അഭിവന്ദ്യ കർദ്ദിനാൾ ലൂയിസ് റഫായേൽ സാക്കോ അഭിവന്ദ്യ കർദ്ദിനാൾ ലൂയിസ് റഫായേൽ സാക്കോ 

കൽദായ പാത്രിയർക്കീസ് അഭിവന്ദ്യ കർദ്ദിനാൾ ലൂയിസ് റഫായേൽ സാക്കോ സ്ഥാനത്യാഗം ചെയ്തു

ബാഗ്ദാദ് കേന്ദ്രമായുള്ള കൽദായ സഭായുടെ നേതൃത്വം വഹിച്ചിരുന്ന പാത്രിയർക്കീസ് അഭിവന്ദ്യ കർദ്ദിനാൾ ലൂയിസ് റഫായേൽ സാക്കോ തന്റെ ഉത്തരവാദിത്വം ഒഴിഞ്ഞു. പൗരസ്ത്യസഭകളുടെ കാനോനികനിയമമനുസരിച്ച് (C. 126 §2) അദ്ദേഹം മാർച്ച് ഒൻപതാം തീയതി സമർപ്പിച്ച രാജിക്കത്ത്, മാർച്ച് പത്താം തീയതി ലിയോ പതിനാലാമൻ പാപ്പാ സ്വീകരിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പൗരസ്ത്യസഭകളുടെ കാനോനികനിയമമനുസരിച്ച് (C. 126 §2) പാത്രിയർക്കീസ് അഭിവന്ദ്യ കർദ്ദിനാൾ ലൂയിസ് റഫായേൽ സാക്കോ സമർപ്പിച്ച രാജിക്കത്ത് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ സ്വീകരിച്ചതിനെത്തുടർന്ന് ബാഗ്ദാദ് കേന്ദ്രമായുള്ള കൽദായ സഭാനേതൃത്വ ചുമതലകളിൽനിന്ന് കർദ്ദിനാൾ സാക്കോ പിൻവാങ്ങി. മാർച്ച് പത്താം തീയതി ചൊവ്വാഴ്ചയാണ് കൽദായ സഭാദ്ധ്യക്ഷന്റെ രാജിക്കത്ത് പാപ്പാ സ്വീകരിച്ചതായി പരിശുദ്ധ സിംഹാസനം അറിയിച്ചത്. മാർച്ച് ഒൻപതിനായിരുന്നു പാത്രിയർക്കീസ് രാജിക്കത്ത് പാപ്പായ്ക്ക് സമർപ്പിച്ചത്.

യാതൊരു വിധ നിർബന്ധങ്ങൾക്കും വഴങ്ങിയല്ല, സ്വന്തം ഇഷ്ടപ്രകാരമാണ് താൻ രാജിക്കത്ത് സമർപ്പിച്ചതെന്ന് അറിയിച്ച മുൻ കൽദായ സഭാദ്ധ്യക്ഷൻ, രണ്ടു വർഷങ്ങൾക്ക് മുൻപ്, എഴുപത്തിയഞ്ച് വയസ്സ് പൂർത്തിയായ അവസരത്തിൽ ഫ്രാൻസിസ് പാപ്പായുമായും ഇത്തരമൊരു രാജിയുടെ കാര്യം താൻ സംസാരിച്ചിരുന്നുവെന്നും, എന്നാൽ തന്റെ സഭാശുശ്രൂഷ തുടരാൻ പാപ്പാ ആവശ്യപ്പെടുകയായിരുന്നുവെന്നും വ്യക്തമാക്കി.

ഏറെ ബുദ്ധിമുട്ടുകളും നിരവധി വെല്ലുവിളികളും നിറഞ്ഞ സാഹചര്യങ്ങളിലൂടെ കൽദായസഭ കടന്നുപോയ പല അവസരങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, സഭാദ്ധ്യക്ഷൻ എന്ന നിലയിൽ അവയെ താൻ നേരിടേണ്ടിവന്നുവെന്നും, സഭയുടെ ഐക്യം കാത്തുസൂക്ഷിക്കാൻ പരിശ്രമിച്ചിട്ടുണ്ടെന്നും, തന്റെ രാജിയുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ഒരു കത്തിൽ കർദ്ദിനാൾ സാക്കോ എഴുതി. സഭാതലവൻ എന്ന നിലയിൽ നീണ്ട പതിമൂന്ന് വർഷങ്ങൾ ശുശ്രൂഷ ചെയ്യാൻ തനിക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

ദൈവം തനിക്ക് നൽകിയ കൃപകൾക്ക് നന്ദി പറയുന്നുവെന്ന് എഴുതിയ പാത്രിയർക്കീസ്, പുരോഹിതനെന്ന നിലയിൽ തനിക്ക് നൽകിയിരുന്ന സ്നേഹത്തിനും പരിഗണനയ്ക്കും ശുശ്രൂഷകൾക്കും തന്റെ കുടുംബത്തിനും, സഭയുടെ അദ്ധ്യക്ഷൻ എന്ന നിലയിൽ താൻ ആയിരുന്ന ബാഗ്ദാദിലെ പാത്രിയർക്കീസ് ഭവനത്തിൽ തന്നോടൊത്ത് ശുശ്രൂഷ ചെയ്ത മെത്രാന്മാർക്കും വൈദികർക്കും മറ്റു ജോലിക്കാർക്കും നന്ദി പറഞ്ഞു. ഉറച്ച ദൈവശാസ്ത്രസംസ്കാരവും ധൈര്യവും വിജ്ഞാനവുമുള്ള ഒരു നേതൃത്വത്തിന് സഭ ഏല്പിക്കപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 മാർച്ച് 2026, 13:47