കാഴ്ചയുടെയും ജീവന്റെയും പാതയിലേക്ക് ക്ഷണിക്കുന്ന ദൈവവും മാതൃകാപരമായ ക്രൈസ്തവജീവിതവും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ജന്മനാ അന്ധനായിരുന്ന ഒരു മനുഷ്യന് യേശു കാഴ്ച നൽകുന്ന അത്ഭുതസംഭവമാണ് വിശുദ്ധ യോഹന്നാൻ തന്റെ ഒൻപതാം അദ്ധ്യായത്തിൽ വിവരിക്കുന്നത്. ലോകത്തിന്റെ പ്രകാശമായി വന്നവനാണ് യേശുവെന്ന സത്യത്തെ പ്രതീകാത്മകമായ വിധത്തിൽ വെളിപ്പെടുത്തുന്ന ഒരു സംഭവം കൂടിയാണിത്. ശാരീരികമായ അന്ധതയിൽനിന്ന് മാത്രമല്ല, ആത്മീയമായ അന്ധത ബാധിച്ചവർക്കും പ്രകാശത്തിലേക്ക് കടന്നുവരാൻ, കാഴ്ച ലഭിക്കാനുള്ള മാർഗ്ഗം യേശുവിലുള്ള വിശ്വാസമാണെന്ന ഒരു വലിയ യാഥാർത്ഥ്യത്തിന്റെ മനോഹരമായ പ്രഘോഷണം കൂടിയാണ് ഈ സുവിശേഷഭാഗം.
പാപവും രോഗവും
ഇവൻ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്? ഇവന്റെയോ ഇവന്റെ മാതാപിതാക്കളുടെയോ? (2). കരുണ നിറഞ്ഞ, സ്നേഹമായ ഒരു ദൈവത്തിന്റെ മുഖം ദൃശ്യമാക്കിത്തരുന്ന ക്രിസ്തുവിന് മുന്നിൽ അവനോടൊപ്പം നടന്ന ശിഷ്യന്മാർക്ക് ചോദിക്കാനുള്ള ചോദ്യം ഇതാണ്. പക വച്ചുപുലർത്തുന്ന, തലമുറകളോളം ശിക്ഷിക്കുന്ന ഒരു ദൈവമെന്ന ചിന്തയ്ക്കപ്പുറം കടക്കാൻ, ക്ഷമിക്കാനും പൊറുക്കാനും, തന്റെ മക്കളായ മാനവികതയെ മുഴുവൻ രക്ഷയുടെ പാതയിലേക്ക് നയിക്കാൻ ആഗ്രഹിക്കുന്ന ദൈവത്തെ തിരിച്ചറിയാൻ ശിഷ്യരെപ്പോലെ നമുക്കും പലപ്പോഴും സാധിക്കാറില്ല എന്നതല്ലെ സത്യം? കരുണയുടെയും അനുരഞ്ജനത്തിന്റെയും കൂദാശയായ കുമ്പസാരത്തെപ്പോലും സംശയിക്കാനും, ജീവിതകാലം മുഴുവനും പാപചിന്തകളും കുറ്റബോധവുമായി നടക്കാനും പലർക്കും കാരണമാകുന്നതും, ദൈവത്തിന്റെ സ്നേഹമെന്ന സ്വഭാവത്തെ മനസ്സിലാക്കാൻ സാധിക്കാത്തതുകൊണ്ടല്ലേ?
സൃഷ്ടികർമ്മവും ശുദ്ധീകരണവും
ഉത്പത്തിപുസ്തകത്തിന്റെ താളുകളിൽ നാം കാണുന്ന സൃഷ്ടികർമ്മത്തെ അനുസ്മരിപ്പിക്കുന്ന ചില പ്രവർത്തനങ്ങളാണ്, ചെളിയുണ്ടാക്കി, കണ്ണുകളിൽ പൂശിയിട്ട് സീലോഹാ കുളത്തിൽ പോയി കഴുകുവാൻ ആവശ്യപ്പെടുന്ന യേശുവിൽ നാം കാണുന്നത്. അന്ധതയെന്ന കുറവിലേക്ക് കാഴ്ചയുടെ പൂർണ്ണത നൽകപ്പെടുന്നു. പുതിയൊരു സൃഷ്ടിയായി മാറുന്ന, അയക്കപ്പെട്ടവനായ, രക്ഷകനായ യേശുവിൽ കുറവുകളെ കഴുകി, സൃഷ്ടിയിൽ ദൈവം കണ്ട മനോഹരമായ ജന്മമായി, പൂർണ്ണതയിലേക്ക് വളരുക. നമ്മുടെ കുറവുകളിൽ ദൈവത്തിൽ പൂർണ്ണത തേടാൻ, ക്രിസ്തുവിൽ പുതുജന്മം തേടാൻ നാം പരിശ്രമിക്കാറുണ്ടോ എന്ന ഒരു ചോദ്യവും വചനം നമുക്ക് മുന്നിൽ ഇന്ന് വയ്ക്കുന്നുണ്ട്.
നന്മയും മാറ്റങ്ങളും അംഗീകരിക്കാനാകാത്തവർ
സുവിശേഷത്തിലെ അന്ധനായ മനുഷ്യന്റെ മാറ്റത്തെ, ജനനം മുതലുണ്ടായിരുന്ന അന്ധതയിൽനിന്നുള്ള മോചനത്തെ അംഗീകരിക്കാനാകാത്ത, അവനെ സംശയത്തോടെ നോക്കുന്ന, ക്രിസ്തുവിലുള്ള വിശ്വാസം അവനിൽ കൊണ്ടുവന്ന സൗഖ്യത്തെ മനസ്സിലാക്കാൻ സാധിക്കാത്ത, ആത്മീയ അന്ധത ബാധിച്ച, അയൽക്കാരെയും ഫരിസേയരെയും ചില യഹൂദരെയുമൊക്കെ നമ്മൾ സുവിശേഷത്തിൽ തുടർന്ന് കാണുന്നുണ്ട്. പാപിയുടെ മോചന സാധ്യതകളെ അംഗീകരിക്കാത്ത, തിന്മയിൽനിന്നുള്ള ഒരു തിരികെ വരവിന് മനുഷ്യർക്ക് സ്വാതന്ത്ര്യം കൊടുക്കാത്ത ഒരു സ്വഭാവവൈകല്യം ലോകത്ത് എന്നും നിലനിന്നിട്ടുണ്ട് എന്നത് സത്യമാണെന്ന് നമുക്കറിയാം.
സൗഖ്യപ്പെടുത്തുന്നവരെ കുറ്റപ്പെടുത്തുന്ന, മറ്റുള്ളവർക്ക് ലഭിക്കാൻ സാധ്യതയുള്ള നന്മകൾക്ക് വിലങ്ങുതടിയാകുന്ന ചില ജീവിതങ്ങൾ സമൂഹത്തിൽ സജീവമായി നിലനിൽക്കുന്നത് നാം അനുദിനം കാണുന്ന യാഥാർത്ഥ്യമാണ്. പാവപ്പെട്ടവർക്കും ഭവനരഹിതർക്കും ഉപേക്ഷിക്കപ്പെട്ടവർക്കും മാറാരോഗികൾക്കും അഭയവും അന്നവും നൽകുന്ന മനുഷ്യരിലും സ്ഥാപനങ്ങളിലും കുറ്റം കണ്ടെത്താൻ ശ്രമിക്കുന്ന, സമൂഹത്തിൽ വളർന്നുവരുന്ന നന്മയുടെ കതിരുകൾ മുളയിലേ നുള്ളിക്കളയാൻ മുന്നോട്ടിറങ്ങുന്ന എത്രയോ ആളുകളെ നമുക്ക് ഇന്നത്തെ സമൂഹത്തിലും കാണാൻ സാധിക്കും! നന്മയ്ക്കും നീതിക്കും സത്യത്തിനുമൊക്കെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും നിറം പടർത്തുന്ന, പരിധികൾ നിശ്ചയിക്കുന്ന ആധുനികസമൂഹത്തിന് മുന്നിലും, നമ്മുടെയൊക്കെ മനഃസാക്ഷികൾക്ക് മുന്നിലും തിരുവചനം ചോദ്യമുയർത്തുന്നുണ്ട്.
സത്യത്തിന് സാക്ഷ്യം നൽകാൻ ഭയക്കുന്നവർ
അന്ധനായ തങ്ങളുടെ മകന് ലഭിച്ച സൗഖ്യം യഹൂദർക്ക് മുന്നിൽ ഏറ്റുപറയാൻ ഭയക്കുന്ന അവന്റെ മാതാപിതാക്കൾ അല്പവിശ്വാസികളും ധൈര്യമില്ലാത്തവരുമായ ഒരുപാട് മനുഷ്യരുടെ ഗണത്തിൽപ്പെട്ടവരാണ്. ക്രിസ്തുവിലുള്ള വിശ്വാസം, സ്വന്തം സുഹൃത്തുക്കളിലും ബന്ധുക്കളിലും കുടുംബത്തിലും, എന്തിന് സ്വന്തം ജീവിതത്തിൽ പോലും കൊണ്ടുവന്ന മാറ്റങ്ങൾക്ക്, സൗഖ്യത്തിന്, അത്ഭുതങ്ങൾക്ക് സാക്ഷ്യം നൽകാൻ നാണിക്കുകയും, ഭയക്കുകയും ചെയ്യുന്ന ഒരുപാട് മനുഷ്യർ നമുക്കിടയിലുണ്ട്. മറ്റുള്ളവരുടെയും നമ്മുടെയും ജീവിതത്തിൽ നിലനിൽക്കുന്ന നന്മകൾ ലോകത്തിന് മുന്നിൽ സാക്ഷ്യപ്പെടുത്താൻ മടിയുള്ള മനുഷ്യരാണോ നമ്മളും എന്ന ഒരു ചോദ്യം ഇവിടെ നമ്മുടെ മനഃസാക്ഷിയുടെ മുന്നിൽ ഉയർത്താം. കുറവുകളെ പർവ്വതീകരിച്ചുകാണിക്കാനുള്ള, മറ്റുള്ളവരുടെ വീഴ്ചകൾ ആഘോഷിക്കാനുള്ള, പാപികളെ കുറ്റം വിധിക്കാനും അവരുടെ ജീവിതാന്തസ്സിനെ വധിക്കാനും നമ്മൾ കാണിക്കുന്ന തീക്ഷ്‌ണതയും താത്പര്യവും, അവരെ കരം പിടിച്ചുയർത്താനും, അവരിലെ നന്മകൾ എടുത്തുകാണിക്കാനും നാം കാണിച്ചിരുന്നെങ്കിൽ ഈ ലോകവും നമ്മുടെയൊക്കെ സമൂഹങ്ങളും എത്ര നന്നായേനെ!
യേശുവെന്ന പ്രകാശം
ജന്മനാ അന്ധനായ മനുഷ്യന് കാഴ്ച്ചശക്തി നൽകുന്ന ക്രിസ്തു, നമ്മുടെ ജീവിതങ്ങൾക്ക് മുന്നിലും, സ്വാതന്ത്ര്യത്തിന്റെയും പ്രകാശത്തിന്റെയും നന്മയുടെയും ജീവന്റെയും വഴി തുറന്നിട്ടിരിക്കുന്നത് കാണുവാൻ നമുക്ക് സാധിക്കുന്നുണ്ടോ? തിരുവചനം പറയുന്നതുപോലെ, കാണുന്നുവെന്ന് വിശ്വസിക്കുകയും, എന്നാൽ തെറ്റായ പ്രവൃത്തികളിൽ മുഴുകി ജീവിതം നയിക്കുകയും ചെയ്യുന്ന ഫരിസേയജന്മങ്ങളാണോ നമ്മൾ? ഉദിച്ചുനിൽക്കുന്ന ക്രിസ്തുവിന്റെ പ്രകാശത്തിന് നേരെ കണ്ണടച്ചിരുട്ടാക്കുന്ന, പാപാന്ധകാരത്തിൽ ജീവിക്കുന്ന മനുഷ്യർക്ക് മുന്നിൽ, നിത്യരക്ഷയുടെയും നിത്യജീവന്റെയും പ്രകാശത്തിന്റെ പാതയിലേക്ക് കടന്നുവരാനുള്ള ഒരു വിളിയാണ് ഈ സുവിശേഷഭാഗത്തിലൂടെ ദൈവം മുന്നോട്ട് വയ്ക്കുന്നത്. മറ്റുള്ളവരിലെ നന്മകളെ അംഗീകരിക്കാൻ, വീണുപോയ മനുഷ്യരെ കരം പിടിച്ചുയർത്താൻ, അന്തസ്സ് നഷ്ടപ്പെട്ടുപോയ മനുഷ്യർക്ക് അത് തിരികെ നൽകാൻ, ദുർബലർക്ക് ശക്തിയേകാൻ നമുക്കും പരിശ്രമിക്കാം. വിശുദ്ധ പൗലോസ് എഫേസൂസിലെ സഭയെ ഓർമ്മിപ്പിക്കുന്നതുപോലെ, ഒരിക്കൽ അന്ധകാരമായിരുന്ന, ഇന്ന് കർത്താവിൽ പ്രകാശമായിരിക്കുന്ന നമുക്ക്, പ്രകാശത്തിന്റെ മക്കളെപ്പോലെ കർത്താവിന് പ്രസാദകരമായവ എന്തെന്ന് തിരിച്ചറിഞ്ഞ്, നന്മയിലും നീതിയിലും സത്യത്തിലും ജീവിക്കാം. മരണത്തിന്റെ താഴ്വാരങ്ങളിൽനിന്ന് ക്രിസ്തുവിലുള്ള ജീവന്റെ പാതയിലേക്ക് തിരികെ വരാം (എഫേ. 5,8-14). നമ്മുടെ ഉള്ളിലും പ്രകാശമുണ്ടെന്ന്, കുറവുകളുള്ള നമ്മിലും, വിജയത്തിന്റെയും നന്മയുടെയും അനന്തസാധ്യതകൾ തുറന്നുതരാൻ ദൈവം മനസ്സാണെന്ന് തിരിച്ചറിഞ്ഞ്, ആഴമേറിയ വിശ്വാസത്തോടെ ക്രിസ്തുവിനോട് ചേർന്ന്, അവനാകുന്ന സീലോഹാക്കുളത്തിൽ നമ്മെത്തന്നെ കഴുകി വിശുദ്ധീകരിച്ച്, അവന്റെ കൽപനകളനുസരിച്ച്, അവൻ കാണിച്ചുതരുന്ന സൗഖ്യത്തിന്റെയും പ്രകാശത്തിന്റെയും നിത്യതയുടെയും മാർഗ്ഗത്തിൽ സഞ്ചരിക്കാം. ജീവിതം കൊണ്ട് സാക്ഷ്യമേകാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: