മേരി മേജർ ബസലിക്കയിൽ  നടന്ന ചടങ്ങിൽനിന്നുള്ള ഒരു ചിത്രം മേരി മേജർ ബസലിക്കയിൽ നടന്ന ചടങ്ങിൽനിന്നുള്ള ഒരു ചിത്രം  (ANSA)

മേരി മേജർ ബസലിക്കയുടെ പ്രോട്ടോ കാനൻ പദവി ഏറ്റെടുത്ത് സ്പെയിനിന്റെ രാജാവ്

റോമിലെ മേരി മേജർ ബസലിക്കയുടെ ആർച്ച് പ്രീസ്റ് കർദ്ദിനാൾ മസ്‌ക്റിസ്കാസിന്റെ സാന്നിദ്ധ്യത്തിൽ, ബസലിക്കയുടെ പ്രോട്ടോ കാനൻ പദവി ഏറ്റെടുത്ത് സ്പെയിനിന്റെ രാജാവ് ഫെലിപേ ആറാമൻ. മാർച്ച് 20 വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12.30-നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ചടങ്ങുകൾ റോമിലെ നാല് മേജർ ബസലിക്കകളിൽ ഒന്നും, നഗരത്തിലെ ഏറ്റവും വലിയ മരിയൻ ദേവാലയവുമായ മേരി മേജർ ബസലിക്കയിൽ നടന്നത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

നാല് മേജർ ബസലിക്കളിൽ ഒന്നും, പരിശുദ്ധ അമ്മയുടെ പേരിലുള്ള ഏറ്റവും വലിയ ദേവാലയങ്ങളിൽ ഒന്നുമായ മേരി മേജർ ബസലിക്കയുടെ പ്രോട്ടോ കാനൻ പദവി ഏറ്റെടുത്ത് സ്പെയിനിന്റെ രാജാവ്. ബസലിക്കയുടെ ആർച്ച് പ്രീസ്റ് കർദ്ദിനാൾ മസ്‌ക്റിസ്കാസിന്റെ സാന്നിദ്ധ്യത്തിൽ മാർച്ച് 20 വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12.30-ന് നടന്ന ചടങ്ങുകളിൽ റാണി ലെത്തീത്സ്യയും പങ്കെടുത്തു. ബസലിക്കയിലെത്തിയ രാജകുടുംബം ഫ്രാൻസിസ് പാപ്പായുടെ കല്ലറയിലെത്തി ആദരവ് പ്രകടിപ്പിച്ചിരുന്നു.

കത്തോലിക്കാ മതവിശ്വാസം പുലർത്തുന്ന സ്പെയിനിന്റെ രാജാവിന്, 1953 ഓഗസ്റ്റ് 5-ന് പന്ത്രണ്ടാം പിയൂസ് പാപ്പാ നൽകിയ ബൂള വഴി ലഭിച്ച പ്രത്യേക അധികാരമാണ്, മേരി മേജർ ബസലിക്കയുടെ പ്രോട്ടോ കാനൻ പദവി. രാജ്യത്ത് വിശ്വാസപ്രചാരണത്തിന് വേണ്ടിയും, സ്പെയിന്റെ തലവന്റെ നിയോഗമനുസരിച്ചും, അവിടുത്തെ ജനത്തിന്റെയും നേതൃത്വത്തിന്റെയും നന്മയ്ക്കുമായി വർഷം തോറും മൂന്ന് വിശുദ്ധ കുർബാനകൾ അർപ്പിക്കുന്നതും ബൂള വ്യവസ്ഥ ചെയ്യുന്നുണ്ട്. പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോഹണത്തിരുനാൾ, അമലോത്ഭവത്തിരുനാൾ, സ്പെയിൻ രാജാവായിരുന്ന വിശുദ്ധ ഫെർഡിനാൻഡിന്റെ തിരുനാൾ ദിനം എന്നീ ദിവസങ്ങളിലാണ് ഈ വിശുദ്ധ ബലികൾ അർപ്പിക്കപ്പെടുന്നത്.

കർദ്ദിനാൾ ആർച്ച് പ്രീസ്റ്റിനൊപ്പം പന്ത്രണ്ട് കനാൻമാർ കൂടുന്നതാണ് മേരി മേജർ ബസലിക്കയുടെ ചാപ്റ്റർ. പുരാതന സവിശേഷാധികാരപ്രകാരം സ്പെയിനിന്റെ രാജാവായിരിക്കും ഇവരിലെ പ്രോട്ടോ കാനൻ.

മേരി മേജർ ബസലിക്കയും സ്പെയിൻ രാജകുടുംബവും തമ്മിലുള്ളത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശക്തമായ ബന്ധമാണ്. അലക്സാണ്ടർ ആറാമൻ പാപ്പായുടെ ആഗ്രഹപ്രകാരം (1492-1503), ബസലിക്കയുടെ തടികൊണ്ടുള്ള മേൽത്തട്ട് പൊതിയാനായി ഉപയോഗിക്കപ്പെട്ട സ്വർണ്ണം, അമേരിക്കൻ ഭൂഖണ്ഡത്തിൽനിന്ന് സ്പാനിഷ് പരമാധികാരികൾ കൊണ്ടുവന്നതാണെന്ന് പറയപ്പെടുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 മാർച്ച് 2026, 13:46