തിരയുക

മെയ് ഇരുപതാം തീയതിയിലെ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽനിന്ന് ലിയോ പതിനാലാമൻ പാപ്പായും ആരാം പ്രഥമൻ കാതോലിക്കോസും മെയ് ഇരുപതാം തീയതിയിലെ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽനിന്ന് ലിയോ പതിനാലാമൻ പാപ്പായും ആരാം പ്രഥമൻ കാതോലിക്കോസും  (@Vatican Media)

ക്രിസ്തുരഹസ്യം ജീവിക്കാൻ പരിശുദ്ധാത്മാവിന്റെ ആലയങ്ങളായ വിശ്വാസികളെ സഹായിക്കുന്ന ആരാധനക്രമം: പാപ്പായുടെ ഉദ്‌ബോധനം

മെയ് ഇരുപതാം തീയതി ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ. ആരാധനാക്രമവുമായി ബന്ധപ്പെട്ട "സാക്രോസാന്ക്തും കൊൺചീലിയും" എന്ന കോൺസ്റ്റിറ്റ്യൂഷനെ, പ്രമാണരേഖയെ, ആധാരമാക്കിയ തന്റെ പ്രഭാഷണത്തിൽ, ക്രിസ്തുവിന്റെ ശരീരമായ സഭയിൽ ആരാധനാക്രമത്തിനുളള പ്രാധാന്യം, ക്രൈസ്തവരുടെ ജീവിതത്തിൽ, പ്രത്യേകിച്ച്, സഭയിലെ അംഗങ്ങളും പരിശുദ്ധാത്മാവിന്റെ ആലയങ്ങളും എന്ന നിലയിൽ ക്രൈസ്തവരുടെ രൂപീകരണത്തിൽ ആരാധനാക്രമത്തിനുള്ള പങ്ക് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് പാപ്പാ സംസാരിച്ചത്.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

2026 ജനുവരിയിലെ ആദ്യ ബുധനാഴ്ച അറിയിച്ചിരുന്നതുപോലെ രണ്ടാം വത്തിക്കാൻ കൗൺസിലിനെയും അതിന്റെ പ്രമുഖ രേഖകളെയും കുറിച്ചുള്ള പഠന-ഉദ്ബോധന പരമ്പരയാണ് ഈ വർഷത്തിലെ ബുധനാഴ്ചകളിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ നടത്തിവരുന്നത്. ഇതനുസരിച്ച്, ആരാധനാക്രമവുമായി ബന്ധപ്പെട്ട "സാക്രോസാന്ക്തും കൊൺചീലിയും" എന്ന കോൺസ്റ്റിറ്റ്യൂഷനെ, പ്രമാണരേഖയെ, ആധാരമാക്കി, "സഭാരഹസ്യത്തിൽ ആരാധനാക്രമം" എന്ന വിഷയത്തിൽ, ക്രിസ്തുവിന്റെ ശരീരമായ സഭയിൽ ആരാധനാക്രമത്തിനുളള പ്രാധാന്യം, ക്രൈസ്തവരുടെ ജീവിതത്തിൽ, പ്രത്യേകിച്ച്, സഭയിലെ അംഗങ്ങളും പരിശുദ്ധാത്മാവിന്റെ ആലയങ്ങളും എന്ന നിലയിൽ ക്രൈസ്തവരുടെ രൂപീകരണത്തിൽ ആരാധനാക്രമത്തിനുള്ള പങ്ക് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെടുത്തിയാണ് മെയ് ഇരുപതാം തീയതി ബുധനാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പാപ്പാ പതിവുപോലെ ഉദ്‌ബോധനം നടത്തിയത്. പൊതുകൂടിക്കാഴ്ചയ്ക്ക് മുൻപായി പരിശുദ്ധ പിതാവ് ചത്വരത്തിലുണ്ടായിരുന്ന ആയിരക്കണക്കിന് വരുന്ന ആളുകൾക്കിടയിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിക്കുകയും കൊച്ചു കുട്ടികൾക്ക് ആശീർവാദം നൽകുകയും ചെയ്തു. ബസലിക്കയ്ക്ക് മുന്നിൽ ഒരുക്കപ്പെട്ടിരുന്ന വേദിയിൽ പത്തുമണിയോടെ, ഇന്ത്യയിലെ സമയം ഉച്ച കഴിഞ്ഞ് ഒന്നരയോടെ എത്തിയ പാപ്പാ, കുരിശടയാളം വരച്ചുകൊണ്ട് ഔദ്യോഗിക കൂടിക്കാഴ്ച ആരംഭിച്ചു.

പരിശുദ്ധ പിതാവിന്റെ പ്രബോധനപ്രഭാഷണത്തിന് മുൻപായി വിശുദ്ധ പൗലോസ് എഫേസോസുകാർക്കെഴുതിയ ലേഖനം ഒന്നാം അദ്ധ്യായം ഒൻപതും പത്തും വാക്യങ്ങൾ വിവിധ ഭാഷകളിൽ വായിക്കപ്പെട്ടു.

"ക്രിസ്തുവിൽ വ്യക്തമാക്കിയ തന്റെ അഭീഷ്ടമനുസരിച്ച് അവിടുന്ന് തന്റെ പദ്ധതിയുടെ രഹസ്യം നമുക്ക് മനസ്സിലാക്കിത്തന്നു. ഇത് കാലത്തിന്റെ പൂർണതയിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും ക്രിസ്തുവിൽ ഒന്നിപ്പിക്കുന്നതിനുവേണ്ടിയത്രേ." (എഫേ. 1, 9-10).

വചനവായനയെത്തുടർന്ന് പാപ്പാ ഇറ്റാലിയൻ ഭാഷയിൽ തന്റെ പ്രഭാഷണം നടത്തി.

പ്രിയ സഹോദരീസഹോദരന്മാരെ, ശുഭദിനം, സ്വാഗതം!

രണ്ടാം വത്തിക്കാൻ കൗൺസിൽ പാസാക്കിയ ഏറ്റവും ആദ്യത്തെ രേഖയെക്കുറിച്ചുള്ള, ആരാധനാക്രമവുമായി ബന്ധപ്പെട്ട സാക്രോസാന്ക്തും കൊൺചീലിയും (Sacrosanctum Concilium - SC) എന്ന പ്രമാണരേഖയെക്കുറിച്ചുള്ള, ഒരു പഠനപരമ്പര ഇന്ന് നമുക്ക് ആരംഭിക്കാം.

ഈ പ്രമാണരേഖ തയ്യാറാക്കുന്നതിലൂടെ, തിരുക്കർമ്മങ്ങളുടെ പരിഷ്കരണം നടത്താൻ മാത്രമല്ല കൗൺസിൽ പിതാക്കന്മാർ ശ്രമിച്ചത്, മറിച്ച്, സഭയെ രൂപപ്പെടുത്തുകയും, യോജിപ്പിക്കുകയും ചെയ്യുന്ന ക്രിസ്തുരഹസ്യത്തെക്കുറിച്ച് ചിന്തിക്കാനും അതുമായുള്ള സജീവമായ ബന്ധത്തെ ആഴത്തിൽ മനസ്സിലാക്കാനും കൂടിയാണ്. ഈയൊരു രഹസ്യത്തിന്റെ കാതലിനെ സ്പർശിക്കുന്നതാണ് ആരാധനക്രമം. സഭയ്ക്ക് ക്രിസ്തുവിൽനിന്ന് അതിന്റെ ജീവൻതന്നെ ലഭിക്കുന്ന ഇടവും, കാലവും സന്ദർഭവും കൂടിയാണത്. നമ്മെ ഒരു തിരഞ്ഞെടുക്കപ്പെട്ട വംശവും, രാജകീയ പൗരോഹിത്യവും, വിശുദ്ധമായ രാജ്യവും, ദൈവം സ്വന്തമാക്കിയ ഒരു ജനവുമാക്കുന്ന (1 പത്രോസ് 2, 9) "നമ്മുടെ രക്ഷാകർമ്മം നിർവ്വഹിക്കപ്പെടുന്ന" (SC, 2) ഇടം ആരാധനാക്രമമാണ്.

ഇരുപതാം നൂറ്റാണ്ടിൽ സഭ കടന്നുപോയ ബൈബിൾ, ആരാധനാക്രമം സഭാപിതാക്കന്മാരുമായി ബന്ധപ്പെട്ട പഠനങ്ങൾ എന്നീ മൂന്ന് നവീകരണങ്ങളും വ്യക്തമാക്കുന്നതുപോലെ, നാം വിചിന്തനം ചെയ്യുന്ന "രഹസ്യം" അവ്യക്തമായ ഒരു യാഥാർത്ഥ്യത്തെയല്ല, മറിച്ച് വിശുദ്ധ പൗലോസിന്റെ പ്രസ്താവനപോലെ, ആദിമുതൽ മറഞ്ഞിരുന്നതും, ക്രിസ്തുവിൽ വെളിവാക്കപ്പെട്ടതുമായ ദൈവത്തിന്റെ രക്ഷാകരപദ്ധതിയെയാണ് സൂചിപ്പിക്കുന്നത് (എഫേ 3, 3-6). ക്രിസ്തീയരഹസ്യം എന്നത്, ക്രിസ്തുവിന്റെ പീഡാനുഭവവും മരണവും പുനരുത്ഥാനവും മഹത്വീകരണവും ഉൾപ്പെടുന്ന പെസഹാസംഭവമാണ്. അങ്ങനെ, "അവന്റെ നാമത്തിൽ" ഒന്നുചേരുന്ന സമൂഹത്തിൽ നമ്മൾ പങ്കെടുക്കുമ്പോൾ, നമ്മളും ഈ രഹസ്യത്തിൽ മുഴുകേണ്ടതിന്, ഇത് ആരാധനാക്രമത്തിൽ കൗദാശികമായി നമുക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്നു.

കുരിശിൽവച്ച് തുളയ്ക്കപ്പെട്ട തിരുവിലാവിൽനിന്ന് ജനിച്ച ദൈവത്തിന്റെ വിശുദ്ധ ജനമായ സഭയുടെ ആന്തരിക തത്വം ക്രിസ്തു തന്നെയാണ്. ആരാധനാക്രമത്തിൽ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ അവൻ തന്റെ പ്രവർത്തനം തുടരുന്നു. പിതാവിനുള്ള തന്റെ തന്നെ ബലിവഴി, തന്റെ മണവാട്ടിയായ സഭയെ അവൻ വിശുദ്ധീകരിക്കുകയും യോജിപ്പിക്കുകയും ചെയ്യുന്നു. പ്രഘോഷിക്കപ്പെടുന്ന വചനത്തിലും, കൂദാശകളിലും, അവ അർപ്പിക്കുന്ന ശുശ്രൂഷകരിലും, ഒന്നുചേരുന്ന സമൂഹത്തിലും, ഏറ്റവും ശ്രേഷ്ഠമായ നിലയിൽ വിശുദ്ധ കുർബാനയിലും സന്നിഹിതനായ അവൻ, തന്റെ തികച്ചും അതുല്യമായ പൗരോഹിത്യം പ്രവർത്തികമാക്കുന്നു. അങ്ങനെ, വിശുദ്ധ അഗസ്റ്റിൻ പറയുന്നതുപോലെ (cfr Serm., 277), വിശുദ്ധ കുർബാന അർപ്പിക്കുന്ന സഭ, "കർത്താവിന്റെ ശരീരം സ്വീകരിക്കുകയും, താൻ സ്വീകരിക്കുന്നത് ആയിത്തീരുകയും ചെയ്യുന്നു". "ആത്മാവിലൂടെ ദൈവത്തിന്റെ വാസസ്ഥലമായ" (എഫേ. 2, 22) ക്രിസ്തുവിന്റെ ശരീരമായിത്തീരുന്നു. നമ്മെ ക്രിസ്തുവിനോട് അനുരൂപപ്പെടുത്തുകയും കൂട്ടായ്മയിൽ നമ്മെ കെട്ടിപ്പടുക്കുകയും ചെയ്യുന്ന "നമ്മുടെ വീണ്ടെടുപ്പിന്റെ പ്രവൃത്തിയാണ്" ഇത്.

പരിശുദ്ധ ആരാധനാക്രമത്തിൽ ഈയൊരു കൂട്ടായ്മ സാധ്യമാക്കുന്നത് തിരുക്കർമ്മങ്ങളിലൂടെയും പ്രാർത്ഥനകളിലൂടെയുമാണ് (SC, 48). പ്രശസ്തമായ "ലെക്സ് ഒറാന്തി ലെക്സ് ക്രെതെന്തി" എന്ന ചൊല്ലനുസരിച്ച്, സഭയുടെ ആചാരാനുഷ്ടാനം അവളുടെ വിശ്വാസത്തെ പ്രകടിപ്പിക്കുകയും, അതേസമയം അവളുടെ സഭാത്മക വ്യക്തിത്വത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നു. പ്രഘോഷിക്കപ്പെടുന്ന വചനം, കൂദാശയുടെ പരികർമ്മം, ആചാരചേഷ്ടകൾ, മൗനം, ഇടം, ഇതെല്ലാം ക്രിസ്തുവിന്റെ ശരീരവും, പരിശുദ്ധാത്മാവിന്റെ ആലയവും, ദൈവപിതാവിനാൽ വിളിച്ചുകൂട്ടപ്പെട്ടതുമായ ജനത്തെ പ്രതിനിധീകരിക്കുകയും, അതിന് രൂപം നല്കുകയും ചെയ്യുന്നു. അങ്ങനെ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ അനുസ്‌മരിപ്പിച്ചതുപോലെ, ഓരോ ദിവ്യ ബലിയും പ്രാർത്ഥനയിൽ സഭയുടെ യഥാർത്ഥ എപ്പിഫനിയായി മാറുന്നു (Lett. ap. Vicesimus quintus annus, 9).

ക്രിസ്തുരഹസ്യത്തിന്റെ സേവനത്തിനായാണ് ആരാധനാക്രമമെന്നതിൽനിന്ന്, "സഭയുടെ പ്രവർത്തനം ഏതൊരു അത്യുന്നതസ്ഥാനത്തേക്കാണോ തിരിഞ്ഞിരിക്കുന്നത്, അതുതന്നെയാണ് ഒരേസമയം അവളുടെ മുഴുവൻ ശക്തിയും നിർഗ്ഗളിക്കുന്ന ഇടവും" (SC, 10) എന്ന് നിർവ്വചിക്കപെട്ടത് എന്തുകൊണ്ടാണെന്നത് മനസ്സിലാക്കാൻ സാധിക്കും. സഭയുടെ പ്രവർത്തനം ആരാധനാക്രമത്തിൽ ഒതുങ്ങുന്നില്ല എന്നത് ശരിയാണ്, എന്നാൽ, സുവിശേഷപ്രഘോഷണം, പാവപ്പെട്ടവർക്കുവേണ്ടിയുള്ള ശുശ്രൂഷകൾ, മാനുഷികയാഥാർത്ഥ്യങ്ങളോടുള്ള സഹകരണം തുടങ്ങിയ അവളുടെ മുഴുവൻ പ്രവൃത്തികളും, ഈയൊരു ലക്ഷ്യത്തിലേക്കാണ് എത്തിച്ചേരുന്നത്. മറിച്ചു പറഞ്ഞാൽ, ആരാധനക്രമം വിശ്വാസികളെ എല്ലായ്‌പ്പോഴും, വീണ്ടും, കർത്താവിന്റെ പെസഹായിൽ നിമഗ്നരാക്കുന്നു. അതുകൊണ്ടുതന്നെ, വചനത്തിന്റെ പ്രഘോഷണത്തിലൂടെയും, കൂദാശകളുടെ പരികർമ്മത്തിലൂടെയും, പൊതുവായ പ്രാർത്ഥനകളിലൂടെയും അവർ സംതൃപ്തരാക്കപ്പെടുകയും തങ്ങളുടെ വിശ്വാസപ്രതിബദ്ധതയിലും നിയോഗത്തിലും പ്രോത്സാഹിപ്പിക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്യുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ആരാധനാക്രമപ്രവർത്തനങ്ങളിലെ  വിശ്വാസികളുടെ പങ്കാളിത്തം ഒരേസമയം "ആന്തരികവും ബാഹ്യവുമാണ്".

ഇതിനർത്ഥം, ദൈനംദിന ജീവിതത്തിൽ മുഴുവൻ, ധാർമ്മികവും അദ്ധ്യാത്മികവുമായ ഒരു ചലനാത്മകതയിൽ, മൂർത്തമായ യാഥാർത്ഥ്യമാകാനാണ് ആരാധനക്രമം വിളിക്കപ്പെട്ടിരിക്കുന്നത് എന്നതാണ്. അപ്രകാരം, ആഘോഷിക്കപ്പെടുന്ന ആരാധനക്രമം ജീവിതമായി മാറ്റപ്പെടുകയും, അത്, ആരാധനയിൽ എന്താണോ ജീവിച്ചത്, അതിനെ സമൂർത്തമാക്കാൻ കഴിവുള്ള വിശ്വസ്തതാപൂർവ്വമായ ഒരു അസ്തിത്വം ആവശ്യപ്പെടുകയും ചെയ്യുന്നു. ഈയൊരു വിധത്തിലാണ് നമ്മുടെ ജീവിതം, "വിശുദ്ധവും ദൈവത്തിന് പ്രീതികരവുമായ സജീവബലിയായി, നമ്മുടെ ആദ്ധ്യാത്മിക ആരാധന സാക്ഷാത്കരിക്കുന്നത് (റോമാ 12, 1).

ഈയൊരരു രീതിയിൽ, ആരാധനാക്രമം, സഭയിലുള്ള വ്യക്തികളെ അനുദിനം കർത്താവിൽ ഒരു വിശുദ്ധ ആലയമായി പടുത്തുയർത്തുന്നു (SC, 2), ഏവരെയും സ്വാഗതം ചെയ്യുന്ന തുറന്ന ഒരു സമൂഹമായി രൂപപ്പെടുത്തുന്നു. ഇത് പരിശുദ്ധാത്മാവ് വസിക്കുന്ന ഒന്നാണ്. ഇത് നമ്മെ ക്രിസ്തുവിന്റെ ജീവിതത്തിലേക്ക് നയിക്കുന്നു. നമ്മെ അവന്റെ ശരീരമാക്കി മാറ്റുന്നു. ക്രിസ്തുവിൽ, എല്ലാ മനുഷ്യരാശിയുടെയും ഐക്യത്തിന്റെ അടയാളമെന്ന നിലയിൽ അതിന്റെ എല്ലാ മാനങ്ങളിലും പ്രതിനിധീകരിക്കുന്നു. ഫ്രാൻസിസ് പാപ്പാ പറഞ്ഞിരുന്നതുപോലെ, "ലോകം ഇതുവരെ അറിഞ്ഞിട്ടില്ലെങ്കിലും, എല്ലാവരും കുഞ്ഞാടിന്റെ വിവാഹവിരുന്നിന് വിളിക്കപ്പെട്ടിരുന്നു (വെളിപാട് 19, 9)" (Ap. Lett. Desiderio desideravi, 5).

പ്രിയപ്പെട്ടവരേ, ആചാരാനുഷ്ടാനങ്ങളാലും അടയാളങ്ങളാലും, ദിവ്യചേഷ്ഠകളാലും, സർവ്വോപരി ആരാധനാക്രമത്തിലുള്ള ക്രിസ്തുവിന്റെ സജീവസാന്നിദ്ധ്യത്താലും ആന്തരികമായി രൂപപ്പെടുവാൻ നമുക്ക് നമ്മെത്തന്നെ വിട്ടുകൊടുക്കാം. ഇനിയും വരാനിരിക്കുന്ന പ്രബോധനങ്ങളിലൂടെ ഇതിനെപ്പറ്റി കൂടുതൽ ആഴത്തിൽ പഠിക്കാൻ നമുക്ക് അവസരം ലഭിക്കും.

ഇറ്റാലിയൻ ഭാഷയിലുള്ള തന്റെ പൊതുവായ പ്രഭാഷണത്തിന് ശേഷം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത പാപ്പാ "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും, തുടർന്ന് ഏവർക്കും തന്റെ ആശീർവാദം നൽകുകയും ചെയ്തു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 മേയ് 2026, 12:37

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >