സുവിശേഷം പ്രസംഗിക്കുന്നവന്റെ വാക്കിന് ശക്തി ലഭിക്കണമെങ്കിൽ അവന്റെ ജീവിതം ദാരിദ്ര്യത്തിന്റെ അരൂപിയിൽ ആയിരിക്കണം
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മനുഷ്യചരിത്രത്തിന്റെ ഗതിവിഗതികളിൽ പലപ്പോഴും വിപ്ലവങ്ങൾ നടന്നിട്ടുള്ളത് അധികാരത്തിന് വേണ്ടിയോ സമ്പത്തിന് വേണ്ടിയോ ആയിരുന്നു. എന്നാൽ പതിമൂന്നാം നൂറ്റാണ്ടിൽ കത്തോലിക്കാ സഭയിൽ സംഭവിച്ച ഒരു നിശബ്ദ വിപ്ലവം ലോകത്തിന്റെ കാഴ്ചപ്പാടുകളെ തന്നെ മാറ്റിമറിച്ചു. അത് 'ദാരിദ്ര്യത്തിന്റെ വിപ്ലവം' ആയിരുന്നു. ലിയോ പതിനാലാമൻ പാപ്പായുടെ അപ്പസ്തോലിക പ്രബോധനമായ 'ദിലക്സി തേ' (Dilexi te)-യുടെ 63 മുതൽ 67 വരെയുള്ള ഖണ്ഡികകൾ ഈ ആത്മീയ വസന്തത്തെക്കുറിച്ചുള്ള ആഴമേറിയ ഉൾക്കാഴ്ചകളാണ് നൽകുന്നത്. ആധുനികയുഗത്തിൽ ഭൗതികവാദവും ആഡംബര ഭ്രമവും ലോകത്തെ വിഴുങ്ങുമ്പോൾ, 'ദാരിദ്ര്യം' എങ്ങനെയാണ് ഒരു വലിയ സ്വാതന്ത്ര്യമായും പ്രവചനമായും മാറുന്നത് എന്ന് ഈ പ്രബോധനങ്ങൾ നമ്മെ പഠിപ്പിക്കുന്നു.
പതിമൂന്നാം നൂറ്റാണ്ടിലെ ആത്മീയ ഉണർവ്
മധ്യകാലഘട്ടത്തിലെ യൂറോപ്പ് വലിയ സാമൂഹിക മാറ്റങ്ങളിലൂടെ കടന്നുപോവുകയായിരുന്നു. നഗരങ്ങൾ വളരുകയും വ്യാപാരം അഭിവൃദ്ധിപ്പെടുകയും ചെയ്തതോടെ സമ്പത്ത് ചില കേന്ദ്രങ്ങളിൽ മാത്രം കുമിഞ്ഞുകൂടി. ഇതിന്റെ ഫലമായി ദാരിദ്ര്യം പുതിയ ഭാവങ്ങളിൽ സമൂഹത്തിൽ പ്രത്യക്ഷപ്പെട്ടു. ഈ കാലഘട്ടത്തിലാണ് പരിശുദ്ധാത്മാവ് സഭയിൽ 'ഭിക്ഷു സന്യാസ സമൂഹങ്ങൾ' (Mendicant Orders) എന്ന പുതിയ സന്യാസസമൂഹങ്ങൾക്ക് രൂപം നൽകിയത്.
പരമ്പരാഗതമായി സന്യാസികൾ വലിയ മഠങ്ങളിൽ ഒതുങ്ങിക്കൂടി പ്രാർത്ഥനയിലും കൃഷിയിലും ഏർപ്പെട്ടിരുന്നവരായിരുന്നു. എന്നാൽ ഭിക്ഷു സന്യാസികൾ ഈ മാതൃകയെ പൊളിച്ചെഴുതി. സഞ്ചരിക്കുന്ന മാതൃക അവർ തിരഞ്ഞെടുത്തു. അവർക്ക് സ്വന്തമായി വീടുകളോ വസ്തുവകകളോ ഉണ്ടായിരുന്നില്ല. നഗരങ്ങളെ അവർ തങ്ങളുടെ 'മരുഭൂമി'യായും അവിടുത്തെ പാർശ്വവൽക്കരിക്കപ്പെട്ടവരെ തങ്ങളുടെ 'ഗുരുക്കന്മാരായും' കണ്ടു. ഫ്രാൻസിസ്കൻ, ഡൊമിനിക്കൻ, അഗസ്റ്റീനിയൻ, കാർമലൈറ്റ് സഭകൾ ഈ വിപ്ലവത്തിന്റെ മുൻനിരക്കാരായി. അവർ വെറുതെ ദരിദ്രരെ സേവിക്കുകയല്ല ചെയ്തത്, മറിച്ച് അവർ ദരിദ്രരായി ജീവിച്ചു. ആദിമ ക്രൈസ്തവ സമൂഹത്തിന്റെ മാതൃകയിൽ (അപ്പ. 4:32), സകലതും ഉപേക്ഷിച്ച് ക്രിസ്തുവിനെ മാത്രം ആശ്രയിക്കുന്ന ഒരു ശൈലി അവർ സ്വീകരിച്ചു.
ഫ്രാൻസിസ് അസീസി: ദാരിദ്ര്യത്തിന്റെ ഐക്കൺ
വിശുദ്ധ ഫ്രാൻസിസ് അസീസിയാണ് ഈ ആത്മീയ വസന്തത്തിന്റെ നായകൻ. സമ്പന്നനായ ഒരു വ്യാപാരിയുടെ മകനായിരുന്ന ഫ്രാൻസിസ് തന്റെ സകല സമ്പത്തും പദവികളും ഉപേക്ഷിച്ചാണ് ദാരിദ്ര്യത്തെ വരിക്കാൻ തീരുമാനിച്ചത്. 'ദാരിദ്ര്യത്തെ' അദ്ദേഹം തന്റെ 'മണവാട്ടി'യായി കണ്ടു. കുരിശിൽ നഗ്നനായി മരിച്ച ക്രിസ്തുവിനെ അനുകരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം.
താൻ സ്ഥാപിച്ച സന്യാസ സമൂഹത്തിന്റെ നിയമത്തിൽ ഫ്രാൻസിസ് വ്യക്തമായി എഴുതി: "സഹോദരങ്ങൾ വീടോ സ്ഥലമോ മറ്റൊന്നും സ്വന്തമാക്കരുത്. ഈ ലോകത്തിൽ തീർത്ഥാടകരും പരദേശികളുമായി ജീവിച്ചുകൊണ്ട്, ദാരിദ്ര്യത്തിലും വിനയത്തിലും കർത്താവിനെ സേവിക്കണം." ദാരിദ്ര്യം എന്നത് ഫ്രാൻസിസിന് കേവലം പണമില്ലാത്ത അവസ്ഥയായിരുന്നില്ല, മറിച്ച് അതൊരു 'ബന്ധം' ആയിരുന്നു. പാവപ്പെട്ടവനെ സഹോദരനായി കാണാനും അവരോടൊപ്പം തുല്യനായി ഇരിക്കാനും അത് അദ്ദേഹത്തെ പ്രാപ്തനാക്കി.
കൊട്ടാരത്തിൽ നിന്ന് കുഷ്ഠരോഗികളുടെ ഇടയിലേക്കും, ആജ്ഞാപിക്കുന്ന സ്വരത്തിൽ നിന്ന് മൗനത്തിലേക്കും, ഉടമസ്ഥാവകാശത്തിൽ നിന്ന് ദാനത്തിലേക്കും ഫ്രാൻസിസ് വളർന്നു. അദ്ദേഹം സ്ഥാപിച്ചത് ഒരു കേവല സാമൂഹിക സേവന സംഘടനയല്ല, മറിച്ച് ഒരു 'സുവിശേഷ സാഹോദര്യമാണ്'. മറ്റുള്ളവരേക്കാൾ താഴെ നിൽക്കാൻ ആഗ്രഹിച്ച ഫ്രാൻസിസ്, സഭയുടെ അധികാരം പ്രയോഗിക്കേണ്ടത് സേവനത്തിലൂടെയും വിനയത്തിലൂടെയുമാണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു.
വിശുദ്ധ ക്ലാരയും, ദാരിദ്ര്യത്തിന്റെ അരൂപിയും
ഫ്രാൻസിസിന്റെ ആദർശങ്ങളാൽ പ്രചോദിതയായ വിശുദ്ധ ക്ലാര, സ്ത്രീ സന്യാസ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു. 'ദരിദ്ര സഹോദരിമാരുടെ സഭ' സ്ഥാപിച്ച അവൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി സഭയുടെ ഔദ്യോഗിക നിയമങ്ങളായിരുന്നു. മഠങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വം വേണമെന്നും വസ്തുവകകൾ വേണമെന്നും അതിനുള്ള ആനുകൂല്യങ്ങൾ നൽകുവാൻ പാപ്പാമാർ അനുവാദം നല്കിയപ്പോഴും, ക്ലാര വഴങ്ങിയില്ല.
ഗ്രിഗറി ഒമ്പതാമൻ പാപ്പായിൽ നിന്ന് അവൾ 'ദാരിദ്ര്യത്തിന്റെ അവകാശം' (Privilegium Paupertatis) എന്ന ചരിത്രപ്രസിദ്ധമായ രേഖ നേടിയെടുത്തു. യാതൊരു ഭൗതിക സമ്പത്തും ഇല്ലാതെ ജീവിക്കാനുള്ള അനുവാദമായിരുന്നു അത്. സമ്പത്തിനേക്കാൾ വലിയ സുരക്ഷിതത്വം ദൈവത്തിലുള്ള വിശ്വാസമാണെന്ന് അവൾ ഉറച്ചു വിശ്വസിച്ചു. ക്ലാരയുടെ ജീവിതം ആധുനിക ലോകത്തിലെ ഉപഭോഗസംസ്കാരത്തിന് എതിരെയുള്ള ഒരു വലിയ വെല്ലുവിളിയാണ്. നിശബ്ദമായ അവളുടെ പ്രാർത്ഥനാജീവിതം ലോകത്തിലെ അധികാര മോഹങ്ങൾക്കെതിരെയുള്ള പ്രവാചകശബ്ദമായിരുന്നു.
വിശുദ്ധ ഡൊമിനിക്: സത്യവും ദാരിദ്ര്യവും
ഫ്രാൻസിസിന്റെ സമകാലികനായിരുന്ന വിശുദ്ധ ഡൊമിനിക് 'പ്രസംഗകരുടെ സഭ' (Order of Preachers) സ്ഥാപിച്ചു. അദ്ദേഹത്തിന്റെ ലക്ഷ്യം സത്യം പ്രഘോഷിക്കുക എന്നതായിരുന്നു. എന്നാൽ സുവിശേഷം പ്രസംഗിക്കുന്നവന്റെ വാക്കിന് ശക്തി ലഭിക്കണമെങ്കിൽ അവന്റെ ജീവിതം ദരിദ്രമായിരിക്കണമെന്ന് ഡൊമിനിക് വിശ്വസിച്ചു. ആഡംബരങ്ങളിൽ ജീവിച്ചുകൊണ്ട് ദാരിദ്ര്യത്തെക്കുറിച്ച് പ്രസംഗിക്കുന്നത് കാപട്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
ഡൊമിനിക്കൻ സന്യാസികൾ, നഗരങ്ങളിലെ സർവ്വകലാശാലകളിലേക്കും, അറിവിന്റെ കേന്ദ്രങ്ങളിലേക്കും പോയി ദൈവത്തിന്റെ സത്യം പ്രഘോഷിക്കുകയും പഠിപ്പിക്കുകയും ചെയ്തു. അവർ ഭൗതിക സമ്പത്തിന്റെ ഭാരമില്ലാതെ ജീവിച്ചതിനാൽ സത്യം പ്രഘോഷിക്കാൻ അവർക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചു. മറ്റുള്ളവരെ ആശ്രയിച്ചു ജീവിച്ചതിലൂടെ, വിശ്വാസം എന്നത് അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല, മറിച്ച് വിനയത്തോടെ സമർപ്പിക്കേണ്ട ഒന്നാണെന്ന് അവർ തെളിയിച്ചു. ദരിദ്രർക്കിടയിൽ ജീവിച്ചുകൊണ്ട് അവർ സുവിശേഷത്തിന്റെ സത്യം 'താഴെത്തട്ടിൽ' നിന്ന് പഠിച്ചു.
ദാരിദ്ര്യം: നിസ്സംഗതയ്ക്കുള്ള മറുപടി
ഭിക്ഷു സന്യാസികൾ ലോകത്തിന് നൽകിയ ഏറ്റവും വലിയ സന്ദേശം എന്താണ്? അവർ ദാരിദ്ര്യത്തെ സ്വീകരിച്ചത് വിഭവങ്ങളുടെ കുറവ് കൊണ്ടല്ല, മറിച്ച് അതൊരു 'സ്വതന്ത്രമായ തിരഞ്ഞെടുപ്പ്' ആയിരുന്നു. പാവപ്പെട്ടവനെ സ്നേഹിക്കാൻ അവരിൽ ഒരാളാവുക എന്നതായിരുന്നു അവരുടെ രീതി. പ്രശസ്ത ചരിത്രകാരനായ തോമസ് സെലാനോ, വിശുദ്ധ ഫ്രാൻസിസിനെക്കുറിച്ച് ഇങ്ങനെ എഴുതി: "അദ്ദേഹം ദരിദ്രരെ അഗാധമായി സ്നേഹിച്ചു... ദരിദ്രർക്ക് വസ്ത്രം നൽകാൻ വേണ്ടി പലപ്പോഴും അദ്ദേഹം സ്വന്തം വസ്ത്രങ്ങൾ ഉരിഞ്ഞു നൽകി."
ഈ സന്യാസ സമൂഹങ്ങൾ സഭയെ ഒരു 'തീർത്ഥാടക സഭ'യായി മാറ്റിയെടുത്തു. ഭൗതികമായ അധികാരങ്ങളോ വലിയ കെട്ടിടങ്ങളോ അല്ല സഭയുടെ കരുത്ത്, മറിച്ച് വിനീതമായ ഹൃദയമാണെന്ന് അവർ തെളിയിച്ചു. സഭ ലൗകികമായ എല്ലാറ്റിൽ നിന്നും വിമുക്തമാകുമ്പോഴാണ് അത് ലോകത്തിന്റെ പ്രകാശമായി മാറുന്നത്.
ആധുനിക ലോകവും സുവിശേഷാത്മക ദാരിദ്ര്യവും
പതിമൂന്നാം നൂറ്റാണ്ടിലെ ഈ വിശുദ്ധരുടെ ജീവിതം ഇന്നത്തെ ലോകത്തിന് എന്താണ് പറഞ്ഞുതരുന്നത്? ഇന്ന് നാം ജീവിക്കുന്നത് ലാഭത്തിലും നേട്ടത്തിലും മാത്രം അധിഷ്ഠിതമായ ഒരു ലോകത്തിലാണ്. എന്നാൽ, സന്തോഷം എന്നത് വസ്തുവകകൾ കുന്നുകൂട്ടുന്നതിലല്ല, മറിച്ച് മറ്റുള്ളവർക്കായി പങ്കുവെക്കുന്നതിലാണെന്ന് ഈ വിശുദ്ധർ നമ്മെ ഓർമ്മിപ്പിക്കുന്നു.
സഭയുടെ പ്രേഷിതത്വം എന്നത് വെറുമൊരു സാമൂഹിക സേവനമല്ല (Social Service), മറിച്ച് ഒരു 'സുവിശേഷ സാഹോദര്യമാണ്' (Evangelical Fraternity). പാവപ്പെട്ടവനോട് അനുതാപം തോന്നുകയല്ല, മറിച്ച് അവനോടൊപ്പം ആയിരിക്കുകയും അവനായി സ്വയം ശൂന്യനാവുകയും ചെയ്യുക എന്നതാണ് ക്രിസ്തീയ വിശുദ്ധിയുടെ പാത.
'ദിലക്സി തേ' എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെ പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നത്, സഭയുടെ യഥാർത്ഥ മുഖം എപ്പോഴും വിനീതമായിരിക്കണം എന്നാണ്. ഫ്രാൻസിസിനെപ്പോലെയും ക്ലാരയെപ്പോലെയും ഡൊമിനിക്കിനെപ്പോലെയും ലോകത്തിന്റെ ആഡംബരങ്ങളെ ഉപേക്ഷിക്കാൻ നമുക്ക് കഴിയുമോ? സന്നദ്ധമായ ദാരിദ്ര്യം എന്നത് ലോകത്തിന്റെ ദൃഷ്ടിയിൽ പരാജയമായി തോന്നാം, എന്നാൽ ദൈവരാജ്യത്തിന്റെ യുക്തിയിൽ അത് വലിയൊരു വിജയമാണ്.
നമ്മുടെ ഹൃദയങ്ങൾ ലാളിത്യത്തിലേക്കും വിനയത്തിലേക്കും തിരിയട്ടെ. പാവപ്പെട്ടവന്റെ മുഖത്ത് ക്രിസ്തുവിനെ ദർശിക്കാൻ നമുക്ക് കഴിയട്ടെ. ഭിക്ഷു സന്യാസികൾ തുടങ്ങിവെച്ച ആ സുവിശേഷ വിപ്ലവം ഇന്നും നമ്മുടെ ഇടയിൽ തുടരേണ്ടതുണ്ട്. കാരണം, സഭ ഏറ്റവും കൂടുതൽ പ്രകാശിക്കുന്നത് അത് ദരിദ്രരുടെ സഭയായി മാറുമ്പോഴാണ്. "ദരിദ്രരുടെ ആവശ്യങ്ങൾ നിറവേറ്റുമ്പോൾ, നമ്മുടേതല്ല, അവരുടേതാണ് നാം അവർക്ക് നൽകുന്നത്. കാരുണ്യപ്രവൃത്തികൾ ചെയ്യുന്നതിനേക്കാൾ, നാം നീതിയുടെ കടം വീട്ടുകയാണ്", വിശുദ്ധ ഗ്രിഗറിയെ ഉദ്ധരിച്ചുകൊണ്ട് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നത് ഇപ്രകാരമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: