തിരയുക

കൊളമ്പിയയിൽനിന്നുള്ള മെത്രാന്മാർ - 2023-ലെ അദ് ലിമിന സന്ദർശനത്തിൽനിന്നുള്ള ഒരു ചിത്രം കൊളമ്പിയയിൽനിന്നുള്ള മെത്രാന്മാർ - 2023-ലെ അദ് ലിമിന സന്ദർശനത്തിൽനിന്നുള്ള ഒരു ചിത്രം  (Vatican Media)

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൈദികർ നിഷ്പക്ഷതയും വിവേകവും പാലിക്കണം: കൊളംബിയൻ മെത്രാൻസമിതി

പ്രസിഡന്റ് തിരഞ്ഞെടുപ്പ് നേരിടാൻ തയ്യാറെടുക്കുന്ന കൊളമ്പിയയിൽ, ഈയൊരു സമയം ധാർമ്മികബോധത്തോടും ദേശസ്നേഹം ജീവിച്ചും, പൊതുനന്മയും നീതിയും സഹോദര്യസഹവർത്തിത്വവും ലക്ഷ്യമാക്കിയും ജീവിക്കാൻ വൈദികരുൾപ്പെടെ ഏവരോടും ആഹ്വാനവുമായി മെത്രാൻസമിതി. മെയ് 31-നാണ് രാജ്യത്ത് വോട്ടെടുപ്പ് നടക്കുന്നത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ആഴമേറിയ ധാർമ്മിക, ആദ്ധ്യാത്മിക മൂല്യങ്ങൾ പാലിച്ചും, ദേശസ്നേഹത്തോടെ, പൊതുനന്മയും, നീതിയും സത്യവും സഹോദര്യസഹവർത്തിത്വവും ലക്ഷ്യമാക്കിയും വേണം വൈദികരുൾപ്പെടെയുള്ളവർ തിരഞ്ഞെടുപ്പ് സമയത്ത് പ്രവർത്തിക്കേണ്ടതെന്ന് തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിലെ മെത്രാൻസമിതി. വരുന്ന മെയ് 31-ന് രാജ്യത്തെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ വേണ്ടിയുള്ള ഇലക്ഷൻ നടക്കാനിരിക്കെയാണ്, നേരത്തെ തന്നെ നൽകിയിരുന്ന വിവിധ നിർദ്ദേശങ്ങൾക്കൊപ്പം പുതിയൊരു മാർഗ്ഗരേഖ മെത്രാൻസമിതി പുറത്തുവിട്ടതെന്ന്, ഈ നിർദ്ദേശങ്ങളെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട് മെയ് 21-ന് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ജനാധിപത്യത്തിന്റെയും ഭാവി നിർണ്ണയത്തിന്റെയും പ്രധാനപ്പെട്ട നിമിഷമാണെന്ന് ഓർമ്മിപ്പിച്ച മെത്രാൻസമിതി, നിഷ്പക്ഷതയും വിവേകവും കാത്തുപാലിച്ചും, ശരിയായ അജപാലനമനോഭാവത്തോടെയും, സമൂഹത്തിൽ നിലനിൽക്കുന്ന വിഭജനചിന്തകളെ കൂടുതൽ വഷളാക്കുന്നതിന് കാരണമായേക്കാവുന്ന നയങ്ങളും പെരുമാറ്റങ്ങളും വാക്കുകളും ഒഴിവാക്കിയും പ്രവർത്തിക്കണമെന്ന് വൈദികരോട് ആവശ്യപ്പെട്ടു.

മെയ് 24 ഞായറാഴ്ച് ആഘോഷിക്കപ്പെടുന്ന പന്തക്കുസ്താ തിരുനാൾ, സമാധാനത്തിനുവേണ്ടിയുള്ള നിയോഗവും, അനുരഞ്ജനവും മുന്നോട്ടുവച്ചും, രാജ്യത്തിനുവേണ്ടി കൂടുതലായി പ്രാർത്ഥിച്ചും കൊണ്ടാടാനും മെത്രാന്മാർ ആഹ്വാനം ചെയ്തു. രാജ്യത്തെ വോട്ടർമാരെ പരിശുദ്ധാത്മാവ് തന്റെ പ്രകാശത്താൽ പ്രചോദിപ്പിക്കട്ടെയെന്നും സഭാനേതൃത്വം ആശംസിച്ചു.

തങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറായവരും, ദൈവഹിതമനുസരിച്ചുള്ളവരുമായ നേതാക്കൾ തിരഞ്ഞെടുക്കപ്പെടാൻ വേണ്ടിയാണ് വൈദികർ പ്രാർത്ഥിക്കേണ്ടതെന്ന് മെത്രാന്മാർ തങ്ങളുടെ അറിയിപ്പിലൂടെ ഓർമ്മിപ്പിച്ചു. പരസ്പരബഹുമാനത്തിന്റെ മനോഭാവവും ഐക്യവും പ്രോത്സാഹിപ്പിക്കാനും വൈദികരെ സഭാനേതൃത്വം ക്ഷണിച്ചു.

സങ്കീർണ്ണവും സംഘർഷഭരിതവുമായ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യമാണ് കൊളംബിയയിൽ നിലനിൽക്കുന്നത്. സായുധസംഘങ്ങളുടെ സാന്നിദ്ധ്യം, സാമ്പത്തികമാന്ദ്യം, തൊഴിലില്ലായ്മ, മയക്കുമരുന്ന് കടത്ത്, അനധികൃത ഖനനം, തുടങ്ങി നിരവധി പ്രശ്നങ്ങൾ സാധാരണജനജീവിതത്തിന് വെല്ലുവിളിയായി നിലനിൽക്കുന്നതിനിടെയാണ്, മെത്രാന്മാർ സമാധാനാന്തരീക്ഷം പുലരുന്നതിൽ മുൻകൈയ്യെടുക്കാൻ വൈദികരെ ഉൾപ്പെടെ ഏവരെയും ക്ഷണിച്ചത്. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 മേയ് 2026, 12:56