ലാഹോറിൽ നടന്ന ഒരു പ്രകടനത്തിന്റെ ഫയൽ ചിത്രം ലാഹോറിൽ നടന്ന ഒരു പ്രകടനത്തിന്റെ ഫയൽ ചിത്രം  (AFP or licensors)

പാക്കിസ്ഥാൻ: ഈസ്റ്റർ പ്രദക്ഷിണത്തിന് നേരെ ട്രക്കുപയോഗിച്ച് ആക്രമണം

ഏപ്രിൽ ആറാം തീയതി ഈസ്റ്റർ ദിനത്തിൽ, പാക്കിസ്ഥാനിലെ ലാഹോറിൽ കത്തോലിക്കർ നടത്തിയ പ്രദക്ഷിണത്തിന് നേരെ ട്രക്കുപയോഗിച്ച് ആക്രമണം നടന്നതായി ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ അറുപതോളം പേർക്ക് പരിക്കേറ്റു. ക്രൈസ്തവരുടെ ജീവനും തുല്യ വിലയാണ് ഉണ്ടാകേണ്ടതെന്ന് രാജ്യത്തെ കത്തോലിക്കാസഭ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സമാധാനപരമായി ഈസ്റ്റർദിന പ്രദക്ഷിണം നടത്തിയിരുന്ന ജനത്തിന് നേരെ ട്രക്ക് ഉപയോഗിച്ച് ആക്രമണം. പാക്കിസ്ഥാനിലെ ലാഹോർ അതിരൂപതയുടെ കീഴിലുള്ള ഗുജ്റൻവാലായിലെ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ പേരിലുള്ള ദേവാലയത്തിലെ വിശ്വാസികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇരുനൂറോളം ആളുകൾ പങ്കെടുത്ത പ്രദക്ഷിണത്തിന് നേരെ അമിത വേഗതയിലെത്തിയ ട്രക്ക് ഇടിച്ചുകയറ്റിയ അക്രമി, വാഹനം നിറുത്താതെ പോവുകയായിരുന്നുവെന്ന് ഫീദെസ് ഏജൻസി പ്രാദേശികസഭാനേതൃത്വത്തെ അധികരിച്ച് റിപ്പോർട്ട് ചെയ്തു.

ഏപ്രിൽ ആറാം തീയതി, ഈസ്റ്റർ ദിനത്തിൽ ഉണ്ടായ ഈ അപലപനീയമായ സംഭവത്തിൽ അറുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരും ഗുരുതരവാസ്ഥയിൽ ആശുപത്രിയിലാണെന്ന് ഫീദെസ് അറിയിച്ചു. ക്ലേസ്‌കെ എന്നയിടത്ത് ഫ്രാൻസിസ്കൻ സന്ന്യാസവൈദികരുടെ മേൽനോട്ടത്തിലുള്ള ഇടവകയിലെ വിശ്വാസികളുടെ പ്രദക്ഷിണത്തിന് നേരെ നടന്ന ഈ ആക്രമണത്തിന്റെ ആഘാതത്തിലാണ് ഇടവകജനമെന്ന് ഏജൻസി കൂട്ടിച്ചേർത്തു.

മതപരമായ അസഹിഷ്ണുതയുടെയും മാനസികവിഭ്രാന്തിയുടെയും പ്രകടനമായ അതിക്രൂരമായ അക്രമമായേ ഇതിനെ കാണാനാകൂ എന്നും, ഇതിൽ ഉടനടി പോലീസ് അന്വേഷണവും നടപടിയും ഉണ്ടാകണമെന്നും പാകിസ്ഥാൻ മെത്രാൻസമിതിയുടെ സാമൂഹികമാധ്യമങ്ങൾക്കുവേണ്ടിയുള്ള കമ്മീഷൻ സെക്രെട്ടറി, ഫ്രാൻസിസ്കൻ വൈദികനായ ഫാ. ഖൈസർ ഫെറോസ്  OFM Cap. ആവശ്യപ്പെട്ടു.

ക്രൈസ്തവരെക്കുറിച്ചുള്ള ഭീതിയിൽനിന്നുണ്ടായ വിദ്വേഷപരമായ കുറ്റമാണ് കഴിഞ്ഞ ദിവസം നടന്ന ഈ ഗുരുതരമായ ആക്രമണമെന്ന് വിശേഷിപ്പിച്ച, നീതിക്കും സമാധാനത്തിനും പരിസ്ഥിതിക്കും വേണ്ടിയുള്ള മെത്രാൻസമിതിയുടെ കമ്മീഷൻ കോഓർഡിനേറ്റർ ഫാ. ലാസർ അസ്‌ലാം OFM Cap., അധികാരികളുടെ തുടർച്ചയായ നിശബ്ദതയും, ഇത്തരം സംഭവങ്ങളെ നിസ്സാരവത്കരിക്കാനുള്ള ശ്രമങ്ങളും ഇപ്പോൾ നടന്ന ആക്രമണം പോലെതന്നെ വേദനാജനകമാണെന്ന് പ്രസ്താവിച്ചു.

ക്രൈസ്തവരുടെ ജീവന് മറ്റുള്ളവരുടേതിന് തുല്യവില കൽപ്പിക്കുകയും, ഈസ്റ്റർ ദിനത്തിലേതുപോലെയുള്ള ആക്രമണങ്ങളുടെ ഉത്തരവാദികളെ പിടികൂടുകയും ചെയ്യാതെ, ക്രൈസ്തവസമൂഹത്തിനേറ്റ മുറിവുണങ്ങില്ലെന്ന് ഫാ. അസ്‌ലാം അറിയിച്ചു. സത്യവും സുരക്ഷിതത്വവും ഇല്ലാത്ത മതാന്തരസംവാദങ്ങൾ ആധികാരികമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഉത്ഥിതനായ ക്രിസ്തുവിന്റെ കൃപ, ഈ അപകടവുമായി ബന്ധപ്പെട്ട് വേദനയനുഭവിക്കുന്ന ഹൃദയങ്ങളെ ആശ്വസിപ്പിക്കട്ടെയെന്നും, നീണ്ടുനിൽക്കുന്ന സമാധാനം ലാഹോർ രൂപതയിൽ മാത്രമല്ല, രാജ്യം മുഴുവനിലും വ്യാപിക്കട്ടെയെന്നും  നീതിക്കും സമാധാനത്തിനും പരിസ്ഥിതിക്കും വേണ്ടിയുള്ള കമ്മീഷൻ കോഓർഡിനേറ്റർ ആശംസിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ഏപ്രിൽ 2026, 13:59