ഇന്തോനേഷ്യയിലെ പാപ്പുവയിൽ ദേവാലയത്തിന് നേരെ ബോംബാക്രമണം: കുടിയിറക്കപ്പെട്ടവർ ഒരു ലക്ഷത്തോളം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഇന്തോനേഷ്യയിൽ കത്തോലിക്കാ ദേവാലയത്തിനു നേരെ ബോംബാക്രമണം. മെയ് 17 ഞായറാഴ്ച രാവിലെയാണ്, ഡ്രോൺ ഉപയോഗിച്ച് ദേവാലയമുറ്റത്തേക്ക് സ്ഫോടനവസ്തു നിക്ഷേപിച്ചതെന്നും, എന്നാൽ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഇതുവരെ കണ്ടെത്താനായില്ലെന്നും സംഭവം റിപ്പോർട്ട് ചെയ്‌ത ഫീദെസ് ഏജൻസി അറിയിച്ചു. വിശുദ്ധ കുർബാനയർപ്പണത്തിന് ശേഷം ഉടൻ നടന്ന ഈ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇന്തോനേഷ്യയിലെ മദ്ധ്യ പാപ്പുവ പ്രവിശ്യയിലെ ഇന്താൻ ജയയിലുള്ള (Intan Jaya) മ്പാമോഗോ (Mbamogo) ഗ്രാമത്തിലെ സെന്റ് പോൾ ദേവാലയത്തിനുനേരെയാണ് ഈ ആക്രമണമുണ്ടായത്.
ദേവാലയത്തിനുനേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് ഭീതിപൂണ്ട വിശ്വാസികൾ അടുത്തുള്ള കാടുകളിൽ അഭയം പ്രാപിച്ചുവെന്നും, പ്രദേശം പൊതുവെ സംഘർഷഭരിതമാണെന്നും ഫീദെസ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും, സൈന്യവും സാധാരണജനവും തമ്മിലുള്ള സംഘർഷങ്ങളെ കൂടുതൽ വഷളാക്കാൻ വേണ്ടിയുള്ള ആരുടെയോ ശ്രമത്തിന്റെ ഭാഗമാണിതെന്നും ഇന്തോനേഷ്യൻ സേന പ്രസ്താവിച്ചു. അതേസമയം പോലീസ് സേന സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
സംഭവത്തെക്കുറിച്ച് സംസാരിക്കവെ, രാജ്യത്ത് ആരാധനാലയങ്ങൾക്കും സാധാരണക്കാരുടെ വീടുകൾക്കും നേരെ ആക്രമണം വളർന്നുവരുന്നതിൽ, "നീതിയും സമാധാനവും" എന്ന കമ്മീഷന്റെ ഡയറക്ടർ ഫാ. അലെക്‌സാന്ദ്രോ രങ്ഗ OFM (Fr. Alexandro Rangga) ആശങ്ക രേഖപ്പെടുത്തി.
ഈ ആക്രമണത്തിന് ഉത്തരവാദികളായവരെ സുതാര്യമായ ഒരു അന്വേഷണത്തിലൂടെ കണ്ടെത്തണമെന്ന് പ്രസിഡന്റ് പ്രബോവോ സുബിയാന്റോയോട് മദ്ധ്യ പാപ്പുവയിലെ കത്തോലിക്കായുവജനസംഘടനയുടെ പ്രസിഡന്റ് റ്റീനോ മോത്തെ ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകളായി ഇന്തോനേഷ്യൻ സുരക്ഷാസേനയും പാപ്പുവ വിഘടനവാദഗ്രൂപ്പുകളുമായി സംഘർഷം നിലനിൽക്കുന്ന പ്രദേശത്താണ് ഈ ആക്രമണം നടന്നതെന്നും, വെടിവയ്പ്പും സാധാരണക്കാർക്കെതിരായ ആക്രമണങ്ങളും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും വിദ്യാർത്ഥികളുടെയും മരണവും ഇവിടെ തുടർച്ചയാണെന്നും ഫാ. രങ്ഗ പ്രസ്താവിച്ചു.
രാജ്യത്ത് തുടരുന്ന സംഘർഷങ്ങളും മിലിട്ടറി ഇടപെടലുകളും വർദ്ധിച്ചുവരികയാണെന്നും, നിലവിൽ ഒരുലക്ഷത്തിൽപ്പരം പേർ കുടിയിറങ്ങാൻ നിർബന്ധിതരായിട്ടുണ്ടെന്നും, കാടുകളിൽ കഴിയുന്ന പാപ്പുവ തദ്ദേശീയ ജനവിഭാഗങ്ങൾ അവിടെനിന്ന് ഒളിച്ചോടേണ്ടിവരികയാണെന്നും പ്രാദേശികവൃത്തങ്ങളെ അധികരിച്ച് ഫീദെസ് ഏജൻസി അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: