മനസ്സിലാക്കാൻ അത്ര എളുപ്പമല്ലായിരുന്നു എന്ന് നമുക്ക് കാണാം. സുവിശേഷങ്ങളിലും, ലേഖനങ്ങളിലും, വെളിപാടിന്റെ പുസ്തകത്തിലുമൊക്കെ ക്രിസ്തുവിന്റെ രാജത്വത്തെയും അധികാരത്തെയും കുറിച്ച് നിരവധി പരാമർശങ്ങളുണ്ട്. അവയിൽ ചില ഉദാഹരണങ്ങൾ നമുക്ക് പരിശോധിക്കാം.
യേശുവിന്റെ ജനനത്തെക്കുറിച്ച് ഗബ്രിയേൽ ദൈവദൂതൻ മറിയത്തിന് അറിയിപ്പ് കൊടുക്കുന്നിടത്താണ് ക്രിസ്തുവിന്റെ രാജത്വത്തെക്കുറിച്ചുള്ള ചിന്ത സുവിശേഷത്തിൽ ആദ്യമായി നമുക്ക് കാണാനാകുന്നത്. ജനിക്കാൻ പോകുന്ന ശിശുവിനെക്കുറിച്ച് ദൂതൻ പറയുന്നത് ഇങ്ങനെയാണ്, "അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്മേൽ അവൻ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല" (ലൂക്കാ 1, 32-33).
വിശുദ്ധ മത്തായിയുടെ സുവിശേഷം രണ്ടാം അദ്ധ്യായത്തിൽ, യഹൂദരുടെ രാജാവായി ജനിച്ചവനെ, യേശുവിനെ കാണാനായി കിഴക്കുനിന്ന് ജ്ഞാനികൾ എത്തുന്ന സംഭവവും (മത്തായി 2, 1-12) യേശുവിന്റെ രാജത്വത്തെക്കുറിച്ച് നമ്മോട് പറയുന്നുണ്ട്
തന്റെ വ്യക്തിത്വത്തെയും ഉദ്‌ബോധങ്ങളെയും ആധികാരികതയും ചോദ്യം ചെയ്യുന്ന സദുക്കായരോടും ഫരിസേയരോടും, ക്രിസ്തു ആരുടെ പുത്രനാണ് എന്ന ചോദ്യം യേശു ഉയർത്തുന്നത് സമാന്തരസുവിശേഷങ്ങളിൽ നമുക്ക് കാണാം (മത്തായി 22, 41-46; മർക്കോസ് 12, 35-37; ലൂക്കാ 20, 41-44). അവൻ ദാവീദിന്റെ പുത്രനാണ് എന്ന് മറുപടി പറയുന്ന ആ ജനത്തോട്, ദാവീദിന്റെയും കർത്താവായ, പിതാവിന്റെ വലതുഭാഗത്തിരിക്കുന്ന മിശിഹായാണ് താനെന്ന് അവൻ ഉദ്ബോധിപ്പിക്കുന്നുണ്ട്.
പീലാത്തോസിന്റെ മുന്നിൽ യേശു ചോദ്യം ചെയ്യപ്പെടുന്ന അവസരത്തിലും ക്രിസ്തുവിന്റെ രാജത്വത്തിന്റെയും, അവന്റെ രാജ്യത്തിന്റെയും പ്രത്യേകതകൾ വെളിവാക്കപ്പെടുന്നത് നാല് സുവിശേഷങ്ങളും രേഖപ്പെടുത്തുന്നുണ്ട് (മത്തായി 27, 11-14; മർക്കോസ് 15, 1-5; ലൂക്ക 23, 1-5; യോഹന്നാൻ 18, 33-37). ലോകത്തിന്റെ അധികാരങ്ങൾക്കും ശക്തികൾക്കും അതീതമായതും ഐഹികമല്ലാത്തതുമായ ഒരു രാജ്യമാണ് അവന്റേതെന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു.
വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിയെട്ടാം അദ്ധ്യായത്തിൽ, ഉത്ഥിതനായ ക്രിസ്തു, തന്റെ ശിഷ്യന്മാർക്ക് പ്രേഷിതദൗത്യം നൽകുന്ന ഭാഗത്ത്, അവൻ പ്രഖ്യാപിക്കുന്നുണ്ട്: "സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്ക് നൽകപ്പെട്ടിരിക്കുന്നു" (മത്തായി 28, 18). സാർവത്രികമായ തന്റെ അധികാരത്തെക്കുറിച്ച് വെളിപ്പെടുത്തുന്ന ക്രിസ്തു, "യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോടു കൂടി ഉണ്ടായിരിക്കും" (മത്തായി 28, 20) എന്ന വാഗ്ദാനവും നൽകുന്നുണ്ട്.
പുതിയനിയമത്തിലെ ലേഖനങ്ങളിലും, ദർശനങ്ങളുടെ രൂപത്തിൽ വെളിപാട് പുസ്തകത്തിലും ക്രിസ്തുവിന്റെ രാജത്വത്തെക്കുറിച്ചുള്ള ചിന്തകൾ നമുക്ക് കാണാം. തിന്മയെ തോൽപ്പിക്കുന്ന, എല്ലാവരെയും കീഴ്പ്പെടുത്തുന്ന, "നാഥന്മാരുടെ നാഥനും രാജാക്കന്മാരുടെ രാജാവുമായ കുഞ്ഞാടിനെക്കുറിച്ച്" വെളിപാടിൻറെ പുസ്തകം പതിനേഴാം അദ്ധ്യായത്തിലും (വെളിപാട് 17, 14), സ്വർഗ്ഗം തുറക്കപ്പെടുന്നതിനെക്കുറിച്ചും, വെള്ളക്കുതിരയുടെ മേൽ ഇരിക്കുന്ന രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനുമായവനെക്കുറിച്ച് (വെളിപാട് 19, 16) പത്തൊൻപതാം അദ്ധ്യായത്തിലും യോഹന്നാൻ എഴുതുന്നുണ്ട്. തിന്മയുടെ പ്രതീകമായ മൃഗത്തെയും, ഭൂമിയിലെ രാജാക്കന്മാരെയും തോല്പിക്കുന്നവനാണവൻ (വെളിപാട് 19, 19-21) എന്ന് യോഹന്നാൻ അവിടെയും ആവർത്തിക്കുന്നു.
സഭാ ചരിത്രം
വിശുദ്ധ ഗ്രന്ഥത്തിൽ മാത്രമല്ല, ആദിമ ക്രൈസ്തവസഭയിലും, പിന്നീട് സഭാചരിത്രത്തിലും ക്രിസ്തുവിന്റെ രാജത്വവും അധികാരവുമൊക്കെയായി ബന്ധപ്പെട്ട വിവിധ ചിന്തകൾ കടന്നുവരുന്നുണ്ട്. ക്രിസ്തുവിന്റെ രാജത്വവുമായി ബന്ധപ്പെട്ട് ക്രിസ്തുവർഷം 314-ൽ കേസറിയയിലെ മെത്രാനായിരുന്ന യൗസേബിയൂസ് സംസാരിക്കുന്നുണ്ട് എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. സർവ്വശക്തനായ ദൈവം എന്ന അർത്ഥത്തിൽ "ക്രിസ്തോസ് പാന്തോക്രാത്തോസ്" എന്ന ചിന്ത ഗ്രീക്ക് പാരമ്പര്യമുള്ള സഭകളിൽ ഉണ്ടായിരുന്നുവെന്നും, ഇതുമായി ബന്ധപ്പെട്ട ചിത്രം അൾത്താരകൾക്ക് പിന്നിൽ സ്ഥാപിക്കപ്പെട്ടിരുന്നു ഇപ്പോഴും നിലനിൽക്കുന്നു എന്നും നമുക്ക് കാണാം.
പരിശുദ്ധ പിതാക്കന്മാരും ക്രിസ്തുവിന്റെ രാജത്വത്തെക്കുറിച്ചുള്ള ചിന്തകളും
യഹൂദചരിത്രത്തിലെന്നപോലെ, സഭാചരിത്രത്തിലും, ക്രിസ്തുവിന്റെ ഉദ്ബോധനങ്ങളോട് ചേർന്ന് പോകാത്ത പല ചിന്തകളും കടന്നുകൂടിയിരുന്നു. അധികാരവും, സ്ഥാനങ്ങളും, ഭൗതിക നേട്ടങ്ങളുമൊക്കെ ഇതിന്റെ ഭാഗമായി സഭാ ചരിത്രത്തിൽ ഇടം പിടിക്കുന്നുണ്ട്. എന്നാൽ അതേസമയം, യഥാർത്ഥ ദൈവവിശ്വാസവും, സഭയും എന്തായിരിക്കണമെന്നതിനെക്കുറിച്ചും, സഭാഗാത്രത്തിലെ അംഗങ്ങളെന്ന നിലയിൽ നമ്മുടെ ചിന്തകൾ എപ്രകരമായിരിക്കണമെന്നതിനെക്കുറിച്ചും ഉള്ള ഉദ്ബോധനങ്ങൾ സഭ കാലാകാലങ്ങളിൽ നൽകിവന്നിരുന്നു. രണ്ടായിരത്തിലധികം വർഷങ്ങളുടെ ചരിത്രം പറയാനുള്ള ക്രൈസ്തവസഭയിൽ, കഴിഞ്ഞ നൂറ്റാണ്ടുകളിൽ ക്രിസ്തുവിന്റെ രാജത്വവുമായി ബന്ധപ്പെട്ട് പല പ്രധാന ഉദ്ബോധനങ്ങളും ഉണ്ടായിട്ടുണ്ട്.
ലിയോ പതിമൂന്നാമൻ പാപ്പാ
വിശുദ്ധ ലിയോ പതിമൂന്നാമൻ പാപ്പാ, 1899 മെയ് 25-ന് നൽകിയ "ആന്നും സാക്റും" (Annum sacrum) എന്ന ചാക്രികലേഖനത്തിൽ, മാനവരാശിയെ മുഴുവൻ ക്രിസ്തുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കുന്നുണ്ട്. ക്രിസ്തുവിന്റെ സാർവ്വത്രിക പ്രഭുത്വവും അധികാരവും, രാജത്വവുമൊക്കെ അടിസ്ഥാനപ്പെടുത്തിയാണ് ഈയൊരു സമർപ്പണം നടക്കുന്നത്.
പതിനൊന്നാം പിയൂസ് പാപ്പാ
ആഗോളതലത്തിൽ മാറ്റങ്ങൾ കൊണ്ടുവരികയും, മാനവികതയെയാകെ പിടിച്ചുകുലുക്കുകയും ചെയ്ത ഒന്നാം ലോകമഹായുദ്ധത്തിന്റെ (28 ജൂലൈ 1914 – 11 നവംബർ 1918) അവസാനം ലോകം കടന്നുപോയത് വല്ലാത്തൊരു പ്രതിസന്ധിയിലൂടെയാണ്. ഏതാണ്ട് 90 ലക്ഷത്തോളം പടയാളികളും 70 ലക്ഷത്തോളം സാധാരണക്കാരും ഈ യുദ്ധത്തിന്റെ ഭാഗമായി മരിച്ചു എന്നാണ് പറയപ്പെടുന്നത്. യുദ്ധം അവസാനിച്ചുവെങ്കിലും, ലോകത്ത് യഥാർത്ഥ സമാധാനം കൊണ്ടുവരാൻ യുദ്ധത്തിനാകില്ലെന്ന ചിന്ത മാനവരാശിക്ക് മുന്നിൽ നിലനിൽക്കുന്ന ഈ സമയത്താണ്, പതിനൊന്നാം പിയൂസ് പാപ്പാ "ഊബി ആർക്കാനോ ദേയി കൊൺസീലിയോ" (Ubi arcano Dei consilio) എന്ന തന്റെ ആദ്യ ചാക്രികലേഖനം എഴുതുന്നത്. 1922 ഡിസംബർ 23-ന് പ്രസിദ്ധീകരിക്കപ്പെട്ട ഈ രേഖയിലൂടെ, ക്രിസ്തു തന്റെ രാജ്യത്ത് കൊണ്ടുവരുന്ന യഥാർത്ഥ സമാധാനത്തെക്കുറിച്ച് പാപ്പാ ലോകത്തെ ഉദ്ബോധിപ്പിക്കുന്നുണ്ട്. തന്റെ ഉദ്ബോധനങ്ങളിലൂടെ ക്രിസ്തു മാനവമനസ്സുകളിലും, തന്റെ സ്നേഹത്തിലൂടെ അവരുടെ ഹൃദയങ്ങളിലും വാഴുന്നുവെന്ന് പാപ്പാ എഴുതി.
ക്രിസ്തുവിന്റെ രാജത്വത്തിരുനാൾ
1849 ഫെബ്രുവരിയിൽ റോമൻ റിപ്പബ്ലിക്, പേപ്പൽ രാജ്യം കൈയ്യേറിയെങ്കിലും, ഫ്രാൻസിന്റെ ഇടപെടലോടെ ഒൻപതാം പിയൂസ് പാപ്പാ തിരികെ അധികാരത്തിലേക്കെത്തിയിരുന്നു. എന്നാൽ പിന്നീട്, 1860-കളിൽ ഇറ്റലിയിൽ എടുക്കപ്പെടുന്ന തീരുമാനങ്ങളെത്തുടർന്ന്, പാപ്പായ്ക്ക് കീഴിലുള്ള ഭൂപ്രദേശങ്ങൾ വീണ്ടും പിടിച്ചെടുക്കപ്പെടുന്നുണ്ട്. പാപ്പാമാരുടെ ഭൗതിക അധികാരവുമായി ബന്ധപ്പെട്ട ചിന്തകളും (Roman question) സഭയിലും സമൂഹത്തിലും ഉയർന്നുവരുന്നുണ്ട്. ഇവയ്ക്കൊപ്പം, ഒന്നാം ലോകമഹായുദ്ധത്തിന്റെയും, തുടർന്നുവരുന്ന വിപ്ലവങ്ങളുടെയും ഒക്കെ പശ്ചാത്തലത്തിൽ, ലോകത്ത് മതേതരത്വ, ദേശീയതാ ചിന്തകൾ കൂടുതലായി ഉയർന്നുവരുന്നതും നമുക്ക് കാണാം. ഈയൊരു പശ്ചാത്തലത്തിലാണ്, പതിനൊന്നാം പിയൂസ് പാപ്പാ യഥാർത്ഥ അധികാരവും രാജ്യവും ആരുടേതാണ്, എന്നതിനെക്കുറിച്ച്, ജൂബിലി വർഷം കൂടിയായിരുന്ന 1925-ൽ, ക്വാസ് പ്രിമാസ് (Quas primas, 11-12-1925) എന്ന ചാക്രികലേഖനം വഴി സഭയെയും ലോകത്തെയും ഉദ്ബോധിപ്പിച്ചത്. ജൂബിലി വർഷത്തിലെ മാത്രമല്ല, സഭയുടെ വിശ്വാസവുമായിത്തന്നെ ബന്ധപ്പെട്ട ഒരു പ്രധാന പ്രഖ്യാപനമായിരുന്നു ഇത്. ഐഹികമായ അധികാരവുമായി ബന്ധപ്പെട്ട രാജത്വ ചിന്തകളിൽനിന്ന് വ്യത്യസ്തമാണ് ക്രിസ്തുവിന്റെ രാജത്വം എന്നതുകൊണ്ടുതന്നെ, അവനെ, ഹൃദയങ്ങളുടെ രാജാവായി അവതരിപ്പിക്കുന്ന ക്വാസ് പ്രിമാസ്, അവന്റെ രാജത്വത്തിന്റെ ആദ്ധ്യാത്മിക-സാർവ്വത്രിക സ്വഭാവം പ്രത്യേകം എടുത്തുപറയുന്നുണ്ട്. ഇറ്റലിയും പരിശുദ്ധ സിംഹാസനവുമായുള്ള ലാറ്ററൻ കരാർ 1929 ഫെബ്രുവരി 11-നാണ് നിലവിൽ വരുന്നതെന്നും നാമോർക്കണം.
ക്രിസ്തുവിന്റെ രാജത്വത്തിരുനാളും നമ്മുടെ വിശ്വാസവും
ഐഹികമായ അധികാരവും, ധനവും, രാജത്വങ്ങളും, പ്രഭുത്വങ്ങളും, പ്രപഞ്ചത്തിന്റെ മുഴുവൻ രാജാവായ ക്രിസ്തുവിന്റെ അധികാരത്തിനും അവന്റെ രാജ്യത്തിനും മുന്നിൽ ഒന്നുമല്ലെന്ന്, വിശ്വാസികളെ സംബന്ധിച്ചിടത്തോളം, ഈ ലോകത്തിലെ അധികാരങ്ങളെക്കാൾ ദൈവത്തിന്റെ അധികാരത്തിനാണ് പ്രാധാന്യമെന്നാണ് ക്രിസ്തുവിന്റെ രാജത്വത്തിരുനാൾ സ്ഥാപിച്ചതിലൂടെയും, ഈ തിരുനാൾ ആഘോഷിക്കാൻ നമ്മെ ആഹ്വാനം ചെയ്യുന്നതിലൂടെയും സഭ പഠിപ്പിക്കുന്നത്. അധികാരവും ശക്തിയും സ്വാധീനവും ഉപയോഗിച്ച് ഏതുവിധേനയും നേതൃനിരയിലേക്കുയരാൻ മനുഷ്യർ പരിശ്രമിക്കുന്ന, മനുഷ്യന്റെ അന്തസ്സിനേക്കാൾ പണത്തിനും പദവികൾക്കും വ്യക്തി, രാജ്യ താത്പര്യങ്ങൾക്കും പ്രാധാന്യം കല്പിക്കപ്പെടുന്ന ഒരു കാലത്ത്, കൃപയും കാരുണ്യവും സ്നേഹവും ഒഴുക്കി, മനുഷ്യർക്ക്, ദൈവമകനും മകളുമെന്ന അവന്റെ യഥാർത്ഥ മൂല്യവും അന്തസ്സും തിരികെ നൽകുന്ന, നിത്യതയുടെ ഒരു രാജ്യത്തെക്കുറിച്ചുള്ള ചിന്തകൾ നമുക്ക് മുന്നിൽ സഭയും ക്രൈസ്തവവിശ്വാസവും ഉയർത്തിപ്പിടിക്കുന്നു. എന്നേക്കും നിലനിൽക്കുന്നതും മഹത്വപൂർണ്ണമായതും, ഈ ലോകജീവിതത്തിന്റെ അവസാനം നാമെല്ലാവരും എത്തിപ്പെടേണ്ടതുമായ യഥാർത്ഥ രാജ്യത്തെയും, എല്ലാ അധികാരങ്ങൾക്കും ഉപരിയായ ക്രിസ്തുവിന്റെ പരമാധികാരത്തെയും കുറിച്ചുള്ള തിരിച്ചറിവുകളോടെ വേണം (ക്വാസ് പ്രിമാസ്, 5) ക്രിസ്തുരാജന്റെ തിരുനാൾ നാം കൊണ്ടാടേണ്ടത്.
ഹൃദയങ്ങളുടെ രാജാവായി വാഴുന്ന ക്രിസ്തുവിനെയും, ദൈവാരാജ്യത്തെയും കുറിച്ചുള്ള സഭയുടെ ഉദ്ബോധനങ്ങൾ, ഭൗതികമായ രാജ്യത്തിന്റെയും സമ്പത്തിന്റെയും അധികാരങ്ങളുടെയും ജീവിതത്തിന്റെയും നിസ്സാരതയും ക്ഷണികതയും നശ്വരതയും, ആത്മീയജീവിതത്തിന്റെ അമൂല്യതയും പ്രാധാന്യവും നമുക്ക് മുന്നിൽ വിശദീകരിക്കുന്നുണ്ട്. അനശ്വരതയുടെ സ്വപ്‌നങ്ങൾ നമുക്കേകുന്ന ക്രിസ്തുവിന്റെ ജീവിത, മരണ, ഉത്ഥാനങ്ങളും അവന്റെ തിരുവചനങ്ങളും സഭയിലൂടെ ലഭിക്കുന്ന ഉദ്ബോധനങ്ങളും ക്രൈസ്തവർക്ക് മാത്രമല്ല, ലോകത്തിന് മുഴുവൻ, പ്രത്യേകിച്ച് അധികാര, ശുശ്രൂഷാമേഖലകളിലുള്ളവർക്ക് പ്രചോദനമാകട്ടെ. സ്നേഹിച്ചും ക്ഷമിച്ചും കരുണയൊഴുക്കിയും ജീവനേകിയും, ഹൃദയങ്ങളിൽ രാജാവായി വാഴുന്ന ക്രിസ്തുവിന്റെ ജീവിതം, നമ്മുടെ ക്രൈസ്തവജീവിതത്തിന് മാതൃകയാകട്ടെ. നമ്മുടെയും അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഉദരത്തിൽ നമുക്കായി പിറന്ന്, കുരിശിലെ ബലിയിലൂടെ നമ്മെ രക്ഷയിലേക്ക് നയിക്കുന്ന, യഥാർത്ഥ വിമോചകനും രക്ഷകനും നാഥനും രാജാവുമായ ക്രിസ്തുവിനെ, അനുദിനവിശ്വാസജീവിതത്തിലൂടെ പിഞ്ചെല്ലുകയും ലോകത്തിന് മുന്നിൽ സാക്ഷ്യപ്പെടുത്തുകയും ചെയ്യാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: