തിരയുക

പാപ്പാ തന്റെവിശ്രമവസതിയായ കാസൽ ഗന്ധോൾഫോയിൽ പാപ്പാ തന്റെവിശ്രമവസതിയായ കാസൽ ഗന്ധോൾഫോയിൽ  

ക്രൈസ്തവർ നല്ല സമരിയക്കാരന്റെ ഭാവം ജീവിതത്തിൽ പുലർത്തണം

ലിയോ പതിനാലാമൻ പാപ്പായുടെ 'ദിലക്സി തേ' (DILEXI TE) എന്ന അപ്പസ്തോലിക പ്രബോധനത്തിലെ 103 മുതൽ 107 വരെയുള്ള ഖണ്ഡികകളെ ആസ്പദമാക്കിയ ചിന്തകൾ. ദരിദ്രരുടെ സേവനത്തിൽ നിഷ്ക്രിയരാകാതെ, നല്ല സമരിയക്കാരന്റെ മനോഭാവം വളർത്തിയെടുക്കുവാൻ പാപ്പാ ആഹ്വാനം ചെയ്യുന്നു.
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സഭാപാരമ്പര്യത്തിൽ ദരിദ്രരുടെ പ്രാധാന്യം

സഭയുടെ രണ്ടായിരം വർഷത്തെ ചരിത്രത്തിൽ ദരിദ്രരോടുള്ള കരുതൽ എന്നത് കേവലം ഒരു ബാഹ്യപ്രവർത്തനമല്ല, മറിച്ച് അത് സഭയുടെ അവിഭാജ്യവും അവശ്യവുമായ ഭാഗമാണെന്ന് പ്രബോധനത്തിന്റെ ഈ ഭാഗത്ത് പാപ്പാ  ഓർമ്മിപ്പിക്കുന്നു. സഭയുടെ സുദീർഘമായ പ്രയാണത്തിൽ,  ദരിദ്രരോടുള്ള ഈ മനോഭാവം ഒരു വഴികാട്ടിയായി നിലകൊള്ളുന്നു. അപ്പസ്തോലന്മാരുടെ കാലം  മുതൽ ഇന്നുവരെ വിശ്വാസികളുടെ ഹൃദയങ്ങളെയും പ്രവർത്തനങ്ങളെയും പ്രകാശിപ്പിച്ച ഒരു വലിയ ദീപശിഖയാണിത്. ക്രിസ്തുവിന്റെ മുഖം, കഷ്ടപ്പെടുന്നവരിലും വേദനിക്കുന്നവരിലും  ദർശിക്കുക എന്നത് വിശ്വാസികൾക്ക് ലഭിച്ചിട്ടുള്ള വലിയൊരു വെളിച്ചമാണ്. ഈ ഒരു മനോഭാവത്തിലേക്ക് ഏവരും വളരണമെന്ന്  സഭ ആഹ്വാനം ചെയ്യുന്നു.

ദൈവസ്നേഹത്തിന്റെ പ്രതിഫലനമാണ്, ദരിദ്രരോടുള്ള സ്നേഹം

ദരിദ്രരോടുള്ള സ്നേഹം എന്നത് ദൈവം മനുഷ്യനോട് കാണിച്ച സ്നേഹത്തിന്റെ പ്രധാനപ്പെട്ട ഘടകമാണ്. സഭ ക്രിസ്തുവിന്റെ ശരീരമായതുകൊണ്ടുതന്നെ, ദരിദ്രരുടെ ജീവിതത്തെ സ്വന്തം ശരീരത്തിന്റെ ഭാഗമായിട്ടാണ്  സഭ കരുതുന്നത്. സഭയുടെ ഏത് നവീകരണ പ്രവർത്തനത്തിലും, ദരിദ്രർക്ക് നൽകുന്ന മുൻഗണന ഒരു പ്രധാന ലക്ഷ്യമായിരിക്കണം. ഇതൊരു മാനുഷിക സംഘടന ചെയ്യുന്ന സഹായപ്രവർത്തനമല്ല, മറിച്ച് ആഴമായ ദൈവവിശ്വാസത്തിൽ നിന്നും സുവിശേഷമൂല്യങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന ഒന്നാണ്. സഭ ദൈവത്തോട് എത്രമാത്രം വിശ്വസ്തത പുലർത്തുന്നു എന്നതിന്റെ അളവുകോൽ അവൾ ദരിദ്രരെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

ദരിദ്രർ, ഔദാര്യം കൈപ്പറ്റുന്നവരല്ല

ക്രിസ്തീയ ജീവിതത്തിൽ ദരിദ്രരെ ഒരു സാമൂഹിക പ്രശ്നമായിട്ടല്ല കാണേണ്ടത്, മറിച്ച് അവരെ നമ്മുടെ കുടുംബത്തിലെ അംഗങ്ങളായി കാണണം. അവർ 'നമ്മുടേതാണ്'. അവരോടുള്ള ബന്ധം എന്നത് വെറുമൊരു ഔദ്യോഗിക പദവിയിലോ അല്ലെങ്കിൽ സഭയുടെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പ്രവർത്തനത്തിലോ ഒതുങ്ങിനിൽക്കേണ്ട ഒന്നല്ല. 'അപ്പരേസിഡ സമ്മേളനം' പഠിപ്പിക്കുന്നത് പോലെ, ദരിദ്രർക്കായി സമയം മാറ്റിവയ്ക്കുക, അവരെ സ്നേഹത്തോടെയും താൽപ്പര്യത്തോടെയും ശ്രദ്ധിക്കുക, അവരുടെ പ്രയാസകരമായ നിമിഷങ്ങളിൽ അവർക്കൊപ്പം നടക്കുക എന്നിവ ക്രൈസ്തവർ എന്ന നിലയിൽ സഹോദരങ്ങളോടുള്ള നമ്മുടെ ദൗത്യമാണ്. നമ്മുടെ ജീവിതത്തിലെ വിലയേറിയ നിമിഷങ്ങൾ  അവരുമായി പങ്കിടാൻ നാം തയ്യാറാകണം. അവരുടെ ജീവിതസാഹചര്യങ്ങളിൽ മാറ്റം വരുത്താൻ ശ്രമിക്കേണ്ടത് അവരിലൂടെത്തന്നെയാകണം. യേശു തന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും കാണിച്ചുതന്ന മാതൃക ഇതാണ്. ദരിദ്രരെ മാറ്റിനിർത്തുന്ന സംസ്കാരം നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ അവരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കരുതേണ്ടത് ഓരോ ക്രിസ്ത്യാനിയുടെയും കടമയാണ്.

ഒഴിവാക്കലിന്റെ ആധുനിക സംസ്കാരം

ഇന്നത്തെ ആധുനിക സംസ്കാരം പലപ്പോഴും ദരിദ്രരെ അവഗണിക്കുന്നതിനും, അവരെ അവരുടെ അന്യായമായ  വിധിക്ക് വിട്ടുകൊടുക്കുന്നതിനും പ്രേരിപ്പിക്കുന്നുണ്ട്. അവർ ശ്രദ്ധയോ ബഹുമാനമോ അർഹിക്കുന്നില്ല എന്ന ചിന്താഗതി ഇന്ന് ഏറെ വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് ഫ്രാൻസിസ് പാപ്പായുടെ 'ഫ്രത്തെല്ലി തൂത്തി' (Fratelli tutti) എന്ന ചാക്രിക ലേഖനത്തിലെ  നല്ല സമരിയക്കാരന്റെ ഉപമയ്ക്ക് പ്രസക്തിയേറുന്നതെന്നു പാപ്പാ ചൂണ്ടിക്കാണിക്കുന്നു. വഴിയരികിൽ മുറിവേറ്റു കിടക്കുന്ന മനുഷ്യനെ കണ്ടില്ലെന്നു നടിച്ചു പോകുന്നവരും, അവനെ ശുശ്രൂഷിക്കുന്ന നല്ല സമരിയക്കാരനും നമ്മുടെ മുന്നിലെ വലിയ ചോദ്യങ്ങളാണ്. മുറിവേറ്റവന്റെ മുന്നിൽ നിൽക്കുമ്പോൾ നാം ആരോടാണ് താദാത്മ്യപ്പെടുന്നത് എന്ന ചോദ്യം ഓരോ വിശ്വാസിയും സ്വയം ചോദിക്കേണ്ടതുണ്ട്. വികസിത സമൂഹങ്ങളിൽ ജീവിക്കുമ്പോഴും ദുർബലരെയും എളിയവരെയും താങ്ങാനും സഹായിക്കാനും നാം പലപ്പോഴും സാക്ഷരതയില്ലാത്തവരെ പോലെ  പെരുമാറുന്നു എന്നതാണ് യാഥാർഥ്യം.  മറ്റുള്ളവരുടെ വേദനകൾ നമ്മെ നേരിട്ട് ബാധിക്കുന്നതുവരെ അതിന് നേരെ കണ്ണടയ്ക്കാനും അത് അവഗണിക്കാനും നാം ശീലിച്ചുപോയിരിക്കുന്നു. ഈ ഉദാസീനത വലിയൊരു വിപത്താണ്.

അപരനോടുള്ള നമ്മുടെ പെരുമാറ്റം

നല്ല സമരിയക്കാരന്റെ ഉപമ ദൈനംദിന ജീവിതത്തിൽ നമ്മുടെ തെരുവുകളിൽ ആവർത്തിക്കപ്പെടുന്നുണ്ട്. തണുപ്പുള്ള ഒരു രാത്രിയിൽ തെരുവിൽ അന്തിയുറങ്ങുന്ന ഒരു മനുഷ്യനെ കാണുമ്പോൾ നമ്മുടെ പ്രതികരണം എന്താണ്? അയാൾ നമ്മുടെ വഴി തടസ്സപ്പെടുത്തുന്ന ഒരാളായോ, അല്ലെങ്കിൽ ക്രമസമാധാന പ്രശ്നമായോ, അതുമല്ലെങ്കിൽ ഭരണാധികാരികൾ പരിഹരിക്കേണ്ട ഒന്നായോ  നമുക്ക് തോന്നാം. എന്നാൽ വിശ്വാസത്തിന്റെ കണ്ണുകളോടെ നോക്കിയാൽ അവിടെ ദൈവത്തിന്റെ പ്രതിച്ഛായയെ കാണാൻ സാധിക്കും. ഇതാണ് വിശുദ്ധ മദർ തെരേസ തന്റെ ജീവിതത്തിലൂടെ നമുക്ക് കാട്ടിത്തരുന്നത്.

ആഗോള സാഹോദര്യം, മനുഷ്യാന്തസ്സിനോടുള്ള ബഹുമാനം 

പിതാവായ ദൈവം സ്നേഹിക്കുന്ന, ക്രിസ്തുവിനാൽ വീണ്ടെടുക്കപ്പെട്ട നമ്മുടെ സഹോദരനാണ് തെരുവിൽ അന്തിയുറങ്ങുന്നത്  എന്ന തിരിച്ചറിവാണ് ഒരു ക്രിസ്ത്യാനിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഓരോ മനുഷ്യന്റെയും അന്തസ്സ് തിരിച്ചറിയാതെ വിശുദ്ധിയിലേക്കോ ദൈവാനുഭവത്തിലേക്കോ വളരാൻ ആർക്കും കഴിയില്ല. മുറിവേറ്റവനെ പരിചരിച്ച സമരിയക്കാരൻ കാണിച്ചുതന്നത് വെറുമൊരു സഹായമല്ല, മറിച്ച് സഹമനുഷ്യന്റെ അന്തസ്സിനെ ആദരിക്കലാണ്.

ഇന്നത്തെ സമൂഹത്തിലും സഭയ്ക്കുള്ളിലും കാണപ്പെടുന്ന ഉദാസീനത  വലിയൊരു രോഗാവസ്ഥയുടെ ലക്ഷണമാണ്. നാം നമ്മുടെ ആവശ്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ നമുക്കൊരു തടസ്സമായി അനുഭവപ്പെടുന്നു. മറ്റുള്ളവരുടെ പ്രശ്നങ്ങൾക്ക് വേണ്ടി സമയം ചിലവഴിക്കാൻ നാം വിമുഖത കാണിക്കുന്നു. വേദനയ്ക്ക് നേരെ പുറംതിരിഞ്ഞു നിൽക്കുന്ന ഒരു സമൂഹം ആന്തരികമായി തകർന്നുപോയ ഒരു യാഥാർഥ്യമാണ്. ഈ രോഗാവസ്ഥയിൽ നിന്ന് രക്ഷപെടാൻ നല്ല സമരിയക്കാരന്റെ മാതൃക നാം സ്വീകരിക്കണം. "നീയും പോയി അതുപോലെ ചെയ്യുക" എന്ന സുവിശേഷ വചനം ഓരോ ദിവസവും നമ്മുടെ ഹൃദയത്തിൽ മുഴങ്ങേണ്ട ഒന്നാണ്. ഇത് ഒരു നിർദ്ദേശമല്ല, മറിച്ച് ക്രിസ്തുവിന്റെ സഹോദരനടുത്ത ഒരു ഉപദേശമാണ്.

വേർതിരിവുകൾ ഇല്ലാത്ത മനുഷ്യന്റെ അന്തസ്

ദരിദ്രരുടെ അന്തസ്സും സമ്പന്നരുടെ അന്തസ്സും തമ്മിൽ ദൈവസന്നിധിയിൽ യാതൊരു വ്യത്യാസവുമില്ല. ദാരിദ്ര്യം ഒരാളുടെ മൂല്യത്തെ കുറയ്ക്കുന്നില്ല. ലോകത്തിന്റെ കാഴ്ചപ്പാടിൽ ദരിദ്രർ തള്ളപ്പെടേണ്ടവരാകാം, എന്നാൽ ദൈവത്തിന്റെ കണ്ണിൽ അവർ വിശുദ്ധരാണ്. അവരോടുള്ള നമ്മുടെ സമീപനം വെറുമൊരു ദയയല്ല, മറിച്ച് നീതിയുടെ നടപ്പാക്കലാണ്. ക്രിസ്തു ദരിദ്രനായി ജനിച്ചത് നമുക്ക് ഒരു വലിയ സന്ദേശം നൽകുന്നു. ദരിദ്രർ സഭയിലെ സജീവ അംഗങ്ങളാണ്, അവർ സഭയുടെ സുവിശേഷവൽക്കരണ ദൗത്യത്തിലെ പങ്കാളികളാണ്. അവരെ കേവലം ഗുണഭോക്താക്കളായി കാണാതെ, സഭയുടെ ആത്മാവായി കാണാൻ നമുക്ക് കഴിയണം. ഈ നിർദ്ദേശങ്ങളൊക്കെ പാപ്പാ ഈ പ്രബോധനം വഴിയായി നമുക്ക് മുൻപിൽ വയ്ക്കുന്നു.

ദരിദ്രരുടെ സേവനം ജീവിത ചര്യയാകണം

സേവനരംഗത്ത് നാം ഒരിക്കലും നിഷ്ക്രിയരാകരുത് . ദരിദ്രരെ സഹായിക്കുന്നത് എന്തെങ്കിലും ഒരു അത്യാവശ്യം വരുമ്പോൾ മാത്രം ചെയ്യേണ്ട ഒന്നല്ല. അത് നമ്മുടെ ജീവിതശൈലിയായി മാറണം. സഭയുടെ ദൗത്യം എന്നത് ദരിദ്രരുടെ ഉന്നമനത്തിനായി സജീവമായി ഇടപെടുക എന്നതാണ്. അവരോടൊപ്പം വസിക്കുകയും അവരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുന്നത് സുവിശേഷാത്മകമായ ജീവിതത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ലോകം കാണാത്ത സമാധാനവും സന്തോഷവും ദരിദ്രരിലൂടെ സമൂഹത്തിന് ലഭിക്കുന്നുണ്ട്. അതുകൊണ്ട് അവരെ സേവിക്കുക എന്നത് ഒരു ഭാരമായി കാണാതെ ഒരു വലിയ അനുഗ്രഹമായി നാം ഏറ്റെടുക്കണം. ക്രിസ്തുവിനെ നേരിട്ട് സേവിക്കുന്നതിന് തുല്യമാണ് ദരിദ്രരെ സേവിക്കുന്നത്.

അതിനാൽ സഭയും ദരിദ്രരും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. ദരിദ്രരെ മാറ്റിനിർത്തിക്കൊണ്ട് സഭയ്ക്ക് മുന്നോട്ട് പോകാൻ കഴിയില്ല. ഓരോ ഇടവകയും ഓരോ വിശ്വാസിയും മുറിവേറ്റവരുടെ അരികിലേക്ക് ചെല്ലുന്ന നല്ല സമരിയക്കാരനായി മാറണം. ഉദാസീനതയുടെ മതിൽക്കെട്ടുകൾ തകർത്ത്, സ്നേഹത്തിന്റെ പാലങ്ങൾ പണിയാൻ നമുക്ക് സാധിക്കണം. ദരിദ്രരിലെ ക്രിസ്തുവിനെ തിരിച്ചറിഞ്ഞ്, അവരെ ആദരവോടെയും സ്നേഹത്തോടെയും സ്വീകരിക്കുമ്പോൾ മാത്രമേ സുവിശേഷം അതിന്റെ പൂർണ്ണതയിൽ പ്രയോഗിക്കപ്പെടുകയുള്ളൂവെന്നത് പാപ്പാ എടുത്തു പറയുന്നു. നമ്മുടെ സമൂഹത്തിന്റെ സമഗ്രമായ വികസനം സാധ്യമാകുന്നത് എല്ലാവരെയും ഉൾക്കൊള്ളുന്ന സ്നേഹത്തിലൂടെയാണ്. അതിനായി സജീവമായ പ്രവർത്തനങ്ങളിലൂടെയും പ്രാർത്ഥനയിലൂടെയും  ദരിദ്രർക്കൊപ്പം നിൽക്കാനുള്ള ആഹ്വാനവും പാപ്പാ നൽകുന്നു. ഇത് ദൈവത്തോടുള്ള നമ്മുടെ വിശ്വസ്തതയുടെ ഏറ്റവും വലിയ അടയാളമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 മേയ് 2026, 14:37