തിരയുക

യൂണിസെഫ് ലെബനനിലേക്കെത്തിച്ച സാധനസാമഗ്രികളിൽ ചിലത് യൂണിസെഫ് ലെബനനിലേക്കെത്തിച്ച സാധനസാമഗ്രികളിൽ ചിലത്  (ANSA)

ലെബനനിൽ 32.5 ടൺ അടിയന്തര മെഡിക്കൽ സാധനങ്ങൾ കൂടി എത്തിച്ച് യൂണിസെഫ്

മദ്ധ്യപൂർവ്വദേശങ്ങളിലെ യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും ഇടയിൽ ദുരിതമനുഭവിക്കുന്ന ലെബനനിലെ ജനങ്ങൾക്ക് ആശ്വാസമായി യൂണിസെഫിന്റെ കൈത്താങ്ങ്. രാജ്യത്തെ ആശുപത്രികൾക്കും ആരോഗ്യപരിപാലനകേന്ദ്രങ്ങൾക്കുമായി 32.5 ടൺ അടിയന്തര മെഡിക്കൽ സാധനങ്ങൾ കൂടി എത്തിച്ചതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി മാർച്ച് 20-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ശക്തമായ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന ലെബനനിൽ ആശ്വാസത്തിന്റെ കൈത്താങ്ങായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി. നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും അതിലേറെ ആളുകൾക്ക് ആക്രമണങ്ങളിൽ പരിക്കേൽക്കുകയും ചെയ്ത മദ്ധ്യപൂർവ്വദേശത്തെ ഈ രാജ്യത്ത്, 32.5 ടൺ അടിയന്തര മെഡിക്കൽ സാധനങ്ങൾ കൂടി എത്തിച്ച് ആളുകൾക്കിടയിൽ വിതരണം ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്, മാർച്ച് 20-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

നിലവിലെ സംഘർഷങ്ങളും ആക്രമണങ്ങളും കൂടുതൽ ശക്തമായി വരുന്നതിനിടെ, രാജ്യത്ത് 116 കുട്ടികളെങ്കിലും കൊല്ലപ്പെട്ടതായി യൂണിസെഫ് അറിയിച്ചു. 356-ലധികം കുട്ടികൾക്ക് പരിക്കേറ്റു. ലെബനനിലെ ആശുപത്രികളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്നും, അടിയന്തിര സഹായം ലഭ്യമാകുന്നില്ലെങ്കിൽ, കുട്ടികളുടേതുൾപ്പെടെ ആളുകളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള സാധ്യതകൾ കുറയുമെന്നും ശിശുക്ഷേമനിധി തങ്ങളുടെ പത്രക്കുറിപ്പിൽ എഴുതി. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ്, ആശുപത്രികൾക്കും മറ്റ് ആരോഗ്യപരിപാലന കേന്ദ്രങ്ങൾക്കും യൂണിസെഫ് അടിയന്തിര സാധനസാമഗ്രികൾ എത്തിച്ചത്.

മാർച്ച് 2 മുതൽ നാളിതുവരെ ലെബനനിൽ എണ്ണൂറ് ടണ്ണോളം അടിയന്തിര ദുരിതാശ്വാസസഹായവസ്തുക്കൾ എത്തിച്ചിട്ടുണ്ടെന്നും, അതുവഴി ഒന്നരലക്ഷത്തോളം ആളുകൾക്ക് സഹായമേകാൻ തങ്ങൾക്കായിട്ടുണ്ടെന്നും ശിശുക്ഷേമനിധി അവകാശപ്പെട്ടു. ഇവരിൽ ഇരുന്നൂറ്റിയൻപതോളം അഭയാർത്ഥി ക്യാമ്പുകളിൽ ഉള്ള ആളുകളും ഉൾപ്പെടുമെന്ന് സംഘടന അറിയിച്ചു.

ലെബനനിലെ പൊതു ആരോഗ്യമേഖലാ മന്ത്രാലയവുമായും മറ്റ് സഹകാരികളുമായും ചേർന്ന്, നിലവിലെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ തങ്ങൾ പ്രവർത്തിച്ചുവരികയാണെന്ന് യൂണിസെഫ് വ്യക്തമാക്കി. ആറുലക്ഷം ലിറ്റർ കുടിവെള്ളം, രണ്ടായിരം പുതപ്പുകളും കിടക്കകളും, പതിനൊന്നായിരം ശൈത്യകാല കിറ്റുകൾ, കുട്ടികൾക്കായുള്ള നാൽപ്പതിനായിരം ശുചിത്വകിറ്റുകൾ തുടങ്ങി നിരവധി സാധനസാമഗ്രികളാണ് സംഘടന എത്തിച്ചിരിക്കുന്നത്.

സാധാരണജനം, പ്രത്യേകിച്ച് കൊച്ചുകുട്ടികൾ സംരക്ഷിക്കപ്പെടണമെന്നും, മാനവികസഹായം സുരക്ഷിതമായി എത്തിക്കുന്നതിന് വേണ്ട നടപടികൾ ഉറപ്പാക്കണമെന്നുമുള്ള തങ്ങളുടെ അഭ്യർത്ഥന യൂണിസെഫ് ആവർത്തിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 മാർച്ച് 2026, 12:40