തിരയുക

ഗാസാ പ്രദേശത്തെ ഒരു ക്യാമ്പിൽനിന്നുള്ള ദൃശ്യം ഗാസാ പ്രദേശത്തെ ഒരു ക്യാമ്പിൽനിന്നുള്ള ദൃശ്യം 

ഗാസാ പ്രദേശത്ത് ആരോഗ്യപ്രതിസന്ധി ഗുരുതരമായി വരുന്നുവെന്ന് കാരിത്താസ് സംഘടന

വർഷങ്ങളായി സംഘർഷങ്ങളും ആക്രമണങ്ങളും തുടരുന്ന ഗാസാ മുനമ്പുൾപ്പെടെയുള്ള പ്രദേശങ്ങളിൽ വലിയ ആരോഗ്യപ്രതിസന്ധിയാണ് നിലനിൽക്കുന്നതെന്നും, എക്ടോപാരസൈറ്റ് അണുബാധയും എലികളിൽ നിന്ന് പകരുന്ന രോഗങ്ങളും വർദ്ധിച്ചുവരികയാണെന്നും കാരിത്താസ് സംഘടനയുടെ ഒരു ഡോക്ടർ പ്രസ്താവിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഗാസാ പ്രദേശത്തെ മനുഷ്യർ നേരിടുന്ന ആരോഗ്യപ്രതിസന്ധികൾ കൂടുതൽ വഷളായി വരികയാണെന്ന് അന്താരാഷ്ട്രകാരിത്താസ് സംഘടനയുടെ ജറുസലേം വിഭാഗം. ലോകാരോഗ്യസംഘടനയുടെ കൂടി കണക്കുകൾ പ്രകാരം പ്രദേശത്ത് 2026-ൽ മാത്രം എഴുപത്തിനായിരത്തിലധികം അണുബാധകേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നും, പ്രദേശത്തെ ആരോഗ്യപരിപാലനസംവിധാനം വലിയ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നതെന്നും സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു ഡോക്ടർ പ്രസ്താവിച്ചു.

കുടിയിറങ്ങാൻ നിർബന്ധിതരായ പതിനായിരക്കണക്കിന് കുടുംബങ്ങൾ തുറസ്സായ സ്ഥലങ്ങളിലും ക്യാമ്പുകളിലുമാണ് കഴിയുന്നതെന്നും, അവരിൽ പലർക്കും എലികളുടെ കടിയേറ്റ് രോഗങ്ങൾ പകരുന്നുണ്ടെന്നും എക്ടോപാരസൈറ്റ്, എന്ന പരാദജീവികൾ മൂലമുള്ള അണുബാധയുണ്ടാകുന്നുണ്ടെന്നും, സുരക്ഷാകാരണങ്ങളാൽ പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ ആരോഗ്യപ്രവർത്തകൻ വ്യക്തമാക്കി.

എല്ലാ രാത്രികളിലും പത്തോളം ആളുകളെങ്കിലും എലിയുടെ കടിയേറ്റ് ആശുപത്രികളിലെത്താറുണ്ടെന്ന് കാരിത്താസ് സംഘടനാപ്രവർത്തകൻ അറിയിച്ചു. ആന്റിബയോട്ടിക്കുകളുടെയും പ്രതിരോധമരുന്നുകളുടെയും ഉൾപ്പെടെ കുറവനുഭവിക്കുന്ന ഗാസാ പ്രദേശത്ത് ചികിത്സാമേഖലയിൽ നിരവധി പ്രതിസന്ധികളാണ് തങ്ങളും പൊതുജനവും നേരിടേണ്ടിവരുന്നതെന്നും ഡോക്ടർ വെളിപ്പെടുത്തി. രാജ്യത്ത് പേവിഷബാധയ്‌ക്കെതിരെയുള്ള മരുന്നുകൾ ഒട്ടും തന്നെ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാസാ പ്രദേശത്തുനിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുകയും, ഓടകളും കനാലുകളും വൃത്തിയാക്കുകയും ചെയ്യേണ്ടത് പ്രദേശത്തുള്ള ജനങ്ങളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും ആവശ്യമാണെന്നും, എലികളുടെ സാന്നിദ്ധ്യം ഇല്ലാതാക്കാനും അതുവഴി പകർച്ചവ്യാധികൾ ഒഴിവാക്കാനും ഉപകാരപ്രദമാണെന്നും കാരിത്താസ് പ്രവർത്തകൻ വ്യക്തമാക്കി.

ഗാസാ പ്രദേശത്ത് വെടിനിറുത്തൽ തുടരേണ്ടതിന്റെയും സമാധാനം ഉറപ്പാക്കേണ്ടതിന്റെയും ആവശ്യത്തിലേക്കും ഡോക്ടർ വിരൽചൂണ്ടി. ആക്രമണങ്ങൾ അവസാനിപ്പിച്ചശേഷം പരിസരങ്ങൾ വൃത്തിയാക്കുന്നതും, പ്രദേശത്തിന്റെ പുനരുദ്ധാരണം സാധ്യമാക്കുന്നതും, പരിസ്ഥിതി സംരക്ഷിക്കുന്നതും ഗാസയുടെ ഭാവിക്ക് ഏറെ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യമേഖലയിൽ വേണ്ട സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതിന്റെയും, മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങളും സംവിധാനവും ഒരുക്കേണ്ടതിന്റെയും പ്രാധാന്യവും ഡോക്ടർ എടുത്തുപറഞ്ഞു.

ഗാസയിലെ യുവജനത്തിന്റേതുൾപ്പെടെയുള്ള ഭാവി മെച്ചപ്പെട്ടതാക്കാൻ അവിടെ വിദ്യാഭ്യാസസാധ്യതകൾ പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യവും കാരിത്താസ് പ്രവർത്തകൻ എടുത്തുകാട്ടി. ഗാസയുടെ ഭാവിയായ യുവജനങ്ങൾക്ക് മെച്ചപ്പെട്ട ഒരു ഭാവിയുണ്ടാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 മേയ് 2026, 12:50