ധന്യയായ മദർ ഏലീശ്വാ വാകയിൽ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടുന്നു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കേരളത്തിലെ പ്രഥമ തദ്ദേശിയ സന്യാസിനി സഭയായ നിഷ്പാദുക കർമ്മലീത്ത മൂന്നാം സഭയുടെയും (TOCD), തെരേസ്യ൯ കർമ്മലീത്ത സന്യാസിനി സഭയുടെയും (CTC) സ്ഥാപകയായ ധന്യ മദർ ഏലീശ്വാ വാകയിൽ നവംബർ 8 ശനിയാഴ്ച വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടും. കൊച്ചി വല്ലാർപാടം ബസലിക്കയിൽ വൈകുന്നേരം നാലരയ്ക്ക് ആരംഭിക്കുന്ന ചടങ്ങു്കളിൽ, മലേഷ്യയിലെ പെനാങ് (Penang) രൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് (Card. Sebastian Francis), പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ പ്രത്യേക പ്രതിനിധിയായി മുഖ്യ കാർമ്മികത്വം വഹിക്കും.
ഭാരതത്തിലേക്കുള്ള അപ്പസ്തോലിക നൂൺഷ്യോ ആർച്ച്ബിഷപ് ലെയൊപോൾദോ ജിറെല്ലി (H.G. Msgr. Leopoldo Girelli), വരാപ്പുഴ അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ തുടങ്ങി നിരവധി സഭാനേതൃത്വങ്ങളും, വൈദികരും, സമർപ്പിതരും, ആയിരക്കണക്കിന് വിശ്വാസികളും ചടങ്ങുകളിൽ പങ്കെടുക്കും.
1831 ഒക്ടോബർ 15-ന് കേരളത്തിലെ വരാപ്പുഴ വികാരിയേറ്റിൽ ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രസ് ഇടവകയിലെ തൊമ്മൻ -താണ്ട ദമ്പതികളുടെ എട്ട് മക്കളിൽ ആദ്യ പുത്രിയായി ജനിച്ച ഏലിശ്വ, ചെറുപ്പം മുതലേ പ്രാർത്ഥനയിലും സുകൃതങ്ങളിലും വേരൂന്നിയ ആദ്ധ്യാത്മികത സ്വന്തമാക്കിയിരുന്ന വ്യക്തിയാണ്.
മാതാപിതാക്കന്മാരുടെ ആഗ്രഹപ്രകാരം 1847 ൽ വത്തരു വാകയിലിനെ വിവാഹം കഴിച്ച്, 1850-ൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ ഏലീശ്വ, ഭർത്താവിന്റെ മരണത്തോടെ വിധവയായി. പലരും പുനർവിവാഹത്തിന് നിർബന്ധിച്ചുവെങ്കിലും, ധന്യ, പ്രാർത്ഥനയുടെയും ഉപവി പ്രവർത്തനങ്ങളുടെയും വഴിയാണ് തനിക്കായി തിരഞ്ഞെടുത്തത്.
ദിവ്യകാരുണ്യ നാഥനോടുള്ള ഭക്തിയും, ഏകാന്ത പ്രാർത്ഥനകളും, പാവപ്പെട്ടവർക്കുള്ള സേവനങ്ങളും സ്വജീവിതത്തിൽ പ്രവർത്തികമാക്കിയ സി. ഏലീശ്വാ, 1866 ഫെബ്രുവരി 13-ആം തീയതിയാണ്, ഇറ്റാലിയൻ വൈദികനും കർമ്മലീത്ത മിഷനറിയുമായിരുന്ന ഫാ. ലെയോപോൾഡ് ബെക്കാറോ ഒ.സി.ഡി യുടെ സഹായത്തോടെ നിഷ്പാദുക കർമ്മലീത്ത മൂന്നാം സഭ സ്ഥാപിച്ചത്.
സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുകയും, പെൺകുട്ടികൾക്ക് വേണ്ടി ബോർഡിംഗ് സ്കൂൾ ആരംഭിക്കുകയും ചെയ്ത മദർ ഏലിശ്വ, കേരളത്തിൽ സ്ത്രീ നവോത്ഥാനത്തിനായി പ്രവർത്തിച്ചവരിൽ ഒരാളാണ്.
1913 ജൂലൈ 18-ആം തീയതിയാണ് മദർ ഏലീശ്വാ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. വരാപ്പുഴ അതിരൂപതയിലെ പരിശുദ്ധ കർമ്മലമാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും നാമധേയത്തിലുള്ള ബസിലിക്കയിലാണ് മദർ ഏലിശ്വയുടെ ഭൗതിക ശരീരം അടക്കം ചെയ്യപ്പെട്ടതെങ്കിലും, ധന്യയുടെ ഭൗതികാവശിഷ്ടങ്ങൾ പിന്നീട് വരാപ്പുഴ സെന്റ് ജോസഫ് കർമ്മല മഠത്തിലെ സ്മൃതി മന്ദിരത്തിലേക്ക് മാറ്റിയിരുന്നു.
2008 2008 മാർച്ച് 6-ആം തീയതി ദൈവദാസി പദവിയിലേക്ക് ഉയർത്തപ്പെട്ട മദർ ഏലിശ്വയെ, 2023 നവംബർ 8-ന് ഫ്രാൻസിസ് പാപ്പാ ധന്യപദവിയിലേക്ക് ഉയർത്തി.
ദൈവദാസി മദർ ഏലീശ്വയുടെ മദ്ധ്യസ്ഥതയാൽ നടന്ന ഒരു അത്ഭുതം അംഗീകരിക്കുപ്പെട്ടതിനെത്തുടർന്ന്, 2025 ഏപ്രിൽ 14-ന്, വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ, ഫ്രാൻസീസ് പാപ്പായുമായി നടത്തിയ കൂടിക്കാഴ്ച നടത്തുകയും, ധന്യയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയുമായിരുന്നു. ലിയോ പതിനാലാമൻ പാപ്പായാണ്, ധന്യ ഏലീശ്വാ വാകയിലിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനുള്ള തീയതി പ്രഖ്യാപിച്ചത്.
വിശുദ്ധപദ പ്രഖ്യാപനത്തിലേക്കുള്ള അവസാനത്തെ പടിയാണ് നവംബർ 8-ന് വല്ലാർപാടം ബസലിക്കയിൽ വച്ച് നടക്കുന്ന വാഴ്ത്തപ്പെട്ടവൾ എന്ന പ്രഖ്യാപനം.
നിലവിൽ പതിനൊന്ന് പ്രൊവിൻസുകളിലെ 223 മഠങ്ങളിലായി 1350-ലധികം സന്ന്യാസിനിമാർ ഉള്ള തെരേസ്യ൯ കർമ്മലീത്ത സമൂഹം, 78 രൂപതകളിൽ സേവനമനുഷ്ടിക്കുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: