ഇറാൻ ലെബനൻ അക്രമങ്ങളുടെ മറവിൽ പാലസ്തീനായിൽ ആക്രമങ്ങൾ വർദ്ധിക്കുന്നു
ബെയത്രീച്ചെ ഗ്വരേര, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഇറാനിലും ലെബനനിലും നടക്കുന്ന യുദ്ധത്തിലേക്ക് അന്താരാഷ്ട്രസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതിനിടെ, പാലസ്തീനായുടെ വിവിധ പ്രദേശങ്ങളിൽ ഇസ്രായേൽ ആക്രമണങ്ങൾ കടുപ്പിക്കുകയാണെന്നും, ഇറാൻ സംഘർഷത്തിന് മുമ്പുള്ളതിനെ അപേക്ഷിച്ച് ഇരുപത്തിയഞ്ച് ശതമാനത്തോളം ആക്രമണങ്ങളാണ് വർദ്ധിച്ചതെന്നും പാലസ്തീനയിൽനിന്നുള്ള വാഫ ഏജൻസി. ഫെബ്രുവരി 28-നും മാർച്ച് 8-നും ഇടയിൽ മാത്രം എട്ട് പാലസ്തീൻകാർ കൊല്ലപ്പെട്ടുവെന്ന് വാഫ റിപ്പോർട്ട് ചെയ്തു.
ഇസ്രായേലി സൈന്യത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പ്രാദേശിക സ്വാതന്ത്രസേനയാണ് നാബ്ലൂസിന് തെക്കുള്ള ഖാർയൂത്തിൽ നടന്ന ആക്രമണത്തിന് പിന്നിലെന്ന് മുൻ ഇസ്രായേലി സേനാംഗങ്ങൾ ചേർന്ന് രൂപീകരിച്ച "ബ്രെയ്ക്കിങ് ദി സൈലൻസ്" എന്ന സാമൂഹ്യസംഘടന അറിയിച്ചു. എന്നാൽ യൂണിഫോമിലുള്ള ആളുകളും മറ്റവസരങ്ങളിൽ ആക്രമണങ്ങൾ നടത്തിയതായി നിരവധി പേർ സാക്ഷ്യപെടുത്തിയതായി യേഷ് ദിൻ എന്ന ഇസ്രായേലി സർക്കാരിതര സംഘടനയും അറിയിച്ചു.
ഫെബ്രുവരി മാസത്തിൽ മാത്രം പാലസ്തീൻകാർക്കെതിരായി 1.965 ആക്രമണങ്ങൾ ഉണ്ടായതായി പാലസ്തീൻ അധികാരികൾ അറിയിച്ചു. ഇവയിൽ 1.454 ആക്രമണങ്ങളും ഇസ്രായേലി സേനയുടെ ഭാഗത്തുനിന്നുള്ളവയായിരുന്നുവെന്ന് അവർ വിശദീകരിച്ചു.
പലയിടങ്ങളിലും ഇസ്രായേൽ പാലസ്തീൻ പ്രദേശങ്ങൾ കയ്യേറിയതായും, ബെത്ലഹേമിനടുത്തുള്ള ചിലയിടങ്ങളിൽ ചില പുതിയ കോളനികൾ സ്ഥാപിക്കപ്പെട്ടുവെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. ബെയ്ത് സഹൂറിന് കിഴക്കുള്ള ഉഷ് ഗുറബ് പ്രദേശത്തും കുടിയേറ്റഭീഷണിയുണ്ട്. നിലവിലെ സാഹചര്യത്തിൽ, പ്രഖ്യാപനങ്ങൾക്കപ്പുറം പ്രവർത്തനങ്ങളിലേക്ക് കടന്നുവരാൻ, സഭകളെയും, മതനേതൃത്വങ്ങളെയും അന്താരാഷ്ട്രസമൂഹത്തെയും ബെയ്ത് സഹൂർ മേയർ ഏലിയാസ് ഇസീദ് ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: