മെത്രാൻസമിതി പ്രസിഡന്റ് കർദ്ദിനാൾ ബെർഹാനിയേസുസ് സുറാഫിയേൽ മെത്രാൻസമിതി പ്രസിഡന്റ് കർദ്ദിനാൾ ബെർഹാനിയേസുസ് സുറാഫിയേൽ 

വിദ്വേഷത്തിൽനിന്ന് അകന്നുനിൽക്കാൻ പൗരന്മാരെ ക്ഷണിച്ച് എത്യോപ്യൻ മെത്രാൻസമിതി

എല്ലാത്തരം വിദ്വേഷങ്ങളിൽനിന്നും അകന്നുനിൽക്കാൻ എല്ലാ എത്യോപ്യക്കാരെയും ക്ഷണിച്ച് എത്യോപ്യൻ മെത്രാൻസമിതി. പ്രതിരോധിക്കാനാകാത്ത മനുഷ്യർക്കെതിരെ നടത്തുന്ന ആക്രമണങ്ങളെ മത, സാംസ്‌കാരിക, രാഷ്ട്രീയ ഉദ്ബോധനങ്ങൾ കൊണ്ട് ന്യായീകരിക്കാനാകില്ലെന്ന് മെത്രാന്മാർ ഓർമ്മിപ്പിച്ചതായി ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ദുർബലരും പ്രതിരോധശേഷിയില്ലാത്തവരുമായ മനുഷ്യരെ ആക്രമിക്കുന്നതിനെ മത, സാംസ്‌കാരിക, രാഷ്ട്രീയ ഉദ്ബോധനങ്ങളും ചിന്തകളും നിരത്തി ന്യായീകരിക്കാനാകില്ലെന്ന് ഓർമ്മിപ്പിച്ച് എത്യോപ്യയിലെ കത്തോലിക്കാ മെത്രാൻസമിതി. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നടന്ന ക്രൂരമായ ആക്രമണങ്ങളുടെ മുന്നിലാണ് ഇത്തരമൊരു പ്രസ്താവന രാജ്യത്തെ സഭാനേതൃത്വം നടത്തിയത്.

എല്ലാത്തരം വിദ്വേഷചിന്തകളിലും നിന്ന് അകന്നുനിൽക്കാൻ രാജ്യത്തെ പൗരന്മാരോട് കാതോലിക്കാസഭാനേതൃത്വം അഭ്യർത്ഥിച്ചു. ഓർമിയയിലുള്ള ആർസി പ്രദേശത്ത് അടുത്തിടെ നടന്ന കൂട്ടക്കൊലയുടെ കൂടി പശ്ചാത്തലത്തിലാണ് വെറുപ്പും വൈരാഗ്യവും വെടിയാനും, സമാധാനം കൊണ്ടുവരാനും ഇത്തരമൊരു അഭ്യർത്ഥന മെത്രാന്മാർ നടത്തിയതെന്ന്, മെത്രാൻസമിതി പ്രസിഡന്റ് കർദ്ദിനാൾ ബെർഹാനിയേസുസ് സുറാഫിയേൽ മാർച്ച് ഒൻപതാം തീയതി നടത്തിയ നടത്തിയ പ്രസ്താവനയെ അധികരിച്ച് ഫീദെസ് ഏജൻസി എഴുതി.

ആർസി പ്രദേശത്ത് നടന്ന അതിക്രമങ്ങളെ സഭ മനുഷ്യത്വരഹിതമായ പ്രവർത്തിയായാണ് കണക്കാക്കുന്നതെന്ന് പ്രസ്താവിച്ച സഭാനേതൃത്വം നിയമവാഴ്ച നടപ്പാക്കാൻ വേണ്ട നടപടികൾ എടുക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇസ്ലാം മതവിശ്വാസികളും ക്രൈസ്തവരും സഹകരണത്തോടെ ജീവിച്ചിരുന്ന ഈ പ്രദേശത്തുള്ള ഒരു വ്യാപാരയിടത്ത് ഫെബ്രുവരി 26-ന് കടന്നെത്തിയ ഒരു തീവ്രവാദിവിഭാഗം ആളുകൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഇരുപത് ക്രൈസ്തവരും ഒരു മുസ്ലിം ഗാർഡും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഫെബ്രുവരി 28-ന് ഈ പ്രദേശത്ത് വീണ്ടും ആക്രമണം നടന്നിരുന്നു. സംഭവത്തിൽ ഒരു ഓർത്തഡോക്സ് ദേവാലയത്തിലുണ്ടായിരുന്ന ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു.

ഷിർക്ക ജില്ലയിൽ ഇരുപത്തിയാറും, മെർത്തി ജില്ലയിൽ നാലും ഉൾപ്പെടെ 34 ഓർത്തഡോക്സ് സഭാംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലപ്പെട്ടത്. ഷിർക്ക ജില്ലയിൽ ഈ വർഷാരംഭം മുതൽ കൊല്ലപ്പെട്ടവരുടെ എണ്ണം 164 ആണ്. 8 പേരെ കാണാതായതായും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ആയിരക്കണക്കിനാളുകളാണ് കുടിയിറങ്ങാൻ നിർബന്ധിതരായിരിക്കുന്നത്. 2025-ൽ ആരംഭിച്ച സംഘർഷങ്ങളുടെ ഭാഗമായി ഓർമിയയിൽ ഇതുവരെ 1.244 പേരാണ് ഇരകളായത്.

നിഷ്കളങ്കരായ ആളുകളുടെ ജീവനെടുക്കുന്നതിനെ അപലപിച്ച മെത്രാൻസമിതി, രാജ്യത്തെ പൗരന്മാർ വെറുപ്പ് കൈവെടിയണമെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും, സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങളെ തള്ളിക്കളയണമെന്നും അഭ്യർത്ഥിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 മാർച്ച് 2026, 12:50