തിരയുക

സമാധാനത്തിന്റെ നാളുകൾ യാഥാർത്ഥ്യമാക്കാം സമാധാനത്തിന്റെ നാളുകൾ യാഥാർത്ഥ്യമാക്കാം 

യുദ്ധവും സമാധാനവും മാനവികതയും മതവിശ്വാസങ്ങളും നമ്മുടെ ജീവിതങ്ങളും

തുടരുന്ന യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും, ദുരിതമനുഭവിക്കുന്ന മാനവികതയുടെയും, ഇല്ലാതാക്കപ്പെടുന്ന ജീവിതങ്ങളുടെയും മുന്നിൽ, മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ നേതൃത്വങ്ങൾക്കും നമുക്കും ഉള്ള ഉത്തരവാദിത്വങ്ങളെയും ചുമതലകളെയും കുറിച്ചുള്ള വിചിന്തനം.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദൈവസൃഷ്ടിയായ ഈ ഭൂമിയും, അതിൽ സഹോദര്യത്തോടെയും സ്നേഹത്തോടെയും സഹവർത്തിത്വത്തോടെയും ജീവിക്കാൻ വിളിക്കപ്പെട്ടവരുമായ മനുഷ്യർ, ലോകത്തിന്റെ വിവിധയിടങ്ങളിൽ ദുരിതപൂർണ്ണങ്ങളായ അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്, അപലപനീയമെന്ന് വിശേഷിപ്പിക്കപ്പെടാവുന്നതും, കാലങ്ങളായി തുടരുന്നതുമായ ഈയൊരു അവസ്ഥയുടെ മുന്നിൽ, ശുദ്ധവും വിശുദ്ധവുമായ മാനവികതയും മനഃസാക്ഷിയും മതവിശ്വാസങ്ങളും ഉയർത്തുന്ന ചോദ്യങ്ങളുടെയും ഉദ്ബോധനങ്ങളുടെയും സ്വരങ്ങൾ പലപ്പോഴും നാം കേൾക്കാതെ പോകുന്നുണ്ട് എന്ന ഒരു സത്യം നമുക്ക് മുന്നിലുണ്ട്..

റഷ്യ, ഉക്രൈൻ, ഇസ്രായേൽ, പാലസ്‌തീന, ഇറാൻ, അമേരിക്ക, സുഡാൻ, സിറിയ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ, ഇറാക്ക്, ചൈന, ജപ്പാൻ, വിയറ്റ്‌നാം, വെനിസ്വേല, വടക്കൻ കൊറിയ ഇങ്ങനെ ലോകത്തെ വിവിധ രാജ്യങ്ങളുടെ പേരുകൾ കേൾക്കുമ്പോൾ, അവിടെയുള്ള സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക വളർച്ചയും ഭംഗിയും വ്യത്യസ്തതകളും മാത്രമല്ല, അയൽരാജ്യങ്ങളുമായുള്ള അത്ര സുഖകരമല്ലാത്ത ബന്ധത്തിന്റെയും, കുറെയേറെ യുദ്ധങ്ങളുടെയും, അതുവഴി അതിക്രമങ്ങളുടെയും, അധികാരദുർവ്വിനിയോഗങ്ങളുടെയും, കടന്നുകയറ്റങ്ങളുടെയും, സംഘർഷങ്ങളുടെയും ഒക്കെ ചിത്രങ്ങൾ കൂടി നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നുണ്ട്.

ചരിത്രം സാക്ഷി

ഈ ഭൂമി എത്ര സുന്ദരം, അതിന്റെ വർണ്ണ വർഗ്ഗ ഭിന്നതകൾ എത്ര മനോഹരം എന്ന കാവ്യാത്മകമായ വാക്കുകളുടെ ഭംഗി കെടുത്തുന്ന അനാവശ്യമായ പല ഇടപെടലുകൾ നടത്തി, തങ്ങൾ ചെയ്യുന്നത് എല്ലാം ശരിയാണ് എന്ന ഒരു മിഥ്യാധാരണയിൽ ജീവിക്കുന്ന ഒരു അസ്തിത്വമായി പലയിടങ്ങളിലും മനുഷ്യർ ചുരുങ്ങിപ്പൊയ്ക്കൊണ്ടിരിക്കുന്ന ഒരു ചരിത്രത്തിന്റെ കഥയാണ് ഇന്നലകളിലേക്ക് തിരിഞ്ഞുനോക്കുന്ന നമുക്കും, ഇന്നുകളിലേക്ക് തിരിഞ്ഞുനോക്കുന്ന നാളെയുടെ തലമുറകൾക്കും മുന്നിൽ അവശേഷിക്കുന്നത്.

രണ്ടു ലോകമഹായുദ്ധങ്ങളാണ് നമ്മുടെ മാനവികത ജീവിച്ചത്. പതിനായിരങ്ങളല്ല, ലക്ഷക്കണക്കിന് ജീവനുകളാണ് അവ ഇല്ലാതാക്കിയത്. എന്നിട്ടും, വിജയിച്ചവർക്ക് മഹത്വത്തിന്റെയും, പരാജയപ്പെട്ടവർക്ക് വൻ തോൽവിയുടെയും ചിന്തകൾ സമ്മാനിക്കുന്ന “മഹായുദ്ധങ്ങൾ” എന്ന ഒരു വാക്കാണ് നാം അവയെക്കുറിച്ച് പരാമർശിക്കുമ്പോൾ ഉപയോഗിക്കുന്നത്. യുദ്ധങ്ങൾ, മരിക്കുന്ന മാനവികതയുടെയും മരണമടഞ്ഞ ജീവിതങ്ങളുടെയും തകർക്കപെടുന്ന സംസ്കാരങ്ങളുടെയും അത്ര മനോഹരമല്ലാത്ത ചരിത്രവും സാക്ഷ്യവുമാണ് അവശേഷിപ്പിക്കുന്നത് എന്ന് തിരിച്ചറിയാനാകാതെ, താൻ പോരിമയുടെയും അധികാരത്തിന്റെയും ആയുധബലത്തിന്റെയും അവിശുദ്ധ ഐക്യങ്ങളുടെയും പിൻബലത്തിൽ ഇന്നും, തന്റെ രാജ്യാതിർത്തികൾക്കപ്പുറം അപരന്റെ മണ്ണിൽ മരണം വിതയ്ക്കാനും, സ്വന്തം രാജ്യത്ത് നടപ്പാക്കാത്ത നീതി മറ്റിടങ്ങളിൽ നടപ്പിലാക്കാനും പുറപ്പെടുന്ന മനുഷ്യമുഖമുള്ള ചില ദുഷിച്ച അസ്തിത്വങ്ങളുടെ കഥയാണ് ഇന്നും ലോകത്ത് തുടരുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ് പലയിടങ്ങളിലും കുടിയേറി മണ്ണും അധികാരവും നേടിയ പലർക്കും, പുതിയ കുടിയേറ്റക്കാരും അഭയാർത്ഥികളുമൊക്കെ പഥ്യമായി മാറിയിരിക്കുന്നു.

ശുദ്ധമാക്കപ്പെടേണ്ട മനഃസാക്ഷിയും അധികാരവും

യഹൂദ, ക്രൈസ്തവ വിശ്വാസങ്ങളുൾപ്പെടെ പല മതവിശ്വാസങ്ങളും നമ്മോട് പറയുന്നത് സൃഷ്ടിയുടെ അധിപൻ, സൃഷ്ടാവായ ദൈവമാണെന്നാണ്. ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു എന്ന ഒരു ഉദ്ബോധനമാണ് തിരുവചനം, ഉത്പത്തിപുസ്തകത്തിന്റെ ആദ്യ അദ്ധ്യായങ്ങളിൽ മുന്നോട്ടുവയ്ക്കുന്നത്. പ്രകൃതിയും, അതിലെ സകല ചരാചരങ്ങളെയും സൃഷ്‌ടിച്ച ദൈവം എല്ലാം മനോഹരമാണെന്ന് കണ്ടു. എന്നാൽ സഹോദര്യത്തിനായി സൃഷ്ടിക്കപ്പെട്ട മനുഷ്യർ പരസ്പരം പോരടിക്കുന്നത്, സഹോദരൻ സഹോദരനെതിരായി കരമുയർത്തുന്നത് ചരിത്രത്തിന്റെ ആദ്യ ദിനങ്ങളിൽത്തന്നെ നാം കാണുന്നുണ്ട്. കൂട്ടായ്മയിൽ ജീവിക്കാനായി ദൈവം സൃഷ്‌ടിച്ച മനുഷ്യർ, മണ്ണിനും അധികാരത്തിനും നേട്ടങ്ങൾക്കും വേണ്ടി പരസ്പരം പോരടിക്കുന്ന, ഇല്ലായ്മ ചെയ്യുന്ന നിരവധി ദുരനുഭവങ്ങളും ദുർസാക്ഷ്യങ്ങളും നമ്മൾ കാണുന്നുണ്ട്. സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ചിന്തകൾ വെടിഞ്ഞ്, വെറുപ്പിന്റെയും നാശത്തിന്റെയും ചിന്താധാരകളിലൂടെ ഒരു കിരാത, മരണ സംസ്കാരത്തിലേക്ക് പിന്നോക്കം പോകുന്ന മാനവികതയുടെ ഇന്നലകളെക്കുറിച്ച് വിവിധ ജനതകളുടെ ചരിത്രങ്ങൾ നമ്മോട് പറയുന്നുണ്ട്.

അധികാരം ദുഷിപ്പിക്കുന്നു, സമ്പൂർണ്ണമായ അധികാരം പൂർണ്ണമായി ദുഷിപ്പിക്കുന്നു (Power Corrupts, Absolute Power Corrupts Absolutely) എന്ന ഒരു സമായാതീത മുന്നറിയിപ്പിനെക്കുറിച്ച് നാം പലപ്പോഴും കേൾക്കാറുണ്ട്. സമ്പത്തും അധികാരവും ദുഷിച്ച കൂട്ടുകെട്ടുകളും ഒരുമിച്ച് വരുമ്പോൾ, ഒരു സമൂഹത്തിലാകട്ടെ, രാജ്യങ്ങൾക്കിടയിലാകട്ടെ, എന്താണ് സംഭവിക്കുകയെന്നത് നമ്മൾ അനുദിനം കണ്ടുകൊണ്ടിരിക്കുന്ന വസ്തുതയാണ്. അധികാര, രാഷ്ട്രീയ നേതൃത്വങ്ങൾ, ദുർബലരെയും പാവപ്പെട്ടവരെയും വീണുപോയവരെയും കൈപിടിച്ചുയർത്തുന്നതിന് പകരം, അവരെ മറക്കുന്ന, ചിലപ്പോഴൊക്കെ അവരെ മാറ്റി നിറുത്തുന്ന, അപൂർവ്വം ചിലപ്പോഴെങ്കിലും അവരെ ഇല്ലായ്മ ചെയ്യുന്ന ദുരിതക്കാഴ്ചകൾക്കും നമ്മൾ സാക്ഷികളാണ്. ആയുധങ്ങൾ കൈവശം വയ്ക്കാനുള്ള മത്സരത്തിലാണ് പല രാജ്യങ്ങളും. ചരിത്രാതീതകാലം മുതലുള്ള സംയമനത്തിന്റെയും സംവാദങ്ങളുടെയും അനുരഞ്ജനത്തിന്റെയും പാതകൾ കഴിവില്ലാത്തവന്റെ പാതകളാണെന്ന് കരുതുന്ന അജ്ഞതയുടെ ഇരുളിലാണ് പല മനുഷ്യരും രാഷ്ട്രങ്ങളും ഇന്ന് ജീവിക്കുന്നത്.

സമാധാനം ദുർബലന്റെ പിടിവള്ളി മാത്രമാണെന്ന് കരുതുന്ന അധികാരവംശത്തിന്റെ ചിന്ത ഇന്ന് ലോകത്തെ അനിശ്ചിതത്വത്തിന്റെയും അക്രമത്തിന്റെയും പാതയിലൂടെയാണ് നയിക്കുന്നത്. അതിർത്തികൾ ഇല്ലാത്ത സമാധാന, സഹവർത്തിത്വത്തിന്റെ ഒരു ലോകമെന്ന സ്വപ്നത്തേക്കാൾ, മതിലുകളുടെയും അതിരുകളുടെയും വേർതിരിവുകളുടെ ലോകത്തെയാണ് ഇന്ന് ഒരുപാട് മനുഷ്യർ ഇഷ്ടപ്പെടുന്നത്. സ്വന്തം അതിർത്തികൾക്കപ്പുറത്തേക്ക് കടക്കാനും കവർന്നെടുക്കാനും തകർക്കാനും ഇല്ലാതാക്കാനും മടിക്കാത്ത അധികാരത്തിന്റെ മിസൈലുകളും ബോംബുകളും യുദ്ധവിമാനങ്ങളും ആകാശസീമകൾക്കപ്പുറം പറന്ന് മരണം വിതച്ചു കടന്നുപോകുന്ന ഭീകരതയും ഇന്ന് ലോകത്ത് കാണാം. സ്വന്തം കൈയ്യിൽ തോക്കെടുത്തവൻ, വടിയുള്ള അപരനെ കുറ്റം വിധിക്കുകയും വെടിവച്ച് കൊന്ന് "നീതി" നടപ്പാക്കുകയും ചെയ്യുന്ന വൈരുദ്ധ്യാഭാസങ്ങളുടെ ഇരുളും അപമാനവും ചരിത്രത്തിൽ ഇന്നും തുടരുന്നു. തോൽപ്പിക്കുന്നതിലും കൊല്ലുന്നതിലും മടിയില്ലാത്ത, അതിൽ നന്മ കണ്ടെത്തുന്ന, മൂല്യച്യുതിയുടെ മാനവികതയാണ് ഇന്ന് ലോകത്തിന്റെ പലയിടങ്ങളിലും വാഴുന്നത്. സാഹോദര്യവും മൂല്യങ്ങളും പണ്ടേ മരിച്ചുപോയിരിക്കുന്നു.

ഇല്ലാതാക്കപ്പെടുന്ന മനുഷ്യാന്തസ്സും അപമാനിക്കപ്പെടുന്ന ദൈവവും

സ്രഷ്ടാവും പരിപാലകനുമായ, നീതിമാനായ ദൈവത്തെക്കുറിച്ചുള്ള സങ്കല്പവും വിശ്വാസവും ക്രൈസ്തവർക്ക് മാത്രമുള്ളതല്ലല്ലോ. സാഹോദര്യത്തിന്റെ ചിന്തകൾ നമ്മുടെ ചെറുതലമുറകൾക്ക് പകരാൻ സാമാന്യമാനവികത നമ്മെയൊക്കെ വിളിക്കുന്നത് നാം തിരിച്ചറിയുന്നുമുണ്ട്. മനഃസാക്ഷിയുടെ, ദൈവത്തിന്റെ സ്വരമായി ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന നന്മയുടെ സ്വരവും ഉദ്ബോധനങ്ങളും ശ്രവിച്ച് മുന്നോട്ടുപോകാനാണ്, ക്രൈസ്തവികതയാകട്ടെ, ഹൈന്ദവികതയാകട്ടെ, ഇസ്ലാം മത വിശ്വാസമാകട്ടെ, ലോക മതങ്ങളിൽ ഭൂരിഭാഗവും നമ്മോട് ആവശ്യപ്പെടുന്നത്.

നാം മേലുദ്ധരിച്ച പല മതങ്ങളുടെയും വിശുദ്ധഗ്രന്ഥങ്ങളിൽ യുദ്ധനീതിയെക്കുറിച്ചും, തിന്മയ്‌ക്കെതിരെ പോരാടേണ്ടതിനെക്കുറിച്ചും, മനുഷ്യർക്കൊപ്പവും, അവർക്കുവേണ്ടിയും ഒക്കെ പോരാടുന്ന ദൈവസങ്കല്പങ്ങളെക്കുറിച്ചുമൊക്കെ നാം വായിക്കുന്നുണ്ട് എന്നത് സത്യം തന്നെയാണ്. എന്നാൽ തിന്മയ്‌ക്കെതിരെയാണ്, അനീതിക്കെതിരെയാണ് പോരാട്ടമെന്നതും, ഇല്ലാതാക്കപ്പെടേണ്ടത് തിന്മയാണെന്നതും നാം മറന്നു പോകരുത്.

ഇന്നത്തെ പല സംഘർഷ, യുദ്ധ മേഖലകളിലേക്കും, അവയ്ക്ക് പിന്നിലെ ശക്തികളിലേക്കും നോക്കുമ്പോൾ, മാനവികതയെ ഇല്ലാതാക്കുന്ന, മനുഷ്യാന്തസ്സിനെ മാനിക്കാത്ത, സ്വാർത്ഥ താത്പര്യങ്ങൾക്കുവേണ്ടി അപരനെ ഇല്ലാതാക്കുന്ന, മണ്ണിനും പണത്തിനും വേണ്ടി, ഇന്നതിനെ നമുക്ക് പെട്രോളിനും ധാതുക്കൾക്കും മിനറലുകൾക്കും അധികാരത്തിനും എന്നൊക്കെ വിശേഷിപ്പിക്കാം, അങ്ങനെ നേട്ടങ്ങൾക്കുവേണ്ടി പോരാടുന്ന അധികാര, മത, സാംസ്‌കാരിക നേതൃത്വങ്ങളെ കാണാം.

കുരുക്ഷേത്രയുദ്ധത്തിൽ മുഖം നോക്കാതെ ധർമ്മത്തിനും നീതിക്കും വേണ്ടി പോരാടാൻ അർജ്ജുനനെ ഉപദേശിക്കുന്ന കൃഷ്ണനെക്കുറിച്ച് നാം വായിച്ചിട്ടുണ്ട്. എന്നാൽ ഇന്ന്, ധർമ്മവും നീതിയുമൊക്കെ മാറ്റിവച്ച്, ഏതുവിധേനയും ശത്രുവിനെ, അപരനെ, ഇല്ലാതാക്കാൻ ഉപദേശിക്കുന്ന അധികാര, മത, സാംസ്‌കാരിക നേതൃത്വങ്ങളെയാണ് നാം കാണുന്നത്. യുദ്ധഭൂമിയിൽ സൈനികമേധാവി, ശത്രുവിനെ ഇല്ലാതാക്കാൻ ആജ്ഞയിടുന്നത് കടമയുടെ ഭാഗമാണെന്ന് നമുക്ക് സമ്മതിക്കാം. എന്നാൽ, മത, സാമൂഹിക, സാംസ്‌കാരിക ചിന്തകളിൽ എന്റെ സഹോദരനായിരിക്കേണ്ട ഒരുവൻ മറു രാജ്യത്ത്, മറുപക്ഷത്ത് ആണെങ്കിൽ, അവനെ മനുഷ്യനായിപ്പോലും കാണേണ്ട ആവശ്യമില്ലെന്ന്, ഇല്ലാതാക്കപ്പെടേണ്ട തിന്മയായി മാത്രം കണ്ടാൽ മതിയെന്ന് ഉപദേശിക്കുന്ന മത, സാംസ്‌കാരിക, സാമൂഹിക നേതൃത്വങ്ങളെ എങ്ങനെയാണ് നമുക്ക് അംഗീകരിക്കാനോ സ്വീകരിക്കാനോ സാധിക്കുക? ദൈവവിശ്വാസമുള്ള, പ്രാർത്ഥിക്കുന്ന വ്യക്തികളെന്ന് അഭിമാനിക്കുന്ന നമുക്ക്, എനിക്കോ, എന്റെ രാജ്യത്തെ ജനത്തിനോ എതിരെ സംസാരിക്കുന്നവരെ, പ്രവർത്തിക്കുന്നവരെ ഇല്ലാതാക്കുമെന്ന് പറയാൻ ഏത് മതവിശ്വാസമാണ് അധികാരം നൽകുന്നത്?

സ്വന്തം നേട്ടങ്ങൾക്കും പ്രതിരോധത്തിനും വേണ്ടി, കുഞ്ഞുങ്ങളെയും അബലരായ മനുഷ്യരെയും സ്ത്രീകളെയും കണ്ണടച്ച് ഇല്ലാതാക്കുന്ന ക്രൂരത, മാനവികതയ്ക്ക് അപമാനമാണ്. ഇന്ന് സംഘർഷങ്ങളും ആഭ്യന്തരയുദ്ധങ്ങളും രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളും ഒക്കെ നിലനിൽക്കുന്ന ഇടങ്ങളിലേക്ക് നോക്കുമ്പോൾ, കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെയും ലൈംഗികദുരുപയോഗങ്ങൾക്ക് വിധേയരാക്കപ്പെടുന്ന സ്ത്രീകളുടെയും കുടിയിറങ്ങാൻ നിർബന്ധിതരാകുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെയും വേദനയിലും കണ്ണീരിലും കുതിർന്ന ചിത്രങ്ങൾ നമുക്ക് കാണാം. അവിടെ ഇല്ലാതാക്കപ്പെടുന്നത് അത്തരം കൽപ്പനകൾ പുറപ്പെടുവിക്കുന്ന അധികാരവംശം കൂടി ജീവിക്കേണ്ട മനുഷ്യാന്തസ്സാണ്. അപമാനിക്കപ്പെടുന്നത്, സ്രഷ്ടാവായ, സാഹോദര്യത്തിന്റെ മൂല്യങ്ങൾ ജീവിക്കാൻ പഠിപ്പിക്കുന്ന ദൈവസങ്കൽപ്പങ്ങളാണ്.

പൊതുശ്‌മശാനങ്ങളിൽ ഒരുമിച്ച് അടക്കപ്പെടുന്ന നൂറുകണക്കിന് കുഞ്ഞുങ്ങളും മുതിർന്നവരുമൊക്കെ അപമാനത്തിന്റെ നാളുകളുടെ സാക്ഷ്യമാണ് ലോകത്തിന് മുന്നിൽ നൽകുന്നത്. അന്താരാഷ്ട്രയുദ്ധങ്ങളിലാകട്ടെ രാജ്യാന്തരസംഘർഷങ്ങളിലാകട്ടെ പ്രാദേശികപ്രശ്‌നങ്ങളിലാകട്ടെ, ക്രൈസ്തവൻ ക്രൈസ്തവനെ ഇല്ലാതാക്കുന്ന, മുസ്ലിം മുസ്ലിമിനെ കൊന്നുതള്ളുന്ന, ഹിന്ദു ഹിന്ദുവിനെ നശിപ്പിക്കുന്ന, മനുഷ്യൻ മനുഷ്യനെ അവസാനിപ്പിക്കുന്ന ദുരിതക്കാഴ്ചകളാണ് നമുക്ക് കാണാനാകുന്നത്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നീതിയുടെയും നന്മയുടെയും സഹവർത്തിത്വത്തിന്റെയും ഗീതോപദേശങ്ങളും വിശുദ്ധഗ്രന്ഥവചനങ്ങളും പ്രവാചക ഉദ്ബോധനങ്ങളും മറന്ന്, സ്രഷ്ടാവായ ദൈവത്തിന് അപമാനമായിത്തീരുന്ന, ദൈവത്തെ പരിഹാസ്യനാക്കുന്ന മനുഷ്യരുടെ ചരിത്രമായി നമ്മുടെ നാളുകൾ വിശേഷിപ്പിക്കപ്പെടുന്ന ദിനങ്ങൾക്ക് വരും തലമുറകൾ സാക്ഷ്യം വഹിക്കേണ്ടിവരും.

ആയുധരഹിതമായ സമാധാനവും അനുരഞ്ജനത്തിന്റെ നീതിയും

കത്തോലിക്കാസഭ, പ്രത്യേകിച്ച് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ സഭയെ നയിച്ചിരുന്ന പാപ്പാമാർ ക്രൈസ്തവമായ സമാധാനത്തിന്റെയും നീതിയുടെയും ചിന്തകൾ സമൂഹത്തിൽ പങ്കുവയ്ക്കാൻ പരിശ്രമിച്ചിട്ടുണ്ട്, പരിശ്രമിക്കുന്നുണ്ട് എന്ന് നമുക്കറിയാം. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളുടെ കാലത്ത് മാത്രമല്ല, കഴിഞ്ഞ ഏതാനും വർഷങ്ങളിൽ സഭയ്ക്ക് നേതൃത്വം നൽകിയിരുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായാകട്ടെ, ബെനഡിക്ട് പതിനാറാമൻ പാപ്പായാകട്ടെ, ഫ്രാൻസിസ് പാപ്പായാകട്ടെ, ഇന്ന് ലിയോ പതിനാലാമൻ പാപ്പായാകട്ടെ, സാമൂഹികമായ നീതിയുടെ, ക്രൈസ്തവമായ സമാധാനത്തിന്റെ, യുദ്ധായുധങ്ങളേക്കാൾ പണിയായുധങ്ങൾക്കും, യുദ്ധതന്ത്രങ്ങളേക്കാൾ അപരസ്നേഹത്തിനും പരിഗണനയ്ക്കും, ആയുധമത്സരങ്ങളെക്കാൾ ദുർബലർക്കും പാവപ്പെട്ടവർക്കും നൽകേണ്ട സ്നേഹത്തിനും കൈത്താങ്ങിനും പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചാണ് ഉദ്ബോധിപ്പിക്കുന്നത് എന്ന് നമുക്കറിയാം. ലോകസമാധാനദിനങ്ങളിലാകട്ടെ, ക്രിസ്തുമസ്, ഈസ്റ്റർ, തുടങ്ങിയ തിരുനാളുകളിലാകട്ടെ, മറ്റ് ലഭ്യമായ ഏതവസരങ്ങളിലുമാകട്ടെ, മനുഷ്യർക്ക് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ചിന്തകൾ പകർന്നു നൽകാനാണ് സഭാനേതൃത്വങ്ങൾ പൊതുവെ പരിശ്രമിക്കുന്നത്.

നിരായുധീകരിക്കുന്ന, ആയുധരഹിതമായ ഒരു സമാധാനമെന്ന ചിന്ത ഏതാനും നാളുകളായി നമുക്ക് മുന്നിൽ നിൽക്കുന്ന ഒന്നാണ്. മാനവികതയുടെ, പ്രത്യേകിച്ച് ദുർബലരും പാവപ്പെട്ടവരുമായവരുടെ നന്മയ്ക്കും വളർച്ചയ്ക്കും ഉപകാരപ്രദമാകുന്ന വിധത്തിൽ സാങ്കേതികവിപ്ലവങ്ങളും, അത്യാധുനിക അറിവുകളും നേട്ടങ്ങളും, എന്തിന് നിർമ്മിതബുദ്ധിയുടെ ഉപയോഗം പോലും ഉപകാരപ്രദമാക്കാമെന്ന ചിന്ത നമ്മുടെയൊക്കെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത നേതൃത്വങ്ങളിൽ കൂടുതലായി വളർന്നുവന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാനും, സ്വപ്നം കാണാനും, അതിനായി പരിശ്രമിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.

നമ്മുടെയൊക്കെ മതങ്ങളും വിശ്വാസങ്ങളും ഏതുതന്നെയും ആയിക്കൊള്ളട്ടെ, അപരനെ സ്നേഹിക്കാനും വീഴ്ചകൾ പൊറുക്കാനും പരസ്പരം സംവദിക്കാനും അനുരഞ്ജനപ്പെടാനും ക്ഷമിക്കാനുമൊക്കെ സാധിക്കുമെങ്കിൽ സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും ശക്തിയും മൂല്യവുമൊക്കെ തിരിച്ചറിയാനും ജീവിക്കാനും മെച്ചപ്പെട്ട ഒരു മാനവികതയായി വളർന്നുവരാനും നമുക്കും സാധിക്കും. രാഷ്ട്രീയത്തിനും മതചിന്തകൾക്കും പ്രാദേശിക ദേശീയ ചിന്തകൾക്കും ഉപരിയായി, മാനവികതയെന്ന മൂല്യത്തെ വിലമതിക്കാനും ബഹുമാനിക്കാനും ഉയർത്തിപ്പിടിക്കാനും നമുക്ക് സാധിക്കണം. നമ്മുടെയൊക്കെ ഹൃദയങ്ങളിലും കുടുംബങ്ങളിലും, സമൂഹങ്ങളിലും, നഗരങ്ങളിലും സമാധാനം നിറയട്ടെ. സ്നേഹവും സമാധാനവും സമത്വവും മാനവികതയും പൂത്തുലയുന്ന നന്മയുടെ നാളുകൾ ജീവിക്കാൻ, നാളെയുടെ തലമുറകൾക്ക് മുന്നിൽ, മനുഷ്യാന്തസ്സിനെ വിലമതിച്ചിരുന്ന, അപരനിൽ സഹോദരനെ കണ്ടിരുന്ന, ദൈവമക്കളുടെ ഐക്യവും സ്നേഹവും അന്തസ്സും ജീവിച്ചിരുന്ന ഒരു സമൂഹത്തിന്റെ ചരിത്രം അവശേഷിപ്പിക്കാൻ നമുക്ക് സാധിച്ചിരുന്നെങ്കിൽ! 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 മാർച്ച് 2026, 23:55