തിരയുക

അഭയാർത്ഥി ക്യാമ്പിലുള്ള അഫ്‌ഗാൻ കുട്ടികളുടെ ചിത്രം അഭയാർത്ഥി ക്യാമ്പിലുള്ള അഫ്‌ഗാൻ കുട്ടികളുടെ ചിത്രം 

സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന അഫ്ഗാൻ കുട്ടികളുടെ ഭാവി അരക്ഷിതാവസ്ഥയിൽ: യൂണിസെഫ്

കടുത്ത സംഘർഷം ജീവിക്കുന്ന ഇറാനിൽനിന്ന് ഉൾപ്പെടെ ജീവൻ രക്ഷിക്കാനായി സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന അഫ്ഗാൻ കുട്ടികളുടെ ജീവിതം അരക്ഷിതാവസ്ഥയിലെന്നും, അവർക്ക് മാനവികസഹായം കൂടുതലായി ആവശ്യമുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി മാർച്ച് പത്തിന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മദ്ധ്യപൂർവ്വദേശങ്ങളിൽ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളും സംഘർഷാവസ്ഥയും അതിനടുത്തുള്ള രാജ്യങ്ങളിലെ കുട്ടികളുടെ ജീവന് കൂടി ഭീഷണിയാണുയർത്തുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. നിലവിലെ സ്ഥിതിയിൽ ഇറാന്റെ വിവിധയിടങ്ങളിൽ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് എത്തുന്ന അഫ്ഗാൻ കുട്ടികളുടെ ഭാവി അരക്ഷിതാവസ്ഥയിലാണെന്ന് മാർച്ച് പത്താം തീയതി ചൊവ്വാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ ശിശുക്ഷേമനിധി അറിയിച്ചു.

2025-ൽ മാത്രം മുപ്പത് ലക്ഷത്തോളം അഫ്ഗാൻകാരാണ് തങ്ങളുടെ ജന്മഭൂമിയിലേക്ക് ഇറാനിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും മടങ്ങിയെത്തിയതെന്ന് ശിശുക്ഷേമനിധി അറിയിച്ചു. മടങ്ങിയെത്തിയ കുടുംബങ്ങളിൽ അറുപത് ശതമാനത്തിലും കൊച്ചുകുട്ടികൾ കൂടി ഉണ്ടായിരുന്നുവെന്ന് സംഘടന വിശദീകരിച്ചു. നിരവധി അമ്മമാരാണ് യൂണിസെഫ് സഹായവിതരണം നടത്തിവരുന്ന ക്യാമ്പുകളിലേക്ക് ദുരിതപൂർണ്ണമായ അവസ്ഥകളിൽ എത്തുന്നതെന്നും യൂണിസെഫ് കൂട്ടിച്ചേർത്തു.

അഫ്ഗാനിസ്ഥാനിലേക്ക് തിരികെയെത്തുന്നവരിൽ നിരവധിപേർക്ക് അടിയന്തിര ചികിത്സാസൗകര്യം ആവശ്യമുണ്ടെന്ന് അറിയിച്ച ശിശുക്ഷേമനിധി, ഒറ്റപ്പെട്ടുപോയ കുട്ടികൾക്ക് പ്രത്യേകിച്ച് ശ്രദ്ധ നൽകേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു. ഇറാനിൽനിന്നും പാകിസ്താനിൽനിന്നും മാത്രം എത്തിയ ഒറ്റപ്പെട്ട കുട്ടികൾ എണ്ണായിരത്തിലധികമായിരുന്നുവെന്ന് സംഘടന അറിയിച്ചു.

കുട്ടികൾക്കും കുടുംബങ്ങൾക്കും അടിയന്തിരസഹായങ്ങൾ നൽകാൻവേണ്ടി മറ്റു സഹകാരിസംഘടനകൾക്കൊപ്പം തങ്ങൾ പരിശ്രമിച്ചുവരികയാണെന്ന് യൂണിസെഫ് അറിയിച്ചു. രാജ്യത്ത് ഏതാണ്ട് ഒരുകോടി പത്ത് ലക്ഷത്തോളം കുട്ടികൾക്ക് മാനവികസഹായം ആവശ്യമുണ്ടെന്നും സംഘടന കൂട്ടിച്ചേർത്തു.

അഫ്ഗാൻ പാകിസ്ഥാൻ അതിർത്തിപ്രദേശത്തെ സ്ഥിതിഗതികൾ അത്ര എളുപ്പമുള്ളതല്ലെന്നും, കഴിഞ്ഞ വർഷത്തിൽ ഉണ്ടായ ഭൂമികുലുക്കത്തെ അതിജീവിച്ച മുപ്പതിനായിരത്തോളം ആളുകൾ ഉൾപ്പെടെ ഒരുലക്ഷത്തി അറുപത്തിനാലായിരത്തോളം ആളുകൾ ക്യാമ്പുകളിൽ കഴിയുന്നുണ്ടെന്നും ശിശുക്ഷേമനിധി അറിയിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 മാർച്ച് 2026, 12:37