തിരയുക

നൈജീരിയയിൽനിന്നുള്ള ഒരു ദൃശ്യം നൈജീരിയയിൽനിന്നുള്ള ഒരു ദൃശ്യം  (AFP or licensors)

നൈജീരിയ: ഈസ്റ്റർ ദിനത്തിൽ കൊല്ലപ്പെട്ടത് മുപ്പതിലധികം ക്രൈസ്തവർ

ആക്രമണത്തിൽ മുങ്ങിയ ഒരു ഈസ്റ്ററാണ് നൈജീരിയയിൽ ഉണ്ടായിരുന്നതെങ്കിലും പ്രത്യാശ കൈവിടാതെ മുന്നോട്ട് പോകാൻ ആഹ്വാനവുമായി മെത്രാന്മാർ. ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ വിവിധയിടങ്ങളിലായി മുപ്പതിലധികം പേർ കൊല്ലപ്പെട്ടെന്ന് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പ്രത്യാശയുടെയും ജീവന്റെയും ഈസ്റ്റർ ദിനത്തിൽ നൈജീരിയയിൽ മുപ്പതോളം പേർ കൊല്ലപ്പെട്ടു. ബെന്യു, കടുന സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ ഈസ്റ്റർ ഞായറാഴ്ച വിവിധ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് ഫീദെസ് ഏജൻസി പ്രാദേശികാവൃത്തങ്ങളെ അധികരിച്ച് അറിയിച്ചു. ബെന്യൂ സംസ്ഥാനത്ത് 17 പേരും കടുനയിൽ 15 പേരുമാണ് കൊല്ലപ്പെട്ടത്. നിരവധിയാളുകൾ വരുന്ന സായുധസംഘം ആരാധനയിടങ്ങളിലും ജനവാസകേന്ദ്രങ്ങളിലും കടന്നുകയറി ആളുകളെ ക്രൂരമായി കൊലചെയ്യുകയായിരുന്നുവെന്ന് സാക്ഷികൾ മൊഴി നൽകിയതായി ഏജൻസി അറിയിച്ചു.

കടുന സംസ്ഥാനത്ത് പെസഹാ ആഘോഷങ്ങളുടെ മദ്ധ്യേ നടന്ന ആക്രമണത്തിന്റെ ഭാഗമായി തട്ടിക്കൊണ്ടുപോകപ്പെട്ട മുപ്പത്തിയൊന്ന് പേരെ സ്വാതന്ത്രരാക്കാനായതായി സൈന്യം അറിയിച്ചു. അഞ്ചുപേർ സംഭവത്തിൽ മരണമടഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും കൊല്ലപ്പെട്ട ഏഴ് പേരുടെ മൃതശരീരങ്ങൾ തങ്ങൾ കണ്ടുവെന്ന് പ്രദേശവാസികൾ സ്ഥിരീകരിച്ചു. ഫസ്റ്റ് എക്വ ദേവാലയം, സെന്റ് അഗസ്റ്റിൻസ് കത്തോലിക്കാ ദേവാലയം എന്നിവിടങ്ങളിലാണ് കൂടുതൽ ശക്തമായ ആക്രമണമുണ്ടായത്.

അതേസമയം സംഫാറാ സംസ്ഥാനത്തും ആക്രമണമുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏപ്രിൽ 4 ദുഃഖശനിയാഴ്ച ബുകുയും പ്രദേശത്തെ കുർഫ ധന്യ, കുർഫാൻ മഗജി എന്നീ ഗ്രാമങ്ങളിലെത്തിയ സായുധസംഘങ്ങൾ നൂറ്റിയൻപത്തിലധികം ആളുകളെ തട്ടിക്കൊണ്ടുപോയതായാണ് റിപ്പാർട്ടുകൾ പുറത്തുവന്നത്. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളും കുഞ്ഞുങ്ങളുമാണ്.

നൈജീരിയയിലെ അരക്ഷിതാവസ്ഥ ഒരു മാനവിക അടിയന്തിരാവസ്ഥയുടെ തലത്തിലേക്കെത്തിയെന്ന്, ഈസ്റ്ററുമായി ബന്ധപ്പെട്ട് പുറത്തുവിട്ട സന്ദേശത്തിൽ, സോകോതോ രൂപതാദ്ധ്യക്ഷൻ ബിഷപ് മാത്യു ഹസ്സൻ കുക്ക പ്രസ്താവിച്ചു. കഴിഞ്ഞ ഇരുപത് വർഷങ്ങളിലായി ഇരുപതിനായിരത്തോളം ജീവനുകളെടുത്ത മരണത്തിന്റെ ദൂതൻ യാതൊരു ബുദ്ധിമുട്ടുകളും നേരിടാതെ തുടരുകയാണെന്ന് അദ്ദേഹം അപലപിച്ചു.

പ്രത്യാശ കൈവിടാതെ സൂക്ഷിക്കണമെന്ന് നൈജീരിയ മെത്രാൻസമിതി അദ്ധ്യക്ഷനും, കടുന അതിരൂപതാദ്ധ്യക്ഷനുമായ ആർച്ച്ബിഷപ് മാത്യു മാൻ-ഓസോ ന്താഗോസൊ, ഈസ്റ്ററുമായി ബന്ധപ്പെട്ട് പുറത്തുവിട്ട സന്ദേശത്തിൽ എഴുതിയിരുന്നു. ക്രിസ്തുവിന്റെ കുരിശിലാണ് നൈജീരിയയിലെ വിശ്വാസികളുടെ സഹനത്തിന്റെ അർത്ഥം കണ്ടെത്താനാവുകയെന്നും, ക്രിസ്തുവിന്റെ മരണവും ഉത്ഥാനവും ജനത്തിന് ആശ്വാസവും പ്രത്യാശയും പകരുന്നവയാണെന്നും അദ്ദേഹം എഴുതി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ഏപ്രിൽ 2026, 14:04