തിരയുക

ലിയോ പതിനാലാമൻ പാപ്പാ - പൊതുകൂടിക്കാഴ്ചാവേളയിൽനിന്നുള്ള ഒരു ദൃശ്യം ലിയോ പതിനാലാമൻ പാപ്പാ - പൊതുകൂടിക്കാഴ്ചാവേളയിൽനിന്നുള്ള ഒരു ദൃശ്യം  (@Vatican Media)

ദൈവജനമായ സഭ: സഭയുടെ സ്വഭാവവും, ക്രൈസ്തവരുടെ ഉത്തരവാദിത്വങ്ങളും വിളിയും വിശ്വാസികളെ ഉദ്ബോധിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ

ലിയോ പതിനാലാമൻ പാപ്പാ മാർച്ച് പതിനൊന്നാം തീയതി ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

2026 ജനുവരിയിലെ ആദ്യ ബുധനാഴ്ച അറിയിച്ചുരുന്നതുപോലെ രണ്ടാം വത്തിക്കാൻ കൗൺസിലിനെയും അതിന്റെ പ്രമുഖ രേഖകളെയും കുറിച്ചുള്ള പഠന-ഉദ്ബോധന പരമ്പരയാണ് ഈ വർഷത്തിലെ ബുധനാഴ്ചകളിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ നടത്തിവരുന്നത്. ഇതനുസരിച്ച്, ജനതകളുടെ പ്രകാശം എന്നർത്ഥം വരുന്ന, "ലുമെൻ ജെൻസ്യും" (Lumen gentium) എന്ന പ്രമാണരേഖയെ ആധാരമാക്കി, "ദൈവജനമായ സഭ" എന്ന തലക്കെട്ടോടെ, ക്രിസ്തുവിന്റെ ശരീരമെന്ന നിലയിൽ സഭ എന്താണ്, എന്തായിരിക്കണം, ക്രൈസ്തവരുടെ ചുമതലയെന്ത് തുടങ്ങിയ വിഷയങ്ങളെകുറിച്ചാണ് മാർച്ച് പതിനൊന്നാം തീയതി ബുധനാഴ്ച പാപ്പാ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പതിവുപോലെ ഉദ്‌ബോധനം നടത്തിയത്. പൊതുകൂടിക്കാഴ്ചയ്ക്ക് മുൻപായി പരിശുദ്ധ പിതാവ് ചത്വരത്തിലുണ്ടായിരുന്ന ആയിരക്കണക്കിന് ആളുകൾക്കിടയിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിക്കുകയും കൊച്ചു കുട്ടികൾക്ക് ആശീർവാദം നൽകുകയും ചെയ്തു. ബസലിക്കയ്ക്ക് മുന്നിൽ ഒരുക്കപ്പെട്ടിരുന്ന വേദിയിൽ പത്തുമണിയോടെ, ഇന്ത്യയിലെ സമയം ഉച്ച കഴിഞ്ഞ് രണ്ടരയോടെ എത്തിയ പാപ്പാ, കുരിശടയാളം വരച്ചുകൊണ്ട് ഔദ്യോഗിക കൂടിക്കാഴ്ച ആരംഭിച്ചു.

പരിശുദ്ധ പിതാവിന്റെ പ്രബോധനപ്രഭാഷണത്തിന് മുൻപായി ജെറമിയ പ്രവാചകന്റെ പുസ്തകം മുപ്പത്തിയൊന്നാം അദ്ധ്യായം മുപ്പത്തിമൂന്നാം വാക്യം വിവിധ ഭാഷകളിൽ വായിക്കപ്പെട്ടു.

"കർത്താവ് അരുളിച്ചെയ്യുന്നു: ആ ദിവസം വരുമ്പോൾ ഞാൻ ഇസ്രയേലുമായി ചെയ്യുന്ന ഉടമ്പടി ഇതായിരിക്കും: ഞാൻ എന്റെ നിയമം അവരുടെ ഉള്ളിൽ നിക്ഷേപിക്കും; അവരുടെ ഹൃദയത്തിൽ എഴുതും. ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവും ആയിരിക്കും" (ജറെമിയ 31, 33).

വചനവായനയെത്തുടർന്ന് പാപ്പാ ഇറ്റാലിയൻ ഭാഷയിൽ തന്റെ പ്രഭാഷണം നടത്തി.

പ്രിയ സഹോദരീസഹോദരന്മാരെ, ശുഭദിനം , സ്വാഗതം!

ലുമെൻ ജെൻസ്യും എന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയെക്കുറിച്ചുള്ള വിചിന്തനം തുടരുന്ന നമുക്ക് ഇന്ന്, "ദൈവജനം" എന്ന വിഷയത്തിനായി സമർപ്പിച്ചിരിക്കുന്ന രണ്ടാം അദ്ധ്യായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.

ലോകത്തെയും മാനവികതയെയും സൃഷ്‌ടിക്കുകയും, എല്ലാ മനുഷ്യരെയും രക്ഷിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ദൈവം, ചരിത്രത്തിൽ തന്റെ രക്ഷാകരപദ്ധതി നടപ്പിലാക്കുന്നത്, ഒരു പ്രത്യേക ജനതയെ തിരഞ്ഞെടുത്ത്, അവർക്കിടയിൽ വസിച്ചുകൊണ്ടാണ്. ഇക്കാരണത്താൽ ദൈവം അബ്രാഹത്തെ വിളിക്കുകയും ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും  കടൽത്തീരത്തെ മണൽത്തരികൾ പോലെയും എണ്ണമറ്റ സന്തതിപരമ്പരയെ വാഗ്ദാനം ചെയ്യുന്നു.(ഉൽപ്പത്തി 22, 17-18). അബ്രഹത്തിന്റെ മക്കളെ അടിമത്തത്തിൽനിന്ന് മോചിപ്പിച്ചശേഷം ദൈവം അവരുമായി ഒരു ഉടമ്പടി ചെയ്യുകയും, അവരെ അനുഗമിക്കുകയും, പരിപാലിക്കുകയും, അവർ വഴിതെറ്റിപ്പോകുമ്പോഴെല്ലാം അവരെ ഒരുമിച്ച് കൂട്ടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഈ ജനതയുടെ വ്യക്തിത്വം ദൈവത്തിന്റെ പ്രവർത്തനങ്ങളിലും അവനിലുള്ള വിശ്വാസത്തിലും നിന്ന് ലഭിക്കുന്നതാണ്. എല്ലാ ജനതകളെയും മുഴുവൻ മാനവികതയെയും തന്നിലേക്ക് ആകർഷിക്കുന്ന ഒരു ദീപസ്തംഭം പോലെ, മറ്റു ജനതകൾക്ക് വെളിച്ചമാകാനായാണ് ആ ജനം വിളിക്കപ്പെട്ടിരിക്കുന്നത് (ഏശയ്യാ 2:1-5).

കൗൺസിൽ പറയുന്നു: "എന്നാൽ ക്രിസ്തുവിൽ ഉറപ്പിക്കപ്പെടാനിരുന്ന പരിപൂർണ്ണമായ ആ പുതിയ ഉടമ്പടിയുടെയും മനുഷ്യാവതാരം ചെയ്ത ദൈവവചനത്തിലൂടെ പ്രദാനം ചെയ്യപ്പെടാനിരുന്ന പൂർണ്ണമായ വെളിപാടിന്റെയും ഒരുക്കവും പ്രതീകവുമായാണ് ഇതെല്ലാം സംഭവിച്ചത്" (9). ക്രിസ്തുവാണ്, തന്റെ ശരീരരക്തങ്ങൾ നൽകുന്നതിലൂടെ, തന്നിൽത്തന്നെ, കൃത്യമായ രീതിയിൽ ഈ ജനത്തെ ഒരുമിച്ചുകൂട്ടുന്നത്. ഇപ്പോൾ ഈ ജനത എല്ലാ ദേശങ്ങളിൽനിന്നുമുള്ള ജനതകളാലുമാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അവനിലുള്ള വിശ്വാസത്താലും, അവനോടുള്ള അനുസരണത്താലും, ഉത്ഥിതന്റെ ആത്മാവിനാൽ നയിക്കപ്പെട്ട് അവന്റെ ജീവനാൽ ജീവിക്കുന്നതിലൂടെയുമാണ് സഭ ഏകീകരിക്കപ്പെട്ടിരിക്കുന്നത്. ഇതാണ് സഭ: ക്രിസ്തുവിന്റെ ശരീരത്തിൽനിന്ന് അസ്തിത്വം നേടുകയും (Cfr J. RATZINGER, Il nuovo popolo di Dio, Brescia 1992, 97), ക്രിസ്തുവിന്റെ ശരീരമായിരിക്കുകയും (Cfr J.-M. CONGAR, Un popolo messianico, Brescia 1976, 75) ചെയ്യുന്ന ദൈവത്തിന്റെ ജനം; അവർ മറ്റുവരെപ്പോലെയുള്ള ഒരു ജനതയല്ല, മറിച്ച്, ദൈവത്താൽ വിളിച്ചുചേർക്കപ്പെട്ടതും, ഭൂമിയിലെ എല്ലാ ജനതകളിലും നിന്നുള്ള സ്ത്രീപുരുഷന്മാർ ചേർന്നതുമായ "ദൈവത്തിന്റെ" ജനമാണ്. അതിന്റെ ഏകീകരണകാരണം ഭാഷയോ സംസ്കാരമോ വംശമോ അല്ല, മറിച്ച് ക്രിസ്തുവിലുള്ള വിശ്വാസമാണ്: അതിനാൽത്തന്നെ സഭ, കൗൺസിലിന്റെ മനോഹരമായ ഒരു വിശേഷണമനുസരിച്ച്, “വിശ്വാസത്തോടെ യേശുവിലേക്ക് നോക്കുന്നവരുടെ കൂട്ടായ്മയാണ്” (9).

സഭ മിശിഹായുമായി ബന്ധപ്പെട്ട ഒരു സഭയാണ്, കാരണം, അതിന്റെ തലവൻ, മിശിഹയായ ക്രിസ്തുവാണ്. അതിൽ അംഗങ്ങളായുള്ളവർ തങ്ങളുടെ യോഗ്യതകളിലോ സ്ഥാനങ്ങളിലോ അല്ല, ക്രിസ്തുവിലും, അവനിലൂടെയും ദൈവത്തിന്റെ പുത്രിമാരും പുത്രന്മാരും ആയിരിക്കുക എന്ന കൃപയിൽ മാത്രമാണ് അഭിമാനിക്കുന്നത്. അതിനാൽത്തന്നെ, എന്തെങ്കിലും സ്ഥാനങ്ങൾക്കോ ഉത്തരവാദിത്വങ്ങൾക്കോ ഉപരിയായി, ക്രിസ്തുവിനോട് ഒട്ടിച്ചേർന്നിരിക്കുക എന്നതും, കൃപയിൽ ദൈവമക്കളായിരിക്കുക എന്നതുമാണ് പ്രധാനപ്പെട്ടത്. ക്രിസ്ത്യാനികൾ എന്ന നിലയിൽ നാം അന്വേഷിക്കേണ്ട ഏക ബഹുമാനസൂചകപദവിയും ഇതുതന്നെയാണ്.പിതാവിൽനിന്ന് നിരന്തരം ജീവൻ സ്വീകരിക്കാനും, അവന്റെ മക്കളും, തമ്മിൽ സഹോദരങ്ങളുമെന്ന നിലയിൽ ജീവിക്കാനാണ് നാം സഭയിൽ ആയിരിക്കുന്നത്. അതുകൊണ്ടുതന്നെ, നാം യേശുവിൽനിന്ന് സ്വീകരിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന സ്നേഹമാണ്, സഭയിലെ ബന്ധങ്ങളെ നയിക്കുന്നത്. സഭയുടെ ലക്‌ഷ്യം, മുഴുവൻ മാനവികതയ്ക്കുമൊപ്പം അവൾ ഏതിലേക്കാണോ നടക്കുന്നത്, ആ ദൈവാരാജ്യമാണ്,

എല്ലാ സ്ത്രീപുരുഷന്മാരുടെയും കർത്താവായ ക്രിസ്തുവിൽ ഏകീകൃതയായ സഭയ്ക്ക് ഒരിക്കലും തന്നിൽത്തന്നെ ചുരുങ്ങിക്കൂടിയിരിക്കാനാകില്ല. അവൾ ഏവരിലേക്കും തുറന്നിരിക്കുന്നു, അവൾ ഏവർക്കും വേണ്ടിയുള്ളവളാണ്. ക്രിസ്തുവിശ്വാസികൾ അവളിൽ ഉണ്ടെങ്കിൽ, കൗൺസിൽ നമ്മെ ഓർമ്മിപ്പിക്കുന്നത് ഇപ്രകാരമാണ്: "ദൈവത്തിന്റെ പുതിയ ജനത്തിൽ ഉൾപ്പെടാനുള്ള ആഹ്വാനം എല്ലാവർക്കുമുണ്ട്. ഈ ജനം അതിന്റേതായ വ്യതിരക്തതയും അതുല്യതയും പാലിച്ചുകൊണ്ട് ലോകം മുഴുവൻ വ്യാപിക്കേണ്ടിയിരിക്കുന്നു. ഇത് ആദിയിൽ മനുഷ്യപ്രകൃതിയെ ഐക്യത്തിൽ പടുത്തുയർത്തുകയും, ചിന്നിച്ചിതറിപ്പോയ തന്റെ മക്കളെ ഒരുമിച്ചുകൂട്ടുകയും ചെയ്യുക എന്ന ദൈവഹിതത്തിന്റെ ഉദ്ദേശം നടപ്പിലാകാൻ വേണ്ടിയാണ് (13). അതുകൊണ്ടുതന്നെ, ഇതുവരെ സുവിശേഷം ലഭിച്ചിട്ടില്ലാത്തവർ പോലും, ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ദൈവജനത്തിലേക്കും സഭയിലേക്കും  ആകർഷിക്കപ്പെടുകയും, ക്രിസ്തുവിന്റെ നിയോഗത്തോട് സഹകരിച്ചുകൊണ്ട് എല്ലായിടത്തും എല്ലാവരോടും സുവിശേഷം അറിയിക്കാൻ വിളിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇത് ഏവരും ക്രിസ്തുവിനെ അറിയുന്നതിന് വേണ്ടിയാണ്. ഇതിനർത്ഥം സഭയിൽ എല്ലാവർക്കും ഒരിടമുണ്ട്, ഉണ്ടായിരിക്കണം എന്നും, എല്ലാ ക്രൈസ്തവരും, തങ്ങൾ ജീവിക്കുന്നതും പ്രവർത്തിക്കുന്നതുമായ എല്ലായിടങ്ങളിലും സുവിശേഷമറിയിക്കാനും സാക്ഷ്യം നൽകാനും വിളിക്കപ്പെട്ടിരിക്കുന്നു എന്നുമാണ്. വ്യത്യസ്ത സംസ്കാരങ്ങളുടെ ശ്രേഷ്ഠതകളും വിഭവങ്ങളും ഉൾക്കൊണ്ടുകൊണ്ടും, അതേസമയം, അവയെ ശുദ്ധീകരിക്കാനും ഉദ്ധരിക്കാനും വേണ്ടി സുവിശേഷത്തിന്റെ പുതുമ നൽകിക്കൊണ്ടുമാണ് ഈയൊരു ജനത അതിന്റെ കാതോലികസ്വഭാവം പ്രകടിപ്പിക്കുന്നത് (13).

ഈയൊരർത്ഥത്തിൽ സഭ ഏകമാണ്, എന്നാൽ എല്ലാവരെയും ഉൾക്കൊള്ളുന്നവളുമാണ്. ഒരു വലിയ ദൈവശാസ്ത്രജ്ഞൻ അവളെ നിർവ്വചിക്കുന്നത് ഇപ്രകാരമാണ്: "രക്ഷയുടെ പെട്ടകം എന്ന നിലയിൽ, അതിന്റെ വലിയ തട്ടിൽ അവൾ മാനവിക വൈവിധ്യങ്ങൾ എല്ലാത്തിനെയും സ്വീകരിക്കണം. ഏക വിരുന്നുശാലയെന്ന നിലയിൽ, അവൾ വിതരണം ചെയ്യുന്ന ഭക്ഷണം എല്ലാ സൃഷ്ടലോകത്തുനിന്നും എടുത്തതാണ്. ക്രിസ്തുവിന്റെ തയ്യൽ കൂടാത്ത അങ്കിയെന്ന നിലയിൽ അവൾ ജോസഫിന്റെ വിവിധ വർണ്ണങ്ങളിലുള്ള വസ്ത്രം തന്നെയാണ് " (Cfr H. DE LUBAC, Cattolicismo. Aspetti sociali del dogma, Milano 1992, 222).

നിരവധി സംഘർഷങ്ങളും യുദ്ധങ്ങളും നിറഞ്ഞ ഇക്കാലത്ത്, ദേശീയതയിലും ഭാഷയിലും സംസ്കാരത്തിലും വ്യത്യസ്തരായ സ്ത്രീപുരുഷന്മാർ വിശ്വാസത്തിന്റെ ശക്തിയിൽ ഒരുമിച്ച് ജീവിക്കുന്ന ഒരു ജനത എന്ന നിലയിൽ, സഭ പ്രത്യാശയുടെ വലിയൊരു അടയാളമാണ്. മാനവികതയുടെ ഹൃദയത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒരു അടയാളം, പിതാവായ ദൈവം ഏതൊരു ഐക്യത്തിലേക്കും സമാധാനത്തിലേക്കുമാണോ തന്റെ മക്കളെവരെയും വിളിച്ചിരിക്കുന്നത്, അതിന്റെ ഓർമ്മപ്പെടുത്തലും പ്രവചനവുമാണ്.

ഇറ്റാലിയൻ ഭാഷയിലുള്ള തന്റെ പ്രഭാഷണത്തിന് ശേഷം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത പാപ്പാ "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും, തുടർന്ന് ഏവർക്കും തന്റെ ആശീർവാദം നൽകുകയും ചെയ്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 മാർച്ച് 2026, 12:26

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >