തിരയുക

ആർട്ടെമിസ് 2 (Artemis 2) ദൗത്യസംഘം ആർട്ടെമിസ് 2 (Artemis 2) ദൗത്യസംഘം  (AFP or licensors)

വിശ്വാസവും യുക്തിയും: മനുഷ്യന്റെ അർത്ഥാന്വേഷണത്തിലെ രണ്ട് ചിറകുകൾ

ആർട്ടെമിസ് 2 (Artemis 2) ദൗത്യം ചന്ദ്രനിലേക്ക് യാത്ര തിരിച്ച ചരിത്ര സംഭവത്തിൽ, ലോകം സന്തോഷിക്കുമ്പോൾ ഒരിക്കൽ കൂടി യുക്തിയും, വിശ്വാസവും തമ്മിലുള്ള അഭേദ്യമായ ബന്ധം ചർച്ച ചെയ്യപ്പെടുകയാണ്. യുക്തിയുടെയും വിശ്വാസത്തിന്റെയും സത്യാന്വേഷണയാത്രയിൽ, മനുഷ്യകുലത്തിനു, പ്രത്യേകമായും ക്രൈസ്തവർക്ക് ഒരു വഴികാട്ടിയായി നിലകൊള്ളുന്ന പ്രബോധനമാണ്, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ 1998-ൽ രചിച്ച, 'ഫിദെസ് എത് റാസിയോ' (Fides et Ratio - വിശ്വാസവും യുക്തിയും) എന്ന ചാക്രികലേഖനം. ഈ ചാക്രികലേഖനത്തെ അടിസ്ഥാനമാക്കിയ ചിന്തകൾ
ചിന്താമലരുകൾ : ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

യുക്തിയെ വിശ്വാസത്തിൽ നിന്നും പൂർണ്ണമായി വിശ്വാസത്തിൽ നിന്നും വേർപെടുത്തി അവതരിപ്പിച്ചുകൊണ്ട്, മനുഷ്യനെ അർത്ഥമില്ലായ്മയുടെ മായിക ലോകത്തിലേക്ക് നയിക്കുന്ന ശക്തികൾ ഇന്നത്തെ ലോകത്ത് യാഥാർഥ്യമാണ്. യുക്തിയില്ലാത്ത വിശ്വാസവും,വിശ്വാസരഹിതമായ യുക്തിയും മനുഷ്യജീവിതത്തെ അന്ധതയിലേക്ക് ,മാത്രമേ തള്ളിവിടുകയുള്ളു. അതുകൊണ്ടാണ് യേശു പറഞ്ഞത്, " നിങ്ങൾ പ്രാവുകളെ പോലെ നിഷ്കളങ്കരും, സർപ്പങ്ങളെ പോലെ വിവേകികളും ആയിരിക്കണം" എന്ന്. ഈ ഒരു യാത്രയിൽ, മനുഷ്യകുലത്തെ പ്രത്യേകമായും ക്രൈസ്തവർക്ക് ഒരു വഴികാട്ടിയായി നിലകൊള്ളുന്ന പ്രബോധനമാണ്, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ  1998-ൽ രചിച്ച,  'ഫിദെസ് എത് റാസിയോ' (Fides et Ratio - വിശ്വാസവും യുക്തിയും) എന്ന ചാക്രികലേഖനം.

മനുഷ്യജീവിതത്തിന്റെ അത്യന്തികമായ അർത്ഥം കണ്ടെത്താനുള്ള അന്വേഷണത്തിൽ വിശ്വാസവും യുക്തിയും എങ്ങനെ പരസ്പരപൂരകങ്ങളായി പ്രവർത്തിക്കുന്നുവെന്നു പാപ്പാ ഇവിടെ വിശദീകരിക്കുന്നു. അതിനാൽ, വിശ്വാസവും യുക്തി മനുഷ്യാത്മാവിന്റെ ജീവിതാർത്ഥം തേടിയുള്ള യാത്രയിൽ രണ്ടു ചിറകുകൾ ആയിട്ടാണ് പാപ്പാ അവതരിപ്പിക്കുന്നത്. ഒരു ചിറക് മാത്രം ഉപയോഗിച്ചുകൊണ്ട്, ഒരു പക്ഷിക്ക് പറക്കുവാൻ സാധിക്കാത്തതുപോലെ, യുക്തിയും വിശ്വാസവും ഒരു പോലെ കൊണ്ടുപോകുവാൻ സാധിക്കാത്തവർക്ക് ഉന്നതങ്ങളിലേക്കുള്ള യാത്ര അസാധ്യമാണ്.

അർത്ഥാന്വേഷണവും ജ്ഞാനത്തിന്റെ തലങ്ങളും

മനുഷ്യൻ സഹജമായി തന്നെ ഒരു അന്വേഷകനാണ്. "ഞാൻ ആരാണ്?", "ഞാൻ എവിടെ നിന്ന് വന്നു?", "എങ്ങോട്ട് പോകുന്നു?", "എന്തുകൊണ്ടാണ് തിന്മ നിലനിൽക്കുന്നത്?", "മരണാനന്തരം എന്ത്?" തുടങ്ങിയ ചോദ്യങ്ങൾ ഓരോ മനുഷ്യഹൃദയത്തിലും ഉറങ്ങിക്കിടപ്പുണ്ട്. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുക എന്നതിനെയാണ് 'അർത്ഥാന്വേഷണം' എന്ന് വിളിക്കുന്നത്. ഈ അർത്ഥം കേവലം ഭൗതികമല്ല, മറിച്ച്  പരമമായ സത്യത്തെ പ്രാപിക്കലാണ്. ഇതാണ് ജ്ഞാനം എന്ന വാക്ക് എടുത്തുകാണിക്കുന്നത്.

വിശുദ്ധ തോമസ് അക്വിനാസിന്റെ ദർശനങ്ങളെ പിൻപറ്റിക്കൊണ്ട് ജ്ഞാനത്തെ മൂന്ന് തലങ്ങളായി നമുക്ക്  തരംതിരിക്കാം.

പ്രായോഗിക ജ്ഞാനം: ഭൗതികവും ദാർശനികവുമായ ചിന്തകളിൽ നിന്ന് ഉദിക്കുന്ന അറിവ്.

ദൈവശാസ്ത്രപരമായ ജ്ഞാനം: വിശ്വാസത്തിലൂടെയും വെളിപാടിലൂടെയും ലഭിക്കുന്ന അറിവ്. ഇത് ഭൗതികമായതിനെ അതീന്ദ്രിയമായ സത്യങ്ങളുമായി ബന്ധിപ്പിക്കുന്നു.

പരിശുദ്ധാത്മാവിന്റെ ദാനമായ ജ്ഞാനം: സ്നേഹത്തിലൂടെ ദൈവത്തെ നേരിട്ട് അനുഭവിക്കുന്ന ഉന്നതമായ തലം.

ഈ മൂന്ന് തലങ്ങളും ചേരുമ്പോഴാണ് മനുഷ്യൻ പൂർണ്ണതയിലെത്തുന്നത്. പരിശുദ്ധ കന്യകാമറിയത്തെ 'ജ്ഞാനത്തിന്റെ സിംഹാസനം'എന്ന് വിളിക്കുന്നത് യുക്തിയും വിശ്വാസവും ഒത്തുചേരുന്ന ഉത്തമ മാതൃക എന്ന നിലയിലാണ്.

വിശ്വാസവും യുക്തിയും തമ്മിലുള്ള ജൈവിക ഐക്യം

വിശ്വാസവും യുക്തിയും തമ്മിലുള്ള ബന്ധം കേവലം ബാഹ്യമല്ല, മറിച്ച് പരസ്പരാശ്രിത ഭാഗങ്ങളാൽ നിർമ്മിതമാണ്. യുക്തിക്ക് തനിയെ കണ്ടെത്താൻ കഴിയാത്ത സത്യങ്ങളെ വിശ്വാസം വെളിപ്പെടുത്തിക്കൊടുക്കുന്നു. അതേസമയം, വെളിപ്പെടുത്തപ്പെട്ട സത്യങ്ങളെ യുക്തിസഹമായി മനസ്സിലാക്കാൻ മനുഷ്യബുദ്ധി ശ്രമിക്കുകയും ചെയ്യുന്നു. ഇവിടെ 'Fides quaerit intellectum' (അറിവിനായി ആഗ്രഹിക്കുന്ന വിശ്വാസം), 'Intellectus quaerit fidem' (വിശ്വാസത്തിനായി ആഗ്രഹിക്കുന്ന അറിവ്) എന്നീ രണ്ട് തത്വങ്ങൾ പരസ്പരപൂരകങ്ങളായി പ്രവർത്തിക്കുന്നു.

യുക്തിയെ പറ്റി ചിന്തിക്കുമ്പോൾ നമ്മുടെ മനസിലേക്ക് കടന്നു വരുന്ന അടയാളം കാൽവരിയിൽ ഉയർത്തപ്പെട്ട കുരിശാണ്. ക്രിസ്തുവിന്റെ കുരിശ് യുക്തിക്ക് വെല്ലുവിളിയുയർത്താറുണ്ട്. ലൗകിക ജ്ഞാനത്തിന് കുരിശിലെ മരണത്തിലൂടെ ലഭിക്കുന്ന ജീവനെ മനസ്സിലാക്കാൻ കഴിയില്ല. എന്നാൽ വിശ്വാസത്തിന്റെ വെളിച്ചത്തിൽ ചിന്തിക്കുമ്പോൾ, യുക്തിക്ക് മുമ്പ് അപ്രാപ്യമായിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്നു. കുരിശ് യുക്തിയെ ഇല്ലാതാക്കുകയല്ല, മറിച്ച് യുക്തിക്ക് പുതിയൊരു മാനം നൽകുകയാണ് ചെയ്യുന്നത്. സ്വർഗ്ഗത്തിന്റെയും, ഭൂമിയുടെയും ഇടയിൽ ദൈവപുത്രൻ  നൽകിയ സ്നേഹത്തിന്റെ യുക്തിയാണ് കുരിശിൽ വെളിവാക്കപ്പെട്ടത്. ഇത് ഉപരിപ്ലവമായ ഒരു ചരിത്രമല്ല , മറിച്ച് വിശ്വാസത്തിൽ അടിസ്ഥാനമാക്കിയ ജീവിതഗന്ധിയായ ബന്ധമാണ്.

ആധുനികതയിലെ പ്രതിസന്ധിയും അതിഭൗതികശാസ്ത്രത്തിന്റെ പ്രസക്തിയും

ഇന്നത്തെ ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി 'അർത്ഥമില്ലായ്മ'  ആണെന്ന് ആധുനിക പഠനങ്ങൾ  വെളിപ്പെടുത്തുന്നു.  ആധുനിക പ്രത്യയശാസ്ത്രങ്ങൾ,  സത്യത്തെ കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിക്കുകയും കേവലം മനുഷ്യന്റെ പരിമിതമായ അറിവിനെക്കുറിച്ചുള്ള  പഠനങ്ങളിൽ മാത്രം ഒതുങ്ങിക്കൂടുകയും ചെയ്തുവെന്നത് യാഥാർഥ്യം.  സത്യം സാപേക്ഷമാണെന്നും, എല്ലാവർക്കും അവരവരുടേതായ അഭിപ്രായങ്ങളുണ്ടെന്നും പറയുന്ന രീതിയാണ് ഇപ്പോൾ  നിലവിൽ ഉള്ളത്.

ഇതിനെ മറികടക്കാൻ മൂന്ന് കാര്യങ്ങൾ ആവശ്യമാണെന്ന് ഫിദെസ് എത് റാസിയോ ചാക്രികലേഖനം നിർദ്ദേശിക്കുന്നു:

ഒന്ന് തത്വചിന്തയുടെ  ജ്ഞാനപരമായ മാനം വീണ്ടെടുക്കുക. രണ്ടു,  സത്യം കണ്ടെത്താനുള്ള മനുഷ്യന്റെ കഴിവിൽ വീണ്ടും ആത്മവിശ്വാസം അർപ്പിക്കുക. മൂന്നു, ദർശനശാസ്ത്രത്തിന് പ്രാധാന്യം നൽകുക. കാരണം, ഭൗതികമായ വസ്തുതകൾക്കപ്പുറത്തേക്ക് ചിന്തിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുന്നത് ദർശന ശാസ്ത്രമാണ്. ആ ചിന്തയെ ഒഴിവാക്കുന്നത് തത്വചിന്തയുടെ ഉന്മൂലനത്തിനു വഴിയൊരുക്കുന്നു. ഈയൊരു മാർഗത്തിൽ നമുക് വഴി കാട്ടിയായുള്ളത്, വിശുദ്ധ തോമസ് അക്വീനാസിന്റെ പഠനങ്ങളും, ദർശനങ്ങളുമാണ്. ഇത് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായും തന്റെ ചാക്രികലേഖനത്തിൽ എടുത്തുകാണിക്കുന്നുണ്ട്.

വിശുദ്ധ  അക്വിനാസ് ഒരിക്കലും യുക്തിയെ തരംതാഴ്ത്തിയില്ല, മറിച്ച് വിശ്വാസത്തിന് യുക്തിയെ പൂർണ്ണമാക്കാൻ കഴിയുമെന്ന് തെളിയിച്ചു. "കൃപാവരം പ്രകൃതിയെ നശിപ്പിക്കുന്നില്ല, മറിച്ച് അതിനെ പൂർണ്ണമാക്കുന്നു" എന്ന അക്വിനാസിന്റെ വചനം ഇവിടെ പ്രസക്തമാണ്. വിശ്വാസവും യുക്തിയും രണ്ട് വൃത്തങ്ങൾ പോലെയാണ്; അവ ഒരിടത്ത് സന്ധിക്കുന്നു. ഈ സന്ധിസ്ഥാനത്തെയാണ് 'ക്രിസ്തീയ തത്വചിന്ത' എന്ന് വിളിക്കുന്നത്.

വിജ്ഞാനസിദ്ധാന്തവും  ആധുനിക ചിന്തയും

ഡെക്കാർട്ടും ഇമ്മാനുവൽ കാന്റും തുടങ്ങിവെച്ച ആധുനിക ചിന്താരീതികൾ വിശ്വാസത്തെയും യുക്തിയെയും എങ്ങനെ വേർപെടുത്തി എന്നത് നാം മനസ്സിലാക്കേണ്ടതാണ്. കാന്റ് യുക്തിയെ എല്ലാറ്റിന്റെയും പരമമായ വിധികർത്താവായി പ്രതിഷ്ഠിച്ചു. ഇത് മനുഷ്യനെ സ്വന്തം ചിന്തകളിൽ മാത്രം തളച്ചിട്ടു ബാഹ്യലോകത്തുള്ള  സത്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയാത്തവിധം മനുഷ്യബുദ്ധി അതിന്റെ തന്നെ തടവറയിലായി. ഇതിന്റെ ഫലമായി ദൈവം എന്നത് കേവലം ഒരു സങ്കല്പമോ അല്ലെങ്കിൽ മനുഷ്യന്റെ ബോധമണ്ഡലത്തിന്റെ സൃഷ്ടിയോ ആയി മാറി. ഇമ്മാനുവൽ കാന്റ് ശാസ്ത്രീയമായി അറിയാവുന്ന ഒരു വസ്തുവിനെക്കാൾ ദൈവത്തെ "പ്രായോഗിക യുക്തിയുടെ ഒരു സിദ്ധാന്തം" ആയി കണക്കാക്കുന്നു."ശുദ്ധയുക്തിയുടെ വിമർശനം" എന്ന കൃതിയിൽ , ദൈവത്തിന്റെ അസ്തിത്വം യുക്തിസഹമായി തെളിയിക്കാനുള്ള സാധ്യതയെ അദ്ദേഹം നിഷേധിക്കുന്നു.  യുക്തിയുടെ പ്രവർത്തനം സ്ഥലകാലങ്ങളുടേയും കാര്യ-കാരണബന്ധങ്ങളുടേയും അടിസ്ഥാനത്തിലായതുകൊണ്ട്, യുക്തി ഉപയോഗിച്ചുള്ള അന്വേഷണം, സ്ഥല-കാലങ്ങൾക്കും കാര്യകാരണന്യായങ്ങൾക്കും അപ്പുറത്ത്, ദൈവത്തേയോ മരണാനന്തരജീവിതത്തേയോ കുറിച്ചുള്ള അറിവിലേക്ക് നയിക്കുകയില്ലെന്ന് അദ്ദേഹം എടുത്തു പറയുന്നു.

എന്നാൽ തോമസ് അക്വിനാസിന്റെയും അരിസ്റ്റോട്ടിലിന്റെയും 'യഥാർത്ഥ്യവാദം' (Realism) ഇതിൽ നിന്ന് വ്യത്യസ്തമാണ്. അറിവ് എന്നത് വസ്തുക്കളിൽ നിന്ന് തുടങ്ങുന്നതാണ്. വസ്തുക്കൾ നമ്മുടെ ചിന്തയ്ക്ക് പുറത്ത് നിലനിൽക്കുന്നുണ്ടെന്നും അവയെ കണ്ടെത്താൻ മനുഷ്യബുദ്ധിക്ക് കഴിവുണ്ടെന്നും കത്തോലിക്കാ സഭ, ഇവരുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി പഠിപ്പിക്കുന്നു.

സംസ്കാരവും വിശ്വാസവും

വിശ്വാസവും യുക്തിയും തമ്മിലുള്ള ബന്ധം സംസ്കാരത്തെയും സ്വാധീനിക്കുന്നു. ഓരോ സംസ്കാരവും സത്യത്തിനായുള്ള ദാഹം പേറുന്നവയാണ്. ബൈബിൾ കേവലം ഒരു ജനതയുടെ സംസ്കാരമല്ല, മറിച്ച് എല്ലാ മനുഷ്യരിലേക്കും പടരുന്ന ദൈവിക വെളിപാടാണ്. ക്രിസ്തുമതം ഹെല്ലനിസ്റ്റിക് (ഗ്രീക്ക്) സംസ്കാരവുമായി ഏറ്റുമുട്ടിയപ്പോൾ, അവിടത്തെ തത്വചിന്തയെ നശിപ്പിക്കുകയല്ല ചെയ്തത്, മറിച്ച് അതിനെ വിശ്വാസത്തിന്റെ വെളിച്ചത്തിൽ ശുദ്ധീകരിക്കുകയും ഉയർത്തുകയുമാണ് ചെയ്തത്. ഇന്ന് വിജ്ഞാനം ചിന്നിച്ചിതറിക്കിടക്കുന്ന അവസ്ഥയിലാണ്. ശാസ്ത്രവും കലയും വിശ്വാസവും തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത രീതിയിലാണ് ആധുനിക ലോകം സഞ്ചരിക്കുന്നത്. ഇതിനെതിരെ ജ്ഞാനത്തിന്റെ ഒരു ഏകീകൃത രൂപം വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണ്.

വിശ്വാസവും യുക്തിയും തമ്മിലുള്ള ബന്ധത്തെ ഒരു 'ധ്രുവത്വം' എന്ന് നമുക്ക്  വിശേഷിപ്പിക്കാം. ഇതൊരു വൈരുദ്ധ്യമല്ല, മറിച്ച് വ്യത്യസ്ത ധ്രുവങ്ങൾക്കിടയിലുള്ള ശക്തമായ ബന്ധമാണ്. എന്നാൽ ഇവയ്ക്കിടയിലെ രീതി വ്യത്യസ്തമാണെന്ന വസ്തുതയും നാം മനസിലാക്കേണ്ടതാണ്. ഇതിനെയാണ് വ്യതിരിക്തത എന്ന് നാം വിശേഷിപ്പിക്കുന്നത്. വിശ്വാസവും യുക്തിയും ഒന്നല്ല, അവയ്ക്ക് വ്യത്യസ്തമായ രീതികളുണ്ട്. മറ്റൊരു ഘടകമാണ് പരസ്പരപൂരകത്വം: ഒന്ന് മറ്റൊന്നിനെ പൂർത്തിയാക്കുന്നു.

ആരോഗ്യകരമായ സംഘർഷം: പൂർണ്ണമായ സത്യം പ്രാപിക്കുന്നതുവരെ ഈ രണ്ട് ധ്രുവങ്ങൾക്കിടയിൽ ഒരു ആരോഗ്യകരമായ സംഘർഷം നിലനിൽക്കും.

അതിനാൽ വിശ്വാസം എന്നത് അന്ധമായ ഒന്നല്ല, അത് യുക്തിസഹമായ സമർപ്പണം ആണ്. അതേസമയം യുക്തി എന്നത് കേവലം ബുദ്ധിപരമായ അഭ്യാസമല്ല, മറിച്ച് സത്യത്തോടുള്ള സ്നേഹമാണ്. സ്നേഹത്താൽ പ്രേരിതമായ അന്വേഷണമാണ് യുക്തിയെ വിശ്വാസത്തിലേക്ക് നയിക്കുന്നത്.

"ദൈവസ്നേഹത്തെക്കുറിച്ചുള്ള പ്രബന്ധം" എന്ന തന്റെ കൃതിയിൽ വിശുദ്ധ ഫ്രാൻസിസ് ഡി സെയിൽസ് വിശ്വാസത്തെ വിവരിക്കുന്നതിനുള്ള ശക്തമായ ആത്മീയ രൂപകമായി അപോഡുകളെ  (കാലില്ലാത്തവയും നിരന്തരം പറക്കുന്നവയുമായി പൂർവ്വികർ വിശേഷിപ്പിച്ച പുരാണ പക്ഷികൾ) വിശദീകരിക്കുന്നുണ്ട്.  കാറ്റിന്റെ ഒരു ചെറിയ സ്പർശനമില്ലാതെ അവയ്ക്ക് മണ്ണിൽ നിന്ന് പറന്നുയരാൻ കഴിയില്ല. മനുഷ്യബുദ്ധി അത്രമേൽ ദുർബലമാണ്. വിശ്വാസമാകുന്ന കാറ്റ് വീശുമ്പോൾ മാത്രമേ യുക്തിക്ക് പരമമായ സത്യത്തിന്റെ ആകാശത്തേക്ക് പറന്നുയരാൻ കഴിയൂ.

ചുരുക്കത്തിൽ, 'ഫിദെസ് എത് റാസിയോ' എന്നത് തത്വചിന്തകർക്കോ ദൈവശാസ്ത്രജ്ഞർക്കോ വേണ്ടിയുള്ള ഒരു രേഖ മാത്രമല്ല, മറിച്ച് അർത്ഥമില്ലായ്മയുടെ ഇരുട്ടിൽ തപ്പുന്ന ആധുനിക മനുഷ്യന് സത്യത്തിന്റെ വെളിച്ചം കാണിച്ചുകൊടുക്കുന്ന ഒരു വഴികാട്ടിയാണ്. വിശ്വാസവും യുക്തിയും കൈകോർക്കുമ്പോൾ മാത്രമേ മനുഷ്യന് അവന്റെ ലക്ഷ്യമായ ദൈവത്തെ പ്രാപിക്കാൻ കഴിയൂ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ഏപ്രിൽ 2026, 12:40