മാതാവിന്റെ അമലോത്ഭവം അവകാശമല്ല, ദൈവീകദാനമാണ്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവ തിരുനാളിനു സഭ മുഴുവൻ ഒരുങ്ങുന്ന കാലഘട്ടമാണിത്. പരിശുദ്ധ മറിയത്തെ സംബന്ധിക്കുന്ന നാലു വിശ്വാസസത്യങ്ങളാണ് കത്തോലിക്കാ സഭയിലുള്ളത്. അവയ്ക്ക് അടിസ്ഥാനമാകട്ടെ, വിശുദ്ധ ഗ്രന്ഥത്തിൽ നിന്നുള്ള വചനങ്ങളും. സകലതലമുറകളാലും ഭാഗ്യവതി എന്നു വിശേഷിപ്പിക്കപ്പെടാന്‍ ദൈവം പരിശുദ്ധ മറിയത്തിനു വരം കൊടുത്തു (ലൂക്കാ 1:51). രക്ഷാകരചരിത്രത്തിന്‍റെ പ്രാരംഭത്തില്‍ പിശാചിന്‍റെ തല തകര്‍ക്കാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ട സ്ത്രീയാണവള്‍ (ഉല്‍പ 3:15). നന്മനിറഞ്ഞവളായി ദൈവം കണ്ടെത്തിയവളും (ലൂക്കാ 1:35) വിശ്വസിക്കുന്ന സകലര്‍ക്കും അമ്മയായി ക്രിസ്തുനാഥന്‍ തന്നെ അന്ത്യസമ്മാനമായി നല്‍കിയവളുമാണ് മറിയം (യോഹ 19:25-27), എന്നിവയാണത്.
മറിയത്തിന്റെ അമലോത്ഭവം എന്നത് ദൈവത്തിന്റെ സർവ്വശക്തിയിലൂടെ പ്രകടിപ്പിക്കപ്പെടുന്ന അവന്റെ സമ്പൂർണ്ണ പ്രാഥമികതയെ ഊന്നിപ്പറയുന്നു, കാരണം അവന് അസാധ്യമായി ഒന്നുമില്ല. ഇതിലൂടെയാണ് ക്രിസ്തു നിർവ്വഹിച്ച വീണ്ടെടുപ്പിന്റെ സമൂലവും യഥാർത്ഥവുമായ സ്വഭാവം പിന്നീട് പ്രഖ്യാപിക്കപ്പെടുന്നത്, അതുപോലെ തന്നെ ഇതിലൂടെ യോഗ്യതയെക്കാൾ കൃപയുടെ മുൻഗണന പ്രകടിപ്പിക്കപ്പെടുന്നു. മറിയത്തിന്റെ ജീവിത രഹസ്യത്തിലൂടെ കാണപ്പെടുന്ന രക്ഷാകര ചരിത്രത്തിന്റെ തിരുനാളാണ് അമലോത്ഭവ തിരുനാൾ. ത്രിത്വത്തിന്റെ പ്രവർത്തനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്, കൂടാതെ വിമോചനത്തിന്റെയും വീണ്ടെടുപ്പിന്റെയും വിശുദ്ധീകരണത്തിന്റെയും ആഘോഷമായും ഇത് വിശേഷിപ്പിക്കപ്പെടുന്നു.
പരിശുദ്ധമറിയം ദൈവമാതാവാണ് (Theotokos) എന്നത് സഭയുടെ വിശ്വാസ സത്യമാണ്. "അവിടുന്നു കന്യകാമറിയത്തില്‍നിന്ന് ശരീരം സ്വീകരിച്ച് മനുഷ്യനായി പിറന്നു"എന്നത് നിഖ്യാ-കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസപ്രമാണത്തിൽ ഏറ്റുപറയുന്നുണ്ട്. ഒരുപക്ഷെ ഈ വിശ്വാസപ്രമാണത്തിന്റെയും, നിഖ്യ കൗൺസിലിന്റെയും 1700 മത് വാർഷികം ആഘോഷിക്കുന്ന വേളയിൽ, ഈ വിശ്വാസസത്യം പ്രഘോഷിക്കുന്ന പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാളിനും ഏറെ പ്രാധാന്യമുണ്ട്
നെസ്തോറിയന്‍ പാഷണ്ഡതയുടെ പ്രചാരകര്‍ മറിയത്തെ ദൈവമാതാവെന്നല്ല (theotokos) ക്രിസ്തുവിന്‍റെ മാതാവ് (christotokos) എന്നാണു വിളിക്കേണ്ടത് എന്നു വാദിച്ചിരുന്നു. പ്രത്യക്ഷത്തില്‍ നിരുപദ്രവകരം എന്നു തോന്നാവുന്ന ഈ വാദത്തില്‍ ഒരു വിശ്വാസസത്യ ലംഘനമുണ്ട്. മനുഷ്യാവതാരം ചെയ്ത ഈശോയില്‍ ദൈവിക വ്യക്തിത്വവും മാനുഷിക വ്യക്തിത്വവും ഒന്നായി നിലകൊള്ളുന്നു എന്ന വിശ്വാസസത്യം നിഷേധിച്ചുകൊണ്ടു മാത്രമേ ദൈവമാതാവ്, ക്രിസ്തുവിന്‍റെ മാതാവ് എന്ന വ്യത്യസ്ത അഭിധാനങ്ങള്‍ ഉപയോഗിക്കാനാകൂ. മനുഷ്യാവതാരം ചെയ്ത ഈശോ പൂര്‍ണ്ണമനുഷ്യനും പൂര്‍ണ്ണദൈവവുമാണ്. എന്നാല്‍ അവിടുത്തെ വ്യക്തിത്വം ദൈവിക വ്യക്തിത്വമാണ്. അതിനാല്‍ യേശുവിന്‍റെ അമ്മയെ ദൈവമാതാവ് എന്നു വിശേഷിപ്പിക്കണമെന്ന് 431 ലെ എഫേസൂസ് സൂനഹദോസ് പ്രഖ്യാപിച്ചു.
എല്ലാ അമ്മമാരും തങ്ങളുടെ കുഞ്ഞിന്‍റെ രൂപീകരണത്തിനു കാരണമാകുന്നതുപോലെ യേശുവിന്‍റെ മനുഷ്യത്വത്തിനാവശ്യമായതെല്ലാം ഒരു അമ്മ എന്ന രീതിയിൽ ചെയ്തത് മറിയമാണ്. പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളായ പുത്രന്‍ തമ്പുരാനെ ഗര്‍ഭംധരിച്ചു പ്രസവിച്ചതിനാല്‍ മറിയം ദൈവമാതാവാണ്. അനാദിയിലേയുള്ള അവിടുത്തെ അസ്ഥിത്വത്തിന്‍റെ മാതാവ് എന്ന നിലയിലല്ല മനുഷ്യാവതാരം ചെയ്ത പുത്രന്‍ തമ്പുരാന്‍റെ മാതാവ് എന്ന നിലയിലാണ് മറിയം ദൈവമാതാവാകുന്നത്. മറിയത്തിന്‍റെ ദൈവമാതൃത്വത്തെ തിരുവചനവും വിശുദ്ധ പാരമ്പര്യവും ഒരുപോലെ പിന്തുണയ്ക്കുന്നുണ്ട്.
ദൈവമാതാവായതിനാല്‍ മറിയത്തിന് അമലോത്ഭയാകാനുള്ള അനുഗ്രഹം ദൈവം നല്‍കി. ജന്മപാപത്തിന്‍റെ കറപുരളാതെ ജനിച്ചവള്‍ എന്ന അര്‍ത്ഥത്തിലാണ് മറിയത്തെ അമലോത്ഭവ എന്നു വിശേഷിപ്പിക്കുന്നത്. ദൈവത്തിന്‍റെ കൃപാവരത്താല്‍ നിറഞ്ഞ മറിയം അവളുടെ ജനനനിമിഷംമുതല്‍ത്തന്നെ രക്ഷിക്കപ്പെട്ടവളാണെന്ന സത്യം നൂറ്റാണ്ടുകളായി സഭ ഏറ്റുപറഞ്ഞിരുന്നതാണ്. 1854 ല്‍ ഒന്‍പതാം പീയൂസ് പാപ്പാ ഇനെഫാബിലിസ് ദേവൂസ് (Inefabilis Deus) എന്ന തിരുവെഴുത്തിലൂടെ മറിയത്തിന്‍റെ അമലോത്ഭവം സഭയുടെ വിശ്വാസസത്യമായി പ്രഖ്യാപിച്ചു: "അനന്യമായ ദൈവകൃപയാലും സര്‍വ്വശക്തനായ ദൈവത്തിന്‍റെ ആനുകൂല്യത്താലും മനുഷ്യവര്‍ഗ്ഗത്തിന്‍റെ രക്ഷകനായ യേശുക്രിസ്തുവിന്‍റെ യോഗ്യതകളെ മുന്‍നിറുത്തിയും ഏറ്റവും പരിശുദ്ധയായ കന്യകാമറിയം അവളുടെ ഉത്ഭവത്തിന്‍റെ ആദ്യനിമിഷംമുതല്‍ ഉത്ഭവപാപത്തിന്‍റെ എല്ലാ മാലിന്യങ്ങളില്‍നിന്നും പരിരക്ഷിക്കപ്പെട്ടു." ഉത്ഭവപാപത്തിന്‍റെ കറയില്‍നിന്ന് ഉത്ഭവത്തിന്‍റെ ആദ്യനിമിഷംമുതല്‍ മറിയം പരിരക്ഷിക്കപ്പെട്ടത് ക്രിസ്തുവിന്‍റെ കുരിശിലെ ബലിയുടെ മുന്‍യോഗ്യതയാലാണ്. വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നതുപോലെ "സ്വപുത്രന്‍റെ യോഗ്യതകളെ മുന്‍നിറുത്തി, കൂടുതല്‍ ഉന്നതമായ രീതിയില്‍ രക്ഷിക്കപ്പെട്ടവളാണ് അവള്‍" (LG 53).
മറിയത്തിന്‍റെ അമലോത്ഭവത്തെക്കുറിച്ച് ഏറ്റവും സുവ്യക്തമായ പഠനങ്ങളുള്ളത് പൗരസ്ത്യ സഭാപിതാവായ വി. എഫ്രേമിന്‍റെ രചനകളിലാണ്: "നിന്നില്‍ കളങ്കമില്ലാത്തതുപോലെ അല്ലയോ ദൈവമേ നിന്‍റെ അമ്മയും കളങ്കരഹിതയാണ്. നീയും നിന്‍റെ അമ്മയും മാത്രമേ പൂര്‍ണ്ണമായും പാപരഹിതരായിട്ടുള്ളൂ"(carm. nisib., 27). പൗരസ്ത്യ സഭാപിതാക്കന്മാര്‍ മറിയത്തെ "സര്‍വ്വവിശുദ്ധ" (Panagia) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. പാപസ്പര്‍ശമേല്‍ക്കാത്തവള്‍, പരിശുദ്ധാത്മാവിനാല്‍ സവിശേഷമാംവിധം രൂപപ്പെടുത്തപ്പെട്ട നവസൃഷ്ടി എന്നിങ്ങനെയും മറിയം വിശേഷിപ്പിക്കപ്പെട്ടിരുന്നു. സഭാപിതാവായ വി. അഗസ്റ്റിനും സമാനമായ പഠനം നല്‍കുന്നുണ്ട് (de natura et gratia, 36, 42). ദൈവകൃപയാല്‍ മറിയം തന്‍റെ ജീവിതകാലം മുഴുവന്‍ വ്യക്തിപരമായ എല്ലാ പാപങ്ങളില്‍നിന്നും വിമുക്തയായിരുന്നു.
ചിന്തകനായ എയാഡ്മര്‍ അമലോത്ഭവത്തിനു നല്‍കിയ മൂന്നു വാക്കുകളിലൊതുങ്ങുന്ന വ്യാഖ്യാനം പിന്നീട് മധ്യകാല ദൈവശാസ്ത്രത്തിന്‍റെ മുദ്രവാക്യമായി മാറി: ലത്തീൻ ഭാഷയിലുള്ള potuit, decuit, ergo fecit എന്നതായിരുന്നു ഈ വ്യാഖ്യാനം.
potuit - ദൈവത്തിന് മറിയത്തെ അമലോത്ഭവയാക്കുവാന്‍ സാധ്യമായിരുന്നു.
decuit - തന്‍റെ പുത്രനു മാതാവാക്കേണ്ടവളെ ദൈവത്തിന് പാപരഹിതയായി സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു.
fecit - അതിനാല്‍ ദൈവം അപ്രകാരം മറിയത്തെ അമലോത്ഭയായി സൃഷ്ടിച്ചു.
എന്നതാണ് ഈ മൂന്നു വാക്കുകൾ വിശദീകരിക്കുന്നത്.
പിതാവിന്റെ അനന്തമായ കാരുണ്യത്തിൽ പരിശുദ്ധ അമ്മ വിശ്വസിക്കുകയും, , രക്ഷകനായ പുത്രന്റെ ശിഷ്യയും അമ്മയുമായി സ്വയം സമർപ്പിക്കുകയും, പരിശുദ്ധാത്മാവിന്റെ കൃപയാൽ നിറയുവാൻ സ്വയം എളിയവളുമാക്കിയ പരിശുദ്ധ മറിയത്തിനു കർത്താവ് നൽകിയ കൃപയാണ് അമലോത്ഭവം. പ്രഭാതം ഒരു പുതിയ ദിവസത്തിന്റെ ഉദയത്തെ അടയാളപ്പെടുത്തുമ്പോൾ, മാതാവ് ഒരു പുതിയ യുഗത്തിന്റെ തുടക്കമാണ്. എന്നാൽ അവൾ സൂര്യനല്ല, മറിച്ച് സൂര്യതേജസിന് വഴിയൊരുക്കിയവളാണ്. ക്രിസ്തുവിന്റെ വീണ്ടെടുപ്പ് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കും, പാപത്തിൽ നിന്ന് കൃപയിലേക്കുമുള്ള മാർഗമാണെങ്കിൽ, ആ കൃപയുടെ ഫലം നുകരുവാൻ ദൈവം തിരഞ്ഞെടുത്തവളാണ്, പരിശുദ്ധ കന്യകാമറിയം. നന്മയിൽ നമ്മെ ശക്തിപ്പെടുത്താനും നമ്മുടെ സ്വന്തം സ്വാർത്ഥതയിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നയിക്കാനും കഴിവുള്ളതും, ക്രിസ്തുവിലേക്ക് എത്തിച്ചേരുന്നതിനു നമ്മെ സഹായിക്കുകയും ചെയ്യുന്ന അമ്മയാണ് പരിശുദ്ധ മറിയം എന്നാണ് വിശുദ്ധ ലൂയിസ് ഡി മോണ്ട്ഫോർട്ട് പറയുന്നത്.
മാതാവിന്റെ അമലോത്ഭവം,സഭയ്ക്കും , നമ്മുടെ വ്യക്തിജീവിതങ്ങൾക്കും ഒഴിച്ചുകൂടാനാവാത്ത ഒരു ഉത്തരവാദിത്വത്തിന്റെ ഓർമ്മപ്പെടുത്തലാണ്. അതായത് ദൈവത്തിന്റെ പദ്ധതിക്കനുസരണം ഇതാ കർത്താവിന്റെ ദാസൻ അല്ലെങ്കിൽ ദാസി എന്ന് പറയുവാനുള്ള വിശ്വസ്തമായ ഹൃദയവിശാലതയ്ക്കും, കളങ്കരഹിതമായ ജീവിതചര്യകൾക്കും ഉള്ള ഉത്തരവാദിത്വമാണിത്. ഈ അതെ എന്ന പരിശുദ്ധ മറിയത്തിന്റെ മറുപടി ലോകത്തെ മുഴുവൻ പരിവർത്തനപ്പെടുത്തിയ ഒരു അനുരഞ്ജനത്തിന്റെ ചരിത്രത്തിനാണ് വഴി തുറക്കുന്നത്. മനുഷ്യവർഗ്ഗത്തിന്റെ വീണ്ടെടുപ്പിന്റെ ചരിത്രവും ഇവിടെ ആരംഭിക്കപ്പെടുന്നു. അതിനാൽ, ദൈവത്തിൻറെ ആദിമ പദ്ധതിയായ സൗന്ദര്യവും നന്മയും പ്രസരിപ്പിച്ചുകൊണ്ട്, യോജിപ്പുള്ള ഒരു ലോകത്തിനു രൂപം നൽകുവാൻ നമുക്കുള്ള കടമ ഈ അമലോത്ഭവ തിരുനാൾ നമുക്ക് മുൻപിൽ വയ്ക്കുന്നു. ദൈവത്തെയും അവന്റെ പദ്ധതിയെയും നിരാകരിക്കുന്ന ആദിമ പാപം വികൃതമാക്കിയ നമ്മുടെ സൗന്ദര്യം വീണ്ടെടുക്കുവാനും പരിശുദ്ധ അമ്മയുടെ തിരുനാൾ നമ്മെ ക്ഷണിക്കുന്നു.
മറിയത്തിന്റെ മഹത്വം അവളുടെ ലാളിത്യത്തിലാണ്. ദൈവപുത്രന്റെ അമ്മയാകാൻ തിരഞ്ഞെടുക്കപ്പെട്ടവളായിട്ടും, "ഇതാ കർത്താവിന്റെ ദാസി" എന്ന് സ്വയം വിശേഷിപ്പിച്ച മറിയം, ക്രൈസ്തവ ജീവിതത്തിന് എക്കാലത്തെയും മികച്ച മാതൃകയാണ്. ദൈവത്തിന്റെ അനന്തമായ പദ്ധതിയിൽ, അഹങ്കാരമില്ലാത്ത ഒരു ഹൃദയത്തിന് എത്രത്തോളം വലിയ കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പരിശുദ്ധ അമ്മ. "ഇതാ കർത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലുണ്ടാകട്ടെ" (ലൂക്കാ 1:38). ഈ "ആമേൻ" (Fiat) ആണ് രക്ഷാകര ചരിത്രത്തിന്റെ തുടക്കം. ദൈവത്തിന്റെ ഹിതത്തിന് മുന്നിൽ സ്വന്തം ഇഷ്ടങ്ങളെ പൂർണ്ണമായും അടിയറവ് വെക്കുന്നതാണ് യഥാർത്ഥ എളിമ എന്ന് മറിയം നമ്മെ പഠിപ്പിക്കുന്നു.
വിശുദ്ധ ബർണാർഡ് ഇപ്രകാരം പറയുന്നു: "കന്യകാത്വത്താൽ അവൾ ദൈവത്തെ പ്രസാദിപ്പിച്ചു, എന്നാൽ എളിമയാലാണ് അവൾ ദൈവത്തെ ഗർഭം ധരിച്ചത്." ദൈവത്തിന് ഭൂമിയിലേക്ക് ഇറങ്ങിവരാൻ മറിയം തന്റെ എളിമയാൽ സ്വർഗത്തിലേക്ക് ഒരു ഗോവണി പണിതുവെന്ന് സഭാപിതാക്കന്മാർ പഠിപ്പിക്കുന്നു. മറിയത്തിന്റെ എളിമയുടെ വലിയ സാക്ഷ്യം നമുക്ക് മനസിലാക്കുവാൻ സാധിക്കുന്നത് അവളുടെ സ്തോത്രഗീതത്തിലൂടെയാണ്. തന്റെ ചാർച്ചക്കാരിയായ എലിസബത്തിനെ സന്ദർശിക്കുമ്പോൾ മറിയം ആലപിക്കുന്ന സ്തോത്രഗീതമായ 'മഗ്നിഫിക്കാത്ത്' (Magnificat) അവളുടെ എളിമയുടെ ആഴം വെളിപ്പെടുത്തുന്നു. എലിസബത്ത് മറിയത്തെ "എന്റെ കർത്താവിന്റെ അമ്മ" എന്ന് വിളിച്ച് പുകഴ്ത്തുമ്പോൾ, ആ പുകഴ്ച മറിയം തന്നിലേക്ക് എടുക്കുന്നില്ല. മറിച്ച്, അവൾ അത് ദൈവത്തിലേക്ക് ചൂണ്ടികാണിക്കുന്നു. "ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു... അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു" (ലൂക്കാ 1:48-49). തന്റെ മഹത്വം സ്വന്തം കഴിവ് കൊണ്ടല്ല, മറിച്ച് ദൈവത്തിന്റെ കാരുണ്യം കൊണ്ടാണെന്ന് അവൾ ഉറച്ചു വിശ്വസിച്ചു. അഹങ്കാരികളെ ചിതറിക്കുകയും എളിയവരെ ഉയർത്തുകയും ചെയ്യുന്ന ദൈവത്തെയാണ് അവൾ പ്രകീർത്തിച്ചത്.
ഉത്ഭവപാപമില്ലാതെ മറിയം ജനിച്ചു എന്നത് മറിയത്തിന് ലഭിച്ച വെറുമൊരു ആനുകൂല്യമല്ല, മറിച്ച് പാപത്തിൽ ഉഴലുന്ന മനുഷ്യരാശിക്ക് ദൈവം നൽകിയ പ്രത്യാശയുടെ ഉറപ്പാണ്. ദൈവം തന്റെ പുത്രന് വസിക്കാനായി ഒരുക്കി വെച്ച നിർമ്മലമായ ആലയമാണ് മറിയം. പാപം മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റുന്നുവെങ്കിൽ, പാപമില്ലാത്ത അവസ്ഥ ദൈവത്തോട് നമ്മെ എത്രത്തോളം അടുപ്പിക്കും എന്ന് അമലോത്ഭവം കാണിച്ചുതരുന്നു. "കൃപ നിറഞ്ഞവളെ" എന്ന് മാലാഖ സംബോധന ചെയ്യുമ്പോൾ, ദൈവം മനുഷ്യരാശിയെ കൈവിട്ടിട്ടില്ലെന്നും, വിശുദ്ധിയിലേക്ക് നമ്മെ തിരികെ വിളിക്കുന്നുവെന്നും അത് നമ്മെ ഓർമ്മിപ്പിക്കുന്നു.
മറിയത്തിന്റെ അമലോത്ഭവം നമ്മോട് പറയുന്നത് ഇതാണ്: ദൈവത്തിന് ഒന്നും അസാധ്യമല്ല. പാപത്തിന്റെ കറയില്ലാതെ മനുഷ്യനെ സൃഷ്ടിക്കാനും സംരക്ഷിക്കാനും ദൈവത്തിന് കഴിയും. നാം ഓരോരുത്തരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടവരാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണിത്.
മറിയത്തിന്റെ എളിമ അവളെ ദൈവത്തിന്റെ മാത്രം അമ്മയാക്കി ചുരുക്കിയില്ല; മറിച്ച് അവൾ സകല മനുഷ്യരുടെയും അമ്മയായി മാറി. ഈശോ കുരിശിൽ കിടക്കുമ്പോൾ തന്റെ അമ്മയെ യോഹന്നാന്, തദ്വാര ലോകം മുഴുവനും, അമ്മയായി നൽകി.
ഒരു രാജ്ഞിയെപ്പോലെ അധികാരത്തോടെ ഭരിക്കുന്ന അമ്മയല്ല, മറിച്ച് മക്കളുടെ വേദനകളിൽ കൂടെ നിൽക്കുന്ന, എളിമയുള്ള അമ്മയാണ് മറിയം. കാനായിലെ കല്യാണവീട്ടിൽ വീഞ്ഞ് തീർന്നുപോയപ്പോൾ, ആരും പറയാതെ തന്നെ ആ കുറവ് കണ്ടറിഞ്ഞ് ഈശോയോട് അപേക്ഷിക്കുന്ന മറിയത്തെ നാം കാണുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങളിൽ ഇടപെടാനുള്ള മനസ്സ് എളിമയിൽ നിന്നാണ് ഉണ്ടാകുന്നത്. താൻ ദൈവമാതാവാണെന്ന അഹങ്കാരം ഉണ്ടായിരുന്നെങ്കിൽ അവൾക്ക് സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മടിയുണ്ടാകുമായിരുന്നു. എന്നാൽ, അവളുടെ എളിമ അവളെ എല്ലാവർക്കും സമീപിക്കാവുന്നവളാക്കി മാറ്റി.
വിശുദ്ധ കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസ പ്രാർത്ഥിച്ചിരുന്നത് ഇപ്രകാരമാണ്: " എളിമയും സ്നേഹവും നിറഞ്ഞ അങ്ങയുടെ നിർമ്മല ഹൃദയം, യേശുവിനെ എനിക്ക് സ്വീകരിക്കാനും സ്നേഹിക്കാനും സാധിക്കേണ്ടതിന്; മറിയമേ, അങ്ങയുടെ ഹൃദയം എനിക്ക് തരിക."ഇന്നത്തെ ലോകം അധികാരത്തിനും പ്രശസ്തിക്കും വേണ്ടി മത്സരിക്കുമ്പോൾ, മറിയം നിശബ്ദതയുടെയും എളിമയുടെയും വഴികാട്ടിയാകുന്നു. "അവൻ വളരുകയും ഞാൻ കുറയുകയും വേണം" (യോഹന്നാൻ 3:30) എന്ന് സ്നാപക യോഹന്നാൻ പറഞ്ഞതുപോലെ, തന്റെ ജീവിതത്തിലൂടെ യേശുവിനെ കാണിച്ചുതന്നവളാണ് മറിയം.
വിശുദ്ധ അഗസ്റ്റിൻ പറയുന്നു: "നിങ്ങൾ വലിയവനാകാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ചെറിയവനായി തുടങ്ങുക. സ്വർഗ്ഗത്തോളം ഉയരമുള്ള ഒരു സൗധം പണിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ എളിമയാകുന്ന അടിത്തറയിടുക." മറിയത്തിന്റെ എളിമ അനുകരിക്കുക എന്നത് എളുപ്പമല്ല, പക്ഷേ അത് അത്യാവശ്യമാണ്. അമലോത്ഭവത്തിലൂടെ ദൈവം അവളെ പാപമില്ലാത്തവളായി കാത്തുസൂക്ഷിച്ചപ്പോൾ, അവൾ തന്റെ എളിമയിലൂടെ ആ കൃപയെ സംരക്ഷിച്ചു. ഇന്ന് ലോകം മുഴുവന്റെയും അമ്മയായി അവൾ നിലകൊള്ളുന്നത് അവൾ സ്വയം താഴ്ത്തിയതുകൊണ്ടാണ്.
നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളിലും സന്തോഷങ്ങളിലും "ഇതാ കർത്താവിന്റെ ദാസൻ/ദാസി" എന്ന് പറയാൻ നമുക്ക് സാധിക്കണം. അമ്മയുടെ കരം പിടിച്ച്, എളിമയുടെ വഴിയിലൂടെ സഞ്ചരിച്ചാൽ നമുക്കും ഈശോയിലേക്ക് എത്തിച്ചേരാം. ആ നിർമ്മലമായ സ്നേഹവും എളിമയും നമ്മുടെ ജീവിതത്തിലും പ്രകാശിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: