തിരയുക

ഇറാനിൽ കഴിഞ്ഞ ദിവസം നടന്ന ഒരു റാലിയിൽനിന്നുള്ള ദൃശ്യം ഇറാനിൽ കഴിഞ്ഞ ദിവസം നടന്ന ഒരു റാലിയിൽനിന്നുള്ള ദൃശ്യം  (AFP or licensors)

വെടിനിറുത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തും, ഇറാനിലെ കുട്ടികൾക്ക് സാമീപ്യം ഉറപ്പുനൽകിയും യൂണിസെഫ്

ഇറാനും ഇസ്രായേലും അമേരിക്കയും പൊതുകരാറിൽ എത്തിച്ചേർന്നതിനെത്തുടർന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട വെടിനിറുത്തലിനെ സ്വാഗതം ചെയ്തും, ഇറാനിലെ കുട്ടികൾക്ക് സാമീപ്യം അറിയിച്ചും, സ്ഥിതിഗതികൾ പൂർവ്വസ്ഥിതിയിലേക്കെത്തിക്കുന്നതിനുള്ള പരിശ്രമങ്ങളിൽ കൈത്താങ്ങായി തങ്ങളുണ്ടെന്നും അറിയിച്ച്, ഏപ്രിൽ 9 വ്യാഴാഴ്ച യൂണിസെഫ് പത്രക്കുറിപ്പിറക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഇറാനിലുൾപ്പെടെ മദ്ധ്യപൂർവ്വദേശങ്ങളിൽ സംഘർഷങ്ങൾക്ക് താത്കാലിക വിരാമമിട്ട്, കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട വെടിനിറുത്തലിനെ സ്വാഗതം ചെയ്തും, രാജ്യത്തിൻറെ പുനഃരുദ്ധാരണനടപടികളിൽ സഹായസഹകരണങ്ങൾ ഉറപ്പുനൽകിയും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. സംഘർഷങ്ങൾ മൂലം കൂടുതൽ ബുദ്ധിമുട്ടനുഭവിച്ച കുട്ടികൾക്കുവേണ്ടി തങ്ങൾ പ്രവർത്തിക്കുമെന്നും ഏപ്രിൽ 9 വ്യാഴാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ ശിശുക്ഷേമനിധി അറിയിച്ചു.

ഇറാനിലെ കുട്ടികളും കുടുംബങ്ങളും വലിയ സഹനങ്ങളിലൂടെയാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി കടന്നുപോയതെന്ന് എഴുതിയ യൂണിസെഫ്, യുദ്ധത്തിന്റെയും ആക്രമണങ്ങളുടെയും ആഘാതം കുട്ടികളിൽ ഏറെനാൾ നീണ്ടുനിൽക്കുമെന്ന് ഓർമ്മിപ്പിച്ചു. തങ്ങളുടെ ഭവനങ്ങളിലും സമൂഹത്തിലും സ്‌കൂളുകളിലും സുരക്ഷിതത്വം അനുഭവിക്കേണ്ട കുട്ടികളുടെ ജീവിതത്തെ ഈ യുദ്ധം ഗുരുതരമായ രീതിയിൽ ബാധിച്ചിട്ടുണ്ടെന്നും സംഘടന എഴുതി.

സംഘർഷങ്ങൾ തുടർന്നിരുന്ന ദിവസങ്ങളിലും തങ്ങൾ ഇറാനിൽ സജീവമായി പ്രവർത്തിച്ചിരുന്നുവെന്ന് അവകാശപ്പെട്ട ശിശുക്ഷേമനിധി, മറ്റു സംഘടനകൾക്കൊപ്പം, ചേർന്ന് കുട്ടികൾക്കും കുടുംബങ്ങൾക്കും, ആരോഗ്യപരിപാലനമേഖലയിലുൾപ്പെടെ വിവിധ മേഖലകളിൽ സഹായമെത്തിക്കാൻ തങ്ങൾക്കായെന്ന് അറിയിച്ചു. മരുന്നുകളും പോഷകാഹാരവും വിദ്യാഭ്യാസവും കുഞ്ഞുങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തങ്ങൾ പരിശ്രമിച്ചിരുന്നുവെന്ന് സംഘടന വിശദീകരിച്ചു.

എല്ലാ കുട്ടികൾക്കും സമാധാനത്തിന് അവകാശമുണ്ടെന്ന് ഓർമ്മിപ്പിച്ച ഈ ഐക്യരാഷ്ട്രസഭാസംഘടന, മെച്ചപ്പെട്ട ഒരു ഭാവിക്കുള്ള കുട്ടികളുടെ അർഹതയും ചൂണ്ടിക്കാട്ടി. ദേശീയതലത്തിൽ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വവും, ശുദ്ധജലവും, മാനസിക, ആരോഗ്യ, ശുചിത്വമേഖലകളിൽ വേണ്ട സഹായങ്ങളും ഉറപ്പാക്കി തങ്ങൾ രാജ്യത്ത് സേവനം തുടരുമെന്ന് സംഘടന തങ്ങളുടെ പത്രക്കുറിപ്പിൽ എഴുതി.

ഏപ്രിൽ ഏഴാം തീയതി വൈകുന്നേരം പ്രഖ്യാപിക്കപ്പെട്ട വെടിനിറുത്തലിനെ ലിയോ പതിനാലാമൻ പാപ്പായുൾപ്പെടെ വിവിധ ലോകനേതാക്കൾ സ്വാഗതം ചെയ്‌തിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ഏപ്രിൽ 2026, 12:53