മദ്ധ്യപൂർവ്വദേശങ്ങളിലെ സംഘർഷങ്ങൾ: ഇരകളാകുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മദ്ധ്യപൂർവ്വദേശങ്ങളിലെ സംഘർഷങ്ങളും യുദ്ധങ്ങളും കൂടുതൽ തീവ്രമായി തുടരുന്നതിനിടെ, അവിടെ നടക്കുന്ന ആക്രമണങ്ങളിൽ ഇരകളാകുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചുവരികയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് മുന്നറിയിപ്പ് നൽകി. നിലവിലെ കണക്കുകൾ പ്രകാരം ഫെബ്രുവരി 28 മുതലുള്ള കാലയളവിൽ, ഇറാനിൽ കൊല്ലപ്പെട്ട 200 കുട്ടികളും ലെബനനിലെ 91 കുട്ടികളും ഇസ്രായേലിൽ മരിച്ച 4 കുട്ടികളും കുവൈറ്റിൽ ജീവൻ നഷ്ടപ്പെട്ട 1 കുട്ടിയും ഉൾപ്പെടെ 1.100 കുട്ടികൾ ആക്രമണങ്ങൾക്ക് ഇരകളായി.
വിവിധ രാജ്യങ്ങൾക്കിടയിൽ നടക്കുന്ന ആക്രമണങ്ങളും ആഭ്യന്തരസംഘർഷങ്ങളും മൂലം ദശലക്ഷക്കണക്കിന് കുട്ടികൾക്കാണ് വിദ്യാഭ്യാസസാധ്യതകൾ തടസ്സപ്പെട്ടിരിക്കുന്നതെന്ന് ശിശുക്ഷേമനിധി ഓർമ്മിപ്പിച്ചു. അതേസമയം ലക്ഷക്കണക്കിന് കുട്ടികൾ കുടിയിറങ്ങാൻ നിർബന്ധിതരായിരിക്കുകയാണെന്നും സംഘടന കൂട്ടിച്ചേർത്തു.
കുട്ടികളുടെ അതിജീവനത്തിന് പ്രധാനപ്പെട്ട ആശുപത്രികളും സ്‌കൂളുകളും ശുദ്ധജലവിതരണസംവിധാനങ്ങളും ആരോഗ്യപരിപാലനമേഖലയും പലയിടങ്ങളിലും ആക്രമിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് യൂണിസെഫ് അപലപിച്ചു. കുട്ടികളുടെ ജീവനെടുക്കുന്നതും, അവർക്ക് പരിക്കേൽപ്പിക്കുന്നതും, അവരുടെ ജീവൻ നിലനിറുത്തുന്നതിന് സഹായിക്കുന്ന ആവശ്യസേവനമേഖലകൾ ആക്രമിക്കുന്നതും ഒരു രീതിയിലും ന്യായീകരിക്കാനാകില്ലെന്ന് ഐക്യരാഷ്ട്രസഭാസംഘടന ഓർമ്മിപ്പിച്ചു.
അന്താരാഷ്ട്രമാനവികനിയമവും, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളും ഉൾപ്പെടെയുള്ള വിവിധ നിയമങ്ങൾക്കെതിരാണ് സായുധസംഘർഷങ്ങളുടെ ഭാഗമായാണെങ്കിലും, കുട്ടികളുടെ നേർക്കുള്ള ആക്രമണങ്ങൾ എന്ന് യൂണിസെഫ് എഴുതി.
സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികൾ ആക്രമണങ്ങൾ അവസാനിപ്പിക്കാനും, നയതന്ത്രചർച്ചകൾ വഴി പ്രശ്നപരിഹാരങ്ങൾക്ക് ശ്രമിക്കാനും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ നടത്തിയ അഭ്യർത്ഥന യൂണിസെഫ് ആവർത്തിച്ചു. യുദ്ധത്തിന്റെ ഭാഗമായി പൊതുജനങ്ങൾ നേരിടുന്ന നാശനഷ്ടങ്ങൾ കുറയ്ക്കാനും, കുട്ടികളെ കൂടുതൽ തീവ്രമായി ബാധിക്കുന്ന സ്ഫോടകവസ്തുക്കൾ പോലെയുള്ള ആയുധങ്ങൾ ഒഴിവാക്കാനും സംഘടന ആവശ്യപ്പെട്ടു. മദ്ധ്യപൂർവ്വദേശങ്ങളിലുള്ള 20 കോടിയോളം കുട്ടികളുടെ ജീവൻ സംരക്ഷിക്കാനായി സത്വര നടപടികൾ വേണമെന്ന് സംഘടന തങ്ങളുടെ അഭ്യർത്ഥനയിലൂടെ ഏവരോടും അപേക്ഷിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: