തിരയുക

യേശു സുഖപ്പെടുത്തുന്നു യേശു സുഖപ്പെടുത്തുന്നു  

കർത്താവിന്റെ കരുണ നിരന്തരം നമ്മെ പൊതിഞ്ഞു സൂക്ഷിക്കുന്നു

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ പള്ളിക്കൂദാശക്കാലം രണ്ടാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വിചിന്തനം. സാബത്തു ദിവസം രോഗശാന്തി നൽകുന്നതാണ് സുവിശേഷഭാഗം. (മത്തായി 12:1-13)
സുവിശേഷപരിചിന്തനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സീറോ മലബാർ സഭയുടെ ആരാധനാവത്സരത്തിലെ അവസാനത്തെ നാല് ആഴ്ചകളാണ് പള്ളിക്കൂദാശക്കാലം. മിശിഹാ തന്റെ മണവാട്ടിയായ സഭയെ അലംകൃതയാക്കുന്നതിന്റെ ലാവണ്യമാണ് ഈ കാലത്തെ പ്രാര്‍ഥനകളിലും വായനകളിലും ഗീതങ്ങളിലും നിറഞ്ഞുതുളുമ്പുന്നത്. മണവാളനായ മിശിഹായെ, മണവാട്ടിയായ സഭ അവളുടെ മക്കളോടൊപ്പം സ്വര്‍ഗീയ ഓർശ്ലെമാകുന്ന മണവറയില്‍വച്ച് യുഗാന്തത്തില്‍ മുഖാമുഖം ദര്‍ശിക്കുകയും മണവാളനോടൊപ്പം മഹത്വീകൃതയായി നിത്യസൗഭാഗ്യത്തിലേക്ക് അവള്‍ പ്രവേശിക്കുകയും ചെയ്യുന്നതാണ് പള്ളിക്കൂദാശക്കാലത്തില്‍ അനുസ്മരിക്കുന്നത്. ഈ ചൈതന്യം സഭയുടെ മക്കളായ നമ്മെ ബോധ്യപ്പെടുത്തുകയും, ആ വഴിയിൽ സഞ്ചരിക്കുവാൻ നമ്മെ ക്ഷണിക്കുകയും ചെയ്യുന്ന വചനങ്ങളാണ്, പള്ളിക്കൂദാശ കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയിൽ നമുക്ക് നല്കപ്പെട്ടിരിക്കുന്നത്.

വിശുദ്ധി, പ്രാർത്ഥന, നമ്മുടെ ഏക മദ്ധ്യസ്ഥനായ യേശു, നന്മ ചെയ്യാനുള്ള വിളി എന്നിങ്ങനെ, നാല് ക്രിസ്തീയ ജീവിത മാർഗങ്ങളാണ്, ഇന്നത്തെ നാല് വായനകളിൽ ഉൾച്ചേർന്നിരിക്കുന്നത്. പുറപ്പാട് പുസ്തകത്തിൽ നിന്നുമുള്ള ആദ്യവായന, ഇസ്രായേൽ ജനതയോട് പിതൃതുല്യമായ വാത്സല്യത്തോട് കൂടി ദൈവം നൽകുന്ന ഉപദേശമാണ് എടുത്തു പറയുന്നത്. അത് വിശുദ്ധിയിലേക്കുള്ള ക്ഷണമാണ്. ക്ഷണിച്ചവന്റെ ജീവിതമൂല്യങ്ങൾ പിന്തുടരുവാൻ, മക്കളുടെ കൂടെ ആയിരിക്കുന്ന ഒരു ദൈവത്തെയാണ് നമുക്ക് ഇവിടെ കാണുവാൻ സാധിക്കുന്നത്. ദൈവം മോശയിലൂടെ തൻ്റെ ജനമായ ഇസ്രായേലിനെ ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് വിടുവിക്കാനുള്ള തൻ്റെ ഉറച്ച തീരുമാനം പ്രഖ്യാപിക്കുന്നു. ദൈവം തൻ്റെ വാഗ്ദത്തങ്ങൾ നിറവേറ്റുന്നവനാണ് എന്നും താൻ അവർക്ക് വാഗ്ദാനം ചെയ്ത കാനാൻ ദേശം നൽകുമെന്നും അവിടുന്ന് ഉറപ്പ് നൽകുന്നു. ഈ വാഗ്ദാനത്തിൻ്റെയെല്ലാം അടിസ്ഥാനം, "ഞാൻ നിങ്ങളുടെ ദൈവമായിരിക്കും, നിങ്ങൾ എൻ്റെ ജനവുമായിരിക്കും" (പുറപ്പാട് 6:7) എന്ന ഉടമ്പടിയാണ്. ഈ ഉടമ്പടി ഒരു വിശുദ്ധ ജീവിതത്തിലേക്കുള്ള ക്ഷണമാണ്.

എന്താണ് വിശുദ്ധി? കേവലം ബാഹ്യമായ ആചാരങ്ങളോ പാപത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറലോ മാത്രമല്ല വിശുദ്ധി. അതിനപ്പുറം, നമ്മുടെ ജീവിതത്തെ മുഴുവനായും ദൈവത്തിന് സമർപ്പിക്കുക എന്നതാണ് വിശുദ്ധി. നമ്മുടെ ചിന്തകൾ, വാക്കുകൾ, പ്രവൃത്തികൾ, നമ്മുടെ ആഗ്രഹങ്ങൾ, ലക്ഷ്യങ്ങൾ എല്ലാം ദൈവഹിതത്തിന് അനുസൃതമായിരിക്കണം. വിശുദ്ധി എന്നാൽ ദൈവത്തിൻ്റെ സ്വഭാവസവിശേഷതകളെ നമ്മിൽ പ്രതിഫലിക്കുക എന്നതാണ്. ദൈവം പരിശുദ്ധനാണ്, അതിനാൽ അവിടുത്തെ മക്കളായ നാമും വിശുദ്ധരായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. "ഞാൻ പരിശുദ്ധനായിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിൻ" (ലേവ്യർ, 11:44). പഴയനിയമത്തിലെ വിശുദ്ധിയെപ്പറ്റിയുള്ള ദൈവ വചനങ്ങൾക്ക്, തന്റെ പുത്രൻ വഴിയായി ഒരു ജീവിതാനുഭവമായി പുതിയ നിയമത്തിൽ മാറ്റിയിരിക്കുന്നു.

നമ്മുടെ ശരീരം പരിശുദ്ധാത്മാവിൻ്റെ ആലയമാണെന്ന് വിശുദ്ധ പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നു. "നിങ്ങൾ ദൈവത്തിൻ്റെ ആലയമാണെന്നും ദൈവത്തിൻ്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നുവെന്നും നിങ്ങൾ അറിയുന്നില്ലേ?" (1 കോറിന്തോസ്  3:16). ഈ ശരീരം അശുദ്ധമാക്കാതെ, ദൈവത്തിന് പ്രീതികരമായ ബലിയായി സമർപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. പാപചിന്തകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും അകന്നു നിൽക്കുകയും, ദൈവസ്നേഹത്തിൽ വളരുകയും ചെയ്യുമ്പോൾ നാം വിശുദ്ധിയിൽ വളരുകയാണ്.

ഹൃദയശുദ്ധിയുള്ളവർക്ക് മാത്രമേ ദൈവത്തെ കാണാൻ കഴിയൂ എന്ന് യേശു പഠിപ്പിച്ചു. "ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, അവർ ദൈവത്തെ കാണും" (മത്തായി 5:8). പാപക്കറകളിൽ നിന്ന് നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുമ്പോൾ, ദൈവസാന്നിധ്യം നമുക്ക് അനുഭവവേദ്യമാകും. കുമ്പസാരമെന്ന കൂദാശയിലൂടെയും നിരന്തരമായ പ്രാർത്ഥനയിലൂടെയും നമുക്ക് ഈ വിശുദ്ധി കാത്തുസൂക്ഷിക്കാൻ കഴിയും.  എന്നാൽ വിശുദ്ധി എന്നത്  ഒരിക്കൽ എന്നന്നേക്കുമായി നേടുന്ന ഒന്നല്ല, മറിച്ച് ജീവിതകാലം മുഴുവൻ നാം പരിശ്രമിക്കേണ്ട ഒരു യാത്രയാണ് എന്നതും, ഇസ്രായേൽ ജനതയുടെ തീർത്ഥാടനത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു.

വിശുദ്ധിയിലേക്കുള്ള യാത്രയിൽ നമ്മെ താങ്ങിനിർത്തുന്ന ഘടകം പ്രാർത്ഥനയുടേതാണ്. ഇതാണ് രണ്ടാമത്തെ വായനയിൽ, രാജാക്കന്മാരുടെ പുസ്തകത്തിലൂടെ കർത്താവ് നമ്മെ പഠിപ്പിക്കുന്നത്. സോളമൻ രാജാവ് ജെറുസലേമിൽ നിർമ്മിച്ച ദേവാലയം സമർപ്പിക്കുന്ന വേളയിൽ  ദൈവഹിതം അറിയുന്നതിനും അത് നിറവേറ്റുന്നതിനും നടത്തുന്ന  ഉദാത്തമായ പ്രാർത്ഥന, പ്രാർത്ഥനയ്ക്കുള്ള അനിഷേധ്യമായ പ്രാധാന്യം എടുത്തുകാണിക്കുന്നു. ഇവിടെ സോളമന്റെ പ്രാർത്ഥനയുടെ ആദ്യഘടകം ഏറെ പ്രധാനപ്പെട്ടതാണ്: ദൈവത്തിൻ്റെ വിശ്വസ്തതയെ ഏറ്റുപറയുകയും, തൻ്റെ ജനത്തിൻ്റെ പ്രാർത്ഥനകൾ കേൾക്കാനും അവർക്ക് കരുണ കാണിക്കാനും ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്നു.

പ്രാർത്ഥന കേവലം നമ്മുടെ ആവശ്യങ്ങൾ ദൈവത്തോട് പറയുന്ന ഒരു പ്രവൃത്തിയല്ല, മറിച്ച് ദൈവവുമായി ഒരു ആഴമായ ബന്ധം സ്ഥാപിക്കുന്ന ഒരു സംഭാഷണമാണ്. പ്രാർത്ഥനയിലൂടെ നാം ദൈവത്തിൻ്റെ ഇഷ്ടം മനസ്സിലാക്കുന്നു. പലപ്പോഴും നമ്മൾ നമ്മുടെ ഇഷ്ടങ്ങൾ ദൈവത്തിൻ്റെ ഇഷ്ടമായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ, യഥാർത്ഥ പ്രാർത്ഥന നമ്മെ ദൈവഹിതത്തിന് കീഴ്പ്പെടുത്താൻ പഠിപ്പിക്കുന്നു. ഗത്സെമനിയിൽ യേശു പ്രാർത്ഥിച്ചത് ഓർക്കുക: "എൻ്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നടക്കട്ടെ" (ലൂക്കാ 22:42). നമ്മുടെ ആഗ്രഹങ്ങളെ ദൈവത്തിൻ്റെ മുൻപിൽ സമർപ്പിക്കുകയും അവിടുത്തെ ഇഷ്ടം നിറവേറ്റാൻ നമ്മെത്തന്നെ അവിടുത്തേക്ക് വിട്ടുകൊടുക്കുകയും ചെയ്യുമ്പോൾ, നമ്മുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും നിറയുമെന്നതും ഈ വചന ഭാഗം സോളമൻ രാജാവിലൂടെ നമ്മെ ഓർമ്മപ്പെടുത്തുന്നു.

പ്രാർത്ഥനകൾ സമർപ്പിക്കുന്ന ഓരോ വ്യക്തിയെ സംബന്ധിച്ചിടത്തോളം, അങ്ങേ തലക്കൽ നമ്മെ കേൾക്കാൻ മറ്റൊരാൾ ഉണ്ടെന്ന വിശ്വാസവും പ്രത്യാശയും ഏറെ പ്രധാനപ്പെട്ടതാണ്. പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ ഏവരെയും ക്ഷണിക്കുന്ന ഈ 2025 ജൂബിലി വർഷത്തിൽ, യേശു നമുക്ക് മധ്യസ്ഥനായി എപ്പോഴും ഉണ്ടെന്നതാണ് നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. ഹെബ്രായർക്കുള്ള ലേഖനത്തിൽ നിന്നുമുള്ള മൂന്നാമത്തെ വായനയിൽ, ഈ വലിയ സത്യമാണ് നമുക്ക് വെളിപ്പെടുത്തുന്നത്. യേശുക്രിസ്തു ദൈവത്തിനും മനുഷ്യർക്കുമിടയിലുള്ള മദ്ധ്യസ്ഥനാണ് എന്ന് ഈ വായന നമ്മെ ഓർമ്മിപ്പിക്കുന്നു. പഴയ നിയമത്തിലെ ബലികളും പുരോഹിതന്മാരും അപൂർണ്ണമായിരുന്നു. എന്നാൽ, യേശു തൻ്റെ ജീവൻ ബലിയായി അർപ്പിച്ചുകൊണ്ട് നമ്മെ ദൈവവുമായി അനുരഞ്ജിപ്പിച്ചു. "കാരണം, ദൈവവും മനുഷ്യരും തമ്മിൽ ഒരു മദ്ധ്യസ്ഥനേയുള്ളൂ; മനുഷ്യനായ യേശുക്രിസ്തു" (1 തിമോത്തി 2:5).  യേശുവിലൂടെയാണ് നമുക്ക് ദൈവരാജ്യത്തിലേക്ക് പ്രവേശനം ലഭിച്ചത്. അവിടുന്ന് നമ്മെ പാപത്തിൽ നിന്ന് മോചിപ്പിക്കുകയും ദൈവമക്കളാക്കുകയും ചെയ്തു. അവിടുന്ന് ജീവിക്കുന്ന ഒരു പുരോഹിതനാണ്, അവിടുന്ന് എന്നേക്കും നമുക്കുവേണ്ടി മദ്ധ്യസ്ഥം വഹിക്കുന്നു. നമ്മെ പിതാവിൻ്റെ മുമ്പിൽ നീതീകരിക്കുന്നു. ഇതാണ്, മാനുഷികമായ പരിമിതികൾ ഏറെ ഉണ്ടെങ്കിലും നമ്മെ മുൻപോട്ടു നയിക്കുന്ന വലിയ ധൈര്യവും, ശക്തിയും. സമൂഹവും, മറ്റുള്ള മനുഷ്യരും എനിക്കെതിരെ തിരിഞ്ഞാലും, എപ്പോഴും കർത്താവ് കൂടെയുണ്ടെന്നും, അവൻ നമ്മെ താങ്ങുമെന്നുമുള്ള വിശ്വാസം നൽകുന്ന ശക്തി ഏറെ വലുതാണ്.

ഇതാണ്, ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ കർത്താവ് നമുക്ക് പറഞ്ഞുതരുന്നത്. സാബത്തിന്റെയും നാഥനാണ് തൻ എന്ന യേശുവിന്റെ പ്രഖ്യാപനം, ഒരു ധാർഷ്ട്യത്തിന്റേതല്ല, മറിച്ച് അനുകമ്പയുടേതാണ്.

സാബത്ത് ദിവസത്തിൽ ശിഷ്യന്മാർ കതിരുകൾ പറിച്ച് തിന്നുന്നതും, യേശു ഒരു കൈ ശോഷിച്ചവനെ സുഖപ്പെടുത്തുന്നതും ഈ സുവിശേഷ ഭാഗത്ത് നാം വായിക്കുന്നു. നിയമങ്ങളെ അക്ഷരംപ്രതി അനുസരിക്കുന്നതിനേക്കാൾ പ്രധാനം സ്നേഹവും കാരുണ്യവുമാണ് എന്ന് യേശു ഇവിടെ പഠിപ്പിക്കുന്നു. സാബത്ത് മനുഷ്യനുവേണ്ടി ഉണ്ടാക്കിയതാണ്, മനുഷ്യൻ സാബത്തിനുവേണ്ടിയല്ല എന്ന് യേശു വ്യക്തമാക്കുന്നു.

പ്രീശന്മാർ  സാബത്ത് നിയമങ്ങളെ അക്ഷരം പ്രതി  വ്യാഖ്യാനിക്കുകയും അതിനെ മനുഷ്യനെ ബന്ധിക്കുന്ന ഒരു കെണിയാക്കി മാറ്റുകയും ചെയ്തു. എന്നാൽ യേശു നിയമത്തിൻ്റെ ആത്മാവിനെയാണ് ഊന്നിപ്പറയുന്നത് അത്  - സ്നേഹവും കരുണയുമാണ്. നന്മ ചെയ്യാനും മറ്റുള്ളവരെ സഹായിക്കാനും സ്നേഹിക്കാനും സാബത്തിന് അവധിയില്ല എന്ന പുതിയ നിയമത്തിന്റെ ജീവിതമാർഗവും യേശു ഇവിടെ കാട്ടിത്തരുന്നു. നന്മ ചെയ്യുക എന്നത് ഒരു വിളിയും,  ദൗത്യവുമാണ്.

നമ്മുടെ ജീവിതത്തിൽ ഓരോ ദിവസവും നന്മ ചെയ്യാനുള്ള അവസരങ്ങൾ എത്രയോ നമുക്ക് ലഭിക്കുന്നുണ്ട്. നമ്മുടെ സേവനം  ആവശ്യമുള്ളവരെ സഹായിക്കുക, ദുഃഖിതരെ ആശ്വസിപ്പിക്കുക, രോഗികളെ സന്ദർശിക്കുക, വിശക്കുന്നവർക്ക് ഭക്ഷണം നൽകുക, നീതിക്ക് വേണ്ടി നിലകൊള്ളുക - ഇതെല്ലാം നന്മ പ്രവൃത്തികളുടെ  ഭാഗമാണ്. ഇതിന് അവധിയോ വിശ്രമമോ ഇല്ല. ഇത് നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാകണം  എന്നുള്ളതാണ് വചനം നമ്മെ ഉദ്ബോധിപ്പിക്കുന്നത്. ഇന്ന് ലോകം മുഴുവൻ യുദ്ധത്തിന്റെയും, മറ്റു ദുരിതങ്ങളുടെയും നിഴലിൽ കഴിയുമ്പോൾ, വ്യക്തിപരമായി അപരന് വേണ്ടി എനിക്ക് എന്ത് ചെയ്യുവാൻ സാധിക്കുമെന്നത് നമ്മുടെ ചിന്തകളിൽ എപ്പോഴും ഉണ്ടാകണം. വിശുദ്ധ കുർബാനയിലൂടെ നമുക്ക് ഈ വചനങ്ങളെ നമ്മുടെ ഹൃദയത്തിൽ സ്വീകരിക്കാം. ദൈവത്തിൻ്റെ കൃപയിൽ വളരാനും അവിടുത്തെ ഇഷ്ടം നിറവേറ്റാനും നമുക്ക് പരിശ്രമിക്കാം. അങ്ങനെ, നമ്മുടെ ജീവിതം ദൈവത്തിന് മഹത്വവും മറ്റുള്ളവർക്ക് പ്രകാശവുമായി മാറട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 നവംബർ 2025, 12:39